വെളുത്ത് തിളങ്ങുന്ന തുപ്പൽ പോലെ കുഞ്ഞ് ചെടികളിലെ ഇല കവിളുകളിലും പുൽപ്പരപ്പിനിടയിലും ഒരു പത കാണാത്തവരുണ്ടാകില്ലല്ലൊ?
കൂളിത്തുപ്പ്’ ,പാമ്പിൻ തുപ്പ്, തവളത്തുപ്പ് കിളിത്തുപ്പ് എന്നൊക്കെ പലവിധത്തിലുള്ള പേരിലും അറിയപ്പെടുന്നു
അന്തവും കുന്തവും കിട്ടാത്ത നമ്മൾ കൂളിത്തുപ്പ് എന്നും പേരിട്ടില്ലെങ്കിലേ അത്ഭുതമുള്ളു. എന്തോ ഒരു തരം പേടിയും അറപ്പും ഉള്ളതിനാൽ ആ പത തൊടാൻ പലരും മടിയ്ക്കും.
ചിലർ ആണെങ്കിൽ ഇലകൾ പുറത്തേക്ക് വിടുന്ന ശുദ്ധനീർക്കണങ്ങൾ എന്ന് പറഞ്ഞ് സന്തോഷത്തോടെ അതും ആസ്വദിച്ച് ഏറ്റുവാങ്ങി അങ്ങിനെ ഇരിക്കും
എന്നാൽ ശരിക്കും ഇതെന്താണെന്ന് എപ്പഴെങ്കിലും ചിന്തിച്ചു ണ്ടൊ?
ശരിക്കും സൂക്ഷിച്ച് നോക്കിയാൽ തുപ്പൽ പതക്കുള്ളിൽ ചിലർ സുഖിച്ച് കഴിയുന്നത് കാണാം #Spittle_bug എന്ന് പേരുള്ള ഷട്പദങ്ങളുടെ കുഞ്ഞുങ്ങളായ നിംഫുകളുടെ സുരക്ഷിത കൂടാണത്.
സെർകൊപൊയിഡെ (Cercopoidea) വിഭാഗത്തിൽ പെട്ട ഷട്പദങ്ങളിൽ ഹെമിപ്റ്റെറ ( Hemiptera ) ഓർഡറിലുള്ള മുതിർന്ന കീടങ്ങൾ ഉഗ്രൻ ചാട്ടക്കാരാണ്. .
ഒരിഞ്ചിന്റെ കാൽഭാഗം മാത്രം വലിപ്പമുള്ള ഇവർ ശരീരവലിപ്പത്തിന്റെ നൂറ് ഇരട്ടി നീളത്തിൽ വരെ ചാടും. കാലുകൾ അതിശക്തമായി പെടുന്നനെ നിവർത്തിയാണ് ഒരു ചെടിയിൽ നിന്ന് മറ്റൊന്നിലേക്ക് സ്പ്രിങ്ങ് ഘടിപ്പിച്ചപോലെ ഇവർ തെറിച്ച് നീങ്ങുന്നത്.
ഇവരുടെ ഈ ചാട്ടം പ്രാണിലോകത്തെ ഒരു അത്ഭുതം തന്നെയാണ്. കുനിഞ്ഞുള്ള തവളരൂപത്തിലുള്ള നിൽപ്പും ഈ സൂപ്പർചാട്ടവും മൂലം തവളത്തുള്ളന്മാർ (Froghopper) എന്ന് പേർ. ഇവർക്ക് തുപ്പൽ പ്രാണി (spittle bug) എന്ന മാനഹാനിയുണ്ടാക്കുന്ന പേര് കൂടി വന്നത് തുപ്പൽ ശീലം കൊണ്ട് തന്നെയാണ്.
ഈ ഷട്പദത്തിന്റെ മുട്ട വിരിഞ്ഞുണ്ടാകുന്ന നിംഫുകളാണ് ഈ തുപ്പൽ ഉണ്ടാക്കുന്നത്. വെള്ള, ഇളംമഞ്ഞ, തളിർപ്പച്ച നിറങ്ങളിലാണ് സാധാരണയായി ഈ പീക്കിരികളെ കാണുക. ഈ പഹയർ ചെടിയുടെ ഇളം തണ്ടിൽ നിന്നും മരനീര് (xylem sap) തുരു തുരാ വലിച്ച് അകത്താക്കും.. വിശപ്പ് മാറാൻ വേണ്ടതിലും എത്രയോ അധികം. അതിന്റെ കൂടെ. ശരീരത്തിലെ ചില ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന സ്രവങ്ങളും ചേർത്ത് അടിഭാഗത്തൂടെ പുറത്തേക്ക് വിടും. അത് പുറത്തേക്ക് വിടുമ്പോൾ പിൻഭാഗം കൊണ്ട് ഇളക്കലും മറിക്കലും ചെയ്തുകൊണ്ടിരിക്കും . ദ്രാവകത്തിനുള്ളിൽ വായുകുമിളകൾ നിറയും.. വെളുവെളുത്ത സോപ്പ് പതപോലുള്ള വിസർജ്ജ്യം കണ്ടാൽ മനുഷ്യർ തുപ്പിവെച്ചതാണെന്നേ തോന്നു. ഒരു തുപ്പ്ക്കൂടിനുള്ളിൽ ഒന്നിലധികം നിംഫുകൾ ചിലപ്പോൾ ഉണ്ടാകും.. പൂർണ്ണ വളർച്ചയെത്തുന്നതു വരെ നിംഫുകൾ ഇതിനുള്ളിൽ സുരക്ഷിതരായി കഴിയും. മുതിർന്ന് തവളത്തുള്ളനായി മാറുന്നതിന് മുമ്പേ അഞ്ചു തവണയോളം ഉറപൊഴിക്കൽ നടത്തും.
ലോകത്താകമാനം എണ്ണൂറ്റിയൻപതോളം തുപ്പൽ പ്രാണി സ്പീഷിസുകളുണ്ട്.
ഈ പതയുടെ കവചത്തിനുള്ളിലെ നിംഫിനെ ഒളിച്ചിരിക്കൽ വളരെ രസകരമാണ്. ആരുടെയും കണ്ണിൽ പെടില്ല. എന്നാലും ചിലപ്പോൾ ചില പക്ഷികൾ ഈ പതയ്ക്കുള്ളിൽ കൊക്കിറക്കി തപ്പി നോക്കും. ചിലയിനം കടന്നലുകളും ഉറുമ്പുകളും പിടിച്ച് തിന്നാൻ ശ്രമിക്കാറുണ്ടെങ്കിലും ഈ പതയുടെ രൂക്ഷ രുചിമൂലം നിംഫിനെ ഒഴിവാക്കും. വായുകുമിളകൾ നിറഞ്ഞതിനാൽ ചൂടും തണുപ്പും ഉള്ളിലേക്ക് അധികം എത്തില്ല. കുഞ്ഞ് നിംഫിന്റെ ലോലശരീരം ഈർപ്പം നഷ്ടപ്പെട്ട് ഉണങ്ങിപ്പിരിഞ്ഞ് പോകാതെ കാത്ത് സൂക്ഷിക്കുന്നതും ഈ പതപ്പുതപ്പ് തന്നെ.
നിംഫുകൾ തണ്ടിൽ നിന്ന് നീരൂറ്റുന്നത് കൊണ്ട് സാധാരണ ചെടികൾക്ക് വലിയ ദോഷമൊന്നും ഉണ്ടാവാറില്ല. ചിലയിനങ്ങൾ മാരകമായി നീരൂറ്റിക്കളഞ്ഞ് ചെടികളെ ഉപദ്രവിക്കാറും ഉണ്ട്. മുതിർന്നാലും തവളത്തുള്ളന്മാർ ചെടിത്തണ്ടുകളിൽ നിന്ന് സൈലം നീര് വലിച്ചുകുടിച്ച് തുള്ളികളായി അതിന്റെ പിൻഭാഗത്തുകൂടി കളയുന്നത് കാണാം..
ഇത്തരം തുള്ളന്മാരുടെ പടയുള്ള മരത്തിന് കീഴെ നിന്നാൽ ചാറ്റമഴപൊഴിയുന്നതുപോലെ വെള്ളത്ത്തുള്ളികൾ നമ്മുടെ മുഖത്തും ദേഹത്തും ഉറ്റും.
മുകളിലോട്ട് നോക്കി നമ്മൾ പഠിച്ച ശാസ്ത്രം വെച്ച്, ഇലകൾ പുറത്തേക്ക് വിടുന്ന ശുദ്ധനീർക്കണങ്ങൾ എന്നും പറഞ്ഞ് സന്തോഷത്തോടെ അതും ആസ്വദിച്ച് ഏറ്റുവാങ്ങി നമ്മളിൽ പലരുംഅങ്ങിനെ ഇരിക്കും
തവളത്തുള്ളർ താവളമാക്കിയ ഇത്തരം മരങ്ങളെ ‘കരയുന്ന മരം’ എന്നും ‘മഴമരം’ എന്നൊക്കെ നാട്ടിൽ പലരും പറയുന്നത് കേൾക്കാം
ഇനി അങ്ങനെ കേട്ടാൽ ഈ കഥ അവരോട് പറയാൻ മറക്കണ്ട കേട്ടോ