വാനുവാടു
========
ദക്ഷിണ പസഫിക് മഹാസമുദ്രത്തിലെ ഒരു ദ്വീപുരാഷ്ട്രമാണ് വാനുവാട്ടു ഔദ്യോഗികമായി ദി റിപ്പബ്ലിക് ഓഫ് എന്നും ഈ രാജ്യം അറിയപ്പെടുന്നു. അഗ്നിപർവതപ്രവർത്തനത്താലുണ്ടായ ഒരു ദ്വീപസമൂഹമാണിത്. ഓസ്ട്രേലിയയിൽ നിന്ന് 1750 കിലോമീറ്റർ കിഴക്കും ഫിജിക്ക് പടിഞ്ഞാറും, സോളമൻ ദ്വീപുകൾക്ക്തെക്കുകിഴക്കും, ന്യൂഗിനിക്ക് തെക്കുകിഴക്കുമാണ് ഈ ദ്വീപുകളുടെ സ്ഥാനം.
മെലനേഷ്യക്കാരാണ് വാനുവാട്ടുവിൽ ആദ്യം താമസമുറപ്പിച്ചത്. പെഡ്രോ ഫെർണാണ്ടസ് ഡി ക്വൈറോസ് എന്ന സ്പാനിഷ് നാവികനും സംഘവുമാണ് ഇവിടെയെത്തിയ ആദ്യ യൂറോപ്യന്മാർ. 1605-ൽ എസ്പിരിറ്റു സാന്റോ എന്ന ദ്വീപിലാണ് ഇവർ എത്തിപ്പെട്ടത്. ഈ ദ്വീപസമൂഹം സ്പെയിനിനവകാശപ്പെട്ടതാണെന്ന് ഇവർ പ്രഖ്യാപിച്ചു. 1880-കളിൽ ഫ്രാൻസും ബ്രിട്ടനും ഈ രാജ്യത്തിന്റെ ഭാഗങ്ങൾക്കുമേൽ അവകാശവാദമുന്നയിച്ചു. 1906-ൽ ബ്രിട്ടനും ഫ്രാൻസും ചേർന്ന് സംയുക്തമായി ദ്വീപുഭരണം നടത്തുവാനുള്ള തീരുമാനത്തിൽ എത്തിച്ചേർന്നു. 1970-കളിൽ സ്വാതന്ത്ര്യത്തിനായുള്ള പ്രക്ഷോഭം തുടങ്ങി. സ്വതന്ത്ര വാനുവാട്ടു രാജ്യം 1980-ൽ സ്ഥാപിതമായി.
"ഭൂമി" അല്ലെങ്കിൽ "വീട്" എന്നർത്ഥം വരുന്ന വാനുവ എന്ന പദത്തിൽ നിന്നാണ് വാനുവാട്ടു എന്ന പേര് ഉദ്ഭവിച്ചിരിക്കുന്നത്. [7] പല ഓസ്ട്രണേഷ്യൻ ഭാഷകളിലും ഈ പദം നിലവിലുണ്ട്. ടു എന്ന വാക്കിന്റെ അർത്ഥം നിൽക്കുക എന്നാണ്.രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനെയാണ് ഈ രണ്ടു പദങ്ങളും ഒരുമിച്ചുപയോഗിക്കുമ്പോൾ വിവക്ഷിക്കുന്നത്.
ചരിത്രം
ചരിത്രാതീതകാലത്തെപ്പറ്റിയുള്ള അറിവുകൾ ശുഷ്കമാണ്. 4000 വർഷങ്ങൾക്കുമുൻപാണ് ഇവിടെ ഓസ്ട്രണേഷ്യൻ ഭാഷ സംസാരിക്കുന്നവർ എത്തിപ്പെട്ടതെന്ന വാദത്തെ ആർക്കിയോളജിസ്റ്റുകളുടെ കണ്ടുപിടുത്തങ്ങൾ പിന്തുണയ്ക്കുന്നുണ്ട്. ബി.സി. 1300നും 1100-നും ഇടയിലുള്ള കളിമൺ പാത്രാവശിഷ്ടങ്ങൾ ഇവിടെനിന്ന് കണ്ടെത്തപ്പെട്ടിട്ടുണ്ട്.
സ്പെയിനിനു വേണ്ടി പര്യവേഷണം നടത്തുകയായിരുന്ന പോർച്ചുഗീസ് നാവികനായ പെഡ്രോ ഫെർനാൺഡസ് ഡെ ക്വൈറോസ് 1606-ൽ ദ്വീപ് സന്ദർശിച്ചപ്പോഴാണ് യൂറോപ്യന്മാർ ഈ ദ്വീപുകളെപ്പറ്റി ആദ്യം അറിയുന്നത്. ഓസ്ട്രേലിയയിലെത്തി എന്നാണ് അദ്ദേഹം കരുതിയത്. ഇതിനുശേഷം ഇവിടെ യൂറോപ്യന്മാരെത്തിയത് 1768-ലാണ്. ലൂയിസ് അന്റോണീൻ ഡെ ബോഗൈൻവില്ല ഈ ദ്വീപസമൂഹം വീണ്ടും "കണ്ടെത്തുകയായിരുന്നു". 1774-ൽ കാപ്റ്റൻ കുക്ക് ഈ ദ്വീപുകൾക്ക് ന്യൂ ഹെബ്രൈഡ്സ് എന്ന് പേരു നൽകി. സ്വാതന്ത്ര്യം വരെ ഈ പേര് ഉപയോഗത്തിലുണ്ടായിരുന്നു.
1825-ൽ പീറ്റർ ഡില്ലൺ എന്ന കച്ചവടക്കാരൻ എറോമാങ്കോ എന്ന ദ്വീപിൽ ചന്ദനം കണ്ടെത്തി. ഇത് ധാരാളം കുടിയേറ്റക്കാരെ ഈ ദ്വീപിലേക്കാകർഷിച്ചു. പോളിനേഷ്യൻ ജോലിക്കാരും കുടിയേറ്റക്കാരും തമ്മിൽ 1830-ൽ ഒരു സംഘടനമുണ്ടായശേഷമാണ് ഈ കടന്നുകയറ്റം അവസാനിച്ചത്. 1860കളിൽ ഓസ്ട്രേലിയ, ഫിജി, ന്യൂ സ്പെയിൻ, സമോവ ദ്വീപുകൾഎന്നിവിടങ്ങളിലെ കർഷകർ ദ്വീപുവാസികളുമായി ദീർഘകാല തൊഴിൽ കരാറുകളിൽ ഏർപ്പെടാൻ തുടങ്ങി. ബ്ലാക്ക്ബേഡിംഗ് എന്ന് വിളിക്കപ്പെട്ട ഒരുതരം അടിമപ്പണിയിലേയ്ക്കാണ് ഇത് വഴി തെളിച്ചത്. ഈ സംവിധാനത്തിന്റെ മൂർദ്ധന്യത്തിൽ പല ദ്വീപുകളിലെയും പുരുഷന്മാരിൽ പകുതിയിലേറെപ്പേരും ഇപ്രകാരം ദൂരപ്രദേശങ്ങളിൽ ജോലി ചെയ്യുന്നവരായിരുന്നു. യൂറോപ്യന്മാരുമായി ബന്ധമുണ്ടാകുന്നതിനു മുൻപുള്ളതിനേക്കാൾ ഇപ്പോൾ ഈ ദ്വീപുകളിലെ ജനസംഖ്യ വളരെക്കുറവാണെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. [10]
19-ആം നൂറ്റാണ്ടിൽ യൂറോപ്പിൽ നിന്നും വടക്കേ അമേരിക്കയിൽ നിന്നുമുള്ള കത്തോലിക്, പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽ പെടുന്ന മിഷനറിമാർ ഈ ദ്വീപുകളിൽ പ്രവർത്തനമാരംഭിച്ചു. ജോൺ ഗെഡ്ഡി (1815–1872), ഒരു സ്കോട്ട്സ്-കനേഡിയൻ പ്രെസ്ബൈറ്റേറിയൻ മിഷനറിയായിരുന്നു. അനൈറ്റ്‌യും എന്ന ദ്വീപിൽ 1848-ലാണ് ഇദ്ദേഹം എത്തിപ്പെട്ടത്. തന്റെ ജീവിതത്തിന്റെ ബാക്കി സമയം ഇദ്ദേഹം ഇവിടെയാണ് ചിലവഴിച്ചത്. നാട്ടുകാരെ ക്രിസ്തുമതത്തിലേയ്ക്കും പാശ്ചാത്യ ജീവിതശൈലിയിലേയ്ക്കും മാറ്റിയെടുക്കാനാണ് ഇദ്ദേഹം ശ്രമിച്ചിരുന്നത്. ജോൺ ഗിബ്സൺ പേറ്റൺ എന്നയാൾ ഒരു സ്കോട്ടിഷ് മിഷനറിയായിരുന്നു. ഇദ്ദേഹം ഈ പ്രദേശത്തിന്റെ വികസനത്തിനായി ധാരാളം പരിശ്രമിച്ചിരുന്നു. പരുത്തികൃഷി നടത്താൻ സ്ഥലമന്വോഷിച്ച് ധാരാളം ആൾക്കാർ ഈ ദ്വീപുകളിൽ എത്തിപ്പെട്ടിരുന്നു. അന്താരാഷ്ട്രവിപണിയിൽ പരുത്തിവില ഇടിഞ്ഞപ്പോൾ കൃഷി കാപ്പി, കൊക്കോ, വാഴ, തേങ്ങ എന്നിവയ്ക്ക് വഴിമാറി. ആദ്യകാലത്ത് ഓസ്ട്രേലിയയിൽ നിന്നുള്ള ബ്രിട്ടീഷ് പൗരന്മാരായിരുന്നു കുടിയേറ്റക്കാരിൽ കൂടുതൽ. 1882-ൽ കാലഡോണിയൻ കമ്പനി ഓഫ് ന്യൂ ഹെബ്രൈഡ്സ് സ്ഥാപിതമായപ്പോൾ ഫ്രഞ്ചുകാരും കുടിയേറാൻ തുടങ്ങി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഫ്രഞ്ചുകാർ ബ്രിട്ടീഷുകാരേക്കാൾ ഇരട്ടിയോളമുണ്ടായിരുന്നുവത്രേ. [10]
ഫ്രഞ്ചുകാർക്കും ബ്രിട്ടീഷുകാർക്കും ഈ ദ്വീപുകളിൽ താല്പര്യമുണ്ടായിരുന്നതിനാൽ ഇവ പിടിച്ചടക്കാൻ രണ്ടു രാജ്യങ്ങളുടെ ഭരണകൂടങ്ങൾക്കുമേലും സമ്മർദ്ദമുണ്ടായിരുന്നു. 1906-ൽ ഫ്രാൻസും ബ്രിട്ടനും ഒത്തുചേർന്ന് ദ്വീപുഭരണം നടത്താനുള്ള ഉടമ്പടി ഉണ്ടാക്കപ്പെട്ടു. സമാനതകളില്ലാത്ത ഒരു ഭരണസംവിധാനമായിരുന്നു ഇത്. രണ്ടു സർക്കാരിനും പ്രത്യേക ഭരണസംവിധാനങ്ങളാണ് ഉണ്ടായിരുന്നത്. കോടതി സംവിധാനം മാത്രമായിരുന്നു രണ്ടുരാജ്യങ്ങളിലെ പൗരന്മാർക്കും പൊതുവായുണ്ടായിരുന്നത്. രണ്ട് രാജ്യങ്ങളിലെയും പൗരത്വം മെലനേഷ്യന്മാർക്ക് നിഷേധിക്കപ്പെട്ടിരുന്നു. [10]
1940-കളുടെ ആദ്യസമയത്ത് ഈ ഭരണസംവിധാനത്തിനോടുള്ള എതിർപ്പുകൾ പ്രകടമായിത്തുടങ്ങി. രണ്ടാം ലോകമഹായുദ്ധത്തോടെഅമേരിക്കക്കാരുടെ വരവ് രാജ്യത്ത് സ്വാതന്ത്ര്യദാഹത്തിന് കാരണമായി. ജോൺ ഫ്രം എന്ന ഒരു മിശിഹാ സങ്കൽപ്പവും ഈ വിശ്വാസത്തിൽ നിന്നുടലെടുത്ത കാർഗോ കൾട്ട് എന്ന മതവിശ്വാസവും മെലനേഷ്യക്കാർക്ക് രക്ഷ ലഭിക്കുമെന്ന വിശ്വാസം നൽകി. മന്ത്രവിദ്യയിലൂടെയും ചടങ്ങുകളിലൂടെയും വ്യവസായികോത്പന്നങ്ങൾ ലഭിക്കുമെന്ന വിശ്വാസം ഈ മതത്തിന്റെ ഭാഗമായിരുന്നു. ഇന്ന് ജോൺ ഫ്രം ഒരു മതവും രാഷ്ട്രീയപ്പാർട്ടിയുമാണ്. ഇവർക്ക് പാർലമെന്റിൽ ഒരംഗവുമുണ്ട്.
1970-കളുടെ ആദ്യമാണ് രാജ്യത്തെ ആദ്യ രാഷ്ട്രീയപ്പാർട്ടി സ്ഥാപിക്കപ്പെട്ടത്. ന്യൂ ഹെബ്രൈഡ്സ് നാഷണൽ പാർട്ടി എന്നായിരുന്നു ഇതിന്റെ ആദ്യ പേര്. സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നു വാൾട്ടർ ലിനി. ഇദ്ദേഹം പിന്നീട് രാജ്യത്തെ പ്രധാനമന്ത്രിയായി. 1974-ൽ പാർട്ടിയുടെ പേര് വാനുആകു പാറ്റി എന്നാക്കി മാറ്റപ്പെട്ടു. 1980-ൽ ഹ്രസ്വമായ നാളികേരയുദ്ധത്തെ തുടർന്ന്, വാനുവാട്ടു എന്ന റിപ്പബ്ലിക് രൂപപ്പെട്ടു.
1990-കളിൽ വാനുവാട്ടുവിൽ രാഷ്ട്രീയ അസ്ഥിരാവസ്ഥ രൂപപ്പെട്ടു. ഇത് വികേന്ദ്രീകൃതമായ ഭരണകൂടത്തിന്റെ രൂപീകരണത്തിലാണ് അവസാനിച്ചത്. കൂലി സംബന്ധിച്ച തർക്കത്തെ തുടർന്ന് വാനുവാട്ടു മൊബൈൽ ഫോഴ്സ് എന്ന അർദ്ധസൈന്യവിഭാഗം 1996-ൽ അട്ടിമറിക്ക് ശ്രമം നടത്തി.
ജനങ്ങൾ
221,506 ആണ് വാനുവാടുവിലെ ജനസംഖ്യ. സ്ത്രീകളേക്കാൾ പുരുഷന്മാരാണ് കൂടുതൽ. 1999-ൽ വാനുവാടുവിൽ 95,682 പുരുഷന്മാരും 90,996 സ്ത്രീകളുമുണ്ടായിരുന്നുവത്രേ. ശിശുമരണനിരക്ക് ഔദ്യോഗിക കണക്കുകൾ പ്രകാരം 1967-ൽ 1000 ജനങ്ങൾക്ക് 123 ആയിരുന്നത് 1999-ൽ 25 എന്ന നിലയിലേയ്ക്ക് താഴ്ന്നിട്ടുണ്ട്. മറ്റു കണക്കുകൾ പ്രകാരം 2011-ൽ ഇത് 46.85 എന്ന നിലയിലാണ്. പോർട്ട് വിലയിലും ലൂഗാൻവില്ലയിലും പതിനായിരങ്ങൾ താമസിക്കുന്നുണ്ടെങ്കിലും ജനസംഖ്യയിൽ അധികവും ഗ്രാമവാസികളാണ്.
വാനുവാട്ടുവിലെ സ്വദേശികളായ നി-വാനുവാടു വിഭാഗത്തിൽ പെട്ടവരാണ് ഭൂരിപക്ഷം (98.5%). മെലനേഷ്യൻ വംശജരാണിവർ. യൂറോപ്യന്മാർ, ഏഷ്യക്കാർ, പസഫിക്കിലെ മറ്റു ദ്വീപുവാസികൾ എന്നീ വിഭാഗക്കാരാണ് ബാക്കിയുള്ളവർ. പോളിനേഷ്യക്കാർ മൂന്നു ദ്വീപുകളിൽ കോളനികൾ സ്ഥാപിച്ചിരുന്നു. ഉദ്ദേശം 2,000 നി-വാനുവാടു വിഭാഗക്കാർ ന്യൂ കാലഡോണിയയിൽ ജോലിചെയ്യുന്നുണ്ട്. 2006-ൽ വാനുവാട്ടുവാണ് ലോകത്തിൽ ഏറ്റവും പാരിസ്ഥിതികമായ പ്രവർത്തനക്ഷമതയുള്ള (ecologically efficient) രാജ്യമെന്ന് കണക്കാക്കപ്പെട്ടിരുന്നു.
ദേശീയഭാഷ ബിസ്‌ലാമ ആണ്. ഔദ്യോഗിക ഭാഷകൾ ബിസ്‌ലാമ, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നിവയാണ്. പഠനത്തിനുപയോഗിക്കുന്ന പ്രധാന ഭാഷകൾ ഇംഗ്ലീഷും ഫ്രഞ്ചുമാണ്.
ബിസ്‌ലാമ ലഘൂകരിക്കപ്പെട്ട ഒരു സങ്കരഭാഷയാണ്. പട്ടണപ്രദേശങ്ങളിൽ ഈ ഭാഷ മെലനേഷ്യൻ വ്യാകരണവും പ്രധാനമായും ഇംഗ്ലീഷ് വാക്കുകളുമുപയോഗിക്കുന്ന രീതിയിലേയ്ക്ക് മാറിയിട്ടുണ്ട്. വാനുവാട്ടുവിലെ ഭൂരിപക്ഷം ആളുകൾക്കും മനസ്സിലാവുകയും പരസ്പരം സംസാരിക്കാനുപയോഗിക്കുകയും ചെയ്യുന്ന ഭാഷയാണിത്. ഇത് കൂടാതെ 113 പ്രാദേശികഭാഷകൾ വാനുവാടുവിൽ ഇപ്പോഴും സംസാരിക്കപ്പെടുന്നുണ്ട്. ജനസംഖ്യ വച്ചു നോക്കിയാൽ പ്രതിശീർഷക്കണക്കിൽ ഏറ്റവും കൂടുതൽ ഭാഷകളുള്ള രാജ്യമാണിത്[ഒരു ഭാഷ സംസാരിക്കുന്നത് ശരാശരി 2,000 ആൾക്കാരാണ്. ഓസ്ട്രണേഷ്യൻ ഭാഷാകുടുംബത്തിലെ ഓഷ്യാനിക് ശാഖയിലാണ് ഈ ഭാഷകളെല്ലാം പെടുന്നത്.
സംസ്കാരം
വിദേശസ്വാധീനവും പ്രാദേശിക വ്യത്യാസങ്ങളും കാരണം വാനുവാടുവിലെ സംസ്കാരം വൈവിദ്ധ്യം നിറഞ്ഞതാണ്. പ്രധാനമായും മൂന്ന് സാംസ്കാരികമേഖലകളായി വാനുവാടുവിനെ വിഭജിക്കാം. വടക്കൻ പ്രദേശത്ത് ധനികനാരെന്ന തീരുമാനിക്കപ്പെടുന്നത് സ്വത്ത് വ്യയം ചെയ്യാനുള്ള കഴിവിനെ അടിസ്ഥാനമാക്കിയാണ്. വളഞ്ഞ തേറ്റകളുള്ള പന്നികൾ സ്വത്തിന്റെ പ്രതീകമായാണ് വാനുവാടുവിലാകെ കണക്കാക്കപ്പെടുന്നത്. ദ്വീപസമൂഹത്തിന്റെ മദ്ധ്യഭാഗത്ത് കൂടുതൽ പാരമ്പര്യവാദികളായ മെലനേഷ്യൻ വിഭാഗത്തിന്റെ സംസ്കാരമാണ് എടുത്തുനിൽക്കുന്നത്. തെക്കുഭാഗത്ത് അധികാരങ്ങൾ സ്ഥാനപ്പേരിലൂടെ ലഭ്യമാകുന്ന രീതി നിലവിൽ വന്നിട്ടുണ്ട്.[29]
യുവാക്കളുടെ പൗരുഷം തെളിയിക്കുന്നതിനായി പലതരം ചടങ്ങുകളുണ്ട്. ചേലാകർമം സാധാരണഗതിയിൽ ഇതിന്റെ ഭാഗമാണ്.
മിക്ക ഗ്രാമങ്ങളിലും നാകമാൽ എന്ന സമ്മേളനസ്ഥലമുണ്ടാവും. സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള സ്ഥലങ്ങൾ വേർതിരിച്ചിട്ടുണ്ടാവും. ആർത്തവസമയത്ത് സ്ത്രീകൾക്ക് പ്രത്യേകസ്ഥലം നൽകപ്പെടും.
പരമ്പരാഗത സംഗീതം ഇപ്പോഴും ഗ്രാമീണമേഘകളിൽ പ്രചാരത്തിലുണ്ട്. പുതിയ സംഗീതരീതികളും പ്രചാരം നേടുന്നുണ്ട്.
വാനുവാടുക്കാരായ വളരെച്ചുരുക്കം ആൾക്കാരേ പുസ്തകരചനാമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളൂ. ഗ്രേസ് മേര മൊളിസ (2002-ൽ മരണം) കവയിത്രി എന്ന നിലയിൽ പ്രശസ്തി നേടിയിട്ടുണ്ട്.
വാനുവാടുവിലെ പാചകം പ്രധാനമായും മത്സ്യം, പച്ചക്കറികൾ, പഴങ്ങൾ എന്നിവയാണ് ഉപയോഗിക്കുന്നത്. മിക്ക കുടുംബങ്ങളും ഭക്ഷണം സ്വന്തമായി കൃഷി ചെയ്യുന്നവരാണ് ഭക്ഷ്യക്ഷാമം ഇവിടെ ഒരു പ്രശ്നമല്ല.
antech
Tuesday, November 8, 2016
⚽⚽⚽വാനുവാടു
Subscribe to:
Post Comments (Atom)
No comments:
Post a Comment