antech

antech

Monday, November 7, 2016

📌📌📌 Lop Nur - അലഞ്ഞ്  തിരിയുന്ന തടാകം

Lop Nur - അലഞ്ഞ്  തിരിയുന്ന തടാകം
==============================
വലിയൊരു തടാകം ..... ഇത്  ആദ്യം കണ്ട സഞ്ചാരികള്‍ രേഖപ്പെടുത്തിയ  വഴിയെ പോയവര്‍ക്ക്  നിരാശയായിരുന്നു  ഫലം . അവര്‍ വേറൊരു തടാകം കണ്ടു . നൂറ്റാണ്ടുകള്‍ക്കു  ശേഷം ഈ രണ്ടു തടാകങ്ങളും തിരക്കി  ചെന്നവര്‍ക്ക്‌  ഒന്നും  കാണാന്‍ സാധിച്ചില്ല .  അവസാനം  അനേക ശതകങ്ങള്‍ക്ക് ശേഷം ആ രഹസ്യത്തിന്റെ  ചുരുള്‍  നിവര്‍ന്നു .  എല്ലാവരും  കണ്ടത്  ഒരേ തടാകത്തിനെ  തന്നെയാണ് ! അപ്പോള്‍  ഇതെങ്ങിനെ  വ്യത്യസ്ത  സ്ഥലങ്ങളില്‍  കണ്ടു ? ....  ആതാണ്  ഉത്തര  ചൈനയിലെ  Lop Nor  തടാകത്തിന്റെ  പ്രത്യേകത .  പല നൂറ്റാണ്ടുകളില്‍ അടുത്തടുത്ത  പല സ്ഥലങ്ങളില്‍ ആയിരുന്നു  ഈ തടാകം  ഉണ്ടായിരുന്നത് .

ഉത്തരചൈനയിലെ  മംഗോളിയന്‍ അതിര്‍ത്തിയിലാണ്  വിശാലമായ റ്റരിം  തടം (Tarim Basin) സ്ഥിതിചെയ്യുന്നത് . 1,020,000 ചതു: കിലോമീറ്റര്‍  വിസ്തൃതിയുള്ള ഈ  കൂറ്റന്‍  തരിശുഭൂമി ഒരു  endorheic ബേസിന്‍  ആണ് .  എന്ന് വെച്ചാല്‍  ഇവിടുത്തെ  ജലം  ഇവിടെ തന്നെ കിടക്കും . ഇവിടെ നിന്നും  അരുവിയോ  പുഴയോ ഒന്നും  ഉത്ഭവിക്കുന്നില്ല .  പ്രാചീന  സഞ്ചാരികള്‍  ഈ വരണ്ട  ഭൂമി  എങ്ങിനെയും ഒഴിവാക്കാന്‍  ആഗ്രഹിച്ചിരുന്നു .  ഒരു പച്ചപ്പോ  മരുപ്പച്ചയോ  ഒന്നുമില്ലാത്ത  ഇവിടെ പെട്ടുപോയാല്‍ മരണം  ഉറപ്പ് ! ഈ തടത്തിലാണ്  Taklamakan മരുഭൂമി  സ്ഥിതി ചെയ്യുന്നത് .  ജര്‍മ്മനിയുടെ  വലിപ്പം  ഉണ്ട്  ഈ മരുഭൂമിക്ക് ! ഇതൊരു shifting sand desert ആണ് . അതായത്  ഇവിടെ  ഇന്ന്  കാണുന്ന  കുന്ന്  നാളെ ഒരു കുഴിയായിരിക്കും . ഒഴുകി  നടക്കുന്ന  മണല്‍തരികളും കനത്ത  മണല്‍ക്കാറ്റും  ഈ  വരണ്ട  മരുഭൂമിയെ  ഭൂമിയിലെ  ഏറ്റവും വിചിത്ര  സ്ഥലങ്ങളിലൊന്നാക്കി  മാറ്റുന്നു .

എന്നാല്‍  നാം കണ്ണുമിഴിക്കുന്നത്  ഇവിടെയല്ല .  ഈ വിചിത്ര  ഭൂമിയില്‍  ക്രിസ്തുവിനും  ആയിരക്കണക്കിന്  വര്‍ഷങ്ങള്‍ക്ക്  മുന്‍പ്  ഒരു ജനതതി ജീവിച്ചിരുന്നു  എന്നുള്ളതാണ് .  അലകളായി ഉയര്‍ന്നും താണും  കിടക്കുന്ന  വരണ്ട മണ്ണിനടിയില്‍  കാലം  ഒളിപ്പിച്ച്  വെച്ചിരുന്നത്  സമാനതകളില്ലാത്ത  ഒരു സംസ്കൃതിയെ ആണ് .  മണലുകള്‍ക്കിടയിലൂടെ താഴെക്കരിച്ചിറങ്ങിയാല്‍  മറ്റൊരു  നഗരം നമ്മുടെ മുന്‍പില്‍  തെളിയും . രണ്ടായിരം  വര്‍ഷങ്ങള്‍ക്കപ്പുറം മറ്റാരോ  ഇവടെ  ജീവിച്ചിരുന്നു . എങ്ങിനെ  നില  നിന്നു  എന്നുറപ്പില്ല .  ഒരു പക്ഷെ  എവിടെ നിന്നോ പലായനം ചെയ്ത  ഒരു ജനതതിയാവാം . അവരുടെ  വരണ്ടുണങ്ങിയ  അനേകം  മമ്മികള്‍ ഇവിടെ നിന്നും  ലഭിച്ചിട്ടുണ്ട് . ! Uigur ഭാഷയില്‍ Taklamakan എന്നാല്‍ അഭിമന്യുവിന്റെ  അവസ്ഥയാണ് . ‘you can get into it but can never get out’ അതായത്  നിങ്ങളിക്കിവിടെ  പ്രവേശിക്കാം .. പക്ഷെ  പുറത്തുകടക്കാനാവില്ല !  അതെ ....  ഇവിടെ ജീവിച്ചിരുന്നവര്‍  ഇവിടെ തന്നെയോടുങ്ങി . 

മാര്‍ക്കോ പോളോ  അടക്കം  അനേകം സഞ്ചാരികള്‍  ഈ വരണ്ടുണങ്ങിയ വഴികളിലൂടെ  സഞ്ചരിച്ചിട്ടുണ്ട് . ഹിമാലയത്തിന്റെ  മഴനിഴല്‍  പ്രദേശമാകയാല്‍  ഇവിടെ മഴ  തീര്‍ത്തും  ഇല്ല . എന്നാല്‍ സൈബീരിയയുടെ  സാന്നിധ്യം കാരണം  താപനില   −26.1 °C വരെ താഴാറുമുണ്ട് .  ഈ വിചിത്ര  ഭൂമിയുടെ നടുവിലാണ് നാം  ആദ്യം പറഞ്ഞ Lop Nor തടാകം .  ഈ തടാകം കണ്ടേക്കാം  എന്ന് വെച്ച്  ഇപ്പോള്‍  അവിടെ ചെന്നാല്‍  ഒന്നും കാണാന്‍  പറ്റില്ല !  കാരണം  Lop Nor തടാകം എന്നന്നേക്കുമായി  വറ്റിക്കഴിഞ്ഞു .  ഇങ്ങോട്ടെക്ക് ജലം  എത്തിച്ചിരുന്ന  രണ്ടു നദികളിലും  ഇപ്പോള്‍  കൂറ്റന്‍  ഡാമുകള്‍  തലപോക്കിയിരിക്കുന്നു .  നിങ്ങളിലെ പരിസ്ഥിതിസ്നേഹി  ഇപ്പോള്‍  ഉന്നര്‍ന്നു  കാണും . പക്ഷെ  ക്ഷമിക്ക്   കാര്യം  പറയട്ടെ .
നാം  ആദ്യം  പറഞ്ഞല്ലോ  ഈ തടാകത്തിനു  സ്ഥിരമായി  ഒരു  സ്ഥാനം  ഇല്ലായിരുന്നു എന്ന് . എന്താണ്  കാരണം ? 

ഇങ്ങോട്ട്  പ്രധാനമായും  ജലമെത്തിച്ചിരുന്ന  Tarim നദിയാണ്  വില്ലന്‍ .  സ്ഥിരമായി ഗതിമാറിയോഴുകുന്ന  സ്വഭാവത്തിനുടമയാണ്  കക്ഷി .  വെള്ളപ്പൊക്കവും  മണ്ണിടിച്ചിലും മൃദുവായ ജൈവപശ്ചാതലവും  കാരണമാണ്  നദി  ഓരോ  തവണയും തോന്നും പോലെ  ഒഴുകിക്കൊണ്ടിരുന്നത് .   പക്ഷെ  എങ്ങിനെ  ഒഴുകിയാലും  വിശാലമായ  റ്റരിം തടത്തിലാണ്  നദി  ചെന്നവസാനിക്കുന്നത് .  നദി  എവിടെ  അവസാനിക്കുന്നുവോ   അവിടെ തടാകം  രൂപം  കൊള്ളും ! അതുകൊണ്ടാണ്  നൂറ്റാണ്ടുകള്‍ ഇടവിട്ട്‌  ഇവിടം  സന്ദര്‍ശിച്ചിരുന്ന  സഞ്ചാരികള്‍  തടാകം  പല സ്ഥലങ്ങളില്‍  കണ്ടതായി  റിപ്പോര്‍ട്ട്  ചെയ്തത് .  എന്തായാലും  ഈ ഒളിച്ചുകളി  അവസാനിപ്പിക്കുവാന്‍  തന്നെ ചൈന  തീരുമാനിച്ചു . കൂറ്റന്‍  ഡാമുകള്‍  കെട്ടി നദീ ജലം  പല സ്ഥലങ്ങളിലേക്ക്  തിരിച്ചു  വിട്ടു . നിര്‍ജീവമായ  മരുഭൂമിയില്‍  ഈ ജലം  ചെന്നിട്  എന്ത് കാര്യം ? Lop Nor തടാകത്തിനു  മറ്റൊരു  പ്രത്യേകത  കൂടി ഉണ്ടായിരുന്നു .  അവിടെ നിന്നും  ജലം  ഒഴുകിപ്പോകാന്‍ യാതൊരു  മാര്‍ഗ്ഗവും  ഉണ്ടായിരുന്നില്ല .  തല്ഫലമോ  കെട്ടിക്കിടന്ന  ജലത്തിന്‍റെ  ഉപ്പുരസം  ക്രമാതീതമായി  വര്‍ധിച്ചു .  അങ്ങിനെ  അവസാനം ഇത്  മറ്റൊരു ചാവുകടലായി  മാറി .  ഇപ്പോഴോ ?  വറ്റി വരണ്ടു  കിടക്കുന്ന  തടാകത്തില്‍  എങ്ങും ഉപ്പു പരലുകള്‍  മാത്രം !

എന്തായാലും  ഇത്രയും  സ്ഥലം  വെറുതെ  കളയാന്‍ പറ്റില്ല  എന്ന് ചൈന  തീരുമാനിച്ചു .  ഇതിപ്പോള്‍  അവരുടെ  നുക്ലിയര്‍  ടെസ്റ്റ്‌  ബേസ്  ആണ് .  1964 ല്‍ ചൈനയുടെ  ആദ്യ  ആറ്റംബോംബ്  പരീക്ഷണമായ   "596" പൊട്ടിച്ചത്  ഇവിടെ  വെച്ചാണ് .  1967 ല്‍  ഹൈഡ്രജന്‍  ബോംബ്‌  ഉള്‍പ്പടെ  നാപ്പത്തി അഞ്ചോളം അണുപരീക്ഷണങ്ങള്‍  അവര്‍ ഇവിടെ  നടത്തിക്കഴിഞ്ഞു. ഇപ്പോള്‍  മരുഭൂമിക്കു  കുറുകെ  ഒരു  ദേശീയപാതയും (Xinjiang Provincial Hwy 235) തടാകത്തിനടുത്തേക്ക്   ഒരു തീവണ്ടിപ്പാതയും  ചൈന നിര്‍മ്മിച്ചിട്ടുണ്ട് .

Peng Jiamu - മരുഭൂമി  വിഴുങ്ങിയ  സാഹസികന്‍ !
======================================

ചൈന  കണ്ട എക്കാലത്തെയും  പ്രശസ്തനായ  പര്യവേഷകനായിരുന്നു  പെന്‍ഗ് ജൈമു .  1980 ല്‍  തന്‍റെ  അവസാന  യാത്രയില്‍  ഒരുപറ്റം  ഗവേഷകരേയും  നയിച്ചുകൊണ്ട്  അദ്ദേഹം  ലോപ്  നോര്‍ തടാകക്കരയില്‍ എത്തി .  ജൂണ്‍  പതിനേഴാം തീയതി  കുറച്ചു  വെള്ളം  ശേഖരിച്ച്  തിരിച്ചു വരാം എന്നൊരു  കുറിപ്പ്  തന്‍റെ  കൂടാരത്തില്‍  വെച്ച ശേഷം  പുറത്തു  പോയ  പെങ്ങിനെ  ഇന്നോളം ആരും ജീവനോടെ  കണ്ടിട്ടില്ല !  ചൈന തങ്ങളുടെ  എല്ലാവിധ  സൌകര്യങ്ങളും  ഉപയോഗിച്ച്  അദ്ദേഹത്തിനെ തിരഞ്ഞുവെങ്കിലും  ഒരു തുമ്പും  കിട്ടിയില്ല .  ഇതിന്  ശേഷം  അനേകം അസ്ഥികൂടങ്ങള്‍  അവിടെ നിന്നും ലഭിച്ചു എങ്കിലും  അതൊന്നും പെന്‍ഗ്  ജൈമുവിന്‍റെ  ആയിരുന്നില്ല .  ഏതെങ്കിലും  മണല്‍ക്കൂന  ഇടിഞ്ഞ്  വീണ്  അദ്ദേഹം  അതില്‍ പെട്ടിട്ടുണ്ടാവാം  എന്നാണ്  ഇപ്പോള്‍  കരുതുന്നത് .

No comments:

Post a Comment