antech

antech

Wednesday, October 19, 2016

👉👉👉ഗിസയിലെ പിരമിഡ്

👉👉👉ഗിസയിലെ പിരമിഡ് 🍃🍃🍃
==============================

ഈജിപ്തിലെ കെയറൊവിന്റെ അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ലോക പൈതൃക സ്മാരകമാണ് ഗിസ നെക്രോപോളിസ് ( Giza Necropolis). ഇത് സ്ഥിതി ചെയ്യുന്ന ഗിസ പീഠഭൂമിയിലാണ്. ഇത് ഈജിപ്തിലെ പുരാതന സ്മാരകങ്ങളിൽ ഒന്നാണ്. ഇവിടെ പ്രധാനമായും ഗ്രേറ്റ് പിരമിഡുകൾ എന്നറിയപ്പെടുന്ന മൂന്ന് പിരമിഡുകളും ഗ്രേറ്റ് സ്ഫിംക്സ് എന്നറിയപ്പെടുന്ന ഒരു പ്രതിമയും നിലനിൽക്കുന്നു. നൈൽ നദിയുടെ തീരത്തുള്ള പഴയ ഗിസ പട്ടണത്തിൽ നിന്നും ഏകദേശം 8 km (5 mi) ദൂരത്തിലായി കെയറോ സിറ്റി സെന്ററിൽ നിന്നും 25 km (15 mi) തെക്ക് പടിഞ്ഞാറ് ആയി ഇത് സ്ഥിതി ചെയ്യുന്നു. ചരിത്രപരമായിത്തന്നെ പാശ്ചാത്യരുടെ സങ്കൽപ്പത്തിലെ ഈജിപ്റ്റിന്റെ പ്രതിരൂപമായ,പിരമിഡുകൾ ഗ്രീക്ക് കാലഘട്ടത്തിലാണ് പ്രശസ്തി നേടിയത്. സിഡോണിലെ ആന്റിപ്പേറ്റർ ഗ്രേറ്റ് പിരമിഡിനെ ഏഴു ലോകാത്ഭുതങ്ങളിൽ ഒന്നായി പ്രഖ്യാപിക്കുകയുണ്ടായി. പുരാതന ലോകാത്ഭുതങ്ങളിൽ ഏറ്റവും പഴയതായ ഇതാണ് ഇപ്പോഴും നിലനിൽക്കുന്ന ഒരേയൊരെണ്ണം.

    യേശുവിന് 2750 വർഷങ്ങൽക്കു മുമ്പ് ഖുഫു എന്ന ഫറോവ സ്വന്തം ശവകുടീരം കാത്ത് സൂക്ഷിക്കുന്നതിനു വേണ്ടി പണികഴിപ്പിച്ച ഈ പിരമിഡ് ഭൂമിയിൽ ഏറ്റവും പഴക്കമുള്ളതും ഏറ്റവും ഉയരംകൂടിയതുമായ മനുഷ്യ നിർമ്മിത വാസ്തുശില്പ്പമായി ഇന്നും നിലകൊള്ളുന്നു. ഇപ്പോഴും ഭീമാകാരന്മാരുടെ കാരണവരായി ഇത് തലയുയർത്തിപ്പിടിച്ചു നിൽക്കുന്നു. പ്രാചീന സപ്താത്ഭുതങ്ങളിൻ അവശേഷിക്കുന്ന ഒന്നേയൊന്ന്. ചതുരാകൃതിയിൽ ചെത്തിയെടുത്ത വലിയ ചുണ്ണാമ്പുകല്ലുകളും, കരിങ്കലുകളുമാണ് ഈ പിരമിഡിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 80 ടണ്ണോള്ളം ഭാരമുള്ള കരിങ്കലുകൾ വരെ ഈ കൂട്ടത്തിലുണ്ട്. ഈ കരിങ്കലുകൾ ഈജിപ്തിലെ തന്നെ കൈറോയിൽ നിന്നും 800 കി.മി അകലെയുള്ള അസ്വവാനിൽ നിന്നാണത്രെ കൊണ്ടു വന്നിട്ടുള്ളത്. ഇത്ര അകലെനിന്ന് ഇത്രയും വലിയ പാറകൾ കൊണ്ടു വരാൻ ചങ്ങാടങ്ങളും നൈലിന്റെ ഒഴുക്കും തന്നെയായിരിന്നിരിക്കണം സഹായിച്ചത്.

     ചിയോപ്സിന്റെയോ ഖുഫുവിന്റെയോ പിരമിഡ്, കുറച്ച് ചെറിയതും കുറച്ച് തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നതുമായ ഖഫ്രെയുടെ (ചെഫ്രെൻ) പിരമിഡ്, ഇടത്തരം വലിപ്പം മാത്രമുള്ളതും കുറച്ചുകൂടി തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന മെൻകൗറെയുറെ പിരമിഡ് (അല്ലെങ്കിൽ മൈകെറിനോസ്) എന്നിവയാണ് ഇവിടത്തെ പിരമിഡുകൾ. സ്ഫിങ്ക്സ് ഈ സമുച്ചയ‌ത്തിന്റെ കിഴക്കായാണ് സ്ഥിതി ചെയ്യുന്നത്. ഈജിപ്റ്റോളജിസ്റ്റുകൾക്കിടയിലെ ഇപ്പോഴുള്ള സമവായം ഖഫ്രെയുടെ ശിരസ്സാണ് സ്ഫിംഗ്സിന്റേതെന്നാണ്. ധാരാളം ചെറിയ  നിർമിതികളും ഇവിടെയുണ്ട്. "രാജ്ഞിമാരുടെ" പിരമിഡുകൾ, സമതല പിരമിഡുക്ക്കൾ, എന്നൊക്കെയാണ് ഈ നിർമിതികൾ അറിയപ്പെടുന്നത്.

ഖൂഫുവിന്റെ പിരമിഡ് സമുച്ചയം

ഇപ്പോൾ നസ്ലെത് എൽ-സമാൻ എന്ന ഗ്രാമത്തിനു കീഴിലുള്ള താഴ്വാര ക്ഷേത്രവും ഖുഫുവിന്റെ പിരമിഡ് സമുച്ചയത്തിന്റെ ഭാഗമാണ്. ബസാൾട്ട് പാകിയ തറയും ചുണ്ണാമ്പുകല്ലുകൾ കൊണ്ടുണ്ടാക്കിയ ഭിത്തിയും കണ്ടെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ ക്ഷേത്രം ഇതുവരെ ഉദ്ഘനനം ചെയ്യപ്പെട്ടിട്ടില്ല. ഈ ക്ഷേത്രം ഒരു ഉയർന്ന നടപ്പാതയുമായി ബന്ധിപ്പിച്ചിരുന്നുവെങ്കിലും ഗ്രാമം നിർമ്മിക്കപ്പെട്ടപ്പോൾ ഇത് ഏറെക്കുറെ പൂർണ്ണമായി നശിച്ചുപോയി. ഈ നടപ്പാത ഖൂഫുവിന്റെ മോർച്വറി ക്ഷേത്രത്തിലേയ്ക്കായിരുന്നു പോയിരുന്നത്. ഈ ക്ഷേത്രത്തിന്റെ പാകിയ ബസാൾട്ട് തറ മാത്രമേ നിലവിലുള്ളൂ. മോർച്വറി ക്ഷേത്രത്തിൽ നിന്ന് രാജാവിന്റെ പിരമിഡിലേയ്ക്ക് ബന്ധമുണ്ടായിരുന്നു. രാജാവിന്റെ പിരമിഡിനോടനുബന്ധിച്ച് മൂന്ന് രാജ്ഞിമാരുടെ പിരമിഡുകളും അഞ്ച് ബോട്ട് പിറ്റുകളുമുണ്ട്. ഇവയിലുണ്ടായിരുന്ന കപ്പലുകൾ പുനർനിർമിച്ച് പ്രദർശിപ്പിച്ചിട്ടുണ്ട്

ഖഫ്രെയുടെ പിരമിഡ് സമുച്ചയം

താഴ്വാരത്തിലെ ക്ഷേത്രം (സ്ഫിങ്ക്സ് ക്ഷേത്രം എന്നും  ഇത് അറിയപ്പെടുന്നു), ഉയർന്ന നടപ്പാത, ഒരു മോർച്വറി ക്ഷേത്രം, രാജാവിന്റെ പിരമിഡ് എന്നിവ ചേർന്നതാണ് ഖഫ്രെയുടെ പിരമിഡ് സമുച്ചയം. താഴ്വാരത്തിലെ ക്ഷേത്രത്തിൽ നിന്ന് ഖഫ്രെയുടെ ധാരാളം ശില്പങ്ങൾ ലഭിച്ചിട്ടുണ്ട്. 1860-ൽ മരിയെറ്റെ നടത്തിയ പര്യവേഷണത്തിൽ ക്ഷേത്രത്തിലെ ഒരു കിണറ്റിനുള്ളിൽ നിന്നും ധാരാളം ശില്പങ്ങൾ ലഭിച്ചിരുന്നു. 1909–1910 നടത്തിയ ഉദ്ഘനനത്തിലും ധാരാളം ശില്പങ്ങൾ ലഭിച്ചിരുന്നു. ഖഫ്രേയുടെ സമുച്ചയത്തിൽ ബോട്ട് പിറ്റുകളും സെർഡാബുള്ള എന്നു പേരുള്ള ഒരു അധിക പിരമിഡും ലഭിച്ചിരുന്നു.ഖഫ്രെയുടെ പിരമിഡ് ഉയർന്ന സ്ഥാനത്ത് സ്ഥിതി ചെയ്യുന്നതിനാലും കൂടുതൽ കുത്തനെ നിർമിച്ചിരിക്കുന്നതിനാലും അടുത്തുള്ള ഖൂഫുവിന്റെ പിരമിഡിനേക്കാൾ വലുതാണ് എന്ന തോന്നലുണ്ടാക്കുന്നുണ്ട്. എങ്കിലും ഇത് ഉയരവും വ്യാപ്തിയും വച്ചുനോക്കിയാൽ ചെറുതു തന്നെയാണ്. ഈ പിരമിഡിന്റെ ഉച്ചിയിൽ മൂടുന്ന കല്ലുകൾ ഇപ്പോഴും നിലവിലുണ്ട്.

മെൻകൗറെയുടെ പിരമിഡ് സമുച്ചയം

ഈ സമുച്ചയത്തിൽ ഒരു താഴ്വാര ക്ഷേത്രവും ഉയർന്ന നടപ്പാതയും മോർച്വറി ക്ഷേത്രവും രാജാവിന്റെ പിരമിഡുമാണുള്ളത്. താഴ്വാര ക്ഷേത്രത്തിൽ മെൻകൗറെയുടെ ധാരാളം പ്രതിമകളുണ്ട്. അഞ്ചാം രാജവംശക്കാലത്ത്, താഴ്വാര ക്ഷേത്രത്തോടൊപ്പം ഒരു ചെറിയ ക്ഷേത്രം കൂട്ടിച്ചേർക്കപ്പെട്ടു. മോർച്വറി ക്ഷേത്രത്തിലും മെൻകൗറെയുടെ ധാരാളം പ്രതിമകളുണ്ടായിരുന്നു. രാജാവിന്റെ പ്രതിമയ്ക്കൊപ്പം മൂന്ന് രാജ്ഞിമാരുടെ പ്രതിമകളുമുണ്ട്.നാലു പ്രധാന നിർമിതികളിൽ മെൻകൗറെയുടെ പിരമിഡിലെ മിനുസമായ ലൈംസ്റ്റോൺ ആവരണം മാത്രമേ പൂർണ്ണമായ അപ്രത്യക്ഷമായിട്ടുള്ളൂ.

സ്ഫിങ്ക്സ്

ഖഫ്രേയുടെ ഭരണകാലത്താണ് സ്ഫിങ്ക്സ് നിർമ്മിക്കപ്പെട്ടത്. സ്ഫിങ്ക്സിന്റെ മുൻകാലുകൾക്കിടയിൽ ഒരു ചാപ്പൽ സ്ഥാപിക്കപ്പെട്ടിരുന്നുവെങ്കിലും ഇത് പലപ്പോഴായി  നശിച്ചുപോയി. പുതിയ രാജ്യത്തിന്റെ കാലത്ത് അമെൻഹോടെപ് രണ്ടാമൻ ഒരു പുതിയ ക്ഷേത്രം ഹാരോൺ ഹരെമഖത്തിന് സമർപ്പുക്കുകയും പിൽക്കാല രാജാക്കന്മാർ ഈ നിർമിതിയോട് പല കൂട്ടിച്ചേർക്കലുകൾ നടത്തുകയും ചെയ്തിരുന്നു.

ഖെന്റ്‌കൗവേസ് (ഒന്ന് ) രാജ്ഞിയുടെ ശവകുടീരം
( Khentkaus I)
ഖെന്റ്‌കൗവേസ് ഒന്നാമയെ ഗിസയിലായിരുന്നു മറവ് ചെയ്തത്. മദ്ധ്യ മേഖലയിലാണ് ഈ രാജ്ഞിയുടെ ശവകുടീരം (എൽ.ജി. 100, ജി. 8400 എന്നീ പേരുകളിൽ അറിയപ്പെടുന്നു) സ്ഥിതി ചെയ്യുന്നത്. മെൻകൗറെയുടെ പിരമിഡിനടുത്താണിത്. രാജ്ഞിയുടെ പിരമിഡ്, ഒരു ബോട്ട് പിറ്റ്, താഴ്വാരക്ഷേത്രം, ഒരു പിരമിഡ് പട്ടണം എന്നിവ ഈ സമുച്ചയത്തിന്റെ ഭാഗമാണ്.

നിർമിതി

കല്ലുവെട്ടുന്ന സ്ഥലത്തുനിന്ന് വലിയ കല്ലുകൾ വലിച്ചുകൊണ്ടുവന്ന സ്ഥാപിച്ചാണ് പിരമിഡുകൾ നിർമിച്ചത് എന്ന പ്രമാണത്തെ അടിസ്ഥാനമാക്കിയാണ് മിക്ക നിർമ്മാണ സിദ്ധാന്തങ്ങളും നിലനിൽക്കുന്നത്. കല്ലുകൾ എങ്ങനെയാണ് പിരമിഡ് വരെ കൊണ്ടുവന്നത്, അതിനുപയോഗിച്ച മാർഗ്ഗമെന്ത് എന്നീ കാര്യങ്ങളിലാണ് അഭിപ്രായവ്യത്യാസങ്ങൾ നിലവിലുള്ളത്. അടുത്തകാലത്തായി മുന്നോട്ടുവയ്ക്കപ്പെട്ടതും അത്ര പ്രചാരം സിദ്ധിക്കാത്തതുമായ ഒരു സിദ്ധാന്തമനുസരിച്ച് ഈ കല്ലുകൾ പിരമിഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്തുതന്നെ ഒരുതരം "ചുണ്ണാമ്പുകൽ-കോൺക്രീറ്റ്" ഉപയോഗിച്ച് നിർമ്മിക്കുകയാണ് ചെയ്തത്

പിരമിഡ് നിർമ്മാണ സാങ്കേതികവിദ്യ കാലങ്ങൾ കൊണ്ടാവണം ആർക്കിടെക്റ്റുകൾ തയ്യാറാക്കിയത്. പരന്ന കല്ലുള്ള (മണലില്ലാത്ത) ഒരു സ്ഥലം തിരഞ്ഞെടുത്ത് അത് അടിസ്ഥാനമാക്കിയാണ് നിർമ്മാണം ആരംഭിച്ചിരുന്നത്. ആദ്യ നിര കല്ലുകൾ സ്ഥാപിച്ചശേഷം തിരശ്ചീനമായതും ഒന്നിനു മുകളിൽ മറ്റൊന്ന് എന്ന രീതിയിൽ നിർമിച്ചതുമായ പാളികളായാണ് പിരമിഡ് നിർമിച്ചിരുന്നത്.

ഗിസയിലെ പിരമിഡിന് ആവശ്യം വന്ന കല്ലുകൾ മിക്കതും നിർമ്മാണസ്ഥലത്തിനു തൊട്ട് തെക്കുനിന്ന് ഘനനം ചെയ്തതായാണ് കാണുന്നത്. നൈലിനപ്പുറത്തുനിന്നുള്ള ചുണ്ണാമ്പുകല്ലുകൾ ഉപയോഗിച്ചാണ് പിരമിഡുകളുടെ മിനുസമായ ബാഹ്യ ആവരണം നൽകപ്പെട്ടിരുന്നത്. ഇത് ശ്രദ്ധയോടെ മുറിച്ചെടുത്ത് ചങ്ങാടങ്ങളിലാക്കി ഗിസയിലെത്തിച്ച് നിർമ്മാണസ്ഥലത്തേയ്ക്ക് വലിച്ചു കൊണ്ടുപോവുകയായിരുന്നു ചെയ്തിരുന്നത്. വലിയ പിരമിഡിന്റെ കീഴ്ഭാഗത്തുള്ള ചില ബാഹ്യ ആവരണശിലകൾ മാത്രമേ ഇപ്പോൾ നിലവിലുള്ളൂ മദ്ധ്യ കാലഘട്ടത്തിൽ (അഞ്ചാം നൂറ്റാണ്ടുമുതൽ പതിനഞ്ചാം നൂറ്റാണ്ടുവരെ), ആൾക്കാർ ബാഹ്യശിലകൾ കെയ്റോ നഗരത്തിലെ നിർമ്മാണത്തിനായി കടത്തിക്കൊണ്ടുപോയിരിക്കാം എന്നാണ് അനുമാനം

പിരമിഡിന്റെ സമമിതി നിലനിർത്തണമെന്നുണ്ടെങ്കിൽ ബാഹ്യ കവചശിലകളുടെ ആകൃതി തുല്യ ഉയരവും വീതിയുമുള്ള‌തായിരിക്കണമായിരുന്നു. എല്ലാ ശിലകളും പിരമിഡിന്റെ കോണനുസരിച്ച് രേഖപ്പെടുത്തി ശ്രദ്ധയോടെ മുറിച്ച് ശരിപ്പെടുത്തിയതായിരുന്നിരിക്കണം. നിർമ്മാണസമയത്ത് ബാഹ്യപ്രതലം മിനുസമുള്ളതായിരുന്നു. കാലക്രമേണ അധികമുള്ള കല്ലുകൾ നഷ്ടപ്പെട്ടു പോവുകയായിരുന്നു.

പുരാതന ഈജിപ്റ്റിലെ ഫറവോമാരുടെ ഭൗതികശരീരം സൂക്ഷിക്കുവാനാണ് ഗിസായിലെയും മറ്റിടങ്ങളിലേയും പിരമിഡുകൾ നിർമിച്ചതെന്നാണ് കണക്കാക്കപ്പെടുന്നത്. ഫറവോയുടെ ആത്മാവിന്റെ ഒരു ഭാഗമായ ക ഇദ്ദേഹത്തിന്റെ ശരീരത്തിൽ തന്നെ സ്ഥിതി ചെയ്യുമെന്നായിരുന്നു വിശ്വാസം. മരിച്ചവരുടെ രാജാവ് എന്ന നിലയിൽ തന്റെ ശരിയായ ജോലികൾ ചെയ്യുവാൻ ഫറവോയുടെ ശരീരം സൂക്ഷിക്കേണ്ടത് അത്യാവശ്യമായിരുന്നു. ഇദ്ദേഹത്തിന്റെ ശരീരം സൂക്ഷിക്കുന്നതിനൊപ്പം തന്റെ മരണശേഷം ഫറവോയ്ക്ക് ആവശ്യം വരുന്ന വസ്തുവകകൾ സൂക്ഷിക്കുവാനും പിരമിഡ് ഉപയോഗിക്കപ്പെട്ടിരുന്നു. ഭൂമിയിലെ മരണം അടുത്ത ലോകത്തിലേയ്ക്കുള്ള യാത്രയുടെ ആരംഭമായാണ് ഈജിപ്റ്റിലെ ആൾക്കാർ വിശ്വസിച്ചിരുന്നത്. പിരമിഡിനു താഴെയോ അതിനുള്ളിലോ ആയി രാജാവിന്റെ ശരീരം എംബാം ചെയ്ത് ഇതിനായി സൂക്ഷിച്ചുവച്ചിരുന്നു. മരണശേഷമുള്ള ജീവിതത്തിലേയ്ക്ക് മാറുവാനുള്ള സൗകര്യമൊരുക്കാനായിരുന്നു ഇത്.

ആയിരക്കണക്കിന് വിദഗ്ദ്ധ തൊഴിലാളികളും അവിദഗ്ദ്ധ തൊഴിലാളികളും ഇവരെ സഹായിക്കാനായുള്ള ജീവനക്കാരുമുണ്ടെങ്കിലേ പിരമിഡ് നിർമ്മാണത്തിനാവശ്യമായ വലിയ തോതിലുള്ള ഘനനവും കല്ലുകൾ നീക്കുന്നതും മറ്റും സാധിക്കുമായിരുന്നുള്ളൂ. ബേക്കർമാർ, മരപ്പണിക്കാർ, വെള്ളം കൊണ്ടുപോകുന്നവർ തുടങ്ങിയവർ ധാരാളമായി ഉണ്ടായിരുന്നിരിക്കണം. പിരമിഡ് നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന മാർഗ്ഗം സംബന്ധിച്ച ഊഹാപോഹങ്ങ‌ൾ പോലെ തന്നെ ഇതിനായി എത്ര ജോലിക്കാർ ആവശ്യമുണ്ടായിരുന്നു എന്നതുസംബന്ധിച്ചും സിദ്ധാന്തങ്ങൾ മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുണ്ട്. ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് ബി.സി. 450-ൽ ഗിസ സന്ദർശിച്ചപ്പോൾ ഗിസയിലെ ഈജിപ്ഷ്യൻ പുരോഹിതന്മാർ അദ്ദേഹത്തോടു പറഞ്ഞത് ഗിസയിലെ പിരമിഡിനായി 400,000 പുരുഷന്മാർ 20 വർഷം പണിയെടുത്തുവെന്നാണ്. 100,000 പേർ വീതം മൂന്ന് മാസം വീതം ജോലി ചെയ്യുകയായിരുന്നു എന്നാണ് ഇദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. ശവകുടീരങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളനുസരിച്ച് 10,000 പേർ മൂന്നു മാസം നീണ്ട ഷിഫ്റ്റുകളിൽ 30 വർഷം ജോലി ചെയ്താണ് ഒരു പിരമിഡ് നിർമിച്ചിരുന്നത്.

ഗിസയിലെ പിരമിഡ് സമുച്ചയത്തിനു ചുറ്റുമായി ഒരു വലിയ കൽമതിലുണ്ട്. ഇതിനു പുറത്തായി ചരിത്രന്വേഷകനായ  മാർക്ക് ലെഹ്നറും അദ്ദേഹത്തിന്റെ സംഘവും ഒരു പട്ടണം കണ്ടെത്തുകയുണ്ടായി. ഇവിടെയാണ് പിരമിഡ് നിർമ്മാണത്തൊഴിലാളികൾ ജീവിച്ചിരുന്നത്. ഖാഫ്രെ, മെൻകൗറെ സമുച്ചയങ്ങൾക്ക് തെക്കു കിഴക്കായാണ് ഈ പട്ടണം സ്ഥിതി ചെയ്തിരുന്നത്. സംഘമായി ഉറങ്ങാനുള്ള സൗകര്യം, ബേക്കറികൾ, മദ്യം നിർമ്മിക്കുന്ന സ്ഥലങ്ങൾ, അടുക്കളകൾ (ബ്രെഡ്, ബീഫ്, മത്സ്യം എന്നിവയായിരുന്നു പ്രധാന ആഹാരങ്ങൾ), ഒരു ആശുപത്രി, സെമിത്തേരി (ഇവിടെനിന്ന് ലഭിച്ച ചില അസ്ഥികൂടങ്ങളിൽ നിർമ്മാണസ്ഥലത്തുവച്ചുനടന്ന അപകടങ്ങളിലെ പരിക്കുകൾ ദൃശ്യമായിരുന്നു) എന്നിവ ഇവിടെ കണ്ടെത്തപ്പെട്ടിട്ടുണ്ട്. നാലാം രാജവംശത്തിന്റെ (2520–2472 BC) മദ്ധ്യകാലത്തുണ്ടായിരുന്ന പട്ടണമായിരുന്നു ഇത്. ഖൂഫുവിന്റെ കാലശേഷം (വലിയ പിരമിഡിന്റെ നിർമ്മാണശേഷം) ആണ് ഇത്. മാർക്ക് ലെഹ്നറുടെയും   ടീമിന്റെയും അഭിപ്രായത്തിൽ;

"ഈ പട്ടണപ്രദേശം വികസിച്ചത് വളരെപ്പെട്ടെന്നായിരുന്നിരിക്കണം. മിക്കവാറും എല്ലാ നിർമ്മാണങ്ങളും നടന്നത് ഖാഫ്രെയുടെയും മെൻകൗറെയുടെയും ഭരണകാലമായ 35-50 വർഷക്കാലത്തായിരുന്നു. ഇവരായിരുന്നു ഗിസയിലെ രണ്ടാമത്തെയും മൂന്നാമത്തെയും പിരമിഡുകൾ നിർമിച്ചത്".

കാർബൺ ഡേറ്റിംഗ് ഉപയോഗിക്കാതെ കളിമൺ പാത്രങ്ങളുടെ കഷണങ്ങ‌ൾ മാത്രം നിരീക്ഷിച്ച സംഘത്തിന്റെ നിഗമനം ഇങ്ങനെയായിരുന്നു;

"ആസൂത്രണം ചെയ്ത ഒരു ആവാസസ്ഥലത്തിന്റെ ലക്ഷണങ്ങളാണ് കാണാൻ സാധിക്കുന്നത്. ഖാഫ്രെ (2520–2494 BC) മെൻകൗറെ (2490–2472 BC) എന്നിവരുടെ കാലത്തായിരുന്നു ഇതെന്ന് വ്യക്തമാണ്".

ഇതു തയാറാക്കി കഴിഞ്ഞപ്പോൾ എന്തൊക്കെയോ കുറവുകൾ തോന്നി. എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ദയവായി തിരുത്തുക.

1. ഖുഫു
2. ചെഫ്രാ(Son of khufu)
3.മെൻകൗറേയുടെ പിരമിഡ്
4.സ്ഫിങ്ക്സ്
5. ഗ്രേറ്റ് സ്ഫിംക്സ് ഓഫ് ഗിസ
6.ക്വീൻ Khentkaus1(അവരുടെ ശവകൂടീരത്തിൽ
നിന്ന് ലഭിച്ച ഫലകം )

No comments:

Post a Comment