ബഹിരാകാശത്ത് 500 നാൾ പിന്നിട്ടൊരു പേടകം: ആർക്കുമറിയില്ല അതിലെന്താണെന്ന്!!!x-37b
=================================
ഒന്നരവർഷത്തിനടുത്തായി നമ്മുടെ തലയ്ക്കു മുകളിൽ ആ പേടകം നിലയുറപ്പിച്ചിട്ട്. എന്താണതിന്റെ ലക്ഷ്യം? ചാര ഉപഗ്രഹങ്ങളെ തകർക്കുകയോ? ബഹിരാകാശത്തു നിന്ന് ശത്രുരാജ്യത്തേക്കുള്ള നിരീക്ഷണമാണോ? അതോ പുത്തൻ ആയുധപരീക്ഷണമോ? ആർക്കും അറിയില്ല. കാരണം അത്രമാത്രം രഹസ്യാത്മകമായിട്ടാണ് എക്സ്-37 ബി എന്ന ആ ബഹിരാകാശ വിമാനത്തെ അമേരിക്ക വിന്യസിച്ചിരിക്കുന്നത്.
ബഹിരാകാശത്തെ വിവിധ പരീക്ഷണങ്ങൾക്കുള്ള ‘ഓർബിറ്റർ ടെസ്റ്റ് വെഹിക്കിൾ’ എന്ന നിലയിൽ 1999ലാണ് എക്സ് 37 എന്ന പദ്ധതി നാസ ആരംഭിക്കുന്നത്. സ്പേസ് ഡ്രോൺ എന്നും ഈ വെഹിക്കിൾ അറിയപ്പെടുന്നു. അഞ്ചു വർഷത്തിനു ശേഷം പദ്ധതി യുഎസ് പ്രതിരോധ വകുപ്പിനു കൈമാറി. പക്ഷേ സാങ്കേതിക സഹായം നാസയുടേതാണിപ്പോഴും. എക്സ്-37 പദ്ധതി പ്രകാരം ഇതുവരെ മൂന്ന് സ്പേസ് ഡ്രോണുകൾ വിജയകരമായി വിക്ഷേപിച്ച് തിരിച്ചെത്തിച്ചു. റോക്കറ്റിലേറി വിക്ഷേപണവും തിരികെ വിമാനത്തിന്റേതിനു സമാനമായ ‘ലാൻഡിങ്ങു’മാണ് ഈ പേടകങ്ങളുടെ പ്രത്യേകത. കാഴ്ചയിൽ നാസയുടെ സ്പേസ് ഷട്ടിലിനെപ്പോലെയിരിക്കുമെങ്കിലും വളരെ ചെറുതാണിവ. അതിനാൽത്തന്നെ മനുഷ്യനെ വഹിച്ചുള്ള യാത്രയും സാധ്യമല്ല.
x-37b
എക്സ്-37 സീരീസിൽപ്പെട്ട നാലാമത്തെ പേടകമാണ് നിലവിൽ ബഹിരാകാശത്തുള്ളത്. 29 അടിയാണ് നീളം, വീതി ഒൻപതര അടിയും. 4990 കിലോഗ്രാമാണ് ഭാരം. ഈ സ്പേസ് ഡ്രോണിന്റെ രൂപരേഖ നാസ ലഭ്യമാക്കിയിട്ടുണ്ട്. പക്ഷേ അകത്തുള്ള ഒരു കണ്ടെയ്നറിനോളം പോന്ന രഹസ്യ അറയെക്കുറിച്ചു മാത്രം വിവരമില്ല- Experiment bay എന്നു മാത്രമേയുള്ളൂ അതിനെക്കുറിച്ചു നൽകിയിരിക്കുന്ന വിവരം. 2015 മേയ് 20നാണ് യുഎസ് എയർഫോഴ്സിന്റെ പരീക്ഷണപദ്ധതിയായി എക്സ്-37 ബിയെ ബഹിരാകാശത്തേക്കയച്ചത്. ഇപ്പോഴത് 500 ദൗത്യം ദിവസം പിന്നിട്ടിരിക്കുന്നു. എത്രനാൾ ബഹിരാകാശത്ത് തുടരുമെന്നും വ്യക്തമല്ല.
ബോയിങ് കമ്പനി ആണ് എക്സ്-37ബിയുടെ നിർമാണം. ഭൂമിയിൽ നിന്ന് 177 മുതൽ 800 കിലോമീറ്റർ വരെ മാത്രം ഉയരത്തിലാണ് ഈ സ്പേസ് ഡ്രോണിന്റെ ഭ്രമണം. ഒട്ടേറെ രാജ്യങ്ങളുടെ കൂട്ടായ്മയിലുണ്ടായ രാജ്യാന്തര ബഹിരാകാശ നിലയമാകട്ടെ(ഐഎസ്എസ്) 350 കിലോമീറ്റർ ഉയരത്തിലും. ഐഎസ്എസിലെ സകലവിവരങ്ങളും ലോകത്തിനു മുന്നിൽ വ്യക്തമാണെങ്കിലും എക്സ്-37 ബിയിലേക്കു മാത്രം അമേരിക്ക ആരെയും അടുപ്പിക്കുന്നില്ല. ‘ബഹിരാകാശ യുദ്ധ’ത്തിൽ അമേരിക്കയുടെ പ്രധാന എതിരാളിയായ ചൈനയ്ക്കു പോലും പിടിച്ചെടുക്കാനായിട്ടില്ല ഭൂമിയെ ചുറ്റുന്ന ഈ പേടകത്തിനകത്തെ രഹസ്യം എന്നു പറയുമ്പോഴാണ് ആ ‘സീക്രട്ടി’നെക്കുറിച്ചുള്ള സംശയങ്ങളേറുന്നത്.
ചാരപ്രവർത്തനത്തിനുപയോഗിക്കുന്ന ഡ്രോണാണ് ഇതെന്നാണ് പ്രധാന സംശയം. ലോകം മുഴുവൻ നിരീക്ഷിക്കാനുള്ള അമേരിക്കൻ വഴികൾ കുപ്രസിദ്ധമാണെന്നതിനാൽ ഈ സംശയത്തെ ബലപ്പെടുത്തുന്ന തെളിവുകളും ഒട്ടേറെ. ബഹിരാകാശത്തു നിന്നു വിക്ഷേപിക്കാവുന്ന ബോംബുകളെപ്പറ്റിയുള്ള പരീക്ഷണമാണ് എക്സ്-37ബിയിൽ നടക്കുന്നതെന്നാണ് മറ്റൊരു തിയറി. പക്ഷേ ഇത് വെറുമൊരു ആരോപണം മാത്രമായിട്ടാണ് ശാസ്ത്രലോകം പോലും കരുതുന്നത്. ബഹിരാകാശത്തെ മറ്റ് കൃത്രിമ ഉപഗ്രഹങ്ങളെ നശിപ്പിക്കാനായുള്ള വഴിയായും ചിലരിതിനെ കണക്കാക്കുന്നുണ്ട്. പക്ഷേ അക്കാര്യം കൃത്യമായി ‘ട്രാക്ക്’ ചെയ്യാമെന്നതിനാൽ ആ വാദത്തിനും വലിയ കഴമ്പില്ല. ഈ സ്പേസ് ഡ്രോണിനകത്ത് ഒരു സ്പൈ സാറ്റലൈറ്റാണെന്ന വാദവും ശക്തമാണ്. കാരണം വിവിധ രാജ്യങ്ങളെ ഏറ്റവും കൃത്യമായി നിരീക്ഷിക്കാൻ നിലവിൽ വിന്യസിച്ചിരിക്കുന്ന സാറ്റലൈറ്റുകളുടെ അതേ ഭ്രമണപഥത്തിലാണ് എക്സ്-37ബിയുടെ സ്ഥാനം.
ബഹിരാകാശത്തെ ‘അതിരു’വിട്ടുള്ള യാത്രയിൽ സാറ്റലൈറ്റുകൾക്ക് പരിമിതികളേറെയുണ്ട്. സ്പേസ് ഡ്രോണിനകത്ത് സാറ്റലൈറ്റ് ഒളിപ്പിച്ചു വിക്ഷേപിച്ചാൽ ആ പ്രശ്നം മറികടക്കാനാകും. അതിനു പക്ഷേ എത്രകാലം ബഹിരാകാശത്ത് തുടരാനാകും എന്നതാണറിയേണ്ടത്. ഈ Durability Test ആണ് നിലവിൽ നടക്കുന്നതെന്ന വാദവുമുണ്ട്. അതേസമയം പുതിയ പ്രൊപ്പൽഷൻ സംവിധാനങ്ങൾ പരീക്ഷിക്കുകയാണ് തങ്ങളുടെ പ്രധാനലക്ഷ്യമെന്നാണ് നാസയും യുഎസ് എയർഫോഴ്സും പലപ്പോഴായി നൽകിയിരിക്കുന്ന സൂചനകൾ. നിലവിൽ ‘ലൈറ്റ്സെയില്‍’ എന്ന സാങ്കേതികവിദ്യയാണ് എക്സ്-37 പേടകങ്ങളിൽ ഉപയോഗിക്കുന്നത്. സൂര്യനിൽ നിന്നുള്ള ഫോട്ടോണുകളുടെ മർദം ഉപയോഗപ്പെടുത്തിയാണ് ഈ സാങ്കേതികവിദ്യ പ്രകാരം സ്പേസ് ഡ്രോണ്‍ പ്രവർത്തിക്കുക.
x-37b-infrared
ഇതുവരെ അയച്ചതിൽ ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്തു നിന്നത് എക്സ്-37ന്റെ മൂന്നാം ദൗത്യമായിരുന്നു. യുഎസ്എ-240 എന്നു പേരിട്ട പദ്ധതിയിലെ പേടകം 2012 ഡിസംബർ 11ന് വിക്ഷേപിച്ച് 2014 ഒക്ടോബർ 17നു തിരിച്ചെത്തി- ആകെ 675 ദിവസങ്ങൾ. എക്സ്-37 ബി ഡ്രോൺ അതിനേക്കാളുമേറെ നാൾ നിലനിൽക്കുമോയെന്നാണ് നാസയും എയർഫോഴ്സും ഉറ്റുനോക്കുന്നത്. അതോടൊപ്പം തന്നെ നാസ പറയുന്നുണ്ട്- യുഎസിന്റെ ‘ദി എയർഫോഴ്സ് റാപിഡ് കേപബിലിറ്റീസ് ഓഫിസി’ന്റെ ചില advance materials ഉം ഡ്രോണിലുണ്ട്. അതെന്താണെന്നു മാത്രം പക്ഷേ ചോദിക്കരുത്. മുൻപത്തെ മൂന്ന് ദൗത്യങ്ങളും പോലെ എക്സ്-37ബിയും ഭൂമിയിലേക്ക് ലാൻഡ് ചെയ്യുക ഒട്ടേറെ ബഹിരാകാശ രഹസ്യങ്ങളുമായിട്ടായിരിക്കുമെന്നു ചുരുക്കം.
No comments:
Post a Comment