ഒഴുകുന്ന പടകുടീരങ്ങൾ ...
________________________________
യുദ്ധം ദുഖമാണ് എന്നത് ഒരേ സമയം യാഥർഥ്യവും കാല്പനികമായ കവിസങ്കല്പവുമാണ് ...എന്നാൽ മനുഷ്യപുരോഗതിയിൽ യുദ്ധങ്ങൾക്കുള്ള സ്ഥാനം ഒഴിച്ചുകൂടാനാവാത്തതാണ് എന്നതാണ് മറ്റൊരു യാഥാർഥ്യം ...നിലനില്പിന്റെ നീതി മാത്രം പുലരുന്ന പോരാട്ടമുഖങ്ങളിൽ മനുഷ്യൻ അവന്റെ എല്ലാ പ്രതിഭയും പുറത്തെടുക്കുന്നു ...അതുകൊണ്ടുതന്നെ യുദ്ധങ്ങൾക്ക് ശേഷമുള്ള സമൂഹം പ്രളയം കഴിഞ്ഞ ഭൂമിയെന്ന പോലെ , സര്വനാശത്തിലും ഭാവിയുടെ വളക്കൂറുള്ളതായി മാറുന്നു ..ജനകീയവും , ഉപകാരപ്രദവുമായ ഒട്ടുമിക്ക സാങ്കേതികവിദ്യകളും ആദ്യം പരീക്ഷിക്കപ്പെട്ടതും , ഉപയോഗിച്ചതുമെല്ലാം യുദ്ധഭൂമികളിലാണ് ...അണുശക്തിയും , വ്യോമഗതാഗതവും , റോക്കറ്റുകളും , ടെലഫോണും , വയർലെസ്സും എന്നുവേണ്ട ഇന്നൊഴിച്ചുകൂടാൻ വയ്യാത്ത എല്ലാം ആദ്യമുപയോഗിച്ചത് മനുഷ്യന്റെ ജീവനെടുക്കാനായിരുന്നു എന്നത് മനുഷ്യപുരോഗതിയിലെ ഒരു കറുത്ത ഫലിതമാണ് ..
എന്നാൽ അതിൽനിന്നും വ്യത്യസ്തമാണ് നാവിക സാങ്കേതികതയുടെ കഥ ...ജലഗതാഗതം ആദ്യമായും , ഏറ്റവും കൂടുതലും ഉപയോഗിച്ചിട്ടുള്ളത് ഗതാഗതത്തിനും ചരക്കുനീക്കത്തിനും തന്നെയാണ് ...അറ്റലാന്റിക്കും പസഫിക്കുമാടക്കമുള്ള വനസമുദ്രങ്ങൾ പായ്ക്കപ്പലുകളിൽ ഭേദിക്കുന്ന കാലത്ത് മനുഷ്യനെ നയിച്ചിരുന്നത് അജ്ഞാതഭൂമികളിലുള്ള നിധികുംഭങ്ങൾ മാത്രമായിരുന്നു ...ആ സുവർണസ്വപ്നങ്ങളെ പിന്തുടർന്നാണ് കൊളംബസും , വാസ്കോഡിഗാമയും , ഈസ്റ്റിൻഡ്യാ കമ്പനിയുമൊക്കെ കടലാഴങ്ങളുടെ നീലമേടുകൾ താണ്ടി പുതിയ തീരങ്ങളിൽ നങ്കൂരമിട്ടതും , മനുഷ്യചരിത്രത്തെ മാറ്റിമറിച്ചതും ..അതിനുശേഷമേ സമുദ്രവിശാലതയിലും യുദ്ധമുഖങ്ങൾ തുറക്കുന്നതിനെപ്പറ്റി മനുഷ്യൻ ചിന്തിച്ചുള്ളൂ ...
കടൽ യുദ്ധങ്ങളുടെ ചരിത്രം ഹോമറിന്റെ ഒഡീസ്സിയുടെ കാലത്തോളം വരും ...അക്കിലസ് എന്ന വീരനായകൻ സംഹാരതാണ്ഡവം നടത്തിയ ട്രോയ് യുദ്ധത്തിൽ പോരാളികൾ വന്നിറങ്ങിയത് ആയിരത്തോളം കപ്പലുകളിലാണ് ..ക്രിസ്തുശിഷ്യന്മാർ ലോകം മുഴുവൻ യാത്ര ചെയ്തതും പായ്ക്കപ്പലുകളിലാണ് ..വളഞ്ഞു പുളഞ്ഞു കിടക്കുന്ന കടൽത്തതീരവും , കടലിടുക്കുകകളും ഇൻഗ്ലണ്ടിനെയും പോർചുഗലിനെയുമൊക്കെ മധ്യകാലത്തെ വൻ നാവികശക്തിയാക്കി ...10 -11 നൂറ്റാണ്ടുകളിൽ ,തമിഴ്‌നാട്ടിലെ ചോളരാജാക്കന്മാർ ശ്രീലങ്കയിലേക്ക് നടത്തിയ വൻപടനീക്കങ്ങൾ , നാവികരംഗത്ത് നമുക്കും ചെറുതല്ലാത്ത പ്രാധാന്യം നൽകിയിട്ടുണ്ട് ..
ആവിയന്ത്രങ്ങളുടെ കണ്ടുപിടുത്തം മാനവപുരോഗതിയിൽ വൻകുതിപ്പിന്റെ ചൂളംവിളികളുയർത്തിയപ്പോൾ അത് നാവികമേഖലയിലേക്കും വ്യാപിച്ചു പായ്ക്കപ്പലുകളിലെ പായകളുടെ സ്ഥാനത്ത് വൻപുകക്കുഴലുകൾ പുക തുപ്പി, അതുപിന്നെ ഡീസൽ എഞ്ചിനുകളിലേക്ക് കൂടുമാറി ...അതോടെ നാവിക പ്രതിരോധം പോർക്കളങ്ങളിലെ ജയാപരാജയങ്ങൾ തീരുമാനിക്കുന്ന അവിഭാജ്യ ഘടകമായി ...ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പറക്കാനുള്ള മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് റൈറ്റ് സഹോദരന്മാർ ചിറകുനൽകിയപ്പോൾ അക്കാലത്തെ ഏറ്റവും വലിയ ഒരു വന്യസ്വപ്നം കൂടി ജന്മമെടുത്തു ...വിമാനവാഹിനിക്കപ്പൽ ...അങ്ങിനെ 1910 ൽ , വിർജീനിയ തുറമുഖത്ത് നങ്കൂരമിട്ട അമേരിക്കൻ പടക്കപ്പൽ USS ബിർമിംഗ്ഹാമിൽ നിന്നും ആദ്യമായി ഒരു യന്ത്രപ്പക്ഷി പറന്നുയർന്നു ..യൂജിൻ ബാർട്ടൻ ആയിരുന്നു പൈലറ്റ് ...പിന്നീടുള്ള വർഷങ്ങൾ പരീക്ഷണങ്ങളുടേത് ആയിരുന്നു 1914 ലാണ് ആദ്യമായി യുദ്ധമുഖത്ത് വിമാനവാഹിനി ഉപയോഗിക്കുന്നത് .എംപീരിയൽ ജാപ്പനീസ് നേവിയുടെ വക്കാമിയ എന്ന കപ്പൽ ഹംഗറിയുടെ "കൈസറിൻ എലിസബത്തിനെയും " ജർമ്മനിയുടെ "കൈഷാവോ " യെയും നേരിട്ടുകൊണ്ടായിരുന്നു അത് ...
രണ്ടാം ലോകമഹായുദ്ധമായപ്പോഴേക്കും നാവികയുദ്ധത്തിന്റെ സങ്കൽപ്പങ്ങൾ തന്നെ മാറിമറിഞ്ഞിരുന്നു ..അപ്പോഴേക്കും യുദ്ധവിമാനങ്ങളും ആകാശപ്പോരാട്ടങ്ങളും യുദ്ധത്തിന്റെ ഗതിയെ നിയന്ത്രിക്കാൻ തുടങ്ങി ...വിദൂര ദേശങ്ങളിലേക്ക് യുദ്ധവിമാനങ്ങൾ എത്തിക്കാനും , എവിടെനിന്നും പറന്നുയരാനും തിരിച്ചിറങ്ങാനുമൊക്കെ വിമാനവാഹിനികൾ അനിവാര്യമായി ...അതോടെ വൻശക്തികളുടെ ആയുധശേഖരത്തിലെ നിർണായക പോരാളിയായി ഈ ഒഴുകുന്ന വിമാനത്താവളങ്ങൾ ...1942 രണ്ടാം ലോകമഹായുദ്ധത്തിന്റെ ഗതിതന്നെ തിരിച്ചു വിട്ട പേൾ ഹാർബർ ആക്രമണത്തിൽ നിർണായക പങ്കു വഹിച്ചത് ജപ്പാന്റെ വിമാനവാഹിനികളാണ് ..
ഹവായ് ദ്വീപിലെ അമേരിക്കൻ നാവികത്താവളം ആക്രമിച്ച് നശിപ്പിക്കാനാണ് ജപ്പാൻ പദ്ധതിയിട്ടത് ...അതിനുവേണ്ടി ഏഴോളം വിമാനവാഹിനികൾ ശാന്തസമുദ്രത്തിൽ നിലയുറപ്പിച്ചു ...അതിൽ പ്രധാനം അമേരിക്കയുടെ ഏറ്റവും ശക്തമായ USS എന്റർപ്രൈസ് ,USS അബ്രഹാം ലിങ്കൺ എന്ന , പേൾഹാർബറിൽ നങ്കൂരമിട്ടിരിക്കുന്ന വിമാനവാഹിനികളെ തകർക്കുക എന്നതായിരുന്നു ...മണിക്കൂറുകൾ നീണ്ട ഭീകരമായ ബോംബിങ്ങിൽ നാവികത്താവളം താറുമാറായെങ്കിലും അമേരിക്കയുടെ വിമാനവാഹിനികൾക്ക് ഒന്നും സംഭവിച്ചില്ല ...അവയൊന്നും അന്ന് പേൾഹാർബറിൽ ഉണ്ടായിരുന്നില്ല ...ഇതോടെ അമേരിക്ക യുദ്ധത്തിൽ സജീവമായി ..അവരുടെ പ്രതികാരദാഹം 1945 ആഗസ്റ്റിൽ ഹിരോഷിമയിലെ തീമഴയായി ജപ്പാന്റെ മേൽ സംഹാരതാണ്ഡവം തന്നെയാടി ..
മറ്റേത് ശാസ്ത്രസാങ്കേതിക രംഗവുമെന്നപോലെ വിമാനവാഹിനികളുടെ രൂപവും ഭാവവും മാറിയതും അഞ്ചു പതിറ്റാണ്ടോളം നീണ്ട ശീതയുദ്ധകാലത്താണ് ...വിമാനങ്ങളുടെ സാങ്കേതികത പുരോഗമിക്കുന്നതിനൊപ്പം തന്നെ വിമാനവാഹിനികളുടേതും മാറിയില്ലേ പറ്റൂ ...പ്രൊപ്പല്ലർ വിമാനങ്ങൾ പൂർണമായും ജെറ്റ് വിമാനങ്ങൾക്ക് വഴിമാറിയപ്പോൾ , അതിനനുസരിച്ച മാറ്റങ്ങളും കരുത്തും വിമാനവാഹിനികൾക്കും വേണ്ടി വന്നു ..
വിമാനവാഹിനി ..
പേരുപോലെ തന്നെ വിമാനം വഹിക്കുന്നത് ...പക്ഷെ വിമാനം വഹിക്കുക മാത്രമല്ല , വിമാനങ്ങൾ പറന്നുയരുകയും ലാൻഡ് ചെയ്യുകയും , അറ്റകുറ്റപ്പണികൾ നടത്തുകയും , സൂക്ഷിക്കുകയും ഇന്ധനം നിറക്കുകയും ഒക്കെ ചെയ്യുന്ന ഒരു ടൌൺ ഷിപ്പ് തന്നെയാണ് ഒരു വിമാനവാഹിനിക്കപ്പൽ ..ഒരു വിമാനവാഹിനിയിലെ ശരാശരി നാവികരുടെ എണ്ണം 2500 നും 4000 നും ഇടക്കാണ് ..
സാധാരണ ഒരു റൺവേയിൽ നിന്നും വിമാനം പറന്നുയരുന്നത് പോലെയല്ല വിമാനവാഹിനിയിൽ നടക്കുന്നത് ...കിലോമീറ്ററുകളോളം നീളമുള്ള സാധാരണ റൺവേകളിൽ , വേഗമെടുത്ത് പറന്നുയരാനുള്ള സ്ഥലമുണ്ടാകും ..എന്നാൽ ഏറിയാൽ മുന്നൂറു മീറ്റർ നീളമുള്ള വിമാനത്തിന്റെ ഡെക്കിൽ ആ ആർഭാടം ഉണ്ടാകില്ല ...ഇതിന് പലതരം സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു, CATOBAR (Catapult Assisted Take-Off But Arrested Recovery ),STOBAR (Short take-off but arrested recovery) എന്നിവയാണ് അതിൽ പ്രധാനം .
CATOBAR
വളരെ പെട്ടന്ന് പറന്നുയരാനുള്ള ആവേഗം വിമാനത്തിന് കൊടുക്കുന്ന രീതിയാണിത് ...റൺവേയിലെ ഒരു ചാലിൽ ഉറപ്പിച്ച ലിവറിൽ വിമാനത്തിന്റെ മുൻചക്രങ്ങൾ ലോക്ക് ചെയ്യും ...വിമാന എഞ്ചിനുകൾക്കൊപ്പം ,ആവിയെഞ്ചിൻ ഉപയോഗിച്ച് ഈ ലിവറിനെ അതിവേഗത്തിൽ മുൻപോട്ട് തള്ളും ...ഡെക്കിന്റെ അഗ്രത്തിലെത്തുമ്പോഴേക്കും പറക്കാനുള്ള ആവേഗം (Momentum ) വിമാനത്തിന് ലഭിച്ചിട്ടുണ്ടാകും .അപ്പോൾ ലിവർ വേർപെടുകയും വിമാനം സ്വതന്ത്രമായി പറന്നുയരുകയും ചെയ്യും ...ഒരു തെറ്റാലിയിൽ നിന്നും കല്ല് വലിച്ച് വിടുന്ന പോലെ തന്നെ ...വലിയ വിമാനങ്ങൾ , കൂടുതൽ ആയുധങ്ങളുമായി ദീർഘദൂരം പോകണമെങ്കിൽ ഇത് കൂടിയേ കഴിയൂ ...പക്ഷെ ഇതിന്റെ സങ്കീർണത , ചെലവ് ഒക്കെ വളരെ കൂടുതലാണ് ..നിലവിൽ അമേരിക്കൻ നേവിയും ഫ്രഞ്ച് നേവിയും മാത്രമാണ് ഈ ടെക്‌നോളജി ഉപയോഗിക്കുന്നത് ..
STOBAR
ഇത് കുറച്ചുകൂടി ലളിതമായ രീതിയാണ് ...ഇവിടെ കപ്പലിന്റെ ഡക്ക് ഒരു വശം ഉയർന്നിരിക്കും ..പാഞ്ഞുവരുന്ന വിമാനം ഈ ചെരിവിനെ ഉപയോഗിച്ച് വായുവിലേക്ക് കുതിച്ചുയരുകയാണ് ചെയ്യുക ..സർക്കസിൽ ഒരു ജീപ്പ് ജമ്പർ ചെയ്യന്നത് പോലെ ...സംഗതി വളരെ ലളിതമാണ് , ചിലവും കുറവാണ് ..പക്ഷെ പ്രധാന പോരായ്മ , വലിയ വിമാനങ്ങൾ കൈകാര്യം ചെയ്യാനാവില്ല , ഉള്ള വിമാനങ്ങളിൽ തന്നെ കൂടുതൽ ആയുധങ്ങൾ നിറക്കാനാവില്ല ...നിറയെ ഇന്ധനം പോലും നിറക്കാനാവില്ല ...വിമാനത്തിന്റെ ഭാരം കഴിയുന്നത്ര കുറഞ്ഞിരിക്കണം ...അതുകൊണ്ടുതന്നെ , ഈ കപ്പലുകൾ ആക്രമണലക്ഷ്യങ്ങളോട് കൂടുതൽ അടുത്ത് ചെന്നാലേ കാര്യമുള്ളൂ ...റഷ്യയും ഇന്ത്യയുമടക്കമുള്ള നേവികൾ ഉപയോഗിക്കുന്നത് ഈ സാങ്കേതികവിദ്യയാണ്
EMALS( Electromagnetic Aircraft Launch System)
ഈ സാങ്കേതികവിദ്യ വികസനഘട്ടത്തിലാണ് ...CATOBAR രീതിയിലെ ആവിയന്ത്രത്തിനു പകരം , ചെറുതും ലളിതവും , ശക്തവുമായ വൈദ്യുതകാന്തിക മെക്കാനിക് രീതിയാണിവിടെ ഉപയോഗിക്കുന്നത് ...ഈ ടെക്‌നോളജിയുടെ കൈമാറ്റത്തിന് വേണ്ടി ഇന്ത്യയും അമേരിക്കയും കഴിഞ്ഞവർഷം കരാറിലേർപ്പെട്ടിട്ടുണ്ട് ...നിർമ്മാണത്തിലിരിക്കുന്ന INS വിശാലിൽ ഉപയോഗിക്കാൻ പോകുന്നത് ഇതാണ് ..
ലോകത്തിൽ ആകെ ഏതാണ്ട് നാല്പതോളം വിമാനവാഹിനികളാണ് ഉപയോഗത്തിലുള്ളത് .അതിൽ പകുതിയും സ്വന്തമാക്കിയിരിക്കുന്നത് അമേരിക്കയും ...1977 ൽ കമ്മീഷൻ ചെയ്ത നിമിത്സ് ക്‌ളാസ്സിലുള്ള വിമാനവാഹിനികളാണ് ഏറ്റവും കരുത്തേറിയത് ...ഒരു ലക്ഷം ടണ്ണിലധികം കേവുഭാരവും 335 മീറ്റർ നീളവുമുള്ള ഇവ ആണവശക്തിയിലാണ് പ്രവർത്തിക്കുന്നത് ...80 വിമാനങ്ങൾ ഒരേ സമയം വഹിച്ച് കൊണ്ട് , ഇത്തരത്തിലുള്ള പത്ത് വിമാനവാഹിനികൾ ഭൂമിയുടെ കടലാഴങ്ങളെ അടക്കി വാഴുന്നു ...രണ്ടാം ലോകമഹായുദ്ധത്തിൽ ആകെ പൊട്ടിയ ബോംബുകളുടെ ആയിരക്കണക്കിനിരട്ടി സംഹാരശേഷിയുള്ള ആണവായുധങ്ങളുമായാണ് ഓരോ കപ്പലും സഞ്ചരിക്കുന്നത് ...ഒരൊറ്റ ബോംബിങ്ങിൽ അമേരിക്ക മുഴുവൻ തകർന്നാലും എവിടെയെങ്കിലുള്ള ഒരൊറ്റ നിമിറ്സിലെ മിസൈലുകളും വിമാനങ്ങളും മതി ലോകത്തിനെ പലതവണ ചാമ്പലാക്കാൻ ...അമേരിക്കയുടെ ഈ നാവിക കരുത്ത് അടുത്തുകണ്ടത് ഗൾഫ് യുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലുമാണ് ..അറബിക്കടലിന്റെ നടുവിൽ നങ്കൂരമിട്ട , USS പെൻസിൽവാനിയായും , USS കാൽവിൻസണും , USS കെന്നഡിയുമൊക്കെ തൊടുത്തുവിട്ട വിമാനങ്ങളും മിസ്സൈലുകളുമാണ് സദ്ദാമിനെയും അൽ ക്വേയിദയെയും നാമാവശേഷമാക്കിയത് ...
നിലവിൽ രണ്ട് വിമാനവാഹിനികളാണ് നമുക്കുള്ളത് ...റിട്ടയർ ചെയ്യാറായ INS വിരാടും , ഈയിടെ വാങ്ങിയ INS വിക്രമാദിത്യയും ..കൊച്ചിയിൽ നിർമ്മാണത്തിലിരിക്കുന്ന INS വിക്രാന്ത് അടുത്തകൊല്ലം നീരണിയും ...വിശാഖപട്ടണത്ത് INS വിശാലിന്റെയും പണി പുരോഗമിക്കുന്നു ...പശ്ചിമ പൂർവതീരങ്ങളിൽ ഓരോന്ന് വീതവും സദാ സജ്ജമായി തീരത്ത് ഒരെണ്ണവും എന്നതാണ് നമ്മുടെ മിനിമം ആവശ്യം ...വിമാനവാഹിനി നിർമ്മാണത്തിൽ പ്രാവീണ്യമുള്ള നാലാമത്തെ രാജ്യമാണ് ഭാരതം ..
1971 ലെ ഇന്ത്യ പാക് യുദ്ധത്തിൽ നിർണായക പങ്കുവഹിച്ചത് ഡീക്കമ്മീഷൻ ചെയ്യപ്പെട്ട പഴയ വിമാനവാഹിനി വിക്രാന്താണ് ...കറാച്ചി തുറമുഖത്തെയും അവിടുത്തെ എന്നസംഭരണികളെയും തകർത്ത് തരിപ്പണമാക്കിയപ്പോൾ , യുദ്ധം തുടരാനാവശ്യമായ എണ്ണയില്ലാതെ പാകിസ്ഥാൻ കൊമ്പുകുത്തുകയായിരുന്നു ...
സൈനികശക്തിയുടെ പൊങ്ങച്ചപ്രദർശനമല്ല വിമാനവാഹിനികൾ ... രാജ്യസുരക്ഷയുടെ നട്ടെല്ല് തന്നെയാണ് ...സ്വന്തം വിമാനവാഹിനി ഉള്ള നാവികസേനയും ഇല്ലാത്തവരും തമ്മിലുള്ള അന്തരം തന്നെയാണ് ഒരു ആധുനിക പോരാട്ടത്തിന്റെ ഗതി നിർണയിക്കുന്നതും
No comments:
Post a Comment