antech

antech

Friday, November 18, 2016

ലോകത്തിലെ ഏറ്റം വിരൂപയായ/മനോഹരിയായ പെണ്‍കുട്ടി - ലിസി വെലസ്കാസ്


ലോകത്തിലെ ഏറ്റം വിരൂപയായ/മനോഹരിയായ പെണ്‍കുട്ടി - ലിസി വെലസ്കാസ്




            ലോകത്തിലെ ഏറ്റം വിരൂപയായ സ്ത്രീ"- യു ട്യൂബിൽ ഇങ്ങനെ ഒരു തലവാചകം കണ്ട്  വെറുതെ ഒരു കൗതുകത്തിനു ആ പെണ്‍കുട്ടി ഒരു  വീഡിയോ ക്ലിപ് തുറന്നു നോക്കി. പതിനേഴു വയസ്സുകാരിയായ അവൾ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കയാണ്. ഒരു ദിവസം സ്കൂൾ വിട്ടു വന്ന് വെറുതെ കമ്പ്യുട്ടറിനു മുൻപിൽ വന്നിരുന്നതാണ്. വീഡിയോ കണ്ട് അവൾ അമ്പരന്നു പോയി.  അത് പോസ്റ്റ്‌ ചെയ്തയാൾ ലോകത്തിനു പരിചയപ്പെടുത്തുന്ന പെണ്‍കുട്ടിയുടെ പേര് "ലിസി വലസ്കാസ്"- അത് മറ്റാരുമല്ല; താൻ തന്നെ. താൻ അറിയാതെ സ്കൂളിൽ വച്ച് തന്റെ വീഡിയോ എടുത്ത് യു ട്യുബിൽ പോസ്റ്റ്‌ ചെയ്തിരിക്കയാണ്. കുറേ നാളുകൾക്കു മുൻപേ പ്രസിദ്ധപ്പെടുത്തിയ ആ വീഡിയോ ഇതിനോടകം 40 ലക്ഷത്തോളം ആളുകൾ കണ്ടു കഴിഞ്ഞിരിക്കുന്നു. ആയിരക്കണക്കിന് കമന്റുകളും വന്നിട്ടുണ്ട്. ലിസി ചങ്കിടിപ്പോടെ കമന്റുകളിലേക്ക് കണ്ണോടിച്ചു. "ഇതിന്റെ അപ്പനും അമ്മയും എന്തിനിതിനെ വളർത്തുന്നു", "ഇതിനെ ചുട്ടു കൊല്ലാൻ ആരുമില്ലേ ?" മനുഷ്യനെ പേടിപ്പിക്കാൻ ഓരോന്ന് ഇങ്ങനെ നടന്നോളും", "ദയവായി ഒന്ന്  ആത്മഹത്യ ചെയ്തു കൂടെ?"ഇത്രേം വൃത്തി കെട്ട മുഖം ലോകത്തുണ്ടായിട്ടില്ല".....ഇങ്ങനെ പോകുന്നു കമന്റുകൾ.  ലിസി വാവിട്ടു കരഞ്ഞു.
ഇത്തരം അപമാനങ്ങൾ ലിസി വെലസ്കാസ്  നേരിടേണ്ടി വരുന്നത് ഇത് ആദ്യമായിട്ടായിരുന്നില്ല. എല്ലാവരും തന്നെ തുറിച്ചു നോക്കുന്നത് ഓര്മ്മ വച്ച പ്രായം മുതലേ അവൾ മനസ്സിലാക്കിയിരുന്നു. ആദ്യമൊന്നും അതെന്തിനാണെന്ന് അവൾക്കു മനസ്സിലായിരുന്നില്ല. കുഞ്ഞു നാളുകളിൽ താൻ മറ്റുള്ളവരിൽ നിന്ന് രൂപത്തിൽ വ്യത്യസ്തയാണെന്ന് അവൾക്കു തോന്നിയിരുന്നതെയില്ല. എന്നാൽ, വളരുംതോറും അവൾ തിരിച്ചറിഞ്ഞു ആളുകൾ തന്നെ ശ്രദ്ധിക്കുന്നത്  വെറുതെയല്ല, തന്റേത്  ഒരു വൃത്തികെട്ട ഷെയിപ്പ്  ആണ്.  ഒരു കണ്ണിൽ വെളുത്ത പാട മൂടി കാഴ്ചയില്ലാതെ, മറ്റേ കണ്ണിനു പകുതി മാത്രം കാഴ്ച ശേഷി, മെലിഞ്ഞ്  എല്ലുന്തി, മൂക്ക് വല്ലാതെ നീണ്ട് , മുൻ നിര പല്ലുകൾ  പുറത്തേക്കു തള്ളി...അങ്ങനെ ഒരു വക കോലം കെട്ട രൂപം. "കണ്ണാടിക്ക് മുൻപിൽ നിന്ന് എന്നെ നോക്കി  ഞാൻ ഞാൻ പലപ്പോഴും കരഞ്ഞു കൊണ്ട് ചോദിച്ചിട്ടുണ്ട് . ദൈവം എന്തിനാണ് എന്നെ ഈ രൂപത്തിൽ സൃഷ്ടിച്ചത് ... അമ്മയുടെ വയറ്റിൽ വച്ചു തന്നെ എന്നെ കൊന്നു കളയാമായിരുന്നില്ലേ... എന്നൊക്കെ. സഹപാഠികൾ കളിയാക്കുമ്പോൾ ജീവനോടുക്കിയാലോ എന്ന് പലതവണ  ആലോചിച്ചിട്ടുണ്ട്. പക്ഷെ ധൈര്യം വന്നില്ല. കരഞ്ഞു തളർന്ന് ഓരോ ദിവസവും തള്ളി നീക്കുകയായിരുന്നു". ലിസി ചെറുപ്പകാലം അനുസ്മരിക്കുന്നു. അങ്ങനെയങ്ങ് ഒരു വിധം ജീവിച്ചു വരുമ്പോഴാണ് ശേഷിച്ചിരുന്ന ആത്മവിശ്വാസത്തിന്റെ ചെറുതിരിനാളവും കൂടി ഊതിക്കെടുത്തുമാറ് ഈ വീഡിയോ.
റീത്താ, ഗ്വാഡലുപേ ദമ്പതികളുടെ മൂന്നു മക്കളിൽ ഏറ്റം മൂത്തവളായി 1989 മാർച്ച്‌ 13 ന്  അമേരിക്കയിലെ  ടെക്സസ്  സംസ്ഥാനത്ത്   ഓസ്റ്റിൻ എന്ന സ്ഥലത്താണ് ലിസി ജനിച്ചത്. മാസം തികയ്ക്കാതെ പിറന്നു വീണ കുഞ്ഞിന്റെ രൂപം കണ്ട മാതാപിതാന്മാർ കണ്ണീർ വാർത്തു. തൂക്കം വെറും 1.2 k.g. "ഈ കുഞ്ഞ്  അധിക കാലം ജീവിച്ചിരിക്കില്ല, ഇനി ജീവിച്ചാൽ തന്നെ നിങ്ങൾ ഇതിനെ ജീവിത കാലം മുഴുവൻ ശുശ്രുഷിക്കേണ്ടി വരും". ഡോക്ടർമാർ അഭിപ്രായപ്പെട്ടു. എന്നാൽ തങ്ങളുടെ ആദ്യത്തെ കണ്മണിയെ കൈവിട്ടു കളയാൻ മാതാപിതാക്കന്മാർ തയ്യാറായില്ല. അവർ അവളെ പൊന്നു പോലെ പരിപാലിച്ചു വളർത്തിക്കൊണ്ട് വന്നു. ലോകത്ത് ആകെ രണ്ടു പേർക്ക് മാത്രമുള്ള ഒരു വൈകല്യമാണ് തങ്ങളുടെ മകളെ ബാധിചിരിക്കുന്നതെന്ന് അവർ കണ്ടെത്തി. ശരീരത്തിൽ   കൊഴുപ്പ് തെല്ലും ഉണ്ടാകാതിരിക്കുന്ന ഒരു തരം പ്രതിഭാസമാണിത്. അത് കൊണ്ട്, എന്ത് കഴിച്ചാലും എത്ര അളവ് കഴിച്ചാലും ശരീരം വണ്ണം വയ്ക്കില്ല, രോഗ പ്രതിരോധ ശേഷി തെല്ലുമില്ല. പ്രായപൂർത്തിയായിട്ടും  ലിസിയുടെ ശരീര ഭാരം എത്രയെന്നോ- വെറും 29 കിലോ.
യു റ്റ്യൂബിൽ വൈറൽ ആയി പ്രചരിക്കുന്ന തന്നെ ക്കുറിച്ചുള്ള വീഡിയോ ക്ലിപ് കണ്ട്  ലിസി ആകെ തകർന്നു പോയി. പുറത്തിറങ്ങി നടക്കാൻ  നാണക്കേടായത് കൊണ്ട് മാതാപിതാക്കന്മാർ ഒരു വിധമാണ് അവളെ നിർബന്ധിച്ചു സ്കൂളിൽ വിട്ടിരുന്നത്. ഇപ്പോളിതാ ഇങ്ങനെയുമായി. പുറത്തിറങ്ങുമ്പോൾ പലരും   അടക്കം പറയുന്നത് അവൾ കേട്ടു: "ദാ പോകുന്നു വീഡിയോയിൽ കണ്ട സാധനം  ..ലോകത്തിലെ ഏറ്റം വിരൂപയായ പെണ്ണ് ". ജീവിതം ഏറ്റവും തളർന്നു പോയ ആ നാളുകളെ പറ്റി ലിസി അനുസ്മരിക്കുന്നത് ഇങ്ങനെയാണ്: "കുറെ രാത്രികൾ ഞാൻ കരഞ്ഞു തളർന്നുറങ്ങി. കൗമാര പ്രായത്തിലുള്ള  ഒരാൾക്ക്  ഇതിൽപ്പരം അപമാനം നേരിടാനെന്തുണ്ട് ? ജീവിതം അസ്തമിച്ചതായി എനിക്ക് തോന്നി. ഇനി ആരെയും എന്റെ മുഖം കാണിക്കില്ല. ഞാൻ തീരുമാനിച്ചു". എന്നാൽ, സംഭവിച്ചത് മറ്റൊന്നായിരുന്നു. ഒരാളുടെ ജീവിതം എന്തെന്ന് നിർണ്ണയിക്കാനുള്ള അവകാശം മറ്റാർക്കുമല്ല അയാൾക്ക്‌ തന്നെയാണെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്താൻ ദൈവം ലിസിയെ തന്റെ സുന്ദരമായ ഉപകരണം ആക്കി മാറ്റാൻ നിശ്ചയിച്ചിരുന്നു. ഏതാണ്ട് രണ്ടാഴ്ച കണ്ണീരൊഴുക്കിയ ശേഷം ഒരു നാൾ ഏതോ ഒരുൾപ്രേരണയിൽ  കണ്ണീർ തുടച്ചു കൊണ്ട് അവൾ ചില തീരുമാനങ്ങളെടുത്തു; അവളുടെ ജീവിതം മാറ്റി മറിക്കുന്ന ചില തീരുമാനങ്ങൾ.
തനിക്കു നേരിട്ട അവഹേളനത്തിന്  അത് ചെയ്ത ആളെ കുറ്റപ്പെടുത്താതെ യു റ്റ്യൂബിൽ കൂടെത്തന്നെ വളരെ പോസിറ്റീവായി മറുപടി കൊടുക്കാൻ ലിസി തീരുമാനിച്ചു. അതിനു വേണ്ടി യു റ്റ്യൂബിൽ സ്വന്തമായി ഒരു ചാനൽ പേജ് തുടങ്ങി തന്നെ കുറിച്ചുള്ള വീഡിയോകൾ സ്വയം എടുത്ത്  അതിൽ പോസ്റ്റ്‌ ചെയ്തു. ലോകത്തിലെ ഏറ്റവും വിരൂപയായ പെണ്‍കുട്ടിയെ അവൾ സ്വയം ലോകത്തിനു പരിചയപ്പെടുത്തി. തെല്ലും ചമ്മൽ ഇല്ലാതെ വളരെ സ്വാഭാവികതയോടെയും  തന്മയത്വതോടെയുമുള്ള അവളുടെ സംസാരം ആളുകളെ പതിയെ ആകർഷിച്ചു തുടങ്ങി. ലിസിയുടെ വീഡിയോകൾക്ക്  കാണികളുടെ എണ്ണം ഏറിത്തുടങ്ങി. ബാഹ്യമായ സൗന്ദര്യമല്ല തിളക്കമുള്ള ആന്തരിക വ്യക്തിത്വമാണ്  പ്രധാനമെന്ന് അവൾ ലോകത്തെ ബോധ്യപ്പെടുത്തിത്തുടങ്ങി. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളെ കുറിച്ചുള്ള  തന്റെ അഭിപ്രായങ്ങളും തന്റെ തന്നെ വ്യക്തിപരമായ ജീവിതാനുഭവങ്ങളും ഒക്കെ ലിസി തന്റെ വീഡിയോകളിലൂടെ പങ്കു വച്ചു ജന ശ്രദ്ധയാകർഷിച്ചു. നാളുകൾക്കുള്ളിൽ ലിസിക്ക്  ലക്ഷക്കണക്കിന്‌ കാണികളായി, ആരാധകരായി, അവളുടെ പല വീഡിയോകളും യു ടുബിൽ വൈറൽ ആയി.
2012 ൽ ടെക്സാസ്  സ്റ്റയിറ്റ്  യൂണിവേർസിറ്റിയിൽ നിന്നും ലിസി വെലാസ്കസ്  കമ്മ്യൂണിക്കേഷനിൽ
ബിരുദം നേടി . ഒരു മോട്ടിവേഷണൽ സ്പീക്കർ ആയി മാറി തന്നോട് തന്നോട് ആത്മഹത്യ ചെയ്യാൻ ആവശ്യപ്പെട്ടവര്ക്ക് മറുപടി കൊടുക്കാൻ അവൾ നിശ്ചയിച്ചു. അവളുടെ യു റ്റ്യൂബ് വീഡിയോകൾ കണ്ട ചിലർ ക്ഷണിച്ചതനുസരിച്ച് ചില പൊതു വേദികളിൽ അവൾ പ്രസംഗിക്കാൻ കയറി. സുന്ദരമായ ഭാഷയിൽ ഹൃദയഹാരിയായി സംസാരിക്കാൻ ഇതിനോടകം തീവ്ര പരിശ്രമത്തിലൂടെ അവൾ അഭ്യസിച്ചിരുന്നു. തുടർന്നങ്ങൊട്ട്  അത്ഭുതങ്ങളുടെ നാളുകളായിരുന്നു. അനേകം വേദികളിൽ ലിസി മോട്ടിവേഷനൽ സ്പീക്കർ ആയി ക്ഷണിക്കപ്പെട്ടു. 'തന്നെ ഒന്നിനും കൊള്ളില്ല' എന്ന് കരുതി അപകർഷതാബോധവുമായി തല താഴ്ത്തിയിരുന്ന അനേകരെ ലിസിയുടെ പ്രഭാഷണങ്ങൾ ശക്തിപ്പെടുത്തി.
അങ്ങനെയിരിക്കെയാണ് 2014 ജനുവരിയിൽ പ്രശസ്തർ മാത്രം സംസാരിച്ചിട്ടുള്ള TED TALK എന്ന പ്രോഗ്രാമിൽ സംസാരിക്കാൻ ലിസിക്ക് ക്ഷണം കിട്ടിയത്. ലോകം മുഴുവൻ ശ്രദ്ധിക്കുന്ന ആ പ്രോഗ്രാമിനായി സംസാരിക്കാൻ അവൾ തിരഞ്ഞെടുത്ത വിഷയം എന്തെന്നോ "How to define yourself"- "നിങ്ങളാരെന്ന് എങ്ങനെയാണ് നിർവചിക്കേണ്ടത്? " ലിസി ലോകത്തോട് ചോദിച്ചു.  "ഒരു വ്യക്തി ആരെന്ന്  നിർണ്ണയിക്കുന്നത്   അയാളുടെ ബാഹ്യ സൌന്ദര്യമല്ല, പണമല്ല, പ്രശസ്തിയല്ല, പദവികളുമല്ല അയാളുടെ ആന്തരിക സത്തയാണ്". നിറഞ്ഞ കരഘോഷത്തിന്നിടയിൽ ലിസി പറഞ്ഞു. അവളുടെ കണ്ണിലെ ആത്മവിശ്വാസം സ്ഫുരിക്കുന്ന തിളക്കം കണ്ട്  ലോകം അത് ശരി വച്ചു. ഓസ്റ്റിനിലെ 'വിരൂപ' അങ്ങനെ ലോകത്തിന്  'മനോഹരിയായി'. 
തനിക്കുണ്ടായത് പോലെ  മറ്റുള്ളവരിൽ നിന്ന്  അവഹേളനങ്ങൾ നേരിട്ട് ആന്തരിക മുറിവുകളുമായി തളർന്നിരിക്കുന്നവരെ ആശ്വസിപ്പിക്കാനും ശക്തിപ്പെടുത്താനും ലിസി വെലാസ്കസ്  നിശ്ചയിച്ചു. അതിനുള്ള ഏറ്റവും നല്ല വഴി പുസ്തകങ്ങൾ എഴുതുകയാണെന്നു മനസ്സിലാക്കി അവൾ എഴുതാൻ തുടങ്ങി. ആദ്യം എഴുതിയത് തന്റെ തന്നെ ആത്മ കഥയാണ്‌. അതിനിട്ട പേരെന്തെന്നോ-." Lizzie  Beautiful". തുടർന്ന്  കൗമാര പ്രായക്കാരെ  മനസ്സിൽ  കണ്ട്   "Be Beautiful, Be You" (2012),  Choosing Happiness (2014) എന്നീ രണ്ടു മോട്ടിവേഷണൽ ഗ്രന്ഥങ്ങൾ രചിച്ചു: പുസ്തകങ്ങളെല്ലാം ബെസ്റ്റ് സെല്ലർ ആയതോടെ ലിസിക്ക് ആരാധകർ ഏറി. "A Brave Heart: The Lizzie Velasquez Story"  എന്ന പേരിൽ March 14, 2015 ന്  ലിസിയെക്കുറിച്ചു പുറത്തിറക്കിയ  ഡോകുമെന്ററി നിരവധി അവാർഡുകൾക്ക്  അർഹമായി.
ഇന്ന് ലിസിക്ക് 26 വയസ്സായി. ഇപ്പോഴും അവളുടെ തൂക്കം വെറും 29 കിലോ മാത്രം. രൂപം പഴയത് തന്നെ. എന്നാൽ, ഇന്ന് ആളുകൾ അവളെ നോക്കുന്നത്  സഹതാപത്തോടെയല്ല, ആദരവോടെയാണ്. ലിസി വെലസ്കസിന്റെ  യു റ്റ്യൂബ് ചാനലിനു ഇന്ന്  സബ് സ്ക്രൈബെർസ്  4 ലക്ഷത്തിലേറെയായി. അവളുടെ TED TALK ഇതിനോടകം കണ്ടത് 20 ലക്ഷം പേരാണ്.  പല കാരണങ്ങളാൽ  സമൂഹത്തിൽ നിന്ന് അവഹേളനങ്ങൾ നേരിടുന്നവർക്ക് വേണ്ടി ഒരു പ്രസ്ഥാനത്തിനു രൂപം കൊടുത്തിരിക്കുകയാണ്  ലിസിയിപ്പോൾ. അമേരിക്കൻ പാർലമെന്റിൽ ഈ ലക്ഷ്യത്തോടെയുള്ള ഒരു നിയമനിർമ്മാണത്തിനു സമ്മർദം ചെലുത്തുകയാണ് ലിസിയും കൂട്ടുകാരും.
ലിസിയുടെ ജീവിതം മാറ്റി മറിച്ചത് ഒരു തീരുമാനമാണ്. തനിക്കു നേരിട്ട അവഹേളനത്തോട്  എങ്ങനെ പ്രതികരിക്കണം എന്ന തീരുമാനം. ആദ്യം മനസ്സിൽ തോന്നിയതു പോലെ ജീവനൊടുക്കുകയോ ഇനി ഒരിക്കലും പുറത്തിറങ്ങാതിരിക്കുകയോ ഒക്കെ ചെയ്തിരുന്നെങ്കിൽ തന്നെ കുറിച്ചുള്ള ദൈവത്തിന്റെ സ്വപ്നങ്ങൾ അവൾ തകർത്തു കളഞ്ഞേനെ. എന്നാൽ, തന്റെ പരിമിതികളെയും നേരിടേണ്ടി വന്ന അവഹേളനങ്ങളെയും ലിസി തന്റെ ശക്തിയാക്കി രൂപാന്തരപ്പെടുത്തി. ഇപ്പോൾ അവൾക്ക്  പറയാനുള്ളത് ഇതാണ്: "എന്നെ അപമാനിച്ച് അന്ന് ആ  വീഡിയോ ഉണ്ടാക്കിയ ആളെ ഞാൻ ഇന്നോളം കണ്ടിട്ടില്ല. എന്നാൽ, എന്നെങ്കിലും ഒരിക്കൽ അയാളെ കാണാൻ ഇടയായാൽ അയാളെ കെട്ടിപ്പിടിച്ചു ഞാൻ പറയും. 'നന്ദി സുഹൃത്തേ, താങ്കൾ അങ്ങിനെ ചെയ്തില്ലായിരുന്നെനിൽ ഞാൻ ഇന്നത്തെ ലിസി ആകില്ലായിരുന്നു. താങ്കൾ എന്റെ ജീവിതം മാറ്റി മറിച്ചു".

No comments:

Post a Comment