antech

antech

Saturday, November 19, 2016

👔 ദ മിസ്റ്റീരിയസ് സ്പൈ. - 1

ദ മിസ്റ്റീരിയസ് സ്പൈ. - 1
========================



2001 മെയ് 23.
അമേരിയ്ക്കയിലെ വിർജിനിയയിലുള്ള TRW എന്ന ഡിഫൻസ് കോണ്ട്രാക്ടിങ് കമ്പനിയുടെ ചാന്റിലിയിലുള്ള ബ്രാഞ്ച് ഓഫീസ്. അവിടെ അനലിസ്റ്റ് ആയി ജോലി ചെയ്യുകയാണു ബ്രിയാൻ പാട്രിക്ക് റീഗൻ എന്ന മുൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ. യു.എസ് എയർഫോഴ്സിലെ ഇന്റലിജൻസ് ഓഫീസറായിരുന്ന റീഗൻ  അവിടെ നിന്നും റിട്ടയർ ചെയ്തിട്ട് ഒരു വർഷം തികഞ്ഞിട്ടില്ല.
രാവിലെ ഓഫീസിലെത്തിയ റീഗനു പക്ഷേ വല്ലാത്ത അസ്വസ്ഥത തോന്നി.  നെഞ്ചിൽ ശ്വാസം തിങ്ങി നിൽക്കും പോലെ. തന്റെ ക്രെഡിറ്റു കാർഡിലും മറ്റുമായി അടച്ചു തീർക്കാനുള്ള ഒരു ലക്ഷത്തോളം ഡോളറിനെ സംബന്ധിച്ചായിരുന്നില്ല ആ അസ്വസ്തത. തന്നെ ആരോ നിരീക്ഷിയ്ക്കുന്നതായി ദിവസങ്ങളായി ഒരു തോന്നൽ അയാളെ പിടികൂടിയിരുന്നു. ഏതോ അജ്ഞാത നയനങ്ങൾ മറവിൽ നിന്നും തന്നെ തുറിച്ചു നോക്കുന്നുണ്ട്.
അസ്വസ്ഥത പെരുകിയ റീഗൻ ഓഫീസിൽ നിന്നും ഇറങ്ങി തന്റെ കാറുമായി റോഡിലിറങ്ങി. അല്പ ദൂരം ഓടിയപ്പോൾ തന്നെ ആരോ കാറിൽ പിന്തുടരുന്നതായി അയാൾക്കു തോന്നി. അയാൾ കാർ പായിച്ചു വിട്ടു. എന്നിട്ട് പെട്ടെന്ന് വലതു വശത്തുള്ള ഇടറോഡിലേയ്ക്കു തിരിഞ്ഞു. ആരെങ്കിലും പിന്തുടരുന്നു എങ്കിൽ അവരും ഇങ്ങോട്ടു തിരിയും. അയാൾ റിയർവ്യൂ മിററിൽ ശ്രദ്ധിച്ചു. ഇല്ല ആരുമില്ല. കാർ മുന്നോട്ടു പാഞ്ഞു.
മനസാസ് നാഷണൽ ബാറ്റിൽ ഫീൽഡ് പാർക്കിന്റെ ഒരു വിജന ഭാഗത്താണു റീഗൻ കാർ നിർത്തിയത്. ഒരു വശമാകെ നിബിഡ വനമാണു. എഞ്ചിൻ ഓഫാക്കിയ ശേഷം റീഗൻ ചുറ്റും കണ്ണോടിച്ചു. ആരെങ്കിലും തന്നെ ശ്രദ്ധിയ്ക്കുന്നുണ്ടോ? അവിടെയെങ്ങും ഒരു മനുഷ്യജീവി പോലും ഇല്ലായിരുന്നു. കാറിൽ നിന്നും പുറത്തിറങ്ങിയ അയാൾ അരമണിക്കൂറോളം വെറുതെ അതിലെ നടന്നു. അതിനിടയിൽ ഒരു പഴഞ്ചൻ വാൻ അകലെ റോഡിൽ കൂടി പാഞ്ഞു പോയതല്ലാതെ മറ്റൊരു വാഹനമോ മനുഷ്യയോ അയാൾ കണ്ടില്ല. അല്പം മുന്നോട്ടു നടന്ന അയാൾ അലക്ഷ്യമെന്ന പോലെ മാഡ് മാഗസിന്റെ രണ്ടു കോപ്പികൾ നിലത്തിട്ടു. എന്നിട്ട് ഒന്നുമറിയാത്ത പോലെ കാറിൽ കയറി ഓഫീസിലേയ്ക്കു തിരിച്ചു പോയി ജോലിയിൽ മുഴുകി.
അന്നു തന്നെ വൈകുന്നേരം റീഗൻ വീണ്ടും അവിടെയെത്തി. താൻ ഇട്ടിട്ടു പോയ മാഗസിനുകൾക്കു എന്തെങ്കിലും സ്ഥാന ചലനം ഉണ്ടായോ എന്നു പരിശോധിച്ചു. തന്നെ ആരെങ്കിലും നിരീക്ഷിച്ചിരുന്നുവെങ്കിൽ അവർ തീർച്ചയായും, താൻ പോയശേഷം അവിടെയെത്തി ആ മാഗസിനുകൾ പരിശോധിച്ചിട്ടുണ്ടാകും. എന്നാൽ റീഗൻ ഇട്ട അതേ സ്ഥലത്തു തന്നെ അവ കിടപ്പുണ്ടായിരുന്നു. അയാൾക്കു ആശ്വാസമായി. തന്റെ തോന്നലുകൾ വെറുതെ ആയിരുന്നു. ഒരു പുഞ്ചിരിയോടെ അയാൾ കാറിൽ കയറി തന്റെ വീടു ലക്ഷ്യമാക്കി ഓടിച്ചു പോയി.
എന്നാൽ റീഗനു തെറ്റിപ്പോയിരുന്നു.
--
2000 ഡിസംബറിലെ ഒരു പ്രഭാതം. വാഷിംഗ്ടൻ ഡിസിയിലുള്ള FBI ഫീൽഡ് ഓഫീസിൽ ചില ജോലിത്തിരക്കുകളിലായിരുന്നു സ്പെഷ്യൽ ഏജന്റ് സ്റ്റീവൻ കാർ. അയാളുടെ മുന്നിലിരുന്ന ഓഫീസ് ഫോൺ ശബ്ദിച്ചു തുടങ്ങി. അതിൽ നിന്നും ലഭിച്ച സന്ദേശം സ്റ്റീവനെ ചാടിയെഴുനേൽപ്പിച്ചു. FBI യുടെ ന്യൂയോർക്ക് ഓഫീസിൽ നിന്നുമായിരുന്നു ആ ഫോൺ. അവിടെ നിന്നും ഫെഡെക്സ് വഴി അയച്ച ചെറിയൊരു പായ്ക്കറ്റ്, സ്റ്റീവന്റെ ഓഫീസ് ബിൽഡിങിന്റെ താഴെത്തെ റിസപ്ഷനിൽ എത്തിയിട്ടുണ്ട് എന്നും എത്രയും വേഗം കൈപ്പറ്റണം എന്നുമായിരുന്നു സന്ദേശം. ഒരു നിമിഷം വൈകാതെ അയാൾ സ്റ്റെപ്പുകൾ ചാടിയിറങ്ങി, റിസപ്ക്ഷനിൽ വന്നു ആ പായ്കറ്റ് വാങ്ങി.
ഉന്നതതലങ്ങളിലെ ചാരപ്രവർത്തനങ്ങളെ പറ്റി അന്വേഷിയ്ക്കുന്ന FBI സ്പെഷ്യൽ ഏജന്റണു സ്റ്റീവൻ. 1995 ലെ FBI ൽ ചേർന്ന അയാളുടെ മിടുക്ക് മേലധികാരികൾക്കു ബോധ്യമായതാണു. അതുകൊണ്ടു തന്നെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട പല കേസുകളും അവർ സ്റ്റീവനെയാണു ഏൽപ്പിയ്ക്കാറ്.
തന്റെ ക്യാബിനിൽ എത്തിയ സ്റ്റീവൻ ആ പായ്ക്കറ്റ് തുറന്നു.  ഏതാനും ഡസൻ പേപ്പറുകളായിരുന്നു അതിലുണ്ടായിരുന്നത്. സ്റ്റീവൻ തന്റെ മേശമേൽ അവ നിരത്തി വച്ചു. എന്നിട്ട് അവയെ തരം തിരിച്ചു. മൂന്നു സെറ്റുകളായിരുന്നു അവ. ഓരോ സെറ്റിനും ഒരു കവർ ഷീറ്റ് ഉണ്ടായിരുന്നു. അവയിൽ ഇങ്ങനെ എഴുതിയിരുന്നു. “THIS LETTER CONTAINS SENSITIVE INFORMATION”, അതിനു താഴെയായി ചെറിയൊരു നോട്ടും.  “അതീവ രഹസ്യമായ ഈ കത്തുകൾ നിങ്ങളുടെ പ്രസിഡന്റിനോ ഇന്റലിജൻസ് ചീഫിനോ മാത്രം കൈമാറുക. ഡിപ്ലോമാറ്റിക് പൗച്ചിനുള്ളിൽ വേണം നൽകേണ്ടത്. ഇങ്ങനെയൊരു കത്തിനെ പറ്റി നിങ്ങളുടെ ഓഫീസിലോ വീട്ടിലോ മറ്റൊരിടത്തുമോ ചർച്ച ചെയ്യരുത്. ഇത് അനുസരിയ്ക്കാത്ത പക്ഷം ഈ കത്തുകൾ അമേരിയ്ക്കൻ ഇന്റലിജൻസ് ഏജൻസികളുടെ ശ്രദ്ധയിൽ പെടാൻ സാധ്യതയുണ്ട്“.
ഇതു വായിച്ച സ്റ്റീവൻ കാർ തരിച്ചിരുന്നു. ന്യൂയോർക്കിലെ ലിബിയൻ കോൺസുലേറ്റിലുള്ള ഒരു രഹസ്യ ഏജന്റുവഴി FBI ലഭിച്ചതാണു ഈ കത്തുകൾ. അമേരിയ്ക്കക്കാരനായ ഒരു അജ്ഞാത വ്യക്തി അയച്ചതായിരുന്നു ഇവ. മൂന്നു വ്യത്യസ്ത കവറുകളിലായി, വ്യത്യസ്ത ദിവസങ്ങളിലാണു ഈ കത്തുകൾ കോൺസുലേറ്റിനു ലഭിച്ചത്. അമേരിയ്ക്കയും ലിബിയയുമായി സംഘർഷം നിലനിൽക്കുന്ന നാളുകളായിരുന്നു അപ്പോൾ.
തന്റെ മുന്നിലിരിയ്ക്കുന്ന പേപ്പറുകളിലേയ്ക്ക് സ്റ്റീവൻ തുറിച്ചു നോക്കി. ആദ്യ കവറിൽ എത്തിയത് നാലു ഷീറ്റു പേപ്പറുകൾ ആണ്.  149 വരികളിലായി കുറേ അക്ഷരങ്ങളും സംഖ്യകളും ടൈപ്പ് ചെയ്തിരിയ്ക്കുന്നു. അടുത്ത കവറിൽ ഉള്ളത്, ഈ കോഡുകൾ എങ്ങനെ ഡീകോഡ് ചെയ്യണം എന്ന നിർദേശങ്ങളാണ്. 
മൂന്നാമത്തെ കവറിൽ രണ്ടു സെറ്റ് കോഡു ഷീറ്റുകളായിരുന്നു.  ആദ്യ സെറ്റിൽ സൈഫർ കോഡിംഗിന്റെ ഒരു ലിസ്റ്റാണുണ്ടായിരുന്നത്. അടുത്ത സെറ്റിൽ ആറു ഷീറ്റുകളിലായി ഡസൻ കണക്കിനു വാക്കുകളും അവയുടെ  ചുരുക്കപ്പേരുകളുമാണുള്ളത്. ഈ സെറ്റുകൾ ഒന്നിച്ചു ചേരുമ്പോൾ അതിൽ നിന്നു ലഭിയ്ക്കുന്ന സൂചനകളായിരിയ്ക്കും ആദ്യത്തെ കോഡുകളുടെ അർത്ഥമായി മാറുന്നത്..!
സ്റ്റീവൻ അതിലൂടെ ഒന്നു കണ്ണോടിച്ചു നോക്കി. അയാൾക്കൊന്നും മനസ്സിലായില്ല. ഏതായാലും ഇതയച്ച ആൾ അതീവ ബുദ്ധിമാനാണെന്നു സ്റ്റീവനു മനസ്സിലായി. ഈ മൂന്നു കത്തുകളും ഒന്നിച്ചു ലഭിച്ചാൽ മാത്രമേ ഇതിലെ രഹസ്യം കണ്ടെത്താനാകൂ. ഏതെങ്കിലും കാരണവശാൽ ഒരെണ്ണം നഷ്ടമായാൽ മറ്റു രണ്ടെണ്ണം കൊണ്ട് പ്രയോജനമൊന്നുമില്ല. ഓരോ കവറിനൊപ്പം ഒരു തുണ്ടു കടലാസിൽ ടൈപ്പ് ചെയ്ത ചെറിയൊരു നിർദേശം കൂടി അതയച്ച അജ്ഞാതവ്യക്തി വച്ചിരുന്നു. മൂന്നു കത്തിൽ ഏതെങ്കിലുമൊന്നു എത്തിച്ചേർന്നിട്ടില്ല എങ്കിൽ, വാഷിംഗ്ടൻ പോസ്റ്റ് പത്രത്തിൽ കാറിനെ സംബന്ധിയ്ക്കുന്ന ഒരു ക്ലാസിഫൈഡ് പരസ്യം നൽകണം എന്നതായിരുന്നു ആ നിർദേശം.
എന്നിട്ടും ഈ മൂന്നു കത്തുകളും ഒന്നിച്ച് FBI യുടെ കൈയിൽ എത്തുമെന്ന് ഈ കത്തുകൾ അയച്ച അജ്ഞാതൻ വിചാരിച്ചിരിയ്ക്കാൻ യാതൊരു സാധ്യതയില്ലായിരുന്നു.
കത്തുകൾ ന്യൂയോർക്ക് FBI യിലെ വിദഗ്ധർ ഇതിനകം ഡീകോഡ് ചെയ്തു കഴിഞ്ഞിരുന്നു. അതിൻ പ്രകാരം കത്തിൽ എഴുതിയിരുന്നത് ഇങ്ങനെ ആയിരുന്നു.
“ഞാൻ CIA യിൽ മിഡിൽ ഈസ്റ്റ്- നോർത്ത് ആഫ്രിക്കൻ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു അനലിസ്റ്റാണ്. അമേരിയ്ക്കയുടെ തന്ത്ര പ്രധാനമായ ചില രഹസ്യങ്ങൾ നിങ്ങളുടെ രാജ്യത്തിനു ചോർത്തിത്തരുവാൻ ഉദ്ദേശിയ്ക്കുന്നു.  അമേരിയ്ക്കയിലെ വിവിധ രഹസ്യാന്വേഷണ ഏജൻസികളുടെ ടോപ്പ് സീക്രട്ട് രേഖകൾ എനിയ്ക്കു ലഭ്യമാണ്.“
താൻ വെറും വാക്ക് പറയുന്നതല്ലെന്നു തെളിയിയ്ക്കാൻ, ചില അതീവ രഹസ്യ രേഖകളുടെ കോപ്പികളും ഈ കത്തിനൊപ്പം ഉണ്ടായിരുന്നു. ഇറാക്കിന്റെയും ലിബിയയുടെയും സൈനിക കേന്ദ്രങ്ങളുടെ ചില ഉപഗ്രഹ ഫോട്ടോകളും ചില ഡോക്യുമെന്റുകളുമായിരുന്നു അവ. അമേരിയ്ക്കൻ ഇന്റലിജൻസ് ഏജൻസികൾ മാത്രം ഉപയോഗിയ്ക്കുന്ന “ഇന്റെലിങ്ക്“ എന്ന നെറ്റ് സംവിധാനത്തിൽ നിന്നും ഡൗൺലോഡ് ചെയ്തവ ആയിരുന്നു അവ.
ഇതയച്ചത് ആര്? എന്തിന്? ഇതായിരുന്നു സ്റ്റീവൻ കാർ കണ്ടെത്തേണ്ടിയിരുന്നത്. രാജ്യത്തെ ഇന്റലിജൻസ് ഏജൻസികൾക്കു മാത്രം ലഭ്യമായ ടോപ്പ് സീക്രട്ട് രേഖകൾ കൈവശപ്പെടുത്താൻ കഴിയുന്ന ആൾ തീർച്ചയായും ആ ഏജൻസികളിൽ ജോലി ചെയ്യുന്ന ആരെങ്കിലുമായിരിയ്ക്കണം. അയാൾ വിദേശ ഏജൻസികളെ സമീപിച്ചു എന്നതിനർത്ഥം ആവശ്യമായ രേഖകൾ ചോർത്തിക്കഴിഞ്ഞു എന്നു തന്നെയാണു. അവ ശത്രുക്കളുടെ കൈയിലെത്തും മുൻപ് തടഞ്ഞേ തീരൂ.
സ്റ്റീവൻ തന്റെ മുന്നിലിരുന്ന പേപ്പറുകൾ ക്രമത്തിൽ അടുക്കി ഒരു ഫയലിൽ ആക്കി. അതുമെടുത്ത്,  അടുത്ത ക്യാബിനിൽ ഉള്ള തന്റെ സൂപ്പർവൈസറുടെ അടുത്തേയ്ക്കു പോയി.
“ലിഡിയാ“ തന്റെ കൈയിലെ ഫയൽ മേശയുടെ മറുവശത്തേയ്ക്കു തള്ളിക്കൊണ്ട് അയാൾ പറഞ്ഞു, “നിങ്ങളിതൊന്നു നോക്കു“. FBI കൗണ്ടർ ഇന്റലിജൻസ് സീനിയർ ഓഫീസറായ ലിഡിയാ ജെക്കോറെക്, സ്റ്റീവനെ ഒന്നു നോക്കിയിട്ട് ആ ഫയലെടുത്ത് നിവർത്തി. ഒന്നും മനസ്സിലാകാതെ അവർ അയാളുടെ നേരെ ചോദ്യഭാവത്തിൽ മുഖമുയർത്തി. സ്റ്റീവൻ കാർ തനിയ്ക്കറിയുന്ന കാര്യങ്ങളെല്ലാം ലിഡിയയെ ധരിപ്പിച്ചു. വിഷയത്തിന്റെ ഗൗരവം മനസ്സിലായ അവർ, എന്താണിനി അടുത്ത സ്റ്റെപ്പ് എന്നു അയാളോടു ചോദിച്ചു.
ഡീകോഡ് ചെയ്ത സന്ദേശത്തിനിടയിൽ ഒരു ഇ-മെയിൽ അഡ്രസ്സുണ്ടായിരുന്നു. ലിബിയൻ കോൺസുലേറ്റിലേയ്ക്ക് കത്തുകൾ അയച്ച അജ്ഞാതൻ, തുടർന്നുള്ള കമ്യൂണിക്കേഷനായി അവർക്കു നൽകിയതാണു ആ ഇ-മെയിൽ അഡ്രസ്സ്. തീർച്ചയായും അതിനെപ്പറ്റി കൂടുതൽ അറിയേണ്ടതുണ്ട്. ലിഡിയാ ജെക്കോറെക് FBI ആസ്ഥാനവുമായി ബന്ധപ്പെട്ട്, ആ ഇ-മെയിൽ സർവീസ് പ്രൊവൈഡറിൽ നിന്നും കൂടുതൽ വിവരം തേടാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു. FBI അമേരിയ്ക്കൻ അറ്റോർണി ജെനറലിൽ നിന്നും ഉടൻ തന്നെ സ്പെഷ്യൽ പെർമിഷൻ നേടിയെടുത്തു.
jacobscall@mail.com എന്ന ആ ഇ-മെയിലിനെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും നൽകാൻ സ്റ്റീവൻ കാർ, സർവീസ് പ്രൊവൈഡറോട് ആവശ്യപ്പെട്ടു. അധികം വൈകാതെ വിവരങ്ങൾ ലഭ്യമായി.
അന്നേയ്ക്ക് നാലു മാസം മുൻപ്, ഓഗസ്റ്റ്-3 നു ക്രീയേറ്റു ചെയ്യപ്പെട്ട അക്കൗണ്ടായിരുന്നു അത്. അമേരിയ്ക്കയിലെ മെരിലാൻഡിൽ പ്രിൻസ് ജോർജസ് കൗണ്ടിയിലെ ഒരു പബ്ലിക് ലൈബ്രറിയിലെ ഇന്റെർനെറ്റ് കണക്ഷനിൽ നിന്നുമാണു അത് ഉണ്ടാക്കിയത്. സ്റ്റീവൻ ജേക്കബ്സ് എന്ന പേരാണു അതുണ്ടാക്കിയ ആൾ നൽകിയിരിയ്ക്കുന്നത്. വിർജിനിയയിലുള്ള അലക്സാൻഡ്രിയ പ്രദേശത്തുള്ള അഡ്രസാണു കൊടുത്തിട്ടുള്ളത്. ഈ നാലുമാസത്തിനിടയിൽ ആറു തവണമാത്രമേ ഈ അക്കൗണ്ട് ഉപയോഗിച്ചിട്ടുള്ളു.  വാഷിംഗ്ടൻ ഡിസി യ്ക്കു ചുറ്റുമായുള്ള വിവിധ പബ്ലിക് ലൈബ്രറികളിൽ നിന്നാണു ഓരോ തവണയും ഉപയോഗിച്ചിട്ടുള്ളത്. ഈ ആക്കൗണ്ടിലേയ്ക്കു വന്നിട്ടുള്ളത്, ഇതിന്റെ ഉടമസ്ഥൻ ടെസ്റ്റിങിനായി അയച്ച ഏതാനും മെയിലുകൾ മാത്രം.
“ഇനി എന്താണു നമ്മുടെ അടുത്ത പരിപാടി?“ ലിഡിയ സ്റ്റീവനോടു ചോദിച്ചു. ഇതിന്റെ പിന്നിലെ ആളിലേയ്ക്കു എത്താവുന്ന ചരടുകൾ ഒന്നും തന്നെ അവരുടെ മുൻപിൽ ഉണ്ടായിരുന്നില്ല. അയാളെ ഉടൻ കണ്ടെത്തി തടഞ്ഞില്ലെങ്കിൽ ഒരു പക്ഷെ രാജ്യത്തിന്റെ വലിയ സൈനിക രഹസ്യങ്ങൾ ശത്രുക്കളുടെ കൈയിൽ എത്തിച്ചേരും.
സ്റ്റീവൻ തന്റെ മുന്നിലുള്ള എല്ലാ രേഖകളും മേശമേൽ നിരത്തി വച്ചു. അവയിലൂടെ കണ്ണോടിച്ചു. കത്തെഴുതിയ അജ്ഞാതൻ ഉപയോഗിച്ച “ബ്രെവിറ്റി കോഡ് സിസ്റ്റം“ മിലിട്ടറി ഓപ്പറേഷൻ സുരക്ഷകൾക്കായി ഉപയോഗിക്കുന്ന പ്രത്യേക രീതിയിലുള്ളതാണെന്നു അയാൾ കണ്ടെത്തി. അതിന്റെ അർത്ഥം കത്തയച്ച ആൾക്കു സൈനിക പശ്ചാത്തലം ഉണ്ടാവാം എന്നതാണ്.
അയാൾക്ക് ടോപ്പ് സീക്രട്ട് സെക്യൂരിറ്റി ക്ലീയറൻസ് ഉണ്ടാവണം, അല്ലാത്ത പക്ഷം അയാളയച്ച സാമ്പിൾ രേഖകൾ കൈവശപ്പെടുത്താൻ കഴിയില്ല. അമേരിയ്ക്കൻ ഇന്റലിജൻസ് വിഭാഗങ്ങളിലായി ലക്ഷക്കണക്കിനു പേർ ജോലി എടുക്കുന്നുണ്ട്.  എന്നാൽ ടോപ്പ് സീക്രട്ട് സെക്യൂരിറ്റി ക്ലീയറൻസ് ഉള്ളവരിലേക്കു വരുമ്പോൾ അതു ഏതാനും ആയിരങ്ങളായി ചുരുങ്ങുന്നു. കത്തയച്ച അജ്ഞാതനു, ഇന്റെലിങ്ക് ഉപയോഗിയ്ക്കാൻ അനുമതിയുണ്ട് എന്നതിനാൽ വൃത്തം വീണ്ടും ചുരുങ്ങി. അയാൾ അയച്ച സന്ദേശത്തിൽ ഉണ്ടായിരുന്ന ഒരു വാചകം സ്റ്റീവൻ ശ്രദ്ധിച്ചു. “ഞാൻ ഈ പ്രവൃത്തി ചെയ്യുന്നതിലൂടെ എന്നെയും എന്റെ കുടുംബത്തെയും വലിയ ആപത്തിലേയ്ക്കാണു വലിച്ചിഴയ്ക്കുന്നത്.“ ഇതിൽ നിന്നും അയാൾ വിവാഹിതനും മിക്കവാറും കുട്ടികൾ ഉള്ള ആളുമായിരിയ്ക്കണം.
അജ്ഞാതൻ അയച്ച മൂന്നാമത്തെ കവറിൽ ഉണ്ടായിരുന്നത് കുറേ വാക്കുകളും അവയുടെ ചുരുക്ക രൂപങ്ങളുമായിരുന്നല്ലോ. സ്റ്റീവൻ അവ വിശദമായി പഠിച്ചു. അപ്പോൾ അയാൾ ഒരു കാര്യം ശ്രദ്ധിച്ചു, കത്തയച്ചയാൾ പല വാക്കുകളുടെയും സ്പെല്ലിംഗുകൾ തെറ്റിച്ചാണു എഴുതിയിരിയ്ക്കുന്നത്.
AP : Anonmus
NH: Alligations
GR: Reveil
16: Precausion
CN : Negotianalable
ഡീകോഡ് ചെയ്യുന്ന സന്ദേശത്തിൽ മുകളിൽ പറഞ്ഞ ചുരുക്കപ്പേർ കണ്ടാൽ, ഈ വാക്കുകളാണു അവയുടെ അർത്ഥം.  ഇത്തരം അനേകം വാക്കുകൾ തെറ്റായി എഴുതിയിരിയ്ക്കുന്നത് സ്റ്റീവൻ നോട്ടു ചെയ്തു. ഇത്രയും ബുദ്ധിപരമായി സന്ദേശത്തെ കോഡു ചെയ്ത അയാൾക്ക് വാക്കുകളുടെ സ്പെല്ലിംഗുകൾ അറിയില്ല എന്നതു വിചിത്രമായി തോന്നി.
വാഷിംഗ്ടൻ ഡിസിയിലെ മെട്രോപ്പൊലിറ്റൻ ഏരിയയുടെ ഒരു മാപ്പ് സ്റ്റീവൻ തന്റെ മീശമേൽ നിവർത്തിയിട്ടു. അജ്ഞാതൻ ഇ-മെയിൽ ഉപയോഗിച്ച പബ്ലിക് ലൈബ്രറികളുടെ സ്ഥാനത്ത് ഓരോ പിന്നുകൾ കുത്തിവച്ചു.  വളരെ വ്യക്തമായിരുന്നു കാര്യങ്ങൾ. മെരിലാന്റിലെ ബോവി, ക്രോഫ്റ്റൻ എന്നീ കൗണ്ടികളിലായിരുന്നു ലൈബ്രറികൾ. ഈ പ്രദേശത്ത്  ആസ്ഥാനമുള്ള ഇന്റെലിജൻസ് ഏജൻസി ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളു. നാഷണൽ സെക്യൂരിറ്റി ഏജൻസി അഥവാ NSA.
മെരിലാൻഡിലെ ഫോർട്ട് മീഡെ എന്ന സ്ഥലത്താണു NSA ആസ്ഥാനം. അവിടെ ആയിരക്കണക്കിനുപേർ ജോലി ചെയ്യുന്നുണ്ട്. പലരും സൈനിക വിഭാഗങ്ങളിൽ പെട്ടവരും ക്രിപ്റ്റോളജിയിൽ പ്രാവീണ്യമുള്ളവരുമാണ്. സന്ദേശം അയച്ച ആൾ, താൻ CIA യിൽ ജോലിചെയ്യുന്നു എന്നാണു പറഞ്ഞിട്ടുള്ളതെങ്കിലും അതു കളവായിരിയ്ക്കാനാണു സാധ്യത. അയാൾ പക്ഷെ തെളിവിനായി CIAയുടെ ഒരു ന്യൂസ് ലെറ്റർ കൂടി വച്ചിരുന്നു. ഇതു പക്ഷെ തന്റെ ജോലി എളുപ്പമാക്കിയതായി സ്റ്റീവനു തോന്നി. തനിയ്ക്കിപ്പോൾ അയാളെ പറ്റി ഒട്ടേറേ കാര്യങ്ങൾ അറിയാം. ടോപ്പ് സീക്രട്ട് സെക്യുരിറ്റി ക്ലിയറൻസ് ഉള്ള, ഇന്റെലിങ്ക് ആക്സെസ്സുള്ള, സ്പെല്ലിംഗ് തെറ്റുകൾ വരുത്തുന്ന, CIA ന്യൂസ് ലെറ്റർ കിട്ടുന്ന, ക്രിപ്റ്റോളജിയിൽ പ്രാവീണ്യമുള്ള, മെരിലാൻഡ് പ്രദേശത്തുള്ള, NSA യിൽ ജോലി ചെയ്യുന്ന ഏതോ ഒരാൾ..
“നമുക്ക് മാക്കിനെ വിളിയ്ക്കണം.“ സ്റ്റീവൻ കാർ, ലിഡിയയോടു പറഞ്ഞു. അവർ NSA യിലെ കൗണ്ടർ ഇന്റെലിജൻസ് ചീഫ് റോബർട്ട് മക് കാസ്ലിന്റെ നമ്പർ ഡയൽ ചെയ്തു..
.                            *തുടരും...*

No comments:

Post a Comment