ദശാവതാരങ്ങൾ:
എല്ലാ അവതാരങ്ങളും 1200 ദിവ്യവർഷങ്ങൾ ഇടവിട്ടാണ് സംഭവിക്കുന്നത്. സത്യയുഗത്തിൽ മത്സ്യം, കൂർമ്മം, വരാഹം,നരസിംഹം എന്നിവയും വാമനൻ, പരശുരാമൻ,ശ്രീരാമൻ ത്രേതായുഗത്തിലും ബലരാമനും ,ശ്രീകൃഷ്ണൻ ദ്വാപരയുഗത്തിലും കൽക്കി കലിയുഗത്തിലും അവതരിക്കുന്നു.
ഹിന്ദുപുരാണങ്ങളസരിച്ചു് മഹാവിഷ്ണുവിന്റെ അംശാവതാരങ്ങളെയാണ് ദശാവതാരങ്ങൾ എന്നു പറയുന്നത്.
1. മത്സ്യം
മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ ആദ്യത്തേതാണ് മത്സ്യാവതാരം. വൈവസ്വതമനു എന്ന മനുവിന്റെ ഭരണകാലത്താണ് മഹാവിഷ്ണു മത്സ്യമായി അവതരിച്ചത്. ബ്രഹ്മാവ് വേദം ചൊല്ലിക്കൊണ്ടിരുന്ന സമയം ഹയഗ്രീവൻ എന്ന അസുരൻ ബ്രഹ്മസന്നിധിയിൽ നിന്ന് വേദസംഹിതകൾ അപഹരിച്ചു. ഈ അസുരനെ വധിച്ച് വേദങ്ങളെ തിരിച്ചെടുക്കുന്നതിനായി മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടു.
വൈവസ്വതമനു സ്നാനാദികർമ്മങ്ങൾക്കായി കൃതമാല നദിയിൽ ഇറങ്ങിയ നേരം ഒരു മത്സ്യം തന്നെ രാജാവിന്റെ കൂടെ കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു. ദയാലുവായ രാജാവ് മത്സ്യത്തെ മൺകുടത്തിൽ വളർത്തി. കാലക്രമേണ മത്സ്യം വളർന്നു. മത്സ്യത്തെ ഗംഗാനദിയിൽ നിക്ഷേപിച്ചു. ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ ഗംഗാനദി മത്സ്യത്തെ വഹിയ്ക്കാൻ അശക്തയായി. ഒടുവിൽ മത്സ്യം രാജാവിനോട് ഏഴുദിവസത്തിനുള്ളിൽ മഹാപ്രളയം സംഭവിയ്ക്കുമെന്നും ഒരു തോണി നിർമ്മിച്ച് സപ്തർഷികളോടൊപ്പം രക്ഷപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. മഹാപ്രളയസമയത്ത് മത്സ്യത്തിനു മുളച്ച കൊമ്പിൽ തോണിയുമായി ഹിമവത് ശൃംഗത്തിലെത്തി. മനുവും സപ്തർഷികളും ഏതാനും ബീജങ്ങളും മാത്രം അവശേഷിച്ചു.
2. കൂർമ്മം.
മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമാണ് കൂർമ്മം. ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം ജരാനര ബാധിച്ചുപോയ ദേവന്മാർ, തങ്ങളുടെ ജരാനര പാലാഴി കടഞ്ഞെടുത്ത് അമൃതം ഭക്ഷിച്ചാൽ മാറുമെന്ന് മനസ്സിലാക്കി. അതിൻപ്രകാരം ദേവന്മാർ അസുരന്മാരുടെ സഹായത്തോടുകൂടി പാലാഴി കടയാൻ തുടങ്ങി. മന്ഥരപർവതം കടകോലും വാസുകി എന്ന സർപ്പം കയറുമാക്കിയാണു പാലാഴി മഥനം ആരംഭിച്ചത്. ഈ സമയം സമുദ്രത്തിലാണ്ടുപോയ മന്ഥരപർവതത്തെ ഉയർത്തി പൂർവസ്ഥിതിയിൽ എത്തിയ്ക്കുന്നതിനായാണ് മഹാവിഷ്ണു കൂർമ്മാവതാരം കൈക്കൊണ്ടത്. തന്റെ പുറത്തുതാങ്ങി പർവതത്തെ മേല്പോട്ടുയർത്തിയ അദ്ദേഹം ദേവാസുരന്മാരെ പാലാഴിമഥനം പൂർത്തിയാക്കി അമൃതം നേടിയെടുക്കുവാൻ സഹായിച്ചു.
3. വരാഹം.
മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തിൽ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും. സനകാദി മഹർഷികൾ ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി വൈകുണ്ഠത്തിൽ ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിച്ചു. കോപിഷ്ടരായ മഹർഷിമാർ അവരെ രാക്ഷസന്മാരായി മാറട്ടെയെന്നു ശപിക്കുകയും ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാൽ ഈ ജന്മങ്ങളിൽ നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അനുഗ്രഹിയ്ക്കുകയും ചെയ്തു. അപ്രകാരം കശ്യപമഹർഷിയ്ക്കും ദിതിയ്ക്കും ജനിച്ച പുത്രന്മാരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും. അസുരന്മാരായി ജനിച്ച ജയവിജയന്മാർ ലോകപീഡ ചെയ്തു നടക്കാൻ തുടങ്ങി. ഒരിയ്ക്കൽ ഹിരണ്യാക്ഷൻ സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ വരുണദേവൻ മഹാവിഷ്ണുവിനെ അഭയം പ്രാപിയ്ക്കുകയും മഹാവിഷ്ണു വരാഹവേഷം കൈക്കൊണ്ട് സമുദ്രഭാഗത്ത് എത്തി. മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷൻ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെടുത്തു എന്നുമാണ് ഐതിഹ്യം.
4. നരസിംഹം.
ദശാവതാരങ്ങളിലെ നാലാമത്തെ അവതാരമാണ് നരസിംഹം. സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത് അതി വിചിത്രമായ ഒരു വരം വാങ്ങി.മനുഷ്യനോ മൃഗമോ, ആയുധങ്ങൾ കൊണ്ടോ, പകലോ രാത്രിയോ, ഭൂമിയിലോ ആകാശത്തിലോ പാതാളത്തിലോ, വീടിനകത്തോ പുറത്തോ വച്ച് തന്നെ ആരും കൊല്ലരുത് എന്നായിരുന്നു ആ വരം. വരലബ്ദിയിൽ മദിച്ചു നടന്ന ഹിരണ്യകശിപുവിന് പരമവിഷ്ണുഭക്തനായ പുത്രൻ ജനിച്ചു. വിഷ്ണുഭക്തിയിൽ നിന്നും തന്റെ പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. തൂണിലും തുരുമ്പിലും വിഷ്ണു വസിയ്ക്കുന്നുണ്ടെന്ന് പ്രഹ്ലാദൻ പറഞ്ഞതുകേട്ട് കോപിഷ്ടനായ ഹിരണ്യകശിപു ഒരു തൂണിൽ ഗദകൊണ്ട് തല്ലിയിട്ട് എവിടെ നിന്റെ മഹാവിഷ്ണുവെന്ന് ചോദിക്കുകയും തത്സമയം ആ തൂൺ പിളർന്ന് മഹാവിഷ്ണു നരസിംഹമൂർത്തിയായി അവതരിച്ചു വാതിൽപ്പടിയിൽ വച്ച് ഹിരണ്യകശിപുവിനെ നഖങ്ങൾ കൊണ്ട് മാറുപിളർന്ന് വധിക്കുകയും ചെയ്തു.
5. വാമനൻ.
മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യരൂപം വാമനനാണ്. പ്രഹ്ലാദന്റെ ശാപപ്രകാരം മഹാബലിയെ പാതാളത്തിലേക്കയക്കാൻ അവതരിച്ച “വടു” ആയിരുന്നു വാമനൻ. അദിതിയുടേയും കശ്യപന്റെയും പുത്രനായാണ് വാമനൻ ജനിച്ചത്. ദേവന്മാരെക്കാൾ വളർന്ന മഹാബലിയെ ഭയപ്പെട്ട ദേവർ മഹാവിഷ്ണുവിനോട് സങ്കടമഭ്യർത്ഥിക്കുകയും മനുഷ്യരൂപത്തിലവതരിച്ച് വിഷ്ണു വാമന വേഷത്തിൽ മഹാബലിയുടെ അടുക്കൽ ചെന്ന് തപസ്സു ചെയ്യുവാൻ മൂന്നടി മൻണു ചോദിക്കുകയും ഇഷ്ടമുള്ളിടത്തു നിന്നളന്നെടുത്തുകൊൾവാൻ മഹാബലി പറഞ്ഞതുകേട്ട് ഭീമാകാരരൂപം പൂണ്ട വാമനൻ ആദ്യം ഭൂമിയേയും രണ്ടാമത് ആകാശത്തേയും അളന്നെടുത്തിട്ട് അടുത്ത കാലടിവയ്ക്കുവാൻ സ്ഥലം ചോദിക്കുകയും അത് തന്റെ ശിരസ്സില്വച്ചുകൊള്ളാനനുവദിച്ച് മഹാബലി മുട്ടുകുത്തി നിൽക്കുകയും ചെയ്തു. ഈ സമയം വാമനൻ മഹാബലിയെ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുകയും ദേവഭയം അവസാനിപ്പിക്കുകയും ചെയ്തു.
6. പരശുരാമൻ.
പരശു ആയുധമാക്കിയ ഭാർഗ്ഗവപുത്രൻ രാമനെ പരശുരാമനെന്ന് ഇതിഹാസങ്ങൾ വാഴ്ത്തുന്നു. ത്രേതായുഗത്തിൽ ശ്രീരാമന്റെ ഗുരുവായും, ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും പിന്നീട് കർണ്ണന്റെ ഗുരുവായും ആയോധനകലകൾ അഭ്യസിപ്പിച്ചിരുന്നു. രാമൻ ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും വിവാദപുരുഷനായി നിലകൊള്ളുന്നു. പിതാവിന്റെ ആജ്ഞയനുസരിച്ച് സ്വന്തം അമ്മയുടെ കഴുത്തറുത്തു കൊന്നുവെന്നതിലൂടെയും ഇതിഹാസങ്ങളിൽ രാമൻ വിവാദപുരുഷനാവുന്നു. തന്റെ പിതാവായ ജമദഗ്നിയെ വധിച്ചതിന്റെ പക തീർക്കാനായി പരശുരാമൻ ഇരുപത്തൊന്നുവട്ടം ക്ഷത്രിവംശനിഗ്രഹം നടത്തിയതായി പറയപ്പെടുന്നു. ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒരാളുമാണ് പരശു ആയുധമാക്കിയ രാമൻ.
7. ശ്രീരാമൻ.
ദശാവതാരങ്ങളിൽ ഏഴാമത്തേതാണ് അവതാരമാണ് രാമൻ. അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥന് പട്ടമഹിഷിയായ കൗസല്യയിൽ ജനിച്ച ആദ്യപുത്രനാണ് രാമൻ. ഹിന്ദുമതത്തിൽ രാമനെ മര്യാദാ പുരുഷോത്തമനായി കരുതുന്നു. ലക്ഷ്മീദേവിയുടെ അവതാരമായ സീതാദേവിയാണ് പത്നി.ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരായിരുന്നു രാമന്റെ സഹോദരൻമാർ. ദശരഥൻ കൊടുത്ത വരം മുൻനിർത്തി, തന്റെ മകനായ ഭരതൻ രാജാവാകണം എന്നുള്ളതും പതിന്നാലു വർഷത്തെ രാമൻ വനവാസത്തിന് പോകണം എന്നുള്ളതും കൈകേയിയുടെ ആവശ്യപ്രകാരമായിരുന്നു. പത്നി സീതക്കും അനുജൻ ലക്ഷ്മണനുമൊപ്പം താത ശാസന അനുസരിച്ച് രാമൻ പതിന്നാലു വർഷത്തെ വനവാസത്തിന് പോയി. വനവാസത്തിനിടക്ക് രാക്ഷസ രാജാവായ ലങ്കേശ്വരൻ രാവണൻ സീതയെ അപഹരിക്കുകയും ക്ലേശകരവും ശ്രമകരവുമായ നീണ്ട തിരച്ചിലിനു ശേഷം ഹനുമാൻ സുഗ്രീവൻ എന്നിവരും ശക്തമായൊരു വാനരപ്പടയുമൊരുമിച്ച് സേതുബന്ധനം നടത്തി ലങ്കയിലെത്തിച്ചേർന്ന രാമൻ ഘോരയുദ്ധത്തിനൊടുവിൽ രാവണനെ നിഗ്രഹിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തു. ശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമന്റെ കിരീടധാരണം നടക്കുകയും അയോധ്യയുടെ രാജാവായി അവരോധിക്കുകയും ചെയ്തു.
8. ബലരാമൻ.
മഹാവിഷ്ണുവിന്റെ എട്ടാമത് അവതാരമാണ് ബലരാമൻ.ബാലദേവൻ,ബാലഭദ്രൻ,ഹലായുധൻ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ബലരാമനെ, ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായാണ് പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. അതിയായ ബലത്തോട് കൂടിയവനും സർവരെയും ആകർഷിക്കുന്ന സ്വരൂപത്തോടുകൂടിയവരുമായതുകൊണ്ട് ബലരാമൻ എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു. വൈദീക സാഹിത്യത്തിലെ ഇന്ദ്രൻ പരിവർത്തനം വന്ന് കൃഷിക്കാർക്ക് രാമനായിത്തീരുകയും പൂർവഭാരതത്തിൽ ദാശരഥീരാമനായും പശ്ചിമഭാരതത്തിൽ ബലരാമനായും സ്വീകരിക്കപ്പെട്ടിരുന്നു. മഹാവിഷ്ണുവിന്റെ അവതാരമാകുമ്പോഴും ബലരാമൻ അനന്തന്റെ അവതാരമായി കരുതിപോരുന്നു. ത്രേതായുഗത്തിലെ അനന്തന്റെ അവതാരമായ ലക്ഷ്മണനുശേഷം ദ്വാപരയുഗത്തിൽ ഭഗവാനു ജ്യേഷ്ഠനായി പിറന്നുവെന്നാണ് പുരാണങ്ങൾ ഘോഷിക്കുന്നത്.
9. ശ്രീകൃഷ്ണൻ.
മഹാവിഷ്ണുവിന്റെ ഒമ്പതാമത് അവതാരമാണ് ശ്രീകൃഷ്ണൻ. വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായി കാരാഗൃഹത്തിലാണു കൃഷ്ണജനനം. അമ്മാവനായ കംസനെ വധിക്കുന്നത് ദേവകീ പുത്രനായിരിക്കുമെന്ന അശരീരിയാണു അവർ കാരഗൃഹത്തിലടയ്ക്കപ്പെടാൻ കാരണം. പക്ഷേ വിധിയുടെ അലംഘനീയതപോലെ കൃഷ്ണൻ ഭൂജാതനാകുകയും കംസൻ കൊല്ലപ്പെടുകയും ചെയ്തു. കൃഷ്ണന്റെ കൈകളാൽ ധാരാളം അസുരന്മാർ കൊല്ലപ്പെട്ടിട്ടുണ്ട്. പാണ്ഡവരുടെ ഉറ്റമിത്രമായിരുന്ന കൃഷ്ണൻ കുരുക്ഷേത്രയുദ്ധത്തിൽ പലപ്പോഴും അവരെ അകമഴിഞ്ഞ് സഹായിക്കുകയുണ്ടായി. അർജ്ജുനനെ യുദ്ധപ്രാപ്തനാക്കുന്നതിനുവേണ്ടി യുദ്ധമുഖത്തു വച്ച് അദ്ദേഹമുപദേശിച്ചതാണു ഭഗവദ് ഗീത. ശ്രീകൃഷ്നനു പതിനാറായിരത്തെട്ട് ഭാര്യമാർ ഉണ്ടായിരുന്നുവെന്നാണു പറയപ്പെടുന്നത്. താങ്ങാനാവാത്ത ഭാരത്താൽ വശംവദയായ ഭൂമിദേവിയുടെ അഭ്യർത്ഥനപ്രകാരം മർത്യ ലോകത്തെ ശുദ്ധീകരിച്ചു ധർമം പുനസ്ഥാപിക്കാനായാണു ഭഗവാൻ അവതരിച്ചത്.
10.കൽക്കി.
മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കൽക്കി എന്നു പറയപ്പെടുന്നു. കലിയുഗത്തിന്റെ അവസാനത്തിൽ എല്ലാ ജനങ്ങളും നാസ്തികരായി,ശീലഗുണമില്ലാത്തവരായി ഭവിക്കുകയും ലോകം അധർമ്മങ്ങളായ പ്രവൃത്തികളെക്കൊണ്ട് നിറയുകയും ചെയ്യുകയും, ഈ കാലഘട്ടത്തിൽ മഹാവിഷ്ണു വിഷ്ണുയശസ്സിന്റെ പുത്രനും യാജ്ഞ്യവൽക്യപുരോഹിതനുമായ കൽക്കി ആയവതരിച്ച് ദുഷ്ടനിഗ്രഹം നടത്തും. പ്രജകളെ ചാതുർവർണ്ണ്യത്തിലും നാലാശ്രമങ്ങളിലും സനാതനമാർഗ്ഗത്തിലും തിരികെ കൊണ്ടുവന്ന് യഥോചിതമായ മര്യാദ നിലനിർത്തും. ശേഷം കൽക്കി അവതാരം ഉപേക്ഷിച്ച് സ്വർഗാരോഹണം നടക്കും. അനന്തരം കലിയുഗം അവസാനിക്കും. കൃതയുഗം ആരംഭിക്കുകയും ചെയ്യും.
No comments:
Post a Comment