antech

antech

Tuesday, October 25, 2016

👉👉👉ഒരു കുരങ്ങന്റെ പടം!

ഒരു കുരങ്ങന്റെ പടം!

സാങ്കേതികവിദ്യയും സർഗാത്മകതയും കഠിനാധ്വാനവും ചേരുമ്പോൾ ചില അത്ഭുതങ്ങൾ ഉണ്ടാകും. പ്രതിഭകൾക്ക് മാത്രം സാധ്യമാകുന്ന അസാധാരണ ആവിഷ്‌കാരങ്ങൾ.

ബ്രിട്ടീഷ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം നടത്തിയ ലോക വന്യജീവി ഫോട്ടോഗ്രഫി മത്സരത്തിൽ 95 രാജ്യങ്ങളിൽനിന്നായി 50,000 പേർ പങ്കെടുത്തു. ഒന്നാം സമ്മാനം നേടിയത് ഒരു ആൾക്കുരങ്ങിന്റെ പടമാണ്.

നൂറടി ഉയരമുള്ള ഒരു കൂറ്റൻ മരത്തിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന തടിച്ച വേരിലൂടെ മുകളിലേക്കു പോകുന്ന ഒരു ബോർണിയൻ ഒറാങ്ങുട്ടാൻ. അങ്ങു മുകളിലെ കൊമ്പിൽ പഴുത്ത കായ്കളുണ്ട്, അതു തേടിയാണ് മൂപ്പരുടെ ഈ മരംകയറ്റം.

ഇൻഡോനേഷ്യയിലെ നിത്യഹരിത ഉൾവനത്തിൽനിന്നു ഈ ഫോട്ടോ എടുത്തത് അമേരിക്കൻ വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവർത്തകനുമായ Tim Laman.

ചുമ്മാ പോയങ്ങു എടുക്കാവുന്ന പടമല്ല. ബോർണിയൻ ഒറാങ്ങുട്ടാൻ എണ്ണത്തിൽ വളരെ കുറവാണ്. ഒന്നിനെ കണ്ടെത്തി ദിവസങ്ങളോളം നിശബ്ദമായി പിന്തുടർന്നു. മൂപ്പർ പതിവായി കയറുന്ന ഈ മരം കണ്ടുപിടിച്ചു. പിന്നെ കയർഏണി ഉപയോഗിച്ച് നൂറടി ഉയരമുള്ള മരത്തിൽ കയറി മൂന്നു GoPro കാമറകൾ പല ആംഗിളിൽ സ്ഥാപിച്ചു താഴത്തിറങ്ങി.

എന്നിട്ട് ഒറാങ്ങുട്ടാൻ വരാൻ വീണ്ടും മൂന്നു നാൾ കാത്തിരുന്നു. പതിവുപോലെ അവൻ മരം കയറുമ്പോൾ നിലത്തു മറഞ്ഞുനിന്നു റിമോട് ഉപയോഗിച്ച് കാമറകൾ പ്രവർത്തിപ്പിച്ചു. ആറു ചിത്രങ്ങൾ കിട്ടി.

അതിൽ ഒന്നിനാണ് പുരസ്കാരം. ചിത്രത്തിന് Tim Laman ഇട്ട പേരും മനോഹരം-entwined lives.
'ചുറ്റിപ്പിണഞ്ഞ ജീവനുകൾ! '

ചിത്രത്തെക്കുറിച്ചു വിധികർത്താക്കൾ പറഞ്ഞത് “It’s a difficult-to-achieve shot” എന്നാണ്.

സമ്മാനം ലഭിച്ചശേഷം Tim Laman ന്റെ പ്രതികരണമാണ് അദ്ദേഹത്തോടുള്ള ആദരവ് കൂട്ടുന്നത് : “ബോർണിയൻ ഓറങ്ങുട്ടാന്മാർ ഇനി വളരെ കുറച്ചുപേരെയുള്ളൂ. വംശനാശത്തിന്റെ വക്കിൽ നിൽക്കുന്ന അവരെ ഓർക്കാൻ ഈ ചിത്രം കാരണമാവട്ടെ..!”

…………………………
ചിത്രം the independent വെബ്സൈറ്റിൽനിന്നും.
പകർപ്പവകാശം: Tim Laman

No comments:

Post a Comment