antech

antech

Tuesday, November 8, 2016

തോക്ക്

തോക്ക്
------------
            ചൈനയിലെ സിച്ചുവാനിലെ ഒരു ഗുഹയിലെ ശിൽപ്പമാണ് തോക്കിന്റെ ആദ്യ ദൃശ്യാവിഷ്കാരം. പന്ത്രണ്ടാം നൂറ്റാണ്ടിലേതാണ് ഈ ശില്പം. കൂജ പോലെയുള്ള ഒരു വസ്തു ഒരാൾ പിടിച്ചിരിക്കുന്നതും തീജ്വാലകളും ഒരു പീരങ്കിയുണ്ടയും ഇതിൽ നിന്ന് പുറത്തുവരുന്നതുമാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.ലഭിച്ചിട്ടുള്ളതിൽ ഏറ്റവും പഴയ തോക്ക് ലഭിച്ചിട്ടുള്ളതും ചൈനയിൽ നിന്നാണ്. 1288-ലേതെന്നു കരുതുന്ന ഈ പീരങ്കി ഓടുകൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.ഒരിഞ്ച് വ്യാസമുള്ളതായ കുഴലാണ് ഈ പീരങ്കിക്കുണ്ടായിരുന്നത്.
പതിനാലാം നൂറ്റാണ്ടിലാണ് യൂറോപ്യന്മാർക്കും അറബുകൾക്കും തോക്കുകൾ ലഭ്യമായത്. തുർക്കികൾ, ഇറാൻ‌കാർ, ഇന്ത്യക്കാർ എന്നിവർക്ക് പതിനഞ്ചാം നൂറ്റാണ്ടുവരെ തോക്കുകൾ ലഭിച്ചിരുന്നില്ല. ഇവരെല്ലാം നേരിട്ടോ അല്ലാതെയോ യൂറോപ്യന്മാരിൽ നിന്നാണ് തോക്കുകൾ കരസ്ഥമാക്കിയത്. പതിനാറാം നൂറ്റാണ്ടുവരെ ജപ്പാൻകാർക്ക് വെടിമരുന്ന് ലഭ്യമായിരുന്നില്ല. ജപ്പാന് വെടിമരുന്ന് ലഭ്യമായത് ചൈനക്കാരിൽ നിന്നല്ല, മറിച്ച് പോർച്ചുഗീസുകാരിൽ നിന്നാണ്.
1800കളിലും, 1900ങ്ങളിലും തോക്കുകളുടെ വികാസം വേഗതയാർജ്ജിച്ചു. തോക്കിന്റെ മുന്നറ്റത്തുകൂടി വെടിയുണ്ടനിറയ്ക്കുന്നതിനു (മസിൽ ലോഡിംഗ്) പകരം പിന്നറ്റത്തുകൂടി (ബ്രീച്ച് ലോഡിംഗ്) നിറയ്ക്കുന്ന സംവിധാനം ചെറിയ തോക്കുകളിൽ പ്രചാരം നേടി. മോർട്ടാറുകൾ ഒഴികെ മറ്റു തോക്കുകളിൽ ഇപ്പോഴും ഈ സംവിധാനമാണ് ഉപയോഗിക്കപ്പെടുന്നത്. ഓരോ പ്രാവശ്യവും തിര നിറയ്ക്കുന്നതിനു പകരം ധാരാളം കാട്രിഡ്ജുകൾ കൊള്ളുന്ന മാഗസിനുകൾ ഉപയോഗിക്കാൻ തുടങ്ങി. ഇവ പെട്ടെന്ന് തോക്കിൽ തിര നിറച്ച് വെടിവയ്ക്കാനുള്ള സാദ്ധ്യത തുറന്നുകൊടുത്തു. ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക് എന്നീ സംവിധാനങ്ങൾ ഒരു സൈനികന് മിനിട്ടിൽ വളരെക്കൂടുതൽ വെടിയുതിർക്കാനുള്ള കഴിവ് നൽകി. തോക്കുകൾ നിർമ്മിക്കുന്നതിൽ പുതിയ ലോഹക്കൂട്ടുകളും പോളിമറുകളും ഉപയോഗിക്കുന്നത് തോക്കുകളുടെ ഭാരം കുറച്ചു കൊണ്ടുവന്നു. ഗോളാകൃതിയിലുള്ള വെടിയുണ്ടകൾക്ക് പകരം വായുവിന്റെ ഘർഷണം കുറയ്ക്കുന്ന തരം രൂപമുള്ള ബുള്ളറ്റുകൾ നിലവിൽ വന്നു. കൃത്യതയും ക്രമേണ കൂടിവരുകയാണ് ചെയ്യുന്നത്. തോക്കുകൾ ധാരാളമായി ഉണ്ടാക്കാനുള്ള സംവിധാനങ്ങളാണ് തോക്കുകളുടെ വ്യാപനത്തിന് പ്രധാന കാരണം.
            വെടിമരുന്നിന് തീ പിടിക്കുമ്പോൾ ഉണ്ടാകുന്ന വാതകങ്ങ‌ളുടെ തള്ളൽ പ്രയോജനപ്പെടുത്തി ഒന്നോ അതിലധികമോ പ്രൊജക്ടൈലുകൾ (വെടിയുണ്ട) അതിവേഗത്തിൽ പുറത്തുവിടുന്ന തരം ആയുധത്തെയാണ് തോക്ക് (firearm) എന്നുവിളിക്കുന്നത്. പണ്ടുകാലത്തെ തോക്കുകളിൽ കരിമരുന്നായിരുന്നു ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ പുകയില്ലാത്ത വെടിമരുന്നാണ് ഉപയോഗിക്കപ്പെടുന്നത്. മിക്ക ആധുനിക തോക്കുകൾക്കും വെടിയുണ്ടയ്ക്ക് കറക്കം (spin) നൽകാനുള്ള റൈഫ്ലിംഗ് ഉണ്ടെങ്കിലും ഇതില്ലാത്ത മിനുസമുള്ള കുഴലോടുകൂടിയ തോക്കുകളുമുണ്ട്.
        തോക്കുകളുടെ പ്രവർത്തനത്തിനുപിന്നിലുള്ള പ്രധാന തത്ത്വം തുടക്കം മുതൽ ഇതുവരെ മാറിയിട്ടില്ല. കത്തുന്ന വെടിമരുന്നിൽ നിന്നുണ്ടാകുന്ന വാതകങ്ങളുടെ സ്ഫോടനമാണ് അന്നും ഇന്നും വെടിയുണ്ടയെ തോക്കിൻ കുഴലിൽ നിന്ന് ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത്.

No comments:

Post a Comment