"അദ്ധ്വാനിക്കുന്നോർക്കും ഭാരം ചുമക്കുന്നോർക്കും അത്താണിയായുള്ളോനേ
കർത്താവേ യേശുനാഥാ..."
സ്നേഹസീമ എന്ന ചിത്രത്തിനുവേണ്ടി അഭയദേവ് വരികളെഴുതി ദക്ഷിണാമൂർത്തി ഈണം നൽകി പി. ലീല ആലപിച്ച പ്രശസ്തമായ ഗാനത്തിലെ വരികൾ ആണിത്. സിനിമയെ കുറിച്ചല്ല അത്താണിയെക്കുറിച്ചാണ് പറയാൻ ഉദ്ദേശിക്കുന്നത്.
ഒരു വലിയ കാലഘട്ടത്തിന്റെ അവശേഷിപ്പുകളാണ് #അത്താണികൾ. അഥവാ #ചുമടുതാങ്ങികൾ. ഒരു കാലഘട്ടത്തിന്റെ മുഴുവൻ ചുമട് താങ്ങിയ ആ കല്ലുകൾ ഇന്ന് വിസ്മൃതിയിലേക്ക് ആണ്ട് തുടങ്ങിയിരിക്കുന്നു.
യന്ത്ര വാഹനങ്ങൾ ഇല്ലാത്ത കാലത്ത് തലച്ചുമടായി ആയിരുന്നു ചരക്കുകൾ പല നാടുകളിലേക്ക് എത്തിച്ചിരുന്നത്. കാള വണ്ടികളും ഉണ്ടായിരുന്നു എങ്കിലും ചരക്ക് ഗതാഗതത്തിന്റെ വലിയൊരു പങ്ക് തലച്ചുമടായി നടന്നിരുന്നു. ഇങ്ങനെ ദീർഘദൂരം തലച്ചുമടായി കൊണ്ടുപോകുമ്പോൾ പരസഹായമില്ലാതെ ആ ചുമടിറക്കി വെച്ച് വിശ്രമിക്കാനുള്ള ഇടമായിരുന്നു അത്താണികൾ. അതത് നാട്ടുരാജാക്കൻമാരും നാട്ടുപ്രമാണിമാരും ആണ് അത്താണികൾ സ്ഥാപിച്ചിരുന്നത്. വലിയ തണൽ മരങ്ങളുടെ ചുവട്ടിൽ ആണ് അത്താണികൾ ഉണ്ടാകാറ്. തലയിലെ ഭാരം ഇറക്കി വയ്ക്കുന്നതിനൊപ്പം ദാഹം തീർക്കാൻ ഉള്ള തണ്ണീർപ്പന്തൽ ഉം അവിടെ ഉണ്ടായിരുന്നു. കാലക്രമേണ അത്താണികൾ നിലനിന്നിരുന്ന സ്ഥലങ്ങൾ കച്ചവടകേന്ദ്രങ്ങൾ ആയി. അങ്ങനെയാണ് ആ സ്ഥലങ്ങൾക്ക് അത്താണി എന്ന പേര് ലഭിച്ചത്.
തൃശ്ശൂർ, പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളിൽ ദേശീയ പാതയോരങ്ങളിലും മറ്റും ധാരാളം അത്താണികൾ ഉണ്ടായിരുന്നു. അന്നത്തെ പ്രധാനം പാതയാണ് ദേശീയ പാതയും സംസ്ഥാന പാതയും ഒക്കെയായി വികസിച്ചത്. തമിഴ്നാടും മലബാറും, കൊച്ചിയുമായി വ്യാപാരബന്ധം നിലനിന്നിരുന്ന പാതയായിരുന്നു ഇത്. ഇങ്ങനെ ചുമടുകൾ കൊണ്ട് പോകുമ്പോൾ ദേശാതിർത്തിയിൽ കരം പിരിക്കാൻ ചുങ്കങ്ങളും ഉണ്ടായിരുന്നു. അത്താണി എന്ന പേരുപോലെ തന്നെ ചുങ്കം എന്ന സ്ഥലപ്പേരും കാണാം. ഉദാ വേലൂർ ചുങ്കം (തൃശ്ശൂർ )
ഏതാണ്ട് ആറടി നീളമുള്ള നീളൻ കരിങ്കല്ലുകൾ സമാന്തരമായി കുഴിച്ചിടുന്നു. ഒരാൾ പൊക്കത്തിൽ അവയ്ക്ക് കുറുകെ മറ്റൊരു കരിങ്കൽ കഷണം സ്ഥാപിക്കുന്നു. ഇതാണ് സാധാരണയായി കണ്ടുവരുന്നത്. ഒറ്റക്കല്ലിൽ തീർത്ത ചുമടു താങ്ങികളും അപൂർവ്വമല്ല. വെട്ടു കല്ലിൽ ഉള്ള അത്യപൂർവം ഒറ്റക്കൽ ചുമടു താങ്ങികളും ഉണ്ട്.
കേരളത്തിലെ മിക്ക ജില്ലകളിലും അത്താണി എന്ന് പേരായ ഒരു സ്ഥലമെങ്കിലും ഉണ്ടാകും.
മലപ്പുറം - പാലക്കാട് അതിർത്തിയിലെ കരിങ്കല്ലത്താണി എന്ന സ്ഥലം ഏറെ പ്രസിദ്ധമാണ്. കൊല്ലവർഷം 1055 മകരം 22 ന് (1879 Dec) പനമണ്ണ കയറട്ട കിഴക്കെതിൽ പറങ്ങോടൻ നായർ എന്ന വ്യക്തിയാണ് ഈ അത്താണി സ്ഥാപിച്ചത് എന്ന സൂചനകൾ ഉണ്ട്. ഇത്തരത്തിൽ മിക്കവാറും അത്താണി കളിൽ സ്ഥാപിച്ച വർഷവും, ആളുടെ പെരും കൊത്തി വച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിൽ നെടുമ്പാശ്ശേരി പഞ്ചായത്തിൽ അത്താണി എന്ന ഗ്രാമം ഉണ്ട്. പാലക്കാട് പട്ടാമ്പി യിൽ കളിമൺപാത്ര വ്യവസായം അതിന്റെ പാരമ്യത്തിൽ ആയിരുന്ന കാലത്ത് കളിമണ്ണും, മൺ പാത്രങ്ങളും ഒക്കെ ഇറക്കി വെക്കാനായി വാടാനം കുറിശ്ശി, ഷോർണ്ണൂർ, നിലമ്പൂർ പാതയിൽ ധാരാളം അത്താണികൾ ഉണ്ടായിരുന്നു.
തൃശ്ശൂർ വടക്കാഞ്ചേരി ഭാഗത്ത് അത്താണി എന്ന ഒരു സ്ഥലമുണ്ട്.
റോഡ് വികസനത്തിന്റെ ഭാഗമായി ഇതെല്ലാം പറിച്ചു കളയപ്പെടുകയാണ്. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി എവിടെയെങ്കിലും സംരക്ഷിക്കാൻ നടപടികൾ എടുക്കേണ്ടതുണ്ട്. മഹാശിലാ സംസ്കാരത്തിന്റെ ഭാഗമായ 2000 - 4000 വർഷം മുൻപുള്ള ചരിത്രത്തിന്റെ അമൂല്യ നിധികളായ കുടക്കല്ലുകൾ പോലും അർഹമായ പ്രാധാന്യത്തോടെ സംരക്ഷിക്കപെടുന്നില്ല എന്ന സത്യം വിസ്മരിക്കുന്നില്ല. പലതും കാട് പിടിച്ചു കിടക്കുന്നത് കൊണ്ട് മാത്രം നശിപ്പിക്കപ്പെടാതെ നിൽക്കുന്നു.
ഗുരുവായൂർ ക്ഷേത്രപരിസരത്ത് ഒരെണ്ണം ഉണ്ട്. അതാണ് ചിത്രത്തിൽ..
അത്താണികൾ വെറും കരിങ്കല്ലല്ല. കരുതലിന്റെ യും കരുണയുടെയും നന്മ യുടെയും സ്മരണകൾ കൂടിയാണ്.
No comments:
Post a Comment