antech

antech

Wednesday, January 15, 2020

സയനൈഡ് മോഹൻ - കർണാടകയെ ഞെട്ടിച്ച ഒരു സീരിയൽ കില്ലർ

സയനൈഡ് മോഹൻ - കർണാടകയെ ഞെട്ടിച്ച ഒരു സീരിയൽ കില്ലർ

2009 ജൂൺ മാസത്തിലെ ഒരു ദിനം. കർണാടകയിലെ, ബന്ത്വാൾ പോലീസ് സ്റ്റേഷനിലേയ്ക്ക് മധ്യവയ്കരായ ആ ദമ്പതികൾ കയറിച്ചെന്നു. മംഗലാപുരത്തു നിന്നും ഏകദേശം 40 കിലോമീറ്റർ അകലെ, തീരദേശഗ്രാമമായ ബരിമരുവിൽ നിന്നാണു അവർ വരുന്നത്. ഇൻസ്പെക്ടറുടെ മുന്നിൽ അവർ ഒരു പരാതി സമർപ്പിച്ചു. 22 വയസ്സുള്ള അവരുടെ മകൾ അനിത ബംഗരെയെ രണ്ടു ദിവസമായി കാണാനില്ല. 7ആം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള യുവതി. വളരെ താഴ്ന്ന ചുറ്റുപാടുകളിൽ ജീവിച്ചു വരുന്ന ദുഗ്ഗപ്പയുടെയും കുസുമയുടെയും മൂന്നുമക്കളിൽ രണ്ടാമത്തവൾ.

അവളുടെ വിവാഹത്തിനായി സ്വരൂപിച്ചു വച്ചിരുന്ന 9 പവൻ സ്വർണവും 5000 രൂപയും അവളോടൊപ്പം കാണാതായിരുന്നു. അവളുടെ മൂത്തസഹോദരൻ മാധവ് വിദേശത്ത് ജോലി ചെയ്യുന്നു. അയാൾ വാങ്ങിക്കൊടുത്ത വിലകൂടിയ ഒരു മൊബൈൽ ഫോണും അപ്രത്യക്ഷമായിട്ടുണ്ട്. തങ്ങളുടെ മകളെ എങ്ങനെയും കണ്ടുപിടിച്ചു തരണമെന്ന് അവർ കണ്ണീരോടെ ഇൻസ്പെക്ടറോട് അപേക്ഷിച്ചു. പരാതി സ്വീകരിച്ച ഇൻസ്പെക്ടർ അന്വേഷിച്ച് നടപടിയെടുക്കാമെന്നു ഉറപ്പുകൊടുത്തു.

പിറ്റേന്ന് പൊലീസ് പാർടി ബരിമരുവിലെത്തി. യാത്ര സൌകര്യങ്ങൾ നന്നേ കുറഞ്ഞ ഒരു ഗ്രാമം. ഹിന്ദുക്കളും മുസ്ലീങ്ങളും താമസമുണ്ട്. ദുഗ്ഗപ്പയുടെ വീട്ടിലെത്തിയ പൊലീസ് വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. കൂടാതെ അയൽവാസികളിൽ നിന്നും മറ്റു പരിചയക്കാരിൽ നിന്നും മൊഴിയെടുത്തു. അക്കൂട്ടത്തിൽ ശ്രദ്ധേയമായൊരു വിവരമുണ്ടായിരുന്നു. അനിതയ്ക്കു ഒരു മുസ്ലീം യുവാവുമായി പരിചയമുണ്ടായിരുന്നത്രെ. എന്നാൽ അയാൾ ഈ പ്രദേശത്തെ താമസക്കാരനല്ല.

ദിവസങ്ങൾ കഴിഞ്ഞിട്ടും മകളുടെ വിവരമൊന്നും ലഭിയ്ക്കാത്തതുകൊണ്ട് ദുഗ്ഗപ്പയും കുസുമയും വീണ്ടും ബന്ത്വാൾ പൊലീസ് സ്റ്റേഷനിലെത്തി. മകളുടെ വിവരം അന്വേഷിച്ച അവരോടെ ഇൻസ്പെക്ടർ വളരെ പരുഷമായാണു പെരുമാറിയത്. “മകളെ നല്ല രീതിയിൽ വളർത്തണമായിരുന്നു. അവൾ ഏതോ യുവാവിന്റെ കൂടെ പോയി. അവരിപ്പോൾ വിവാഹം ചെയ്ത് സുഖമായി ജീവിയ്ക്കുന്നുണ്ടാകും. പൊലീസിനു ഇതിലൊന്നും ചെയ്യാനില്ല. നിങ്ങൾ പോകൂ..” “അവൾ അങ്ങനെയൊരു കുട്ടിയല്ല സാർ. അവളുടെ വിവാഹം നടത്താൻ ഞങ്ങൾ ശ്രമിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു..” ദുഗ്ഗപ്പ കണ്ണീരോടെ പറഞ്ഞു.. “ഷട്ടപ്പ്..!“ ഇൻസ്പെക്ടർ ചാടിയെണീറ്റു. “നിങ്ങളോട് പോകാനല്ലേ പറഞ്ഞത്..!“ ആകെ ഭയന്നുപോയ ആ പാവങ്ങൾ കരഞ്ഞുകൊണ്ട് സ്റ്റേഷന്റെ പടിയിറങ്ങി.

സഹോദരിയെ കാണാനില്ലെന്നറിഞ്ഞ മാധവ് വിദേശത്തു നിന്നും ലീവിൽ നാട്ടിലെത്തി. അപ്പോൾ നാട്ടിലാകെ സ്ഥിതിഗതികൾ ഗുരുതരാവസ്ഥയിലെത്തിയിരുന്നു. ചില സംഘടനകൾ പ്രശ്നം ഏറ്റെടുത്തു കഴിഞ്ഞിരുന്നു. മകളെ ഒരു മുസ്ലീം പ്രലോഭിപ്പിച്ചു കൊണ്ടു പോകാൻ ഇടയാക്കിയ ദുഗ്ഗപ്പയെ നാട്ടുകാർ ഒറ്റപ്പെടുത്താനാരംഭിച്ചു. അവളെ തള്ളിപ്പറയുകയല്ലാതെ, ആ നാട്ടിൽ ജീവിയ്ക്കാൻ മറ്റു നിവൃത്തിയില്ല എന്ന സ്ഥിതിയായിരുന്നു. നാട്ടിലെത്തിയ മാധവ് ആദ്യം ചെയ്തത്, സഹോദരിയ്ക്ക് അങ്ങനെയൊരു ബന്ധം ഉണ്ടായിരുന്നോ എന്ന് അന്വേഷിയ്ക്കുകയായിരുന്നു. അനിതയുടെ കൂട്ടുകാരികളോടും മറ്റും അന്വേഷിച്ചതിൽ മുസ്ലീമായ ആരുമായും അവൾ സംസാരിയ്ക്കുന്നതു പോലും കണ്ടതായി അവരാരും കണ്ടിട്ടില്ല. എന്നാൽ അവൾക്കൊരു ആൺ സുഹൃത്ത് ഉണ്ടായിരുന്നതായ ചില സൂചനകൾ ഉണ്ടായിരുന്നു. അക്കാര്യം അവർ സമ്മതിയ്ക്കുകയും ചെയ്തു.

മാധവ്, ബന്ത്വാൾ സ്റ്റേഷനിലെത്തി ഇക്കാര്യങ്ങൾ ഇൻസ്പെക്ടറോട് പറഞ്ഞെങ്കിലും, അതൊന്നും കേൾക്കാൻ അയാൾ തയ്യാറായിരുന്നില്ല. തിരികെ നാട്ടിലെത്തിയ അയാൾ, ഗ്രാമക്ഷേത്രത്തിലെ സ്വാമിയെ പോയി കണ്ടു. വളരെ നല്ലവനായ അയാൾക്ക് അനിതയെ നല്ല പരിചയമുണ്ടായിരുന്നു. അവൾ മിക്കവാറും ക്ഷേത്രത്തിൽ വരാറുണ്ടായിരുന്നു. കാണാതായ അന്നു പോലും രാവിലെ വന്നിരുന്നതാണ്. അങ്ങനെയുള്ള അവൾ ഒരു മുസ്ലീമിനൊപ്പം പോയി എന്ന് സ്വാമി വിശ്വസിച്ചിരുന്നില്ല. മാധവിന്റെ സങ്കടം മനസ്സിലാക്കിയ സ്വാമി അയാളെ ആശ്വസിപ്പിച്ചു. പോലീസ് സ്റ്റേഷനിൽ താൻ കൂടി വന്നു കാര്യങ്ങൾ പറയാമെന്ന് അദ്ദേഹം ഏറ്റു.

പിറ്റേന്ന് സ്വാമിയും മാധവും കൂടി ബന്ത്വാൾ സ്റ്റേഷനിൽ എത്തി വിവരങ്ങൾ അറിയിച്ചു. എന്നാൽ ഇൻസ്പെക്ടർക്ക് ഒരു കുലുക്കവുമുണ്ടായിരുന്നില്ല. തന്റെ അന്വേഷണത്തിൽ അനിത ഒരു മുസ്ലീം യുവാവിനൊപ്പമാണു പോയിരിയ്ക്കുന്നതെന്ന് മനസ്സിലായി എന്നയാൾ പറഞ്ഞു. അവരെ കണ്ടെത്താൻ ശ്രമിയ്ക്കുന്നുണ്ട്. ഇൻസ്പെക്ടറുടെ ഈ നിലപാടിൽ കോപം തോന്നിയ സ്വാമി, മാധവിനെയും കൂട്ടി ദക്ഷിണ കാനറ ജില്ലാ പൊലീസ് സൂപ്രണ്ടിനു പരാതി കൊടുത്തു. ഇതോടെ കർണാടക സർക്കാർ ഉണർന്നു. അനിതയുടെ തിരോധാനത്തെ പറ്റി അന്വേഷിയ്ക്കാൻ, സംസ്ഥാനത്തെ കുറ്റാന്വേഷണ ഏജൻസിയായ കോർ ഓഫ് ഡിറ്റക്ടീവ്സ് (CD)-നെ ചുമതലപ്പെടുത്തി. എ എസ് പി. ഡോ. ചന്ദ്രഗുപ്ത കേസന്വേഷണം ഏറ്റെടുത്തു. ബന്ത്വാൾ സ്റ്റേഷനിലെത്തിയ ASP കേസ് ഫയലുകൾ പരിശോധിച്ചു. ഒരു കേസന്വേഷണത്തിൽ ചെയ്യേണ്ട പ്രാഥമിക അന്വേഷണം പോലും അവിടുത്തെ പോലീസ് നടത്തിയിട്ടില്ല എന്നദ്ദേഹത്തിനു ബോധ്യമായി.

അനിതയുടെ ഗ്രാമത്തിലെത്തിയ അദ്ദേഹം മാതാപിതാക്കളിൽ നിന്നും മാധവിൽ നിന്നും മറ്റും മൊഴികളെടുത്തു. അനിതയുടെ മൊബൈൽ ഫോൺ കോളുകളെ പറ്റിയാണു കൂടുതൽ അറിയേണ്ടിയിരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ അനിതയുടെ കോൾ ലിസ്റ്റ് അദ്ദേഹം ശേഖരിച്ചു. അനിത വീട്ടിൽ നിന്നും പോയി രണ്ടു ദിവസത്തിനു ശേഷം ആ ഫോൺ പിന്നീട് ഉപയോഗിയ്ക്കപ്പെട്ടിട്ടില്ല. അവൾ വിളിച്ചതും അവളെ വിളിച്ചതുമായ മറ്റു നമ്പരുകളെ പറ്റിയായി അന്വേഷണം. ഏറെ ദിവസത്തെ പ്രയത്നത്തിനുശേഷം, അതിൽ ഒരു നമ്പർ പൊലീസ് മാർക്ക് ചെയ്തു. ശ്രീധർ എന്നൊരാളുടെ ഫോൺ നമ്പരായിരുന്നു അത്. ആ ഫോണിൽ നിന്നും വളരെ അധികം കോളൂകൾ അനിതയുടെ ഫോണിലേയ്ക്ക് വന്നിട്ടുണ്ട്. ബന്ത്വാൾ സ്റ്റേഷനിലെ ഒരു കോൺസ്റ്റബിൾ വഴി ഇക്കാര്യം മാധവ് അറിഞ്ഞു. സുള്ള്യ താലൂക്കിലെ പെരാജ് എന്നൊരു സ്ഥലത്തെ അഡ്രസാണു ശ്രീധർ നൽകിയിരുന്നത്.

മാധവ്, തന്റെ അഞ്ചു സുഹൃത്തുക്കളുമായി ഒരു ജീപ്പിൽ പെരാജിലേയ്ക്കു പുറപ്പെട്ടു. ഏറെ സമയത്തെ അന്വേഷണത്തിനു ശേഷം അവർ ശ്രീധറിനെ കണ്ടെത്തി. ഒരു ചെറുപ്പക്കാരൻ. സൌഹൃദഭാവത്തിൽ അയാളെ അവർ കൂടെ കൂട്ടി. എന്തോ സംസാരിയ്ക്കാനെന്ന വ്യാജേനെ ജീപ്പിൽ കയറ്റി വിജന സ്ഥലത്തെത്തിച്ചു. അവിടെ വെച്ച് മാധവും സുഹൃത്തുക്കളും കൂടി ശ്രീധറിനെ ക്രൂരമായി മർദ്ദിച്ചു. എന്തിനാണു തന്നെ മർദ്ദിയ്ക്കുന്നതെന്ന നിരന്തര ചോദ്യത്തിനൊടുവിൽ അവർ കാര്യം പറഞ്ഞു. എന്നാൽ അനിതയെ അറിയുകപോലുമില്ലെന്ന് അയാൾ കരഞ്ഞുകൊണ്ടു പറഞ്ഞു. മാധവ് പറഞ്ഞ ഫോൺ നമ്പർ, തന്റെ സഹോദരിയുടെ നമ്പരാണത്രേ. എന്നു മാത്രമല്ല, ആ ഫോണിനോടൊപ്പം തന്റെ സഹോദരി കാവേരിയെയും കാണാനില്ലെന്ന വിവരവും അയാൾ പറഞ്ഞു. എന്നാൽ മാധവും കൂട്ടരും അതൊന്നും വിശ്വസിച്ചില്ല. ശ്രീധറിനെ ബോധം കെടുവോളം മർദ്ദിച്ച ശേഷം അയാളുടെ ശരീരം റെയിൽവേ ട്രാക്കിൽ തള്ളി അവർ കടന്നു കളഞ്ഞു.

അല്പസമയത്തിനകം ബോധം തെളിഞ്ഞ ശ്രീധർ ഒരു വിധത്തിൽ നടന്ന് അടുത്ത കവലയിലെത്തി നാട്ടുകാരുടെ സഹായം അഭ്യർത്ഥിച്ചു. അവർ അയാളെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. അയാളിൽ നിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞ ലോക്കൽ പൊലീസ് ഒരു പരാതി എഴുതി വാങ്ങി. തന്റെ സഹോദരിയുടെ നമ്പർ ചോദിച്ചു വന്നവരാണു മർദ്ദിച്ചതെന്നും, തന്റെ സഹോദരിയെ മാസങ്ങളായി കാണാനില്ലെന്നും അതിൽ വിശദീകരിച്ചിരുന്നു. കാവേരിയുടെ മിസ്സിംഗ് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും തുമ്പൊന്നും കിട്ടിയിരുന്നില്ല. ഈ നമ്പരിനെ പറ്റി, സ്റ്റേഷൻ ഇൻസ്പെക്ടർ അന്വേഷണമാരംഭിച്ചു. എന്നാൽ അതിപ്പോൾ ഉപയോഗത്തിലില്ലായിരുന്നു.

അന്വേഷണം നടക്കുന്നതിനാൽ, കാവേരിയുടെ മിസ്സിംഗിനെ പറ്റി ഇൻസ്പെക്ടർ, ഡോ. ചന്ദ്രഗുപ്തയ്ക്കു വിവരം കൈമാറി. അദ്ദേഹത്തിനു വലിയ ആവേശമായി. കാവേരിയെ പറ്റി വിശദമായ അന്വേഷണമാരംഭിച്ചു. ശ്രീധറിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ശ്രീധറിന്റെ പേരിലെടുത്ത സിം ആണു സഹോദരി കാവേരി ഉപയോഗിച്ചിരുന്നത്. കേരളത്തിലെ കാസർഗോഡ് ആയിരുന്നു കാവേരി ജോലിചെയ്തിരുന്നത്. 2009 ഫെബ്രുവരിയിലെ ഒരു ദിവസം, വീട്ടിൽ നിന്നും പോയ കാവേരി പിന്നെ മടങ്ങി വന്നില്ല. ദിവസങ്ങൾക്കു ശേഷം വീട്ടുകാർ പൊലീസിൽ പരാതി നൽകിയെങ്കിലും ഒന്നും സംഭവിച്ചില്ല. അപ്രത്യക്ഷരായ അനേകം യുവതികളുടെ കേസിനൊപ്പം അതും പൊലീസ് ഷെൽഫിൽ വിശ്രമിച്ചു.

അങ്ങനെയിരിയ്ക്കെ സൈബർ സെല്ലിൽ നിന്നും, ASP ചന്ദ്രഗുപ്തയ്ക്ക് ഒരു ഇൻഫോർമേഷനെത്തി. കാണാതായ അനിതയുടെ ഫോൺ ആക്ടീവായിരിയ്ക്കുന്നു എന്നതായിരുന്നു അത്. മറ്റൊരു നമ്പർ ആണു അതിലുപയോഗിയ്ക്കുന്നത്. IMEI നമ്പർ ട്രേയ്സ് ചെയ്താണു സൈബർ സെൽ അതു കണ്ടെത്തിയത്. മംഗലാപുരത്തിനടുത്ത് “ദർലക്കട്ടെ” എന്നൊരു സ്ഥലത്താണു ആ ഫോൺ ഉപയോഗത്തിലുള്ളത്. നമ്പർ ട്രെയ്സ് ചെയ്തതിൽ നിന്നും ഒരു സ്ത്രീയുടെ പേരിലാണു സിം ഉള്ളതെന്നു മനസ്സിലായി.

പൊലീസ് ദർലക്കട്ടയിൽ എമ്പാടും പരതി സിം ഉടമയെ കണ്ടെത്തി. 16 വയസ്സുള്ള ഒരു ആൺകുട്ടിയായിരുന്നു അതുപയോഗിച്ചിരുന്നത്. അവന്റെ അമ്മയുടെ പേരിലുള്ള സിമ്മാണു അവൻ ഉപയോഗിയ്ക്കുന്നത്. ആ സ്ത്രീയെ ചോദ്യം ചെയ്തതിൽ നിന്നും അവർക്കൊന്നും അറിയില്ലെന്നു മനസ്സിലായി. ആ ഫോൺ എങ്ങനെ കിട്ടി എന്നു ചോദിച്ചപ്പോൾ തന്റെ അമ്മാവൻ സമ്മാനിച്ചതാണെന്നു പറഞ്ഞു. ദർലെകട്ടയിൽ നിന്നും അല്പമകലെ, കന്യന എന്നസ്ഥലത്താണു അമ്മാവൻ താമസിയ്ക്കുന്നത്.

പൊലീസ് അവിടെയെത്തി, അയാളെ തപ്പിയെടുത്തു. അവിടെ അടുത്തൊരു യു പി. സ്കൂളിലെ അധ്യാപകനായിരുന്ന മോഹൻ കുമാർ ആയിരുന്നു അത്. അയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ ഫോൺ താൻ ഒരാളിൽ നിന്നും വിലകൊടുത്തു വാങ്ങിയതാണെന്ന് മോഹൻ കുമാർ പറഞ്ഞു. അനന്തിരവനു ഒരു ബർത് ഡേ പാർടി നൽകാനായിരുന്നു അത്. ആരിൽ നിന്നു വാങ്ങിയതാണെന്ന് താനിപ്പോൾ ഓർക്കുന്നില്ല എന്നും അയാൾ പറഞ്ഞു.

പൊലീസ് മോഹൻ കുമാറിന്റെ സ്കൂളിലെത്തി അന്വേഷിച്ചു. അതിൽ നിന്നും ഒരു കാര്യം മനസ്സിലായി, അയാൾ ഇടയ്ക്കിടെ സ്കൂളിലെത്താറില്ല. നാലും അഞ്ചും ദിവസങ്ങൾ അവധിയിലായിരിയ്ക്കും. അറ്റൻഡൻസ് രജിസ്റ്ററിൽ നിന്നും ആ ദിവസങ്ങളുടെ വിവരം പൊലീസ് ശേഖരിച്ചു. അനിതയും കാവേരിയും അപ്രത്യക്ഷമായ ദിവസങ്ങളിൽ മോഹൻ കുമാർ സ്കൂളിൽ എത്തിയിട്ടില്ല..! പിന്നീടുള്ള കാര്യമായ ചോദ്യം ചെയ്യലിനുമുന്നിൽ അയാൾക്കു പിടിച്ചു നിൽക്കാനായില്ല. കർണാടകയെ പിടിച്ചു കുലുക്കിയ ഭീകരമായ കൊലപാതക പരമ്പരയുടെ ചുരുളായിരുന്നു നിവർന്നത്.

2006 നവമ്പർ കൊല്ലൂർ മൂകാംബികാ ക്ഷേത്രം. ക്ഷേത്ര മതിലിനു വെളിയിൽ പുറകുഭാഗത്തുള്ള ചെറിയ റോഡിൽ, ഒരു യുവതി നിലത്തു കിടന്നു പിടയുന്നതു കണ്ടാണു ആൾക്കാർ ഓടിക്കൂടിയത്. അവളുടെ വായിൽ നിന്നു നുരയും പതയും വന്നിരുന്നു. നിമിഷങ്ങൾക്കകം മരണപ്പെടുകയും ചെയ്തു. അധികം വൈകാതെ പൊലീസ് സ്ഥലത്തെത്തി. ആ യുവതിയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആയി ആരുമുണ്ടായിരുന്നില്ല. അജ്ഞാതമായ ആ ജഡം അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോട്ടത്തിനായി എത്തിച്ചു. അവിടുന്നു ലഭിച്ച റിപ്പോർട്ടിൽ അവർക്കു അപസ്മാരം ഉണ്ടായിരുന്നതായും, എയിഡ്സ് രോഗം ഉള്ളതായി സംശയിയ്ക്കുന്നു എന്നുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എയിഡ്സിനെ പറ്റിയുള്ള സംശയം ഉണ്ടായതോടെ എത്രയും വേഗം ജഡം ദഹിപ്പിയ്ക്കുന്നതിനെ പറ്റിയായി അധികാരികളുടെ ആലോചന.

മംഗലാപുരത്തെ ഒരു കോളേജിലെ അറ്റൻഡറായ ശാന്തകുമാരി, നവമ്പർ 9 നു രാവിലെ വീട്ടിൽ നിന്നും പോയതാണു. നന്നായി വസ്ത്രം ധരിച്ച്, ആഭരണങ്ങളൊക്കെ അണിഞ്ഞായിരുന്നു യാത്ര. കോളേജിൽ ഒരു ഫംഗ്ഷൻ നടക്കുന്നുണ്ടത്രെ. താൻ ചിലപ്പോൾ വൈകിയേക്കുമെന്നും പറഞ്ഞു. അന്നു രാത്രി ഏറെ വൈകിയിട്ടും ശാന്തകുമാരി തിരികെയെത്തിയില്ല. മൂത്ത സഹോദരൻ രാജു, കോളേജിൽ വിളിച്ച് അന്വേഷിച്ചു. എന്നാൽ അവിടെ അങ്ങനെയൊരു ഫംഗ്ഷൻ ഉണ്ടായിരുന്നില്ല..! പിറ്റേന്നു തന്നെ അയാൾ മംഗലാപുരം പോലീസിൽ പരാതി നൽകി. കാര്യമായ അന്വേഷണമൊന്നും ഉണ്ടായില്ല. അങ്ങനെയിരിയ്ക്കെ ആണു ടിവിയിൽ ആ വാർത്ത കാണുന്നത്, കൊല്ലൂർ മൂകാംബിക ക്ഷേത്ര പരിസരത്തു നിന്നും അജ്ഞാതയായ ഒരു യുവതിയുടെ ജഡം കണ്ടെത്തിയ വിവരം അറിയുന്നത്. യുവതിയ്ക്ക് എയിഡ്സ് ബാധ സംശയിയ്ക്കുന്നതായും അതിൽ പറഞ്ഞിരുന്നു.

സംശയം തോന്നിയ രാജുവും ചില ബന്ധുക്കളും കൂടി കൊല്ലൂർക്ക് പുറപ്പെട്ടു. സ്റ്റേഷനിലെത്തിയ അയാൾ തന്റെ സഹോദരിയുടെ കമ്മലുകൾ തിരിച്ചറിഞ്ഞു. ജഡം അന്വേഷിച്ച അയാൾക്ക് അത് ദഹിപ്പിയ്ക്കാനായി പൊതു ശ്മശാനത്തിലേയ്ക്കു നീക്കിയ വിവരമാണു ലഭിച്ചത്. അയാൾ അങ്ങോട്ടേയ്ക്ക് ഓടി. അവിടെ ചിത ഒരുങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. അത് തന്റെ സഹോദരിയാണെന്നും ജഡം വിട്ടുതരണമെന്നുമുള്ള അപേക്ഷ ശ്മശാന നടത്തിപ്പുകാരൻ നിരസിച്ചു. രാജുവിന്റെ കരച്ചിലിനും ബഹളത്തിനുമൊടുവിൽ ആൾകൂടി. അയാളുടെ സമുദായത്തിന്റെ പ്രാദേശിക നേതാക്കൾ എത്തി. പൊലീസുമായി ബന്ധപ്പെട്ടു. ഒടുക്കം ശാന്തകുമാരിയുടെ ബോഡി സഹോദരനു വിട്ടുകൊടൂത്തു. മംഗലാപുരത്ത് അത് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തു. മരണകാരണം സൈനൈഡ് ഗുളിക ഉള്ളിൽ ചെന്നതാണെന്നു സ്ഥിരീകരിയ്ക്കപ്പെട്ടു. ജീവിത നൈരാശ്യം മൂലം ശാന്തകുമാരി ആത്മഹത്യ ചെയ്തതായി വ്യാഖ്യാനിയ്ക്കപ്പെട്ടു.

മോഹൻ കുമാറിനെ ചോദ്യം ചെയ്ത പോലീസിനു മുന്നിൽ, മൂകാംബിക ക്ഷേത്രത്തിൽ മരണപ്പെട്ട ശാന്തകുമാരിയുടെ കഥയുമുണ്ടായിരുന്നു. പൊലീസ് ASP ചന്ദ്രഗുപ്ത മൂകാംബികയിലെത്തി അന്വേഷണം നടത്തി. ശാന്തകുമാരിയെയും മോഹൻ കുമാറിനെയും അവിടെ ഒരു ലോഡ്ജിൽ എത്തിച്ച ഓട്ടോക്കാരനെ പൊലീസ് കണ്ടെത്തി. നിത്യേന വീട്ടിൽ നിന്നും കോളേജിലേയ്ക്കു ബസിൽ പോകുന്ന ശാന്തകുമാരിയെ ബസ്റ്റോപ്പിൽ വെച്ചാണു മോഹൻ കുമാർ നോട്ടമിട്ടത്. വളരെ ഒതുക്കത്തോടെ, നിശബ്ദയായി വരുകയും പോകുകയും ചെയ്യുന്ന അവൾ വിവാഹിതയല്ലെന്നു അയാൾ മനസ്സിലാക്കി. കാണാൻ വലിയ തെറ്റില്ലാത്ത യുവതി. മുപ്പതിനു മുകളിൽ പ്രായമുണ്ട്. ചെറിയ സംഭാഷണങ്ങളിൽ കൂടി പരിചയം സ്ഥാപിച്ച അയാൾ, താൻ ഒരു കമ്പനി എക്സിക്യൂട്ടീവ് ആണെന്നു പരിചയപ്പെടുത്തി. മോഹൻ കുമാറിന്റെ വലയിൽ വീണ ശാന്തകുമാരിയ്ക്ക്, അയാളുടെ വിവാഹ വാഗ്ദാനം സ്വീകരിയ്ക്കാൻ മടി ഉണ്ടായില്ല. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്താമെന്നും, തന്റെ മാതാപിതാക്കൾ അവിടെ കാത്തു നിൽക്കുമെന്നും അയാൾ അറിയിച്ചു. വീട്ടിൽ സൂക്ഷിച്ചിരുന്ന 20 പവൻ സ്വർണവും കുറച്ചു പണവുമായാണു അവൾ പോയത്.

മൂകാംബികയിലെത്തിയ മോഹൻ കുമാറും ശാന്തകുമാരിയും ഒരു ലോഡ്ജിൽ താമസിച്ചു. പിറ്റേന്ന് രാവിലെ ക്ഷേത്ര ദർശനത്തിനായി പുറപ്പെടാൻ നേരം, സ്വർണവും പണവും ലോഡ്ജിൽ സൂക്ഷിച്ചാൽ മതിയെന്ന് അയാൾ പറഞ്ഞു. ആ യുവതി അതു സമ്മതിച്ചു. ക്ഷേത്രത്തിനു പിന്നിൽ നടക്കുമ്പോഴാണു മോഹൻകുമാർ പറഞ്ഞത്, ഇന്നലെ നമ്മൾ ബന്ധപ്പെട്ടതിനാൽ ഗർഭ സാധ്യതയുണ്ട്. അതുകൊണ്ട് ഗർഭനിരോധന ഗുളിക കഴിയ്ക്കണം എന്ന്. വിവാഹത്തിനു മുമ്പായി ഗർഭമുണ്ടാകുന്നത് നല്ലതല്ലത്രേ.. അയാൾ നൽകിയ ഗുളിക കഴിയ്ക്കാൻ ശാന്തകുമാരി അല്പം പോലും മടിച്ചില്ല. ഗുളിക ഉള്ളിലെത്തിയതും അവൾ നിലത്തു വീണു, സമയം പാഴാക്കാതെ, മോഹൻ കുമാർ ഓടിക്കളഞ്ഞു. നേരെ ലോഡ്ജിലെത്തിയ അയാൾ സ്വർണവുമെടുത്ത് സ്ഥലം വിട്ടു..

അനിത ബംഗാരെയ്ക്കു സംഭവിച്ചതും ഇതിനു സമാനമായിരുന്നു. അവളുമായി പരിചയം സ്ഥാപിച്ച മോഹൻ കുമാർ വിവാഹ വാഗ്ദാനം നൽകി. “കമ്പനി എക്സിക്യൂട്ടീവാ“യ അയാളെ വിവാഹം ചെയ്യാനായി വീട്ടിൽ നിന്നും ഉണ്ടായിരുന്ന സ്വർണവുമെടുത്ത് ആരോടും പറയാതെ അവൾ പോയി. മൈസൂർ നഗരത്തിലേയ്ക്കാണു അവളെയും കൊണ്ട് അയാൾ പോയത്. ഒരു ലോഡ്ജിൽ ഒന്നിച്ചു താമസിച്ചു. പിറ്റേന്ന് അവളെയും കൂട്ടി ‘വീട്ടിലേയ്ക്ക്” പോകാനായി മൈസൂരു ബസ്സ്റ്റാൻഡിൽ എത്തി. അവളുടെ ആഭരണങ്ങളും ഫോണുമെല്ലാം കൈയിലുള്ള ബാഗിലാണുള്ളത്. അപ്പോഴാണു അയാൾ പറഞ്ഞത്, ഇന്നലെ ബന്ധപ്പെട്ടതിനാൽ ഗർഭസാധ്യത ഉണ്ടെന്ന്. അത് ഇല്ലാതാക്കാനായി അയാൾ രണ്ട് “ഗർഭനിരോധന” ഗുളികകൾ നൽകി. ഇതു കഴിച്ചാൽ ചിലപ്പോൾ ഛർദ്ദിയ്ക്കാൻ സാധ്യതയുള്ളതിനാൽ ബസ്റ്റാൻഡിലെ ടോയിലറ്റിൽ പോയി കഴിച്ചാൽ മതിയെന്ന് അയാൾ പറഞ്ഞു.

ആ പാവം യുവതി തന്റെ ബാഗ് അയാളെ ഏല്പിച്ചിട്ട് ടോയിലറ്റിൽ പോയി. ഗുളിക ഉള്ളിൽ ചെന്ന നിമിഷം തന്നെ അവൾ മരണപ്പെട്ടു. മോഹൻ കുമാർ ഉടൻ തന്നെ സ്ഥലം വിടുകയും ചെയ്തു. ടൊയിലറ്റിൽ നിന്നും കണ്ടെടുത്ത യുവതിയുടെ ജഡം പോസ്റ്റു മോർട്ടം ചെയ്തപ്പോൾ സയനൈഡ് ഗുളിക കഴിച്ചതാണെന്നു മനസ്സിലായി. ജീവിത നൈരാശ്യം മൂലം ആത്മഹത്യ ചെയ്തവരിൽ ഒരാൾ കൂടിയായി പൊലീസിന്റെ കണക്കിൽ. തിരിച്ചറിയപ്പെടാത്ത ആ യുവതിയുടെ ജഡം എവിടെയോ മറവു ചെയ്യപ്പെട്ടു.

ഇങ്ങനെ മൊത്തം 20 കൊലപാതകങ്ങളാണു മോഹൻ കുമാറിനെ ചോദ്യം ചെയ്തതിൽ നിന്നും വെളിയിലായത്. വിനുത, ശാരദ, ശശികല, ബേബി നായിക്ക്, അനിത, ഹേമ, വിജയ ലക്ഷ്മി, യശോദ, പുഷ്പ, സുനന്ദ….. ആ പട്ടിക അങ്ങനെ നീളുന്നു. എല്ലാം പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാഭ്യാസം കുറഞ്ഞ വനിതകൾ. ഒരു ജീവിതം മോഹിച്ച് കാമുകന്റെ വാക്കു വിശ്വസിച്ച് ഇറങ്ങി തിരിച്ചവർ. എല്ലാവരുടെയും വിധി ഒന്നു തന്നെയായിരുന്നു.

49 കാരനായ മോഹൻ കുമാർ മൂന്നു വിവാഹം ചെയ്തിരുന്നു. ആദ്യ വിവാഹം ഒഴിവായ ശേഷം രണ്ടു വിവാഹം ചെയ്തു. രസകരമായ കാര്യം, രണ്ടു ഭാര്യമാർക്കും തങ്ങൾ ഒരേ ആളെയാണു വിവാഹം ചെയ്തതെന്ന് അറിയില്ലായിരുന്നു എന്നതാണ്. ഉപ്പളയിലുള്ള മഞ്ജുള, സൌത്ത് കാനറയിലുള്ള ശ്രീദേവി എന്നിവരായിരുന്നു അവർ. രണ്ടു പേർക്കും രണ്ടു മക്കൾ വീതം. സ്വന്തം വീടുകളിലാണു താമസം. ഭർത്താവിനു ദൂരെയാണു ജോലി എന്നതുകൊണ്ട് എല്ലാ ദിവസവും എത്താറില്ലായിരുന്നു. വീട്ടിലെത്തിയാൽ വളരെ മര്യാദക്കാരനായ അയാളെ പോലീസ് അറസ്റ്റു ചെയ്തു എന്നറിഞ്ഞപ്പോൾ വിശ്വസിയ്ക്കാൻ തയ്യാറല്ലായിരുന്നു രണ്ടു പേരും.

പൊലീസ് വിശദമായ അന്വേഷണത്തിനൊടുവിൽ മോഹൻ കുമാറിനെതിരെ കുറ്റപത്രം തയ്യാറാക്കി. ദൃക്സാക്ഷികൾ ആരുമില്ല എന്നത് ഒരു പോരായ്മയായിരുന്നു. കൂടുതൽ അന്വേഷനത്തിൽ മോഹൻ കുമാറിന്റെ മരണ വലയിൽ നിന്നും കഷ്ടിച്ചു രക്ഷപെട്ട ഒരു ഇരയെ അവർ കണ്ടെത്തി. വിവാഹം വാഗ്ദാനം ചെയ്ത്, പ്രലോഭിപ്പിച്ച് മടിക്കേരിയിലെ ഒരു ലോഡ്ജിലെത്തിച്ച ആ യുവതിയെ അയാൾ ഉപയോഗിച്ചു. പതിവു പോലെ ബസ്റ്റാൻഡിൽ എത്തിച്ച ശേഷം ഗുളിക നൽകി, ടോയിലറ്റിലേയ്ക്കു പറഞ്ഞു വിട്ടു. ഗുളിക വിഴുങ്ങുന്നതിനു പകരം അവൾ അതിലൊന്നു നക്കുക മാത്രമേ ചെയ്തുള്ളു. ഉടൻ നിലത്തു വീണു. മോഹൻ കുമാർ മുങ്ങുകയും ചെയ്തു.

ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കപ്പെട്ട അവൾ രക്ഷപെട്ടു. ആത്മഹത്യാ ശ്രമം എന്ന വ്യാഖ്യാനം അവൾ തിരുത്തിയില്ല. ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ നാട്ടിൽ തിരികെയെത്തി. മൂന്നു മാസങ്ങൾക്കു ശേഷം അവളുടെ വിവാഹവും നടന്നു. പൊലീസ് രഹസ്യമായി അവളെ ബന്ധപ്പെട്ടു. കേസിന്റെ പ്രധാന്യം ബോധ്യപ്പെടുത്തി. അവളുടെ ഭർത്താവോ വീട്ടുകാരോ അറിയാതെ, മൊഴി നൽകാനുള്ള സൌകര്യം ഏർപ്പെടുത്താമെന്നു പറഞ്ഞു. അങ്ങനെ തന്നെ ചതിച്ചവനെതിരെ മൊഴി നൽകാൻ അവൾ തയ്യാറായി.

മോഹൻ കുമാറിനു സയനൈഡ് സപ്ലൈ ചെയ്തുകൊണ്ടിരുന്ന ആളെ പൊലീസ് പൊക്കി. അബ്ദുൾ സലാം എന്നൊരു കെമിക്കൽ ഡീലറായിരുന്നു അത്. അറസ്റ്റുചെയ്യപ്പെട്ട അയാൾ, മോഹൻ കുമാർ ഒരു സ്വർണ വ്യാപാരി ആയിട്ടാണു താനുമായി ഇടപാടു നടത്തിയതെന്നു പറഞ്ഞു. സ്വർണവ്യവസായത്തിലെ പ്രധാന ഘടകമാണു പൊട്ടാസ്യം സയനൈഡ്. എന്നാൽ പൊട്ടാസ്യം സൈനയിഡ് വിൽക്കാൻ അബ്ദുൽ സലാമിനു ലൈസൻസ് ഇല്ലായിരുന്നു. എന്തായാലും പൊലീസ് അയാളെ കേസിൽ മാപ്പു സാക്ഷിയാക്കി.

മറ്റൊരു സാക്ഷി, മംഗലാപുരം അന്നപൂർണേശ്വരി ക്ഷേത്രത്തിലെ ഈശ്വർ ഭട്ട് എന്നൊരു പുരോഹിതനായിരുന്നു. ഒരിയ്ക്കൽ ഭട്ടിന്റെ മുന്നിൽ വന്ന് ഒരാൾ ഒരു പാപപരിഹാര പൂജ ചെയ്യുവാൻ ആവശ്യപ്പെട്ടിരുന്നു. താൻ അറിയാതെ ഒരു സ്ത്രീയെ കൊലപ്പെടുത്തിയെന്നും അതിനുള്ള പരിഹാര പൂജകൾ ചെയ്തു തരണമെന്നുമാണു അയാൾ അപേക്ഷിച്ചത്. ആദ്യമൊന്നു മടിച്ചെങ്കിലും പിന്നെ ഭട്ട് പൂജ ചെയ്തുകൊടുത്തു. പിന്നീട് മോഹൻ കുമാറിന്റെ അറസ്റ്റിനു ശേഷം ചിത്രങ്ങൾ പുറത്തു വന്നപ്പോഴാണു, തന്റെ മുന്നിൽ പൂജയ്ക്കു വന്നയാൾ ഇയാൾ തന്നെയെന്നു ഭട്ടിനു മനസ്സിലായത്. ഭട്ട് നേരിട്ട് പൊലീസിനെ വിവരം അറിയിയ്ക്കുകയായിരുന്നു. പ്രധാനപ്പെട്ട ഈ മൂന്നു സാക്ഷികളോടൊപ്പം മറ്റ് 46 സാക്ഷികളെയും കൂടി ഉൾപ്പെടുത്തി, ഇരുപതു കേസുകളുടെ കുറ്റപത്രം മാംഗ്ലൂർ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ സമർപ്പിയ്ക്കപ്പെട്ടു.

തന്റെ കേസ് സ്വയം വാദിയ്ക്കാനാണു മോഹൻ കുമാർ തീരുമാനിച്ചത്. താൻ ഇരകൾക്ക് സൈനൈഡ് നൽകി കൊലപ്പെടുത്തി എന്നതിനു കൃത്യമായ തെളിവുകളൊന്നുമില്ല എന്നാണു അയാൾ വാദിച്ചത്. എന്നാൽ അബ്ദുൾ സലാമിന്റെ മൊഴി നിർണായകമായ ഒരു തെളിവായിരുന്നു. മോഹൻ കുമാറിന്റെ മരണവലയിൽ നിന്നും രക്ഷപെട്ട യുവതി വീഡിയൊ കോൺഫറൻസിംഗ് വഴി രഹസ്യമായാണു സാക്ഷി മൊഴി നൽകിയത്. യുവതികളുടെ മരണത്തോടനുബന്ധിച്ച ദിവസങ്ങളിൽ ഒന്നും മോഹൻ കുമാർ താൻ ജോലി ചെയ്യുന്ന സ്കൂളിൽ ഹാജരില്ലായിരുന്നു എന്നതും അയാൾക്കെതിരെ നിർണായകമായ തെളിവായി..

പ്രതി ചെയ്തത് മാപ്പർഹിയ്ക്കാത്ത കുറ്റമാണെന്നും വധശിക്ഷ നൽകണമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ചെയബ്ബ ബീയരി ആവശ്യപ്പെട്ടു. താൻ കുറ്റം ചെയ്തിട്ടില്ലെന്നും വൃദ്ധരായ മാതാപിതാക്കൾക്ക് താൻ മാത്രമേ ആശ്രയമുള്ളു എന്നും മോഹൻ കുമാർ തന്നെ വെറുതെ വിടണമെന്നും മോഹൻ കുമാർ അപേക്ഷിച്ചു.

2013 ഡിസംബർ 17 നു, അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ബി കെ നായക് , അനിത, ലീലാവതി സുനന്ദ എന്നിവരുടെ കേസിൽ മോഹൻ കുമാർ കുറ്റക്കാരനെന്നു കണ്ടെത്തി. ലോക്കൽ പൊലീസിന്റെ അനാസ്ഥയും പാവപ്പെട്ടവരുടെ കാര്യത്തിൽ കാണിയ്ക്കുന്ന അവഗണനയുമാണു ഇതുപോലൊരു ക്രൂരന്റെ വലയിൽ പെട്ട് ഇത്രയും നിരപരാധികൾ കൊല്ലപ്പെടാൻ ഇടയാക്കിയതെന്ന് കോടതി നിരീക്ഷിച്ചു. കൃത്യമായ അന്വേഷണമോ വിവരങ്ങൾ കൈമാറലോ ചെയ്യാതെ പൊലീസ് കൈകഴുകുകയായിരുന്നു ഓരോ കേസിലും. പൊലീസിന്റെ ഈ നടപടികളെ കോടതി നിശിതമായി വിമർശിച്ചു. 2013 ഡിസംബർ 21 നു മോഹൻ കുമാറിനെ തൂക്കിക്കൊല്ലാൻ വിധിച്ചു.

കടപ്പാട് : ബിജുകുമാർ ആലക്കോട്

No comments:

Post a Comment