antech

antech

Wednesday, October 13, 2021

ടെലഗ്രാഫ് _കാലം കവർന്ന കമ്പിയില്ലാക്കമ്പി

ഒരു കാലത്ത് നാട്ടിൻപുറങ്ങളിൽ കമ്പി വരിക എന്നു വച്ചാൽ എന്തോ അത്യാഹിതം സംഭവിച്ചപോലെയായിരുന്നു. പലപ്പോഴും ദൂരെ നിന്നുള്ള മരണ വാർത്തകൾ ബന്ധുക്കളെ പെട്ടെന്നു തന്നെ അറിയിക്കാനാണ്‌ ഇതു കൂടുതലായും ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് നാട്ടിൻപുറങ്ങളിൽ കമ്പിശിപായി എത്തിയാൽ ആ വാർത്ത കാട്ടുതീ പോലെ പടർന്നെത്തുമായിരുന്നു. ഇംഗ്ലീഷ് വായിക്കാനറിയാതിരുന്ന നാട്ടിൻപുറത്തുകാർ കമ്പിയിലെ വാർത്ത തെറ്റി വായിച്ച് തമാശകളും ദുരിതങ്ങളും സംഭവിച്ചുപോയ കഥകളും വിരളമല്ല. 

ഇന്നത്തെപ്പോലെ ഇ മെയിലും, ഫോണുമൊന്നും പ്രചാരത്തിലില്ലാത്ത കാലത്ത് അടിയന്തിര സന്ദേശങ്ങള്‍ അറിയിക്കാന്‍ ഉപയോഗിച്ച സാങ്കേതിക വിദ്യായിരുന്നു ടെലിഗ്രാഫ്. ടെലി എന്നാല്‍ അകലെ എന്നും, ഗ്രാഫിന്‍ എന്നാല്‍ എഴുതുക എന്നുമാണ് അര്‍ത്ഥം. അകലെ നിന്ന് എഴുതുന്നതിനെയാണ് ടെലിഗ്രാഫ് / ടെലിഗ്രാം എന്നു പറയുന്നത്.  ഫാക്സ്മെഷീന്റെ കണ്ടുപിടിത്തത്തിന് മുമ്പ് ഏറ്റവും വേഗമേറിയ ആശയവിനിമയോപാധിയായിരുന്നു ടെലിഗ്രാം. 

 മരണ വാര്‍ത്ത അറിയിക്കാനാണ് സാധാരണക്കാരന്‍ മിക്കവാറും കമ്പിയെ സമീപക്കാറ് എന്ന് പറഞ്ഞുവല്ലോ.  അതുകൊണ്ടുതന്നെ ചിലര്‍ കമ്പി സന്ദേശം കൈപ്പറ്റാന്‍ തയ്യാറാവില്ല. നാട്ടിന്‍ പുറങ്ങളിലെ വീടുകളില്‍ കമ്പി സന്ദേശം വന്നാല്‍ സന്ദേശം എത്തിക്കാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വരുമ്പോള്‍ തന്നെ അദ്ദേഹത്തെ ഒരുകൂട്ടം ആളുകള്‍ അനുഗമിക്കുമായിരുന്നു. കാരണം കമ്പി നല്ല വാര്‍ത്തയായിരിക്കില്ല. മാത്രവുമല്ല സന്ദേശം കൈപ്പറ്റുന്നതിനുമുന്നെ വീട്ടുകാര്‍ കരയാന്‍ തുടങ്ങും. എന്നത് മറ്റൊരു തമാശ. അക്കാലത്ത് അത് തമാശയായിരുന്നില്ല എന്നത് നാം ഓര്‍ത്താല്‍ അതിന്റെ ഗൌരവം മനസ്സിലാവും. ഒരു വീട്ടില്‍ കമ്പി വന്നാല്‍ എത്രയോ അകലെവരെയുള്ള വീടുകളിലും, ആളുകളിലും കമ്പി വന്ന വിവരം അറിയും. അതായിരുന്നു അന്നത്തെ ഐക്യം.  
ആശംസകൾ അറിയിക്കുന്നതിനും ടെലിഗ്രാം അയച്ചിരുന്നെങ്കിലും കൂടുതലും മരണ അറിയിപ്പുകളായിരുന്നു. വിവാഹം, ദീപാവലി, ഈദ്, ക്രിസ്മസ് ആശംസകളും ടെലിഗ്രാമിലൂടെ നൽകിയിരുന്നു. പട്ടാളത്തിൽ സേവനം അനുഷ്ഠിക്കുന്നവരുടെ വീടുകളിൽ അടിയന്തര വിവരങ്ങൾ ടെലിഗ്രാം മുഖേനയാണ് ലഭിച്ചിരുന്നത്. 

ഒട്ടേറെ രസകരമായ സംഭവങ്ങള്‍ ടെലിഗ്രാഫുമായിട്ടുണ്ട്. വിവാഹം, മരണം, പ്രസവം  എന്നിങ്ങനെയുള്ള സന്ദേശങ്ങള്‍ പരസ്പരം മാറിപ്പോയ സംഭവങ്ങള്‍ ഒട്ടനവധിയാണ്. ടെലിഗ്രാഫ് ഓഫീസില്‍ വരുന്ന വരുന്ന സന്ദേശങ്ങള്‍ എഴുതിയെടുത്ത് വിലാസക്കാരന് എത്തിക്കുകയാണ് പതിവ്. അംഗീകൃത സന്ദേശങ്ങളുടെ സീലുകള്‍ ടെലിഗ്രാഫ് ഓഫീസുകളില്‍ ഉണ്ടായിരിക്കും. സീലുകള്‍ മാറി അടിച്ചുപോകുമ്പോഴാണ് കൂടുതലായും തമാശകള്‍ ഉണ്ടാവാറ്. വിവാഹം കഴിഞ്ഞതിന് അനുശോചന സന്ദേശമായിരിക്കും ചിലപ്പോള്‍ ലഭിക്കുക. മരിച്ചെന്ന വിവരത്തിന് വിവാഹം കഴിഞ്ഞു എന്ന സന്ദേശവും പഴയകാലത്ത് ചിലര്‍ക്ക് ലഭിച്ചിട്ടുണ്ട്. പ്രസവിച്ചത് ആണ്‍ കുഞ്ഞിനെയാണെങ്കിലും കമ്പി കിട്ടുക പെണ്‍കുഞ്ഞെന്നായിരിക്കും. ചിലപ്പോള്‍ പ്രസവിച്ച സ്ത്രീ മരിച്ചെന്നും സന്ദേശം കിട്ടും.  

വാക്കുകളുടെ  എണ്ണമനുസരിച്ചായിരുന്നു ടെലിഗ്രാമിന് പണം ഈടാക്കിയിരുന്നത്.
ഇതേപ്പറ്റി രസകരമായ ഒരു കഥയുണ്ട്.
പണം ലാഭിക്കാനായി ഒരു നാട്ടിൻപുറത്തുകാരൻ പ്രസവത്തിന് നാട്ടിൽ വന്ന മകളുടെ പ്രസവവിവരം ദൂരെ ജോലിചെയ്യുന്ന മരുമകനെ അറിയിക്കാൻ 
അയച്ച ടെലിഗ്രാം രസകരമായിരുന്നു.
"മാപെ കൊപെ " എന്നായിരുന്നു സന്ദേശം.
"മറിയം പെറ്റു, കൊച്ച് പെണ്ണ് " എന്ന് ചുരുക്കി എഴുതിയതാണ് കക്ഷി. 

അതുപോലെ ഇംഗ്ലീഷിൽ വന്നിരുന്ന ഈ സന്ദേശങ്ങളെ മനസ്സിലാക്കാൻ പലപ്പോഴും ഗ്രാമീണർ ആശ്രയിച്ചിരുന്നത്  പോസ്റ്റ്‌മാസ്റ്ററെയാണ്. എന്നാൽ അവർ സന്ദേശങ്ങളെ പൂർണ്ണമായി മനസ്സിലാക്കാതെ തെറ്റായി മലയാളീകരിച്ചിരുന്നു. ഒരിക്കൽ ഒരാൾക്ക് വന്ന ഒരു സന്ദേശമായിരുന്നു 'What is the condition of Mathachan? "  ഈ ടെലിഗ്രാം എന്താണെന്ന് മനസ്സിലാക്കാൻ വീട്ടിലുണ്ടായിരുന്ന കുട്ടിയെ ഉടൻ പോസ്റ്റ്‌ ഓഫീസിലേക്ക് ഓടിച്ചു വിട്ടു. ടെലിഗ്രാം വായിച്ച പോസ്റ്റ്‌ മാസ്റ്റർ ഒരു സംശയവും കൂടാതെ സന്ദേശം മലയാളീകരിച്ചു. "മത്തച്ചനും  ടെലിഗ്രാം അയച്ച ആളും തമ്മിൽ അവർക്കറിയാവുന്ന ഒരു കണ്ടീഷൻ ഉണ്ട്." അതോർമ്മിപ്പിച്ചതാണ്.
ഈ പരിഭാഷ മറക്കാതിരിക്കാൻ മനസ്സിൽ നൂറ്റൊന്നാവർത്തിച്ച് കുട്ടി വീട്ടിൽ എത്തിച്ചു.
വീട്ടുകാർ ആ കണ്ടിഷൻ എന്തായിരിക്കുമെന്ന് മാസങ്ങളോളം തലപുകച്ചു.  ഒരു ഫലവും ഉണ്ടായില്ലെന്ന് പറയേണ്ടതില്ലല്ലോ. ഈ condition ന്റെ അർത്ഥം കുട്ടി വലുതായി ഇംഗ്ലീഷ് പഠിച്ച ശേഷമാണ് കുട്ടിക്ക് മനസ്സിലായത്. മഞ്ഞപ്പിത്തം വന്ന് അവശനിലയിലായ ഒരാളുടെ ആരോഗ്യ വിവരം അന്വേഷിച്ചുകൊണ്ട് വന്ന സന്ദേശമായിരുന്നു അത് എന്ന്  മനസ്സിലാക്കാൻ നീണ്ട പത്തു വർഷമെടുത്തു. 

1832ല്‍ ഇലക്ട്രിക്സ് ടെലിഗ്രാഫ് കണ്ടുപിടിച്ചത് ബാരോണ്‍ ഷില്ലിങ്ങ് എന്ന ശാസ്ത്രജ്ഞനാണ്. എന്നാല്‍ ‘മോഴ്സ് കോഡ് ’ഉപയോഗിച്ച് സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയുന്ന പരിഷ്ക്കരിച്ച ടെലിഗ്രാഫ് വികസിപ്പിച്ചെടുത്തത് 1836ല്‍ സാമുവല്‍ മോഴ്സാണ്. ഇംഗ്ലീഷ് അക്ഷരങ്ങളെ കുത്തും വരകളും അടങ്ങുന്ന കോഡ് ഭാഷയില്‍ വൈദ്യുതി തരംഗങ്ങളായി മാറ്റി എത്ര ദൂരത്തേക്കും സന്ദേശങ്ങള്‍ അയക്കാമെന്ന് അദ്ദേഹം കണ്ടെത്തി. ഇത് പിന്നീട് മോഴ്സ്കോഡ് എന്നറിയപ്പെട്ടു. 
1844 മെയ് 24 നാണ് സാമുവല്‍ മോഴ്സ് തന്റെ കോഡ് ഉപയോഗിച്ചുള്ള ആദ്യ സന്ദേശം അയച്ചത്. അമേരിക്കയിലെ പഴയ സുപ്രീംകോടതി മുറിയിലിരുന്ന് ബാരൾട്ടിമൂറിലുള്ള തന്റെ സഹപ്രവര്‍ത്തകന് മോഴ്സ് അയച്ച ചരിത്ര പ്രസിദ്ധമായ സന്ദേശം "WHAT HATH GOD WROUGHT' എന്നായിരുന്നു 

ഇംഗ്ലീഷ് ഭാഷയിലാണ് ഇതിൽ സന്ദേശങ്ങൾ കൈമാറുന്നത്. ഓരോ ഇംഗ്ളീഷ് അക്ഷരത്തിനും പകരം രണ്ടു തരത്തിലുള്ള ശബ്ദങ്ങൾ ഉപയോഗിച്ച് ഉള്ള കോഡുകൾ ഉണ്ട്. ചെറിയ ഇടവേളയുള്ള ശബ്ദത്തെ ഡിട്ട് എന്നും അതിൻറെ മൂന്നിരട്ടി ദൈർഘ്യമുള്ള ശബ്ദത്തെ ഡോട്ട് എന്നും വിളിക്കുന്നു. ഒരു ഡിട്ടും ഒരു ഡോട്ടും ചേർന്നാൽ ഇംഗ്ളീഷ് ഭാഷയിലെ 'A' എന്ന ശബ്ദമായി. ഇത്തരത്തിൽ എല്ലാ ഇംഗ്ളീഷ് അക്ഷരങ്ങൾക്കും ശബ്ദരൂപത്തിലുള്ള കോഡുകൾ ഉണ്ട്. ടെലിഗ്രാഫിനടുത്ത് ഇരിക്കുന്ന മോർസ് കോഡ് അറിയാവുന്ന പരിശീലനം സിദ്ധിച്ച ജീവനക്കാരാണ് അതിസൂക്ഷ്മതയോടെ ശബ്ദംകൊണ്ട് അക്ഷരങ്ങളെ തിരിച്ചറിഞ്ഞു വാക്കുകളാക്കി സന്ദേശങ്ങൾ നിശ്ചിത പേപ്പറിൽ എഴുതിയിരുന്നത്. 

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ
കമ്പനിയാണ് ഇന്ത്യയിലെ ആദ്യത്തെ ടെലിഗ്രാം സേവനത്തിന് തുടക്കം കുറിച്ചത്. 1850 നവംബര്‍ അഞ്ചിനാണ് ഇന്ത്യയിലെ ആദ്യത്തെ ടെലിഗ്രാം സന്ദേശം വൈദ്യുതി ടെലിഗ്രാഫ് ലൈനിലൂടെ (ഇലക്ട്രിക്കല്‍ സിഗ്നലായി) പോയത്. ഇന്ന് കൊല്‍ക്കത്തയായി മാറിയ പഴയ കല്‍ക്കത്തയില്‍ നിന്നും ഡയമണ്ട് ഹാര്‍ബര്‍ വരെയുള്ള 43.5 കിലോമീറ്റര്‍ ദൂരമായിരുന്നു ആദ്യ ടെലിഗ്രാഫ് ലൈന്‍.1855 ഫെബ്രുവരിയോടെയാണ് പൊതുജനത്തിന് ഈ സേവനം ലഭിച്ചത്. 

1912 വരെ ടെലിഗ്രാഫ് ഒരു സ്വതന്ത്ര സ്ഥാപനമായിരുന്നു. 1914  ഏപ്രിൽ 1 ന്  ഇത് പോസ്റ്റൽ ഡിപ്പാർട്മെന്റിന്റെ കീഴിലാക്കി. എന്നാൽ 1985 ൽ ഇത് വീണ്ടും സ്വതന്ത്ര സ്ഥാപനമായി. പിന്നീട് 2000 ൽ BSNL ന് കീഴിലായി. 

.തുടക്കത്തിൽ മോർസ് കോഡിൽ അയച്ചിരുന്ന സന്ദേശങ്ങൾ  പിന്നീട് IA2c കോഡ് വഴിയും, അവസാന കാലത്ത് കമ്പ്യൂട്ടർ മുഖേനയും ആണ് അയച്ചിരുന്നത് 

1985 - 86 കാലമായിരുന്നു ടെലിഗ്രാമിന്റെ സുവർണ്ണ കാലം. അന്ന് ദിവസം 1.5 ലക്ഷം ടെലിഗ്രാം സന്ദേശങ്ങൾ വരെ ഒരു ദിവസം ഇന്ത്യയിൽ അയച്ചിരുന്നു. എന്നാൽ 2013 ൽ ഇത് നഷ്ടം മൂലം നിർത്തുന്ന കാലത്ത് ഇത് ഏകദേശം 5500 എണ്ണമായി ചുരുങ്ങിയിരുന്നു. 2010 - 11 ൽ ഒരു ടെലിഗ്രാമിന് 460 രൂപ നഷ്ടം സഹിച്ചാണ് ഡിപ്പാർട്മെന്റ് അയച്ചിരുന്നത്. 2011 ൽ BSNL അന്തർദേശീയ ടെലിഗ്രാമുകൾ നിർത്തലാക്കി. 

ടെലിഗ്രാം സേവനം തുടങ്ങിയ കാലത്ത് 400 മൈൽ വരെ ഒരു വാക്കിന് ഒരണയോ 16 വാക്കുകൾക്ക് ഒരു രൂപയോ ആയിരുന്നു നിരക്ക്  പിന്നീട് നിരക്കുകൾ ഒരു കൂട്ടം വാക്കുകൾക്കായി നിജപ്പെടുത്തി. 

തുടക്ക കാലത്ത്  ടെലിഗ്രാമിന്  പണം നൽകിയിരുന്നത്  ഇതിനു വേണ്ടി പ്രത്യേകം ഇറക്കിയ സ്റ്റാമ്പ്‌ വഴി ആയിരുന്നു. പിന്നീടാണ് റെസിപ്റ്റ് സമ്പ്രദായം നിലവിൽ വരുന്നത്. 

എത്രയും ചുരുക്കാമോ അത്രയും ചുരുക്കിയായിരുന്നു സന്ദേശങ്ങൾ അയച്ചിരുന്നത്. വാക്കുകളുടെ എണ്ണം കുറക്കുന്നതിനായി ജനങ്ങൾ  ചില സുപ്രധാന സന്ദേശങ്ങൾക്ക് ചില കോഡുകൾ ഉപയോഗിച്ചിരുന്നു. ഉദാഹരണത്തിന് മരണത്തിന് 100 ഉം "വേഗം സുഖം പ്രാപിക്കട്ടെ " എന്ന സന്ദേശത്തിന് 32 ഉം ആയിരുന്നു കോഡ്. 

കാലോചിതമായി ടെലിഗ്രാം നിരക്കുകൾ  പരിഷ്ക്കരിച്ചിരുന്നു.  2000 ൽ BSNL രൂപീകരിച്ചപ്പോൾ ടെലിഗ്രാം അതിന്റെ കീഴിലായപ്പോൾ നഷ്ടം കുറക്കുന്നതിനായി അപ്പോഴുണ്ടായിരുന്ന 30 വാക്കുകൾക്ക് മൂന്നു രൂപ എന്ന നിരക്കിൽ നിന്ന് 25 രൂപയായി ഉയർത്തി. അറുപതു വർഷങ്ങൾക്കിടയിലെ ആദ്യ വർദ്ധന. എന്നാൽ മരണ അറിയിപ്പിന് ഈ വർദ്ധനവ് ബാധകമാക്കിയില്ല. അവസാന കാലത്ത് 50 വാക്കുകൾക്ക് 50 രൂപ ആയിരുന്നു നിരക്ക്. 

റഷ്യ, ബല്‍ജിയം, കാനഡ, ജര്‍മ്മനി, ജപ്പാന്‍, ഇസ്രായേല്‍, എന്നീ രാജ്യങ്ങളില്‍ ഇപ്പോഴും ടെലിഗ്രാഫ് സംവിധാനം നിലനില്‍ക്കുന്നുണ്ട്.2006 ജനവരി 27 ന് അമേരിക്കയും, 2009 ജനവരി ഒന്നിന് നേപ്പാളും, 2011 മാര്‍ച്ച് ഏഴിന് ഓസ്ട്രേലിയയും ടെലിഗ്രാഫ് സംവിധാനം അവസാനിപ്പിച്ചു. ബ്രിട്ടനിലും, സ്വിറ്റ്സര്‍ലന്‍ഡിലും മറ്റും ടെലിഗ്രാ‍ഫ് ആശംസകള്‍ കൈമാറാന്‍ മാത്രമായി ചുരുക്കി. 

ചരിത്രത്തിൽ ഇടം പിടിച്ച ടെലിഗ്രാം സന്ദേശങ്ങൾ 

റൈറ്റ് സഹോദരന്മാര്‍ 1903 ല്‍ ആദ്യമായി വിമാനം പറത്തിയത് നോര്‍ത്ത് കരോലീനയില്‍ നിന്ന് ലോകം അറിഞ്ഞത് 'Successful for flights thursday morning ' എന്ന ടെലിഗ്രാം സന്ദേശത്തിലൂടെയാണ്. 
     
1912 ഏപ്രില്‍ 15 ന് മുങ്ങിക്കൊണ്ടിരിക്കുന്ന ടൈറ്റാനിക്ക് കപ്പലില്‍ നിന്ന് അവസാനമായി വന്ന ടെലിഗ്രാം സന്ദേശം : 'SOS SOS CQD CQD Titanic,We are sinking fast. Passengers are being put into boats Titanic.' ഈ രണ്ട് സന്ദേശങ്ങളും ചരിത്രത്തില്‍ ഇടം പിടിച്ച ടെലിഗ്രാമുകളാണ്.
    
പാക്കിസ്ഥാന്‍ ഇന്ത്യയിലെ കാശ്മീര്‍ ആക്രമിച്ച വിവരം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലിയെ അറിയിച്ചത് ടെലിഗ്രാം സന്ദേശം വഴിയാണ്.   

160   വർഷങ്ങളോളം  ജനങ്ങളെ സേവിച്ചശേഷം വരുമാനക്കുറവുമൂലം ഇന്ത്യ ഔദ്യോഗികമായി ഇതു നിർത്തലാക്കിയത് 2013 ജൂലായിലാണ്.
ടെലിപ്രിന്ററും പിന്നീട് ഫാക്‌സും, മൊബൈൽ ഫോണും, ഈ മെയിലും, ടെലിഫോണും വന്നതാണ് ടെലിഗ്രാമിന് തിരിച്ചടി ആയത്.

No comments:

Post a Comment