antech

antech

Wednesday, October 19, 2016

👉👉👉 ഗ്രാമത്തിലെ_നിഗൂഢതകൾ (ട്രൂന്യൻ_ബാലീ_ഇന്തോനേഷ്യ.)

👉ട്രൂന്യൻ_ഗ്രാമത്തിലെ_നിഗൂഢതകൾ
👉ട്രൂന്യൻ_ബാലീ_ഇന്തോനേഷ്യ.
=================================

അവിചാരിതമായാണ് 2016സെപ്റ്റംബറിൽ ഇന്തോനേഷ്യയിൽ പോയതും, പിന്നെ അവിടെയുള്ള യാത്രക്കിടയിലാണു ബാലീ ദ്വീപിൽ  എത്തിപ്പെടുന്നതും ട്രൂന്യൻ ഗ്രാമത്തെക്കുറിച്ചറിയുന്നതും.പൊതുവെ കൂടുതൽ സഞ്ചാരികൾ ഒന്നും എത്തിപ്പെടാത്ത ഒരു ഗ്രാമമാണ് ട്രൂന്യൻ. ഇന്തോനേഷ്യ ഒരു മുസ്ലിം രാജ്യമാണെങ്കിലും ബാലീ ദ്വീപിൽ 85 ശതമാനത്തോളം ജനങ്ങളും ഹിന്ദുമത വിശ്വാസികളാണ്. കിന്റാമണി Kintamai /ബാതൂർ Batur  അഗ്നിപർവതത്തിന്റെയും, ബാതൂർ Lake Batur തടാകത്തിൻറെ കിഴക്കൻ തീരത്തുമാണ്  "ബാലീ ആഗ" അല്ലെങ്കിൽ പഴയ ബാലീ എന്നും അറിയപ്പെടുന്ന  ജനവാസമുള്ള, പൂർവികരുടെ വിശ്വാസത്തിൽ അടിയുറച്ചുപോരുന്ന, പലപ്പോഴും പുരാതന സംസ്കാരം നിലനിർത്തുന്നതും,യാതൊരു വിധത്തിലുമുള്ള ബാഹ്യ ഇടപെടലുകൾ ഇല്ലാത്തതുമായ ഈ കൊച്ചു ഗ്രാമം നിലകൊള്ളുന്നത്. മറ്റ് ബാലിനീസ് ഗ്രാമങ്ങളിൽ നിന്നും എന്തോ  വളരെ വ്യത്യസ്തമായി തോന്നാം ഇവിടം. പച്ചക്കറികൾ, പഴവർഗങ്ങൾ, മീൻ എന്നിവയാണ് ഗ്രമത്തിലെ പ്രധാന കൃഷികൾ . ബാതൂർ തടാകത്തിൽ നിരവധി മീൻകെട്ടുകൾ കാണാം.ദ്വീപിലെ ആദ്യകാലവാസക്കാർ ഇവരാണെന്നും പറയപ്പെടുന്നു.

കഥകൾ കേട്ടപ്പോൾ ബാലി എന്ന് പറയുന്നത് ചെറിയൊരു ദ്വീപാണ്.  ഇവിടത്തെ ഓരോ ഗ്രാമത്തിനും വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളാണുള്ളത്.വ്യത്യസ്തങ്ങളായ ശവസംസ്കാര രീതിയുണ്ട്. മൃതദേഹം സംസ്കരിക്കുന്നതിൽ ചില ചിട്ടകളുണ്ട് . സ്ത്രീകൾ പങ്കെടുക്കാൻ പാടില്ല, മൃതദേഹം മഴവെള്ളം കൊണ്ട് തന്നെ കുളിപ്പിക്കണം എന്നിങ്ങനെ നിരവധി.അഗ്നിപർവതം ഇവരുടെ ജീവിതവുമായി വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്നു. അഗ്നിപർവ്വതത്തിന്റെ കാരുണ്യം കൊണ്ടുമാത്രമാണ് ഇവർ ഉറങ്ങുന്നതും ഉണരുന്നതും എന്നുമൊക്കെ. അവ എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം . ഗ്രാമങ്ങൾ തന്നെ ഇല്ലാതാവാം . ശവസംസ്കാരച്ചടങ്ങുകളിൽ സ്ത്രീകൾ പങ്കെടുത്താൽ പ്രകൃതിക്ഷോഭം ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു.അഗ്നിപർവതം തീ തുപ്പാൻ തുടങ്ങും അങ്ങിനെ പലതും. വളരെയേറെ വിചിത്രമായ കലാ രൂപങ്ങളുമുണ്ട്. അതിലൊന്നാണ് നമ്മുടെ കുമ്മാട്ടി പോലെ തോന്നിക്കുന്ന ദേഹം മുഴുവനും വാഴയില വെച്ചുകെട്ടി മുഖത്ത് ഒരു തരം മുഖം മൂടിയും വെച്ച് കെട്ടി നടത്തുന്ന ഒരു നൃത്തരൂപം BERUTUK എന്ന പേരിലാണറിയപ്പെടുന്നത്. വൈവിധ്യങ്ങളായ ഗോത്രങ്ങളും അവർക്കൊക്കെ തന്നെ വ്യത്യസ്തമായ ആചാരങ്ങളുമുണ്ട്.

ഗ്രാമത്തിലെ വിചിത്രമായ ആചാരമാണ് വിവാഹിതർ മരണപ്പെട്ടാൽ മൃതദേഹം ദഹിപ്പിക്കുകയോ സംസ്കരിക്കുകയോയില്ല എന്നത്.   മൃതദേഹം മഴവെള്ളം കൊണ്ട് കഴുകി ശുദ്ധിയാക്കി തുണിയിൽ പൊതിഞ്ഞ് ഒരു മുളം കൂടുണ്ടാക്കി  തരുമെൻയാൻ (Tharumenyan) എന്ന വൃക്ഷത്തിന്റെ ചുവട്ടിൽ സ്വാഭാവികമായി അഴുകാൻ വിട്ടു കൊടുക്കും .പക്ഷിമൃഗാദികൾ വരുന്നത് ഒഴിവാക്കാനാണു ഇങ്ങിനെ മുളം കൂട്ടിനകത്തു വെക്കുന്നത്. ഒരേ സമയം പതിനൊന്നു മൃതശരീരങ്ങളാണ് ഈ ശ്മശാനത്തിൽ സൂക്ഷിക്കുക. അതിൽ കൂടുതൽ വരുന്നതിനനുസരിച്ചു ആദ്യത്തെ ശവശരീരമെടുത്തു തലയോട്ടിയും മറ്റു അവശിഷ്ടങ്ങളും മരത്തിനോടുതന്നെ ചേർന്നുനിൽക്കുന്ന കൽകെട്ടിന്റെ മുകളിലേക്ക് മാറ്റപ്പെടും. ഇങ്ങിനെയുള്ള ധാരാളം തലയോട്ടികളും മറ്റും അവിടെ നിരത്തി വെച്ചിരിക്കുന്നത് കാണാം. ഗ്രാമത്തിൽ വേറെയും രണ്ടു ശ്മശാനങ്ങൾ കൂടിയുണ്ടെന്നും മറ്റുള്ളവരെ അവിടെയുമാണ് അടക്കം ചെയ്യുകയെന്നുമാണ് അറിയാൻ കഴിഞ്ഞത്. 
തരുമെൻയാൻ-Tharumenyan- എന്നാൽ സുഗന്ധം പൊഴിക്കുന്ന മരം എന്നാണർത്ഥം (തരു എന്നാൽ വൃക്ഷം എന്നാണല്ലോ) തരുമെൻയാൻ-Tharumenyan എന്നതിൽ നിന്നാണത്രെ പിന്നെ ട്രൂന്യൻ Trunyan ആയി മാറിയത്. ഈ വൃക്ഷത്തിൽ നിന്നും വമിക്കുന്ന സുഗന്ധമാണത്രെ  മൃതദേഹങ്ങളുടെ  ദുർഗന്ധം അകറ്റുന്നത്. ഏതാണ്ട് നമ്മുടെ ആൽമരത്തിനോട് സാമ്യം തോന്നും ഈ മരത്തിനും. ഈ ശ്മശാനത്തിൽ എത്തിച്ചേരണമെങ്കിൽ ബാതൂർ തടാകതീരത്തു നിന്നും ചെറുവള്ളത്തിലോ അല്ലെങ്കിൽ ബോട്ടിലോ കയറി വരണം.

No comments:

Post a Comment