antech

antech

Tuesday, November 15, 2016

ചെകുത്താന്റെ സ്ക്രൂ !

ചെകുത്താന്റെ സ്ക്രൂ !
=====================
























       വളരെ മൃദുവായ മേൽമണ്ണും കൂട്ടത്തിൽ കളിമണ്ണും ചേർന്ന ഉപരിതലം . പച്ചപ്പ് തീരെക്കുറവ് . കുത്തനെ ചെരിഞ്ഞിറങ്ങുന്ന കുന്നുകൾ , അകലെ നിന്നും നോക്കിയാൽ നീലയും കറുപ്പും ചേർന്ന ഇരുണ്ട നിറം . അനേകായിരം കിലോമീറ്ററുകളോളം വിജനമായി പരന്നു കിടക്കുന്ന ഇത്തരം ഭൂപ്രദേശങ്ങളെയാണ് ബാഡ് ലാൻഡ്‌സ് (Badlands) എന്ന് വിളിക്കുന്നത് . കാനഡയിലും അമേരിക്കയിലും ആണ് ഇത്തരം ഭൂപ്രദേശങ്ങൾ ധാരാളമായി കാണപ്പെടുന്നത് . ചരിത്രാതീതകാലത്തു ഇവിടെ വലിയൊരു നദിയോ കൂറ്റൻ തടാകമോ ഉണ്ടായിരുന്നിരിക്കണം. അപ്പോൾ ഇവിടെ ധാരാളം ധാതുക്കൾ അടിഞ്ഞുകൂടിക്കാണും . പിന്നീടെന്നോ അജ്ഞാതമായ കാരണങ്ങളാൽ ഇവിടം വറ്റിവരണ്ടു . അങ്ങിനെ നാം ഇന്നു കാണുന്ന രീതിയിലുള്ള വിചത്രമായ ബാഡ് ലാൻഡ്‌സ് പ്രത്യക്ഷപ്പെട്ടു . ഇത്രയും കാരണങ്ങൾകൊണ്ട് തന്നെ ഇവിടം ഫോസിലുകളുടെ വിളനിലമാണ് . പൗരാണിക കാലത്തെ ജലജീവികളുടെയും , ഉഭയജീവികളുടെയും , ദിനോസറുകളുടെയും ,മറ്റു ചെറുജീവികളുടെയും ധാരാളം ഫോസിലുകൾ ഇത്തരം ഭൂപ്രദേശങ്ങളിൽ നിന്നും ഗവേഷകർ കുഴിച്ചെടുത്തുണ്ട് . കാനഡയിലെ ആൽബർട്ടയിലുള്ള Dinosaur Provincial Park ഇതിനൊരു ഉദാഹരണമാണ് . നാൽപ്പതോളം വർഗ്ഗത്തിൽപ്പെട്ട ദിനോസറുകളുടെ അഞ്ഞൂറിൽപ്പരം ഫോസിലുകളാണ് ഈ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ നിന്നും മാത്രം നമ്മുക്ക് ലഭിച്ചത് ! ഇതുകൂടാതെ അത്രയും തന്നെ മറ്റ് ചരിത്രാതീതകാല ജീവികളുടെ അവശിഷ്ടങ്ങളും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട് .

            അമേരിക്കയിലെ Nebraska സംസ്ഥാനം ഏതാണ്ട് മുഴുവൻ തന്നെ ഇത്തരം ബാഡ് ലാൻഡുകൾ നിറഞ്ഞതാണ് . എന്നാൽ ആയിരത്തി എണ്ണൂറുകളുടെ അവസാനം E. H. Barbour എന്ന പ്രൊഫസർക്ക് ഇവിടുത്തെ ഹാരിസൺ (Harrison is a village in Sioux County, Nebraska, US ) എന്ന സ്ഥലത്തു നിന്നും ലഭിച്ച വിചിത്രമായ ചില ഫോസിലുകൾ ഗവേഷകർക്ക് കൗതുകവും ജിജ്ഞാസയും ഉണ്ടാക്കി . ഒൻപതു മുതൽ പതിനഞ്ച് അടിയോളം ആഴത്തിൽ താഴ്ന്നു കിടക്കുന്ന , ഏതാണ്ട് അഞ്ഞൂറോളം സ്പ്രിംഗ് രൂപത്തിലുള്ള നിർമ്മിതികൾ ! ഇത്ര കൃത്യമായി ഹെലിക്കൽ ആകൃതിയിൽ ഈ നിർമ്മിതികൾ ഉണ്ടാക്കി ഇവിടെ കുഴിച്ചിട്ടത് ആര് എന്നതായി അടുത്ത ചോദ്യം . ഉടനടി ഉത്തരം കിട്ടാഞ്ഞതിനാൽ ഭൂമിക്കടിയിലെ വിചിത്ര കുഴലുകൾക്ക് ഒരു പേരും ലഭിച്ചു 

, "ചെകുത്താന്റെ സ്ക്രൂ " ! ("Devil's corkscrews" or Daemonelix ).
ആദ്യം കരുതി ഇത് ഏതോ ശുദ്ധജല സ്പോന്ജ് വർഗ്ഗത്തിൽപ്പെട്ട (Sponges are multicellular organisms that have bodies full of pores and channels allowing water to circulate through them) ജീവികളുടെ ഫോസിലുകളാവാം എന്നാണ് ഇരുപത് മില്യൺ വർഷങ്ങൾക്ക് മുൻപ് ഇവിടെ ഉണ്ടായിരുന്ന ഒരു പൗരാണിക തടാകത്തിൽ ആവാം ഇവ ജീവിച്ചിരുന്നത് എന്ന് ചിലർ കരുതി . എന്നാൽ കുഴലുകളുടെ ഭിത്തികളിൽ സസ്യങ്ങളുടെയും ഇലകളുടെയും അവശിഷ്ടങ്ങൾ കണ്ടതോടെ ഏതോ ഭീമൻ പ്രാചീന വൃക്ഷത്തിന്റെ വേരുകളാവാം ഇതെന്ന സംശയം ബലപ്പെട്ടു .
എന്നാൽ 1893 ൽ Dr. Thomas Barbour പുതിയൊരു ആശയവുമായി രംഗത്തെത്തി . ഈ കുഴലുകൾ തുരപ്പൻ വർഗ്ഗത്തിൽപ്പെട്ട (Rodent) ഏതോ ജീവി നിർമ്മിച്ചതാകാനാണ് സാധ്യത എന്നാണു അദ്ദേഹം പറഞ്ഞത് . എന്നോ അന്യം നിന്നുപോയ ഇത്തരം ഒരു ജീവിയുടെ എന്ന് കരുതപ്പെടുന്ന ചില അവശിഷ്ടങ്ങൾ ഈ കുഴലുകളിൽ ചിലതിൽ നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം അങ്ങിനെ പറഞ്ഞത് . എന്നാൽ ഇതിൽ നിന്നും മറ്റു ചില ജീവികളുടെയും ഫോസിലുകൾ കിട്ടിയതിനാൽ ചില ഗവേഷകർ ഈ അനുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു . എന്നാൽ പിന്നീട് ഒരു പ്രാചീന തുരപ്പൻ ജീവിയുടെ മുഴവൻ ഫോസിലും അപ്പാടെ ഒരു ചെകുത്താൻ കുഴലിൽ നിന്നും കിട്ടിയതോടെ ബാർബർ പറഞ്ഞ തിയറിയോട് പലരും യോജിപ്പ് പ്രകടിപ്പിച്ചു .

Palaeocastor ('prehistoric beaver')
===========================
         Palaeocastor എന്നാണ് ഈ വിചിത്ര കുഴലുകളിൽ നിന്നും നമ്മുക്ക് ലഭിച്ച ഫോസിലിന്റെ ഉടമയ്ക്ക് നൽകപ്പെട്ടിരിക്കുന്ന പേര് . ഇവൻ മണ്ണും ചെളിയും കൊണ്ട് ഡാമുകൾ നിർമ്മിക്കുന്ന , പ്രകൃതിയുടെ എൻജിനീയർ എന്നറിയപ്പെടുന്ന കരണ്ടുതീനിയായ ബീവറിന്റെ പൂർവ്വികനാണ് . ചരിത്രാതീതകാല തടാകം വറ്റിവരണ്ട ശേഷമാണ് ഇവറ്റകൾ ഇവിടെ ജീവിച്ചിരുന്നത് എന്നാണു കരുതപ്പെടുന്നത് . ഉപരിതലത്തിലെ കൊടും ചൂടിൽ നിന്നും രക്ഷപെടുവാനും ശത്രുക്കളിൽ നിന്നും ഒളിച്ചിരിക്കുവാനും , ആഹാരം കരുതിവെക്കുവാനും , കുഞ്ഞുങ്ങളെ സുരക്ഷിതമായി വളർത്തുവാനും ആണ് ഇവർ ഈ വിചിത്ര കുഴലുകൾ നിർമ്മിച്ചത് . ബലപ്പെടുത്തുവാൻ ഭിത്തികളിൽ കളിമണ്ണും വ്യക്ഷങ്ങളുടെ ഇലകളും കമ്പുകളും ചേർത്ത് പിടിപ്പിച്ചു . നീണ്ട മുൻപല്ലുകളും കൂർത്ത നഖങ്ങളും അവരെ ഇക്കാര്യത്തിൽ സഹായിച്ചു എന്ന് കരുതപ്പെടുന്നു . പക്ഷെ നീണ്ട മാളങ്ങൾക്കു പകരം എന്തിനാണ് ഇവർ ഈ "വളഞ്ഞ " വഴി തിരഞ്ഞെടുത്തത് ?
             ഒന്ന് , പുറത്തെ ചൂടുകാറ്റ് നീണ്ട മാളങ്ങളിൽ നേരിട്ട് കയറും . ഇത്തരം വളഞ്ഞ മാളങ്ങളിൽ വായൂ പ്രവാഹം കുറയും . താഴേക്ക് തണുപ്പ് കൂടിവരും . ശത്രു ജീവികൾ ഇത്തരം മാളങ്ങളിൽ കയറിയാൽ മിക്കവാറും വളവുകളിൽ കുടുങ്ങിപ്പോകും . അനേകം കൈവഴികൾ ഉള്ളതിനാൽ വഴി തെറ്റി ഇരുട്ടത്ത് കറങ്ങിപ്പോകും . മഴവെള്ളം ഇറങ്ങിയാൽ തന്നെ ആദ്യത്തെ കൈവഴികളിൽ കൂടി അതിന്റെ ദിശമാറി ഒഴുകിപോയ്ക്കോളും . അതായത് താഴത്തെ നിലകളിൽ കുട്ടികളും ഭക്ഷണവും സുരക്ഷിതമായിരിക്കും .
കാര്യങ്ങളിൽ ഇങ്ങനെയൊക്കെ വിശദീകരിച്ചെങ്കിലും വലിയൊരു വിഭാഗം ഗവേഷകർ ഇപ്പോഴും ഈ " തുരപ്പൻ " തിയറിയോട് മുഖം തിരിച്ചു നിൽപ്പാണ് . ഇത്ര കൃത്യമായി ഈ ആകൃതിയിൽ എങ്ങിനെ തുരന്നു എന്നതാണ് ചിലരെ കുഴയ്ക്കുന്നത് , ഇത്രകാലം കേടുകൂടാതെ നിലനിൽക്കണം എങ്കിൽ കുഴൽ നിർമ്മാണത്തിൽ വേറെ ചില "ചേരുവകളും " കണ്ടേക്കാം എന്നും അവർ കരുതുന്നു . എന്തായാലും ഈ ചെകുത്താന്റെ സ്ക്രൂ , ഗവേഷകർക്ക് ഇപ്പോഴും കീറാമുട്ടി തന്നെയാണ് .

No comments:

Post a Comment