antech

antech

Wednesday, November 2, 2016

കേരളത്തിന്റെ ആധുനിക പെരുന്തച്ചൻ ലാറി ബേക്കർ


കേരളത്തിന്റെ ആധുനിക പെരുന്തച്ചൻ

               ലാറി ബേക്കർ
               യഥാര്‍ഥ പേര് :-ലോറൻസ് ബേക്കർ 

               ജനനം             :-1917 മാര്‍ച്ച് 2
               സ്ഥലം             :-ബെർമിങ്‌ഹാം, ഇംഗ്ലണ്ട്‌ 
               മരണം            :-2007 ഏപ്രില്‍ 1
               സ്ഥലം            :- തിരുവന്തപുരം


ഇഷ്ട വിഷയം..

ഊരു ചുറ്റലും ചിത്രരചനയും സൈക്കിൾ ചവിട്ടും..ഇഷട വിഷയം ചോദിച്ച സാറിനോടുള്ള കുഞി ബേക്കറിന്റെ മറുപടി...
ഒരു ശരാശരി വിദ്യാർത്ഥിയായിരുന്നു ലോറൻസ്‌ എന്ന ലാറി ബേക്കർ. ലാറിയിൽ മയങ്ങിക്കിടന്ന വാസ്തുശിൽപാ വൈദഗ്‌ധ്യം കണ്ടെത്തിയത്‌ അദ്ദേഹം പഠിച്ച കിങ്ങ് എഡ്വേർഡ്‌ ഗ്രാമർ സ്കൂളിലെ പ്രധാനാധ്യാപകനാണ്‌. അദ്ദേഹം ലാറിയോട് ഒരിക്കൽ എന്താണ് ഇഷ്ടമുള്ള വിഷയം എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ‘ഊരു ചുറ്റലും ചിത്രരചനയും സൈക്കിൾ ചവിട്ടും’ എന്നായിരുന്നു. ലാറിയുടെ ചിത്രരചനാപാടവം തിരിച്ചറിഞ്ഞ് കിങ് ലാറിയുടെ പിതാവിനോട് അവനെ വാസ്തുശില്പകല പഠിപ്പിക്കാൻ ഉപദേശിക്കുകയായിരുന്നു.

ഗുരുനാഥന്റെ ഉപദേശത്തെത്തുടർന്ന് ലാറി ബർമിങ്ഹാം സ്ക്കൂൾ ഓഫ്‌ ആർക്കിടെക്ചറിൽ വിദ്യാർത്ഥിയായി ചേർന്നു. പഠനകാലത്ത് പല രാജ്യങ്ങളിലെ വിവിധ ശൈലിയിലുള്ള കെട്ടിട നിർമ്മാണത്തെക്കുറിച്ച് പഠിക്കേണ്ടതുണ്ടായിരുന്നു. ഇതിനായി ലാറിയും സഹപാഠികളും സൈക്കിളിലാണ് രാജ്യങ്ങൾ ചുറ്റാൻ തുടങ്ങിയത്. അതിനുള്ള പണം അവർ തന്നെ സ്വയം കണ്ടെത്തുകയായിരുന്നു.  ശില്പ പ്രത്യേകതകളെക്കുറിച്ച് അവഗാഹം ഉണ്ടാക്കാൻ ഈ യാത്രകൾ സഹായിച്ചു. കെട്ടിട നിർമ്മാണ രംഗത്ത്‌ വൻ മാറ്റങ്ങൾ കടന്നു വന്ന കാലമായിരുന്നു അത്‌. ഇരുമ്പിന്റെ വിലയിലുണ്ടായ കുറവ്‌, സിമന്റിന്റെ കണ്ടുപിടുത്തം തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ കോൺക്രീറ്റ്‌ സൗധങ്ങളുടെ പ്രചാരത്തിനു കാരണമായി. ഇംഗ്ലണ്ടിലെങ്ങും അംബരചുംബികളായ കെട്ടിടങ്ങൾ ഉയർന്നു. എന്നാൽ ലളിതജീവിതം നയിക്കുന്ന ലാറിയുടെ മനസ്‌ തിരഞ്ഞെടുത്തത്‌ മറ്റൊരു വഴിയാണ്‌. വാസ്തുശിൽപകല സാധാരണക്കാർക്ക്‌ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയിലായി അദ്ദേഹം. അപ്പോഴേക്കും കോൺക്രീറ്റ്‌ സൗധങ്ങൾക്കെതിരെ ചിന്തിക്കുന്ന ഒട്ടേറെപ്പേർ രംഗത്തുവന്നു. ലാറിക്കും അവരുടെ രീതി പിന്തുടരണമെന്നായിരുന്നു ആഗ്രഹം.
രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭം നമ്മുടെ ബേക്കറിനും പട്ടാള സേവനം അനുഷ്ടിക്കേണ്ടി വന്നു.അതും ജീവിതത്തില്‍ മറ്റൊരു മാറ്റത്തിന് തുടക്കമായി..അന‍സ്തേഷ്യയിൽ (മയക്കുന്ന വൈദ്യശാസ്ത്ര മേഖല) അദ്ദേഹം പ്രത്യേക പരിശീലനം നേടി യുദ്ധത്തിൽ മുറിവേറ്റവരെ ശുശ്രൂഷിക്കുവാനുള്ള പ്രത്യേക സംഘത്തിൽ അദ്ദേഹം ചൈനയിൽ സേവനം അനുഷ്ടിച്ചു. എന്നാൽ ഇംഗ്ലണ്ടിലേക്കുള്ള മടക്ക യാത്രയിൽ അദ്ദേഹത്തിന് ഇന്ത്യയിലെ മുംബൈയിൽ മൂന്നുമാസം കഴിച്ചു കൂട്ടേണ്ടി വന്നു.അവിടെ വച്ച് അദ്ദേഹം മാഹാത്മഗാന്ധിയെ കാണുകയും അത് ജീവിതത്തിലെ ഒരു വഴിതിരിവായി മാറുകയും ചെയ്തു...
ക്വാക്കർ എന്നറിയപ്പെടുന്ന ക്രിസ്തീയ സൗഹൃദസംഘത്തിലെ അംഗമായാണ് അദ്ദേഹം ഗാന്ധിജിയെ പരിചയപ്പെടുന്നത്. ലാറി ധരിച്ചിരുന്ന ഷൂസ് ഗാന്ധിയുടെ ശ്രദ്ധയിൽ പെട്ടു. തയ്യൽ കടയിലെ ഉപയോഗശൂന്യമായ തുണികൾ വച്ച് തുന്നിയുണ്ടാക്കിയതായിരുന്നു അത്. പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമ്മാണം നടത്താനുള്ള ലാറിയുടെ ചാതുര്യം ഗാന്ധി തിരിച്ചറിയുകയും അദ്ദേഹത്തെ ഇന്ത്യയിലെ പാവപ്പെട്ടവർക്കായി പ്രവർത്തിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഈ ഒത്തുചേരൽ ബേക്കറുടെ ജീവിതത്തെ വീണ്ടും വഴിതിരിച്ചുവിട്ടു.

ഇന്ത്യയെ അടുത്തറിയലും വിവാഹവും..

1945 അദ്ദേഹം തിരിച്ച് ഇന്ത്യയിലെത്തി..മൂന്നു വർഷക്കാലം കുഷ്ഠരോഗികൾക്കിടയിൽ പ്രവർത്തിച്ചു. കുഷ്ഠരോഗികൾക്കുള്ള പാർപ്പിടനിർമ്മാണത്തിനിടയിലാണ്‌ ഇന്ത്യൻ വാസ്തുശിൽപവിദ്യയുടെ പ്രത്യേകതകൾ ബേക്കർ മനസ്സിലാക്കുന്നത്‌. ഉത്തർപ്രദേശിലെ ഫൈസാബാദിൽ ആയിരുന്നു ബേക്കർ ഇന്ത്യയിലെ തന്റെ കെട്ടിടനിർമ്മാണ പരീക്ഷണങ്ങൾക്ക് തുടക്കമിട്ടത്. അവിടെ നിലവിലുണ്ടായിരുന്ന രീതിയോട് സ്വന്തം നിരീക്ഷണങ്ങളും കൂട്ടിക്കലർത്തി ബേക്കർ തന്റേതായ ശൈലിക്ക്‌ രൂപം നൽകി. ഇന്ത്യയിലുടനീളം സഞ്ചരിച്ച അദ്ദേഹം ഓരോ പ്രദേശത്തിനും ചേർന്ന പാർപ്പിട നിർമ്മാണ ശൈലി അവതരിപ്പിച്ചു.
ഇതിനിടയിൽ പരിചയപ്പെട്ട മലയാളിയായ ചാണ്ടി എന്ന ഭിഷഗ്വരനുമായി അദ്ദേഹം ഗാഢസൗഹൃദത്തിലായി. ചാണ്ടിയുടെ കുടുംബ ജീവിതം അദ്ദേഹത്തെ ആകർഷിച്ചിരുന്നു. അങ്ങനെയാണ് ചാണ്ടിയുടെ സഹോദരിയായ ഡോ. എലിസബത്തിനെ കണ്ടുമുട്ടുന്നത്. എലിസബത്ത് അന്ന് ഹൈദരാബാദിൽ ഒരു ആശുപത്രിയിൽ ജോലി നോക്കുകയായിരുന്നു. അദ്ദേഹം ആ മലയാളി ഡോക്ടറെ ജീവിതപങ്കാളിയാക്കി.
ഹിമാലയത്തിലേക്ക്..
ലാറിയും എലിസബത്തും ഹിമാലയത്തിലെ കുമായൂൺ മലകളിൽ മധുവിധു ആഘോഷിക്കുമ്പോൾ പ്രകൃതിരമണീയത മൂലം പിത്തോരഗഡ് എന്ന സ്ഥലം സ്ഥിര താമസമാക്കാൻ യോഗ്യമാണെന്ന് കണ്ടെത്തി അവിടെ താമസമാരംഭിച്ചു. എന്നാൽ എലിസബത്ത് ഡോക്ടർ ആണെന്ന് തദ്ദേശവാസികൾ തിരിച്ചറിഞ്ഞതോടെ ലാറിയുടെ വീട്ടിലേക്ക് രോഗികളുടെ പ്രവാഹമായി. ആ സ്ഥലത്ത് ആശുപത്രിയോ വൈദ്യന്മാരോ ഉണ്ടായിരുന്നില്ല. നിരന്തരമായ അഭ്യർത്ഥനകൾ മാനിച്ച് ബേക്കർ കുടുംബം അവിടെ ഉപേക്ഷിക്കപ്പെട്ട ഒരു ചായക്കടയിൽ ആശുപത്രി ആരംഭിച്ചു. അനസ്തേഷ്യയിലെ പരിശീലനം ബേക്കർക്ക് ഒരു നഴ്‌സിന്റെ ജോലി ചെയ്യാൻ സഹായകമായി. പതിനേഴു വർഷം അവിടെ നാട്ടുകാരെ സേവിച്ചു. ഇതിനിടക്ക് ബേക്കർ ആശുപത്രി കെട്ടിടം വലുതാക്കിയിരുന്നു. മലയുടെ മുകളിലെ പ്രതികൂല സാഹചര്യങ്ങളിലെ നിർമ്മാണ പ്രവർത്തനം അദ്ദേഹത്തിന് നാടൻ വാസ്തുശില്പവിദ്യയെക്കുറിച്ച് മനസ്സിലാക്കിക്കൊടുത്തു. 1963-ൽ പിത്തോരഗഡ് വിട്ടു കേരളത്തിലേക്ക് യാത്ര തിരിച്ചു.

കേരളത്തിലെ വാഗമണിലേക്ക്...

1963-ൽ കേരളത്തിലെ വാഗമൺ എന്ന സ്ഥലത്ത് താമസമാക്കി. അവിടേയും കുഷ്ഠടരോഗി പരിചരണമായിരുന്നു പ്രവർത്തനം. കുറച്ചു കാലത്തിനു ശേഷം എലിസബത്തിനോടൊപ്പം 1970 മുതൽ കേരളത്തിൽ തിരുവനന്തപുരത്തിനടുത്ത്‌ നാലാഞ്ചിറയിൽ സ്ഥിരതാമസമാക്കി. സ്വന്തം വീടായ ഹാം‍ലെറ്റിലായിരുന്നു മരണം വരെ താമസം.
1968 മുതൽ തിരുവനന്തപുരം ആർച്ച് ബിഷപ്പിന്റെ ക്ഷണപ്രകാരം പാവപ്പെട്ടവർക്കു വേണ്ടി 3000 രൂപയിൽ താഴെ ചെലവു വരുന്ന വീടുകൾ നിർമ്മിക്കാനുള്ള പദ്ധതി അദ്ദേഹം വിജയകരമായി പൂർത്തിയാക്കി. ഇതോടെ അദ്ദേഹം കൂടുതൽ അറിയപ്പെടാൻ തുടങ്ങി. ഈ സമയത്ത് സാധാരണ ജീവനക്കാരനായ ഒരു നമ്പൂതിരിപ്പാട് അദ്ദേഹത്തെ കാണാനെത്തി. പതിനായിരം രൂപ മാത്രം മൂലധനമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ആറു മുറികളുള്ള രണ്ടുനില വീട് ബേക്കർ പണിതു കൊടുത്തു. ഇതോടെ ബേക്കർ പ്രശസ്തിയിലേക്ക് ഉയർന്നു. എങ്ങും അദ്ദേഹത്തിന്റെ വാസ്തുശില്പ രീതി ചർച്ചാവിഷയമായിത്തീർന്നു. താമസിയാതെ നിരവധി പേർ ചെലവു കുറഞ്ഞ വീടുകൾക്കായി അദ്ദേഹത്തെ സമീപിച്ചു.

പെരുന്തച്ചന്റെ അവസാനകാലം....

തന്റെ തൊണ്ണൂറാമത്തെ ജന്മദിനം ഏറ്റവും ലളിതമായി ആഘോഷിച്ച് ഒരു മാസത്തിന് ശേഷം 2007 ഏപ്രിൽ ഒന്നിനു രാവിലെ സ്വവസതിയിൽ വച്ച് അദ്ദേഹം അന്ത്യശ്വാസം വലിച്ചു. ഭാര്യ ഡോ.എലിസബത്തും മക്കളും അവസാന സമയത്ത് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.
ബേക്കറുടെ ഭൗതിക ശരീരം വിശ്രമിക്കുന്ന പാളയം ക്രൈസ്റ്റ് ദേവാലയത്തിലെ കല്ലറയും അദ്ദേഹം തന്നെ രൂപകല്പന ചെയ്തതാണ്. മൂന്നോ നാലോ വർഷത്തിനു ശേഷം മൃതദേഹ അവശിഷ്ടങ്ങൾ കല്ലറയ്ക്കടുത്തുള്ള കിടങ്ങിലേക്കു സ്വയമേ തന്നെ മാറുന്ന സംവിധാനമുള്ള കല്ലറയും ബേക്കർ ഇവിടെ നിർമിച്ചിട്ടുണ്ട്.

ബേക്കര്‍ ശൈലി...

ചുടുകട്ടയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട നിർമ്മാണ സാമഗ്രി. സിമന്റ്, കോൺക്രീറ്റ്, ഉരുക്ക്‍, സ്ഫടികം എന്നിവയ്ക്ക് എതിരായിരുന്നു അദ്ദേഹം. ഇവയുടെ നിർമ്മാണഘട്ടങ്ങളിൽ പരമ്പരാഗതമായ ഇന്ധനം ധാരാളം കത്തിക്കേണ്ടി വരുന്നു എന്നതാണ് ഈ എതിർപ്പിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അദ്ദേഹം സിമന്റിനു പകരം എളുപ്പം ലഭ്യമായിരുന്ന ചുണ്ണാമ്പ് ഉപയോഗിച്ചു. കേരളത്തിലെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ കെട്ടിടം നിർമ്മിച്ചപ്പോൾ അദ്ദേഹം ചുണ്ണാമ്പ് മിശ്രിതം അതേ സ്ഥലത്ത് വച്ചുതന്നെ നിർമ്മിച്ചു. കാളവണ്ടികളിൽ സമുദ്രതീരത്തു നിന്നും കക്കയും മറ്റും ശേഖരിച്ച് വലിയ മൺചൂളയിൽ തീയിട്ട് ചുണ്ണാമ്പ് നിർമ്മിക്കുകയായിരുന്നുപെയിന്റ് അടിക്കേണ്ട ആവശ്യമില്ലാത്ത രീതിയിൽ ചുടുകട്ട ഉപയോഗിച്ചാണ് അദ്ദേഹത്തിന്റെ എല്ലാ സൃഷ്ടികളും. ഇക്കാരണത്താൽ ചുടുകട്ടയുടേ സ്വാഭാവികമായ നിറം ആണ് കെട്ടിടങ്ങൾക്ക് ലഭിക്കുക. വിലകൂടിയ ജനൽ കട്ടിളകൾ ഒഴിവാക്കി അതിനു പകരം കട്ടകൾ നിശ്ചിത അകലത്തിൽ വളച്ച് ഭാരം രണ്ടു വശത്തായി കേന്ദ്രീകരിച്ച ജനലുകൾ സൃഷ്ടിക്കാനുള്ള രീതിക്ക് അദ്ദേഹമാണ് പ്രചാരം നൽകിയത്. ഇങ്ങനെ മരജനലുകൾക്കു മുകളിൽ വാർക്കേണ്ടതായ ലിന്റൽ ബീം ഒഴിവാക്കുന്നത് കൊണ്ട് വളരെയധികം പണം ലാഭിക്കാനാവും.
ഉപയോഗശൂന്യമായ വസ്തുക്കൾ ഗൃഹനിർമ്മാണത്തിന് പ്രയോജനപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ശൈലിയുടെ മറ്റൊരു സവിശേഷത. പൊട്ടിയ തറയോടുകളും മറ്റും മുറ്റം പാകുവാനും പല വർണ്ണത്തിലുള്ള കുപ്പികളും മറ്റും ജനലുകളിൽ പതിപ്പിച്ച് മുറിയിൽ വർണ്ണജാലം സൃഷ്ടിക്കാനും അദ്ദേഹത്തിന് കഴിയുമായിരുന്നു. നിർമ്മാണ സാമഗ്രികൾ ദൂരെ നിന്ന് ഇറക്കുമതി ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. എന്തൊക്കെയാണോ കെട്ടിടം പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ പരിസരങ്ങളിൽ ലഭ്യമായിരുന്നത് അവയിൽ നിന്നും അദ്ദേഹം സാമഗ്രികൾ തിരഞ്ഞെടുക്കുമായിരുന്നു.
നൂതനസാങ്കേതികവിദ്യകളെ അപ്പാടെ തള്ളിക്കളഞ്ഞ ആളായിരുന്നില്ല ബേക്കർ. മറിച്ച് അവശ്യഘട്ടങ്ങളിൽ അവ ഉപയോഗിക്കുകയും ചെയ്തിരുന്നു. വീടിന് യോജിച്ചതും ആവശ്യമായതുമായ സാങ്കേതികത മതി എന്നായിരുന്ന അദ്ദേഹത്തിന് താല്പര്യം
ഒട്ടനവതി പുരസ്ക്കാരങള്‍ അദ്ദേഹത്തിന് ലഭിച്ചീട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ കെട്ടിട നിര്‍മാണരീതിയും ഭംഗിയും സാധാരണകാരന് താങുന്ന ചിലവും ഇതെല്ലാം കൊണ്ട് അദ്ദേഹത്തെ 'കേരളത്തിന്റെ ആധുനിക പെരുന്തച്ചന്‍ എന്നു തന്നെ അറിയപ്പെടും...
കടപ്പാട് :-Wikipedia /google

Indian Cofee House , Thampannur Trivandrum

No comments:

Post a Comment