antech

antech

Saturday, January 18, 2020

🔰സദ്ദാം തീയിട്ട എണ്ണക്കിണറുകൾ..

സദ്ദാം തീയിട്ട എണ്ണക്കിണറുകൾ..
ഇരുപത്തിയേഴ് വർഷങ്ങൾക്ക് മുൻപ്   ഒരു  ജനുവരിയിലാണ് സദ്ദാം  ഹുസൈന്റെ  ആജ്ഞപ്രകാരം  ഇറാഖി സൈന്യം  ചരിത്രം കണ്ട ഏറ്റവും വലിയ  മനുഷ്യനിർമിത പരിസ്ഥിതി ദുരന്തത്തിന്   തീ കൊളുത്തിയത് . കുവൈത്ത് ഇറാഖ്  യുദ്ധസമയത്ത് ലോകത്തിലെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിള്‍ ഒന്നായ കുവൈത്തിലെ ബുര്‍ഗാന്‍ ഓയില്‍ ഫീല്‍ഡില്‍  ഉള്‍പ്പടെ   എഴുനൂറില്‍ അധികം വരുന്ന   എണ്ണക്കിണറുകള്‍ക്കും   എണ്ണപ്പാടങ്ങള്‍ക്കും  സ്റ്റോറേജ് ടാങ്കുകള്‍ക്കും   അനുബന്ധ സങ്കേതങ്ങള്‍ക്കും     തീയിട്ടാണ് സദ്ദാം തന്‍റെ  ധാര്‍ഷ്ട്യം  കാണിച്ചത്. കുവൈത്തില്‍ നിന്ന്  പിന്‍വാങ്ങുന്നതിനു  മുന്‍പ് കഴിയുന്നത്ര കുവൈത്തിന്‍റെ എണ്ണസമ്പത്ത്  നശിപ്പിക്കുക, കുവൈത്തില്‍ സര്‍വനാശം വിതക്കുക  എന്നതായിരുന്നു  സദ്ദാമിന്റെ  ലക്‌ഷ്യം.

ഏതാണ്ട് നാലുമുതല്‍ ആറു മില്ല്യന്‍ ബാരല്‍ ക്രൂഡോയിലാണ് ഓരോദിവസവും വെല്‍ ഹെഡ്കള്‍ക്ക്   മുകളില്‍ കത്തിയമര്‍ന്നത്  എന്നാണ്  കണക്കുകള്‍ പറയുന്നത്. ആകെ  കത്തി  നശിച്ചത് ഏതാണ്ട്  ഒരു  ബില്ല്യന്‍  ബാരലും, തീയണച്ചില്ല എങ്കില്‍ ഇവ മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെ തുടര്‍ച്ചയായി കത്താനുള്ള സാധ്യതയാണ് വിദഗ്ധര്‍ കണക്കുകൂട്ടിയത്. തീനാളങ്ങള്‍ തുപ്പിയ കറുത്ത പുകമറ കിലോമീറ്ററുകളോളം സൂര്യനെ മറച്ചു, തീനിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന നിയന്ത്രണാതീതമായ പരിസ്ഥിതി നാശത്തെയും  ദുരന്തത്തെപ്പറ്റിയും World Climate Conference മുന്നറിയിപ്പ്  നല്‍കി, തുടര്‍ന്ന്  ലോകരാജ്യങ്ങളുടെ സഹായത്തോടെ  ചരിത്രം കണ്ട ഏറ്റവും വലിയ ദുരന്തനിവാരണങ്ങളില്‍ ഒന്നിനായി കുവൈത്ത് തയാറായി. കണ്‍സ്ട്രക്ഷന്‍ ഭീമനായ  Bechtel, ഫയര്‍ ഫൈറ്റിംഗ് സ്പെഷ്യലിസ്റ്റുകളായ  Safety Boss,  Boots and Coots, Wild Well Control എന്നിങ്ങനെ ലോകത്തിന്റെ പലഭാഗത്തുനിന്നുമുള്ള നിരവധി  വിദഗ്ദരും, എക്സ്പ്ലോസീവ് / ഡീ മൈനിംഗ് എക്സ്പെര്‍ട്ടുകളും  അടങ്ങുന്ന വലിയൊരു ടീം   അതിസങ്കീര്‍ണ്ണവും അങ്ങേയറ്റം അപകടം നിറഞ്ഞതുമായ ഈ  ദൌത്യതിനായി കരാറില്‍ ഏര്‍പ്പെട്ടു . ടണ്‍ കണക്കിനു ഡ്രൈ കെമിക്കല്‍ പൌഡറും, ഫയര്‍ ഫൈറ്റിംഗ് എക്വിപ്മെന്റുകളും, മെഷീനറിയും, വാഹനങ്ങളും കടല്‍ മാര്‍ഗവും , വായുമാര്‍ഗവും കുവൈത്തിലെത്തി. 

തീയുടെ  സ്വഭാവവും തീവ്രതയും അനുസരിച്ച് ഓരോ  കമ്പനികള്‍ തീയണക്കാന്‍ വിവിധ മാര്‍ഗങ്ങള്‍  ഉപയോഗിച്ചു, ചിലയിടങ്ങളില്‍ ഗ്യാസ് ടര്‍ബൈനുകള്‍ ഉപയോഗിച്ച് അതിശക്തമായ പ്രഷറില്‍ വെല്‍ ഹെഡിംലേക്ക്   കടല്‍ വെള്ളം  പമ്പുചെയതു, ചിലയിടത്ത്  ഡ്രൈ കെമിക്കലുകള്‍ സ്പ്രേ  ചെയ്തു, ചിലയിടത്ത് ശക്തിയേറിയ ഡൈനമിറ്റുകള്‍ പൊട്ടിച്ച് അതുമൂലമുണ്ടാകുന്ന ഷോക്ക് വേവ്സിന്റെ  സഹായത്താല്‍  ഓക്സിജന്റെ ലഭ്യത ഇല്ലാതാക്കി  തീയണച്ചു. മുഴുവന്‍ തീയുടെ തൊണ്ണൂറ് ശതമാനവും അണച്ചത് വെറും കടല്‍ വെള്ളം  സ്പ്രേ ചെയ്ത് മാത്രമാണ്,  മരുഭൂമിയില്‍ തീയണക്കാനുള്ള വെള്ളം എത്തിക്കുക എന്ന വലിയ തലവേദന പരിഹരിച്ചത് , ഓയില്‍ പമ്പ് ചെയ്യുന്ന പൈപ്പുലൈനുകളിലൂടെ തിരികെ വെള്ളം പമ്പ് ചെയ്യുക എന്ന ചെറിയൊരു ബുദ്ദിയിലൂടെയാണ്, അതുമൂലം തന്നെ വലിയൊരു  തുക ലാഭിക്കുകയും ചെയ്തു. 

അങ്ങനെ മാസങ്ങള്‍ നീണ്ട വിശ്രമമില്ലാത്ത കഠിനാധ്വാനത്തിനും, നിശ്ചയധാർട്ട്യത്തിനും, ടെക്നിക്കല്‍/, മാനെജിമെന്റ്റ് സ്കില്ലുകള്‍ക്കും,   സാങ്കേതിക വിദ്യകള്‍ക്കും   മുന്‍പില്‍    ഓരോ തീക്കൂനകളും മരിച്ചുവീണു, ഒടുവില്‍ നവംബര്‍ 6,  10.16 ന് കനേഡിയന്‍ കമ്പനിയായ  Safety Boss  രണ്ടാഴ്ചത്തെ പ്രയത്നത്തിനൊടുവില്‍ ഡ്രൈ കെമിക്കല്‍ പൌഡര്‍ ഫയര്‍ ചെയ്ത്  അവസാനത്തെ  തീനാളവും അണച്ചു. 

ഭൂമിയിലേക്കും കടലിലേക്കും ഒഴുകിയ ഓയില്‍ സംയുക്തങ്ങളും, കത്തിയമര്‍ന്ന   പുകയും പരിസ്ഥിതിക്കുണ്ടാക്കിയ നാശം വളരെ വലുതാണെങ്കിലും, സമയോജിതമായ ഇടപെടല്‍ മൂലം വരാന്‍ ഇരുന്ന അധിക ദുരന്തങ്ങളില്‍ നിന്ന് ലോകം രക്ഷപെട്ടു. തീയെ വരുതിയിലാക്കാനും, അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം  ചെയ്യാനും 1.5 ബില്ല്യന്‍ ഡോളര്‍ ചിലക്കാക്കി എന്നാണ് കണക്ക്,
 
മനുഷ്യനിർമിതമായ  ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളില്‍ ഒന്നായാണ് ഈ സംഭവത്തെ  രേഖപ്പെടുത്തിയിരിക്കുന്നത്. ചെളിയും  എണ്ണയും  കുഴഞ്ഞു കലര്ന്ന  തടാകങ്ങളും, മണ്ണും എണ്ണയും കൂടിക്കലര്‍ന്ന ഭൂമിക്കുമുകളില്‍ ഉണ്ടാക്കിയ പാളികളും ബുര്‍ഗാനിന്റെ  മണ്ണില്‍  ചരിത്രം അവശേഷിപ്പിച്ച അടയാളങ്ങളായി ഇപ്പോഴും കാണാം.

സ്മരിക്കേണ്ടതും പ്രശംസിക്കെണ്ടതും അവരെയാണ്,   ഈ ദുരന്തമുഖത്ത് തീയണക്കാന്‍ പ്രയത്നിച്ചവരെ, "Operation Desert Hell" എന്നാണ് അവര്‍ തങ്ങളുടെ ദൌത്യത്തെ വിളിച്ചത്. ഈ ദൌത്യവേളയില്‍  പ്രശസ്ത  ഫ്രഞ്ച്-ബ്രസീലിയന്‍ ഫോട്ടോഗ്രാഫറായ Sebastião Saldago പകര്‍ത്തിയ ചിത്രങ്ങള്‍ 'Kuwait: A Desert on Fire' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ഈ  ചിത്രങ്ങള്‍ മാത്രം മതിയാവും അവരനുഭവിച്ച ദുരിതങ്ങളുടെ ആഴം മനസിലാക്കാന്‍. Sebastião അവരെ അടയാളപ്പെടുത്തിയത് ഇങ്ങനെയാണ് "“Covered head to foot in oil, they moved like phantoms through the gloom”. 

 നരകത്തിനു നടുവില്‍, എവിടെ തുടങ്ങണമെന്നോ  എവിടെ അവസാനിപ്പികണമെന്നോ  യാതൊരു നിശ്ചയവും ഇല്ലാത്ത, യാതൊരു മാര്‍ഗ്ഗരേഖകളും ഇല്ലാത്ത, ആശയവിനിമയമാധ്യമങ്ങള്‍ ഇല്ലാത്ത , വേണ്ടത്ര ഭക്ഷണമോ, താമസ സൌകര്യമോ ഇല്ലാത്ത, തീയണക്കാന്‍ വെള്ളം പോലും ലഭ്യമല്ലാത്ത  കൊടും മരുഭൂമിയില്‍ കിണറില്‍ നിന്നും  അണപൊട്ടി ഒഴുകുന്ന ഓയിലിനുള്ളിള്‍ അടിമുടി മുങ്ങി,  നിലത്തു കുഴിച്ചിട്ടിരിക്കുന്ന ലാന്‍റ്  മൈനുകളെ ഭയന്ന്, ആളിപ്പടരുന്ന തീയെ വരുതിയിലാക്കുക എന്നത് എത്രത്തോളം ഭയാനകമായ ദൌത്യമാണ് എന്നത് വിശദീകരണങ്ങള്‍ക്കും   അപ്പുറമാണ്. അതുകൊണ്ടാണ് ചരിത്രം ഈ ദൌത്യത്തെ അടിവരയിട്ട് അടയാളപ്പെടുതുന്നതും.

No comments:

Post a Comment