antech

antech

Saturday, October 14, 2017

എന്തിനാണീ പൊട്ടുകൾ അവിടെ അച്ചടിക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ?

നിങ്ങൾ വായിക്കുന്ന പത്രത്തിന്റെ ഒരു കളർ പേജ് എടുത്ത് പരിശോധിച്ചാൽ അതിന്റെ ഏതെങ്കിലും ഒരു വക്കിൽ ദാ ഈ ചിത്രത്തിലേത് പോലെ നാല് പൊട്ടുകൾ കാണാം. പലരും ഇത് നേരത്തേ ശ്രദ്ധിച്ചിട്ടുണ്ടാകും. എന്തിനാണീ പൊട്ടുകൾ അവിടെ അച്ചടിക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? അത് വെറുതേ ഒരു ഭംഗിയ്ക്ക് അവിടെ വച്ചിരിക്കുന്ന അലങ്കാരമല്ല. നിറങ്ങളുടെ ശാസ്ത്രത്തിലെ ചില നുറുങ്ങുകൾ ആ പൊട്ടുകൾക്ക് പറയാനുണ്ട്.

കറുപ്പ് (BlacK) എന്നതിനെ ഒരു നിറമായി പരിഗണിക്കാതിരുന്നാൽ, മൂന്ന് വ്യത്യസ്ത നിറങ്ങളിലുള്ള പൊട്ടുകളാണ് നമ്മളവിടെ കാണുക- സയൻ (Cyan), മജന്റ (Magenta), മഞ്ഞ (Yellow). ഈ നിറങ്ങൾക്ക് മാത്രമുള്ള പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ, മറ്റെല്ലാ നിറങ്ങളേയും സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന പ്രാഥമിക വർണങ്ങളാണ് (primary colours) അവ. ഇവിടെ പലർക്കും സംശയമുണ്ടാകാൻ സാധ്യതയുണ്ട്. സ്കൂൾ ക്ലാസിൽ നമ്മൾ പ്രാഥമിക വർണങ്ങൾ എന്ന പേരിൽ പരിചയപ്പെടുന്നത് ചുവപ്പ് (Red), പച്ച (Green), നീല (Blue) എന്നീ നിറങ്ങളെയാണല്ലോ. എന്നുമുതലാണ് അത് മാറി സയൻ-മജന്റ-മഞ്ഞ ആയത്?

ഇങ്ങനെയൊരു സംശയം ഉണ്ടാകുന്നുണ്ടെങ്കിൽ, പ്രാഥമിക വർണങ്ങളെക്കുറിച്ച് പൂർണമായി മനസിലാക്കിയിട്ടില്ല എന്നാണ് അതിനർത്ഥം. അതാണ് നമ്മളിവിടെ പറയാൻ പോകുന്നത്.

നിറങ്ങൾ തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നത് നമ്മുടെ കണ്ണിന്റെ റെറ്റിനയിലുള്ള ഒരു പ്രത്യേകതരം കോശങ്ങളാണ് - കോൺ കോശങ്ങൾ. നമ്മുടെ കണ്ണിലെത്തുന്ന പ്രകാശം, ഇവയെ ഉദ്ദീപിപ്പിക്കും. ഈ കോശങ്ങൾ മൂന്ന് തരമുണ്ട്.** മൂന്ന് വ്യത്യസ്ത ഫ്രീക്വൻസികളിലുള്ള പ്രകാശത്തെയാണ് ഈ കോശങ്ങൾ തിരിച്ചറിയുന്നത് എന്നതാണ് വ്യത്യാസം. ആ മൂന്ന് ഫ്രീക്വൻസികളെയാണ് ഒരു സാധാരണ മനുഷ്യൻ ചുവപ്പ്, പച്ച, നീല എന്നീ നിറങ്ങളിൽ കാണുന്നത്. അപ്പോ ബാക്കി നിറങ്ങളോ? അതെല്ലാം തന്നെ, ഈ മൂന്ന് നിറങ്ങളുടെ പല അനുപാതങ്ങളിലുള്ള മിശ്രിതമായിട്ടാണ് തലച്ചോർ വ്യാഖ്യാനിക്കുന്നത്. അതുകൊണ്ടാണ് നമ്മൾ ചുവപ്പ്, പച്ച, നീല എന്നീ നിറങ്ങളെ പ്രാഥമിക നിറങ്ങളായി കണക്കാക്കുന്നത്. അത് പ്രകാശത്തിന്റെ പ്രത്യേകതയല്ല, മറിച്ച് നമ്മുടെ കണ്ണുകളുടെ പ്രത്യേകതയാണ്. ദൃശ്യപ്രകാശത്തിലെ ഓരോ ഫ്രീക്വൻസിയും മൂന്ന് തരം കോൺ കോശങ്ങളെ മൂന്ന് വ്യത്യസ്ത അളവുകളിലാണ് ഉദ്ദീപിക്കുന്നത്. ഉദാഹരണത്തിന് 600 THz (ടെറാ ഹെർട്സ്) ഫ്രീക്വൻസിയുള്ള ഒരു പ്രത്യേക തരം കോൺ കോശങ്ങളെ മാത്രമേ ഉദ്ദീപിപ്പിക്കൂ, മറ്റുള്ളവയെ അത് കാര്യമായി സ്വാധീനിക്കില്ല. അതിനെയാണ് നീല നിറമായി നമ്മൾ കാണുന്നത്. എന്നാൽ 510 THz ഫ്രീക്വൻസിയുള്ള പ്രകാശം പച്ചയുടേയും ചുവപ്പിന്റേയും കോൺ കോശങ്ങളെ എതാണ്ട് ഒരുപോലെ ഉദ്ദീപിപ്പിക്കും. ഇങ്ങനെയുണ്ടാകുന്ന നാഡീ സിഗ്നലിനെ നമ്മുടെ തലച്ചോർ മഞ്ഞ പ്രകാശമായിട്ടാണ് കാണുക. അതുകൊണ്ട് പച്ച-നീല നിറങ്ങളുടെ മിശ്രിതമാണ് മഞ്ഞ എന്ന് പറയാം. മൂന്ന് പ്രാഥമിക വർണങ്ങളും ഒരേ അളവിൽ ചേർന്നാൽ - മൂന്ന് തരം കോൺ കോശങ്ങളും ഒരുപോലെ ഉദ്ദീപിപ്പിക്കപ്പെട്ടാൽ - അത് വെള്ളയായിട്ട് നമുക്ക് കാണപ്പെടും. അതുകൊണ്ട് വെള്ളയെ നമുക്ക് എല്ലാ നിറങ്ങളുടേയും സങ്കരമായി കണക്കാക്കാം. ഇങ്ങനെ കണ്ണിൽ വീഴുന്ന ഒരു പ്രകാശം ഏതൊക്കെ കോൺ കോശങ്ങളെ ഏതൊക്കെ അളവിൽ ഉദ്ദീപിപ്പിക്കുന്നു എന്ന വ്യത്യാസമാണ് ഇക്കണ്ട നിറവ്യത്യാസങ്ങൾക്കൊക്കെ കാരണമാകുന്നത്.

ഇതുവരെ പറഞ്ഞത്, കണ്ണിൽ നടക്കുന്ന വർണസങ്കലനത്തെ (addition of colours) കുറിച്ചാണ്. എന്നാൽ കണ്ണ് അതിൽ വീഴുന്ന പ്രകാശത്തെ കൂട്ടുന്നതിനെ കുറിച്ച് മാത്രമേ ബേജാറാവുന്നുള്ളൂ. ആ പ്രകാശം എങ്ങനെ അവിടെ എത്തുന്നു എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്.

കണ്ണിൽ വീഴുന്ന പ്രകാശം രണ്ട് രീതിയിൽ വരാം- (1) ചുറ്റുമുള്ള ഒരു വസ്തു സ്വയം പ്രകാശം പുറത്തുവിടുമ്പോൾ (2) ഒരു വസ്തു അതിൽ വീഴുന്ന പ്രകാശത്തെ പ്രതിഫലിപ്പിക്കുമ്പോൾ. ഈ രണ്ട് കേസിലും വസ്തുവും നമ്മളതിനെ ഏത് നിറത്തിൽ കാണുന്നു എന്നതും തമ്മിലുള്ള ബന്ധം വ്യത്യസ്തമാണ്. ഉദാഹരണത്തിന്, ഒരു ചുവന്ന എൽ.ഈ.ഡി. വിളക്ക് ചുവന്നതായി കാണപ്പെടുന്നത് അതിൽ നിന്ന് ചുവപ്പിന്റെ ഫ്രീക്വൻസിയുള്ള പ്രകാശം പുറത്തുവരുന്നത് കൊണ്ടാണ്. എന്നാൽ ഒരു ചുവന്ന തൂവാല, ചുവന്നതായി കാണപ്പെടുന്നത് അതിൽ വീഴുന്ന പ്രകാശത്തിൽ ചുവപ്പ് ഒഴികെ മറ്റെല്ലാ നിറങ്ങളേയും അത് ആഗിരണം ചെയ്യുന്നതുകൊണ്ടാണ്. അതായത്, നിലവിലുള്ള പ്രകാശത്തിൽ ചില നിറങ്ങൾ കുറവ് ചെയ്യപ്പെടുന്നത് വഴിയാണ് രണ്ടാമത്തെ ഉദാഹരണത്തിൽ നിറം ഉണ്ടാകുന്നത്. ഇത് ഒരുതരത്തിൽ പറഞ്ഞാൽ വർണവ്യവകലനം (subtraction of colours) ആണ്.

നിറങ്ങളെ നിയന്ത്രിക്കണമെങ്കിൽ, നിറങ്ങളുടെ സങ്കലനവും വ്യവകലനവും തമ്മിലുള്ള ഈ വ്യത്യാസം മനസിലാക്കിയേ പറ്റൂ. ഉദാഹരണത്തിന് ഒരു ചുവന്ന ബൾബും, ഒരു പച്ച ബൾബും, ഒരു നീല ബൾബും ഒരേ അളവിൽ പ്രകാശിപ്പിച്ച് ഒരേ സ്ഥലത്ത് പ്രകാശം വീഴ്ത്തിയാൽ അവിടെ വെള്ള നിറം സൃഷ്ടിക്കാൻ നമുക്ക് കഴിയും. കാരണം ഈ മൂന്ന് നിറങ്ങളും ഒരേ അളവിൽ നിങ്ങളുടെ കോൺ കോശങ്ങളെ സ്വാധീനിച്ച് തലച്ചോറിൽ വെള്ള നിറത്തിന്റെ പ്രതീതി എത്തിക്കും. പക്ഷേ ചുവന്ന പെയിന്റും പച്ച പെയിന്റും നീല പെയിന്റും കൂടി മിക്സ് ചെയ്താൽ അത് സാധിക്കുമോ? ഇല്ല. ആലോചിച്ച് നോക്കൂ. ചുവന്ന പെയിന്റ് ചുവന്നതായിരിക്കുന്നത് അത് ചുവപ്പിന്റെയൊഴികേ മറ്റെല്ലാ ഫ്രീക്വൻസികളേയും അഗിരണം ചെയ്യുന്നതുകൊണ്ടാണ്. പച്ചയും നീലയും ഒക്കെ അതിൽ ആഗിരണം ചെയ്യപ്പെടും. അതുപോലെ നീല പെയിന്റ് പച്ചയേയും ചുവപ്പിനേയും ഉൾപ്പടെ ആഗരിണം ചെയ്യും. പച്ച പെയിന്റ് നീലയേയും ചുവപ്പിനേയും കൂടിയും. ഫലമോ? ഇത് മൂന്നും കൂടി മിക്സ് ചെയ്താൽ നിങ്ങൾക്ക് കറുപ്പാകും കിട്ടുക. എല്ലാ നിറങ്ങളും ആഗിരണം ചെയ്യപ്പെടുന്നു. അതുകൊണ്ട് തന്നെ ഇവിടെ പ്രാഥമിക വർണങ്ങളായി ചുവപ്പ്-പച്ച-നീലയെ ഉപയോഗിക്കാൻ പറ്റില്ല.

ഇവിടെയാണ് സയൻ-മജന്റ-മഞ്ഞ നിറങ്ങൾ നമ്മുടെ സഹായത്തിനെത്തുന്നത്. നമ്മുടെ കണ്ണിൽ വീഴുന്ന പ്രകാശത്തിൽ പച്ചയും നീലയും ചേർന്നാൽ കിട്ടുന്ന നിറമാണ് സയൻ. അതുപോലെ ചുവപ്പും നീലയും ചേർന്ന് മജന്റയും, ചുവപ്പും പച്ചയും ചേർന്ന് മഞ്ഞയും ഉണ്ടാകുന്നു. അതായത് സയൻ നിറമുള്ള പെയിന്റ് എടുത്താൽ, അത് പച്ചയും നീലയും നിറങ്ങൾ പുറത്തുവിടുന്നുണ്ട് എന്നണല്ലോ അർത്ഥം. അങ്ങനെയെങ്കിൽ, അത് ചുവപ്പിനെ ആഗിരണം ചെയ്യുന്നുണ്ടാകും. അതുപോലെ, മജന്റ ചുവപ്പിനേയും നീലയേയും പറത്തുവിടുകയും പച്ചയെ ആഗിരണം ചെയ്യുകയും ചെയ്യും. ഇനി ഈ സയനും മജന്റയും കൂടി മിക്സ് ചെയ്താലോ? സയൻ ചുവപ്പിനേയും, മജന്റ പച്ചയേയും ആഗിരണം ചെയ്യുന്നതിനാൽ പുറത്തുവരുന്നത് നീല പ്രകാശം മാത്രമായിരിക്കും. ഇങ്ങനെ ചിന്തിച്ചാൽ, മഞ്ഞയും മജന്റയും ചേർത്ത് ചുവപ്പും, മഞ്ഞയും സയനും ചേർത്ത് പച്ചയും സൃഷ്ടിക്കാം എന്ന് മനസിലാക്കാം. നമ്മുടെ കണ്ണിലെ പ്രാഥമിക വർണങ്ങളായ ചുവപ്പ്-പച്ച-നീലയെ സൃഷ്ടിക്കാൻ സയൻ-മജന്റ-മഞ്ഞയ്ക്ക് സാധിക്കുമെങ്കിൽ, ഫലത്തിൽ അവയും പ്രാഥമിക വർണങ്ങൾ തന്നെയാണ്.

സങ്കലന മിശ്രണം (additive mixing), വ്യവകലന മിശ്രണം (subtractive mixing) എന്നീ വർണപ്രതിഭാസങ്ങളാണ് നമ്മളിപ്പോ പറഞ്ഞുവന്നത്. കൂടിച്ചേർക്കേണ്ടത് പ്രകാശത്തെ ആണെങ്കിൽ സങ്കലന മിശ്രണവും, വർണവസ്തുക്കളെ (പെയിന്റ്, മഷി, ഡൈ, തുടങ്ങിയവ) ആണെങ്കിൽ വ്യവകലനമിശ്രണവും ആണ് ഉപയോഗിക്കേണ്ടത്. നിങ്ങൾ ഈ പോസ്റ്റ് വായിക്കുന്ന കമ്പ്യൂട്ടർ, മൊബൈൽ സ്ക്രീനുകളിൽ ചിത്രങ്ങൾ സൃഷ്ടിക്കുന്നത് സ്വയം പ്രകാശിക്കാൻ കഴിയുന്ന പിക്സലുകൾ (pixel) എന്ന സൂക്ഷ്മ കുത്തുകൾ വഴിയാണ്. ഓരോ പിക്സലും ചുവപ്പ്, പച്ച, നീല എന്നീ മൂന്ന് നിറങ്ങൾ ചേർന്നതാണ്. അവയുടെ ആനുപാതിക തീവ്രതയിൽ വ്യത്യാസം വരുത്തിയാണ് ഓരോ പിക്സലിന്റേയും നിറം സ്ക്രീനിൽ നിയന്ത്രിക്കുന്നത്. ഇതിനെ RGB സമ്പ്രദായം എന്ന് വിളിക്കും. എന്നാൽ പ്രിന്റ് ചെയ്യപ്പെടുന്ന വസ്തുക്കളിൽ പ്രകാശമല്ല, വർണവസ്തുവാണ് മിക്സ് ചെയ്യപ്പെടുന്നത് എന്നതിനാൽ അവിടെ വ്യവകലനമിശ്രണം വേണം നോക്കാൻ. അതിന് സയൻ-മജന്റ-മഞ്ഞ (CMY) എന്നീ നിറങ്ങളെ ആശ്രയിക്കുന്നു. വ്യവകലനമിശ്രണത്തിൽ എല്ലാ പ്രാഥമിക വർണങ്ങളും കൂട്ടിയാൽ കറുപ്പാണല്ലോ കിട്ടുക. എന്നാൽ, പ്രായോഗികമായി നോക്കുമ്പോൾ കറുപ്പ് സൃഷ്ടിക്കാൻ വേണ്ടി മൂന്ന് നിറങ്ങളും കൂടി മിക്സ് ചെയ്ത് ഉപയോഗിക്കുന്നത് ചെലവ് കൂടാൻ കാരണമാകും. അതുകൊണ്ട് കളർ പ്രിന്റിങ്ങിൽ കറുപ്പ് സൃഷ്ടിക്കാൻ കറുത്ത നിറമുള്ള വർണവസ്തു നേരിട്ട് ഉപയോഗിക്കും. അതാണ് CMYK സമ്പ്രദായം. ഇതിലെ K-യെ Key എന്ന് വിളിക്കും. അതാണ് കറുപ്പിനെ സൂചിപ്പിക്കുന്നത്. (Black- ലെ അവസാന K ആയിട്ടും കണക്കാക്കാം)

ഇത്രയും ആയാൽ പറഞ്ഞുതുടങ്ങിയ കാര്യത്തിലേക്ക് നമുക്ക് മടങ്ങിവരാം. CMYK അനുസരിച്ചുള്ള നാല് പൊട്ടുകളാണ് പത്രപ്പേജുകളിൽ നമ്മൾ കാണുന്നത്. പേജ് സെറ്റ് ചെയ്തുകഴിഞ്ഞാൽ ഓരോ പ്രാഥമിക വർണത്തിനും പ്രത്യേകം പ്ലേറ്റ് തയ്യാറാക്കി എല്ലാം കൂടി ഒരുമിച്ച് ഒരേ പേജിൽ അച്ചടിച്ചാണ് കളർ പേജ് പ്രിന്റ് ചെയ്യുന്നത്. പത്രങ്ങൾ അച്ചടിക്കുന്ന വേഗത പരിഗണിക്കുമ്പോൾ ഓരോ പ്രിന്റും എടുത്ത് പല നിറങ്ങളുടെ പ്ലേറ്റ് കൃത്യമായ സ്ഥലത്താണോ പതിയുന്നത് എന്ന് പരിശോധിക്കുക പ്രായോഗികമല്ല. അത് ഒഴിവാക്കാനാണ് ഈ നാല് പൊട്ടുകൾ വരിവരിയായി ഒരിടത്ത് അച്ചടിക്കുന്നത്. ഈ നാല് പൊട്ടുകളും ഉദ്ദേശിച്ച സ്ഥലത്താണോ വീഴുന്നത് എന്ന് യന്ത്രസഹായത്താൽ പരിശോധിച്ചാൽ ആ ജോലി എളുപ്പമാകും. ചിലപ്പോഴെങ്കിലും നമ്മുടെ പത്രങ്ങളിലെ ചില പേജുകൾ കളർ വേർതിരിഞ്ഞ് വികൃതമായിപ്പോകാറുണ്ട്. ഇനി അത്തരത്തിലൊന്ന് കണ്ടാൽ ഉടൻ ഈ നാല് പൊട്ടുകളിലേക്ക് നോക്കണേ. വ്യത്യാസം മനസിലാവും.

** ഇവിടെ പറയാത്ത മറ്റൊരു തരം കോശങ്ങൾ കണ്ണിലുണ്ട്- റോഡ് കോശങ്ങൾ. അവ വളരെ കുറഞ്ഞ തീവ്രതയുള്ള അരണ്ട പ്രകാശത്തിലേ പ്രവർത്തിക്കൂ. അവയ്ക്ക് ഫ്രീക്വൻസി (നിറം) തിരിച്ചറിയാനുള്ള ശേഷിയില്ല.

Tuesday, October 10, 2017

റാസൽഖൈമയിലെ ചെകുത്താൻ കൊട്ടാരം !

"റാസൽകൈമയിലെ ആവലിയവീട്ടിൽ ആരാജകുമാരൻ ഒറ്റക്കായിരുന്നു" പ്രേമം എന്ന മലയാള സിനിമയിലെ ഗിരിരാജൻ കോഴിയുടെ ഈ എൻട്രിഡയലോഗ്,,,
മലയാളികളുടെ മനസ്സിൽ
UAE യിലെ ഏഴുഎമിറേറ്റുകളിൽ ആറാമത്തെ എമിറേറ്റ് ആയ റാസൽഖൈമയെ(RAK),,, രണ്ടാമത്തെ എമിറേറ്റായ ദുബായിയെക്കാളും പ്രിയങ്കരിയാക്കി മാറ്റി!

ഈ കഴിഞ്ഞ വെള്ളിയാഴ്ച ഷാർജയിൽ നിന്നും RAK ലേക്ക് എമിറേറ്റ്സ് റോഡിലൂടെ ഡ്രൈവ് ചെയ്യുമ്പോൾ പ്രേത്യേകിച്ചു ഒന്നുംതന്നെ മനസ്സിൽ ഇല്ലായിരുന്നു,,
കഴിഞ്ഞ ദിവസം നാട്ടിൽനിന്നും വന്ന എന്റെ നാട്ടുകാരനായ വിനോദേട്ടനെ ഒന്നു കാണണം നാട്ടിൽ നിന്നും എന്റെ ഉമ്മച്ചി ഉണ്ടാക്കികൊടുത്തയച്ച പത്തിരിയും ബീഫും വാങ്ങി തിരിച്ചു പോരണം! അത്ര തന്നെ.

അതെല്ലാം കഴിഞ്ഞു തിരിച്ചു വരുമ്പോൾ മനസ്സിൽ തോന്നി 'കാസിമി പാലസ് 'വരെ ഒന്നുപോയി നോക്കിയാലോ അകത്തേക്ക് കടക്കാനാകില്ല എന്നാലും പുറത്ത് നിന്നും നോക്കാലോ,,,  നേരം സന്ധ്യആയിതുടങ്ങി,കാസിമി പാലസിന്റെ പുറത്തു റോഡ് സൈഡിൽ കാർ പാർക്ക്‌ ചെയ്തു,, ഒരു വീടുപോലുള്ള പടിപുര, രണ്ടു പേര് നിൽക്കുന്നതു കണ്ടു,, അങ്ങോട്ട്‌ ചെന്നു സംസാരിച്ചു!അറബിയാണെന്നാണ് ആദ്യം കരുതിയത്,,സലാം പറഞ്ഞു സംസാരിച്ചു, ഒരാൾ ഇറാനിയും മറ്റേയാൾ ബലൂച്ചിയുമായിരുന്നു. അവിടെത്തെ കാവക്കാരാണ് ! ഉള്ളിൽ നല്ല പേടിയുണ്ടെങ്കിലും അകത്തു കയറികാണാൻ പറ്റോ എന്ന് ചോദിച്ചു ! ഇപ്പൊ അനുമതി ഇല്ലെന്നാണ് മറുപടി കിട്ടിയത്! ഇറാനിയായ ഹുസൈൻ ജൂഷി ചിരിച്ചുകൊണ്ട് പറഞ്ഞു,,അത്രക്ക് നിർബന്ധമാണെങ്കിൽ  രാവിലെ എട്ടുമണിക്ക് വരൂ,,, ഒന്നുരണ്ടു കൂട്ടുകാരുമായി! കടത്തിവിടാം!വെള്ളിയാഴ്ച വരാം എന്നും പറഞ്ഞു,, നിഗൂഡതകൾ തളം കെട്ടിനിൽക്കുന്ന ആപാലസിനെ ഒന്നുകൂടിനോക്കി,തിരിച്ചു കാറിനടുത്തേക്ക്നടന്നു!

2009ൽ അബുദാബിയിലെ പീഷ്യോ ഷോറൂമിലെ  ജോലി ഉപേക്ഷിച്ചു റാസൽകൈമയിലെത്തുമ്പോൾ ഒരു പറിച്ചുനടലിന്റെ സുഖമായിരുന്നു,,എനിക്ക് മനസ്സിൽ! ലോകത്തിലെ ഏറ്റവും മികച്ച ക്ലീൻ സിറ്റികളിൽ ഒന്നായ അബുദാബിയിൽ നിന്നും കുന്നുകളും മലകളും പഴയകോട്ടകളുംനിറഞ്ഞ ഒരുപാട് ചരിത്രമുറങ്ങുന്ന റാസൽഖൈമയിലെ അൽ റംസിൽ എത്തിയപ്പോൾ,,, അന്ന് വല്ലാത്ത അമ്പരപ്പും അതിനെക്കാളേറെ ഇഷ്ടവും തോന്നി ! പിന്നീട് RAK സിറ്റിആയ നെക്കീലിലേക്ക് താമസം മാറി! മൂന്നു വർഷങ്ങൾക്കു ശേഷം അബുദാബി പോസ്റ്റോഫീസിൽ ജോലികിട്ടി തിരിച്ചു അബുദാബിക്കു പോരുമ്പോൾ,,, മനസ്സ് നിറയെ റാസൽഖൈമയോടുള്ള പ്രണയമായിരുന്നു,,,

പ്രേതങ്ങളും പിശാച്ക്കളും വിഹരിക്കുന്ന അൽ ഖാസിമി പാലസ് !

അന്ന് റാസൽഖൈമയിലെ എന്റെ സ്പോൺസർ ആയിരുന്ന ഇമറാത്തി
സ്വദേശി യൂസഫ് ഹമ്മാദിയിൽ നിന്നാണ് ഞാൻ ആദ്യമായി ഖാസിമി പാലസിനെ കുറിച്ചു കേൾക്കുന്നതു,,
ഒരിക്കൽ രാത്രി 10 മണിയൊക്കെ ആയിക്കാണും യൂസുഫിന്റെ ഒരു സിഗ്നേചറിനുവേണ്ടി യൂസഫിനെ വിളിച്ചപ്പോൾ ദുബായിൽ പോയിതിരിച്ചുവന്നുകൊണ്ടിരിക്കയാ ണെന്നും അരമണിക്കൂറിനുള്ളിൽ RAKൽ എത്തുമെന്നും എയർപോർട്ട് റോഡിൽ എവിടെയെങ്കിലും വെയിറ്റ് ചെയ്താൽ മതിയെന്ന് പറഞ്ഞപ്പോൾ
ഞാൻ റോഡരികിൽനിന്നും മാറി വിശാലമായി കിടക്കുന്ന ഒരു സ്ഥലത്തു കാർപാർക്ക്‌ ചെയ്തു,,അതിനകത്തുതന്നെ ഇരുന്നു, അവിടെ നിന്നും പിന്നെയും പിന്നിലേക്ക് മാറി പടിപ്പുര ഉള്ള വലിയൊരു മതിൽ,, പടിപ്പുര എന്ന് പറഞ്ഞാൽ നാലഞ്ചു മുറികളുള്ള കൂറ്റൻ പഠിപ്പുര, അതിനു പിന്നിലായി വലിയൊരു കുന്നിൻ മുകളിൽ ഇരുട്ടിൽ തലയുയർത്തിനിൽക്കുന്ന വലിയൊരു ബംഗ്ലാവ് ! അതിൽ വെളിച്ചമുണ്ടായിരുന്നില്ല,നിലാവെളിച്ചത്തിൽ  മതിലിൽനിന്നും ഒരുപാട് പിന്നിലേക്ക് മാറി കുന്നിൻ മുകളിൽ മതിലിനേക്കാളും ഉയരത്തിൽ അത് നന്നായി തെളിഞ്ഞു കാണാം! ആസമയം അന്ന് പ്രത്യേകിച്ചു പേടിയൊന്നും തോന്നിയില്ല! അതിനിടയിൽ ഒരു തവണകൂടി യൂസഫിനെ വിളിച്ചു ലൊക്കേഷൻ പറഞ്ഞു കൊടുത്തു, നീ വെയിറ്റ് ചെയ്യൂ കുറച്ചു സമയംകൊണ്ട് അവൻ എത്തുമെന്നും പറഞ്ഞു 15 മിനിറ്റ് കഴിഞ്ഞപ്പോ അവൻ അവിടെ പറന്നെത്തി! സലാം പറഞ്ഞിട്ട് ഇരുട്ടിൽ തലയുയർത്തിനിൽക്കുന്ന  ആ ബംഗ്ലാവ് നോക്കി  എന്നോട് ചോദിച്ചു
നൂഫൽ(നൗഫൽ),,," ഇൻത്ത ശൂഫ് ഹായ് ബൈത്ത്! ??
ലേശ് ഇൻത്ത വക്കഫ് സയ്യാറ ഹിനാക്!"
അവൻ  എന്ത് കൊണ്ടാണ്  അങ്ങിനെ ചോദിച്ചതു എന്ന്  സത്യത്തിൽ  അപ്പോ എനിക്ക് പിടികിട്ടിയില്ല അന്ന്,,,  ഞാൻ അമ്പരപ്പോടെ എന്താന്നു ഒന്നുകൂടി ചോദിച്ചപ്പോൾ അവൻ വ്യക്തമാക്കിതന്നു,
"ഇത് അൽ ഖാസിമി" പാലസ് ആണെന്നും മുപ്പതു വർഷമായി ഇതിനകത്ത് ആൾതാമസമില്ലെന്നും അതിനുള്ളിൽ ഭയങ്കരമായ ജിന്നുകളുടെയും പിശാചുക്കളുടെയും
ശല്യമാണെന്നും,,,
അതും പറഞ്ഞു പേപ്പറുകളിൽ സൈൻ ചെയ്തു അവൻ അവന്റെ വണ്ടിയിൽ കയറി! അപ്പോളാണ് ഞാൻ കിടുങ്ങിയത് ! കാലിൽ നിന്നു മിന്നൽ പോലൊരു തരിപ്പ് തലയിലേക്ക് പാഞ്ഞു കയറിയത് പോലെയായിരുന്നു അന്ന് ! ഞാൻ ഒരുതവണ ആ പാലസിലേക്ക് നോക്കി! പിന്നെ ഒരു നിമിഷം അവിടെ നിന്നില്ല!എസ്‌കേപ്പ്,,,, ജീവനും കൊണ്ട് അവിടെന്നു പൊന്നു !അന്ന് രാത്രി ശരിക്കും ഉറക്കം പോലും വന്നില്ല! അന്ന്  രണ്ടുദിവസം മനസ്സിൽ നിറയെ കാസിമി പാലസ് ആയിരുന്നു ! അതിനു ശേഷം പലരിൽനിന്നായി പലപ്പോഴായി കാസിമി പാലസിനെകുറിച്ച് കേട്ടറിഞ്ഞു, അതെങ്ങിനെ വിട്ടു കളഞ്ഞു!

ഇന്നലെ എന്റെ ഹൗസ്ഓണർ അബ്ദുള്ള അൽ മത്രൂഷിയെ കണ്ടപ്പോൾ ഞാൻ ഇതിനെ കുറിച്ചു ചോദിച്ചു, സ്വദേശിയാണ് അബ്‌ദുള്ള,  നല്ലമനുഷ്യൻ! എന്നെനല്ലഇഷ്ടമാണ്,  ഒരുപാട് സംസാരിക്കാൻ ഇഷ്ടമുളള മനുഷ്യൻ !നന്നായി ഹിന്ദി സംസാരിക്കും,,,
അബ്ദുള്ള പറഞ്ഞു ഞാനും കൂട്ടുകാരും ഒരു തവണ കാസിമി പാലസിൽ പോയിട്ടുണ്ട് !
1980 പണി കഴിപ്പിച്ചതാണ്,  UAE യിലെ വിലകുറഞ്ഞ പാലസ്കളിൽ ഒന്ന്! അന്ന് 1980ൽപണികഴിപ്പിച്ച പാലസിന്റെ അന്നത്തെ ചിലവ് 500 മില്യൺ UAE ദിർഹം ആയിരുന്നു! (ഇന്നത്തെ നമ്മുടെ നാട്ടിലെ മൂല്യമനുസരിച്ചു 900 കോടി ഇന്ത്യൻ രൂപ )
നാല് നിലകളുള്ള ഈ മാളിക വലിയൊരു കുന്നിൽമുകളിലാണ് പണിതിരിക്കുന്നത്,നാലാംനിലയിൽനിന്നുനോക്കിയാൽബീച്ച് വ്യൂഉണ്ടെന്നും,,,,
20ലതികം വലിയഹാൾപോലെയുള്ള
വിലയേറിയ കല്ലുകൾ പതിപ്പിച്ച മുറികൾ,വലിയ നിലവറകൾ, എല്ലാം മുറികളിലും ഇടനാഴികളിലും ഹാളുകളിലും വിലയേറിയ സെറാമിക്ക് അലങ്കാരങ്ങൾ,, പക്ഷികളുടെയും മൃഗങ്ങളുടെയും,, സ്ത്രീകളുടെയും ജീവൻതുടിക്കുന്ന ചിത്രങ്ങളും ഒട്ടേറെ മോഡേൺ ആർട്ടുകളും,,, ഉണ്ട്!ഒരു മുറിയിലുള്ള ഒരു സ്ത്രീയുടെ വലിയ ചിത്രം ജീവൻതുടിക്കുന്നതും ഭയപെടുത്തുന്നതുമാണത്രെ!
കൂറ്റൻ തൂക്കുവിളിക്കുകൾ,,പലതും യൂറോപ്പിൽനിന്നും കൊണ്ട് വന്നതാണത്രെ,,,സ്വീകരണമുറിയിലെ ചുവരിൽ രക്തംകൊണ്ടുള്ള കുത്തിവരകൾ,,ഇടുങ്ങിയ
സ്റ്റയർകേസ്, കൂട്ടിയിട്ട തരത്തിൽകാണപെടുന്ന ഫർണിച്ചറുകൾ,,, പ്രേത്യേകമായിട്ട് അതിനകത്തു കാണാവുന്നതു ഒരു സ്റ്റാൻഡിൽഉറപ്പിച്ചുവെച്ച വലിയൊരു പിരമിടും,ഒരു പാട് വെള്ളി പാത്രങ്ങളും  ഒരാൾ പൊക്കവും അതിനൊത്ത വലിപ്പവു
മുള്ള  വലിയൊരു  അറബിക് കൂജയുമാണ് !
നിഗൂഢതകൾ തളംകെട്ടിനിൽക്കുന്ന ആപാലസിൽ പിശാചുക്കളുടെയും ജിന്നുകളുടെയും ശല്യമുണ്ടെന്നാണ് പരക്കെയുള്ള വിശ്വാസം!, 1980 പണികഴിപ്പിച്ച ആ ബംഗ്ലാവിൽ വെറും 3മാസം മാത്രെമേ മനുഷ്യർക്കു താമസിക്കാൻ സാധിച്ചുള്ളൂ,,,പിന്നീട് അവിടെ നടന്നതൊക്കെപിശാച്ക്കളുടെയും ജിന്നുകളുടെയും വിളയാട്ടങ്ങൾ ആയിരുന്നെന്നു അബ്ദുള്ള പറയുന്നു! അസാധാരണ ശബ്ദങ്ങളും,,, കുട്ടികളുടെ കരച്ചിലും,, സ്ത്രീകളുടെ അലർച്ചയും,, ഫർണിച്ചറുകളുടെ സ്ഥാന ചലനങ്ങളും ആബംഗ്ലാവിൽ
നിത്യസംഭവങ്ങൾ ആയിരുന്നത്രെ! ആപ്രാദേശത്ത് താമസിക്കാൻപോലും ആളുകൾ മടിച്ചുഎന്നും അബ്‌ദുള്ള പറയുന്നു!
ബംഗ്ലാവിൽ മനുഷ്യവാസം അവസാനിപ്പിച്ചതിനു ശേഷമാണ് അതിന്റെ പ്രാദേശത്ത് ആളുകൾ താമസിച്ചുതുടങ്ങിയത്! ഇപ്പോളും രാത്രിയിൽ കുട്ടികളുടെ കരച്ചിലും സ്ത്രീകളുടെ അലർച്ചയും കേൾക്കാറുണ്ടെന്നു പരിസരവാസികളായ അറബികൾ പറയാറുണ്ടെന്നും,,, ഒരിക്കൽ കലീജ് ടൈംസിലെ (UAE യിലെ പ്രധാന പത്രമാണ് കലീജ് ടൈംസ് ) രണ്ടു വെള്ളക്കാരായ റിപ്പോർട്ടർമ്മാർ ഈ പാലസിൽ താമസിച്ചു ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്യുന്നതിനായി ശ്രമിച്ചിരുന്നു, എന്നാൽ ഒരു രാത്രിവെളുപ്പിക്കാൻ അവർക്കു കഴിഞ്ഞില്ല എന്നതും അറബികൾകിടയിൽ പാട്ടാണ്!
അവിടെ  ഉറങ്ങാൻകഴിയില്ലഎന്നും ഒരുമുറിയിൽ കഴിച്ചുകൂടിയാൽ മറ്റു മുറികളിലെവിടെയോ ഫർണിച്ചറുകൾ തട്ടിവീഴുന്നശബ്ദങ്ങളും സ്ത്രീകളുടെ  അലർച്ചകളും കേൾക്കാമെന്നും താഴെയോ മുകളിലോശബ്ദം കേട്ട ഭാഗത്തു ചെന്നുനോക്കിയാൽ അവിടെ മറിഞ്ഞുവീണ ഫർണിച്ചറുകൾ കാണാമെന്നും,,, അപ്പോ തന്നെ ആദ്യം നിന്നിരുന്ന മുറിയിൽനിന്നും ഇത്തരംശബ്ദങ്ങൾ കേൾക്കാമെന്നും ആളുകൾ പറയുന്നുഎന്നും,,,
ഒരിക്കൽ സൂപ്പർനാച്ചുറൽ ആക്റ്റിവിറ്റികളെ കുറിച്ച് പഠനം നടത്തുന്ന ഒരു സംഘം അതിനുള്ളിൽ ചിലവഴിച്ചു, അവരുടെ റിപ്പോർട്ടിൽ പറയുന്നു പാരനോർമൽ ആയി അവർക്കൊന്നും അവിടെ കാണാൻ സാധിച്ചില്ല എന്നും,,, എന്നാൽ അവിടെ നിന്നും തിരിച്ചു വീടുകളിൽ എത്തിയവർക്കു ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത തരത്തിലുള്ള സൂപ്പർ നാചുറൽ അനുഭവങ്ങൾ ഉണ്ടായതായും പറയുന്നു,ഇതിൽ 100കിലോമീറ്റർ കൂടുതൽ അകലെയുള്ള അൽ ഐനിൽ  ഉള്ളവർ പോലും ഉണ്ടെന്ന്   അബ്‌ദുള്ള പറയുന്നു!

ഇതൊക്കെ കെട്ടുകഥകൾ ആണ് എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം, എങ്കിലും,,,,

എന്ത് കൊണ്ട് ഇത്രയും വിലപിടിപ്പുള്ള  സുന്ദരമായ ഒരു ബംഗ്ലാവ്  ഇരുട്ടിൽ കുന്നിൻ മുകളിൽ ഇന്നേക്ക് 37 വർഷമായി ഉപേക്ഷിക്കപെട്ടുകിടക്കുന്നു ???

എന്തായാലും വന്യതകൾ തളം കെട്ടികിടക്കുന്ന റാസൽഖൈമയിലെ
കാസിമി പാലസ് ! എന്തൊക്കെയോ വിജിത്ര സംഭവങ്ങൾക്കു സാക്ഷ്യം വഹിക്കുന്നുണ്ടാകാം,,, അത് തന്നിലുള്ള വന്യത മറച്ചുവെച്ച് കൊണ്ടാവാം  എയർപോർട്ട് റോഡിലൂടെ പോകുന്ന ഏതൊരാളെയും നോക്കികൊണ്ടിരിക്കുന്നത് !

Thursday, October 5, 2017

പ്രധാനമന്ത്രിയുടെ സുരക്ഷാഭടന്മാരുടെ കയ്യിലുള്ള ബ്രീഗ് കെയ്‌സിൽ എന്താണെന്ന് ?

#അറിയുമോ ?

പ്രധാനമന്ത്രിയുടെ സുരക്ഷാഭടന്മാരുടെ കയ്യിലുള്ള ബ്രീഗ് കെയ്‌സിൽ എന്താണെന്ന് ?

SPG  അഥവാ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് കമ്മാൻഡോകളാണ്. പ്രധാനമന്ത്രി, മുൻ പ്രധാനമന്ത്രിമാർ തുടങ്ങി അതിപ്രശസ്തരായ VVIP  കളുടെ സംപൂർണ്ണ സുരക്ഷാ ചുമതല വഹിക്കുന്നത്. CRPF, RPF  തുടങ്ങിയ അർധസൈനിക വിഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഇവരെ വളരെ കൃത്യവും, കഠിനവുമായ പരിശീലനങ്ങൾ നൽകിയാണ് കമാണ്ടോകളാക്കി മാറ്റുന്നത്. ഏതു ആപത്ത്ഘട്ടത്തിലും അവസര ത്തിനൊത്തുയരാനും വിശിഷ്ട വ്യക്തിയെ രക്ഷിച്ചുകൊണ്ടു ശത്രുവിനു നേരെ മിന്നലാക്രമണം നടത്താനും ഇവർക്ക് ഞൊടിയിടയിൽ കഴിയും.

ഈ കരിംപൂച്ചകളുടെ കയ്യിൽ FNF  - 2000 അസാൾട്ട് റൈഫിൾ , ആട്ടോമാറ്റിക് ഗൺ , 17 - എം ആധുനിക പിസ്റ്റൾ തുടങ്ങിയ ആയുധങ്ങൾ ഉടനടി പ്രയോഗിക്കാവുന്ന രീതിയിൽ ശരീരത്തിന്റെ പല ഭാഗങ്ങളിലായി  എപ്പോഴും സജ്ജമാണ്. ആൾക്കൂട്ടത്തിൽ നിന്നുണ്ടാകുന്ന ഒരു ചെറിയ വിരലനക്കം പോലും മനസ്സിലാക്കി പ്രതികരിക്കാൻ ഇവർക്ക് കഴിയുമെന്നതാണ് പ്രത്യേകത.

പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിക്കുന്ന SPG  കമാൻഡോകളിൽ ചിലരുടെ കൈകളിൽ ഒരു ബ്രീഫ് കെയ്‌സ് ശ്രദ്ധിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ ചിത്രം കാണുക.

പ്രധാനമന്ത്രി പോകുന്നിടത്തെല്ലാം ഈ പെട്ടിയും ഒപ്പമുണ്ടാകും. ഈ  ബ്രീഫ് കെയ്‌സ് പ്രധാനമന്ത്രിയുടെ സുരക്ഷക്കുള്ള പ്രധാന ഉപാധികളിൽ ഒന്നാണ്.

ഇത് ഒരു portable bullet proof shield  ആണ്. അപകടസമയത്ത് ഇതിലു ള്ള വളരെ ചെറിയ ബട്ടൺ അമർത്തിയാൽ പെട്ടി ഒരു നീളമുള്ള പാളിയായി തുറക്കപ്പെടുന്നു . ( കാണുക ചിത്രങ്ങൾ ). വിശിഷ്ട വ്യക്തിക്ക് അപകട സമയത്തു താൽക്കാലിക കവചമൊരുക്കി സുരക്ഷ നൽകാ നുള്ള ബുള്ളറ്റ് പ്രൂഫ് ഉപകാരണമാണിത്. ആപദ്ഘട്ടത്തിൽ ഉപയോഗി ക്കാനായി  ഇതിന്റെ രഹസ്യ അറയിൽ പിസ്റ്റലുകളും ഒളിപ്പിച്ചുവച്ചിട്ടുണ്ട്.

വിശിഷ്ട വ്യക്തിക്ക് അല്ലെങ്കിൽ അതിഥിക്ക് ആപത്തുണ്ടാകുന്ന ഘട്ടത്തിൽ അദ്ദേഹത്തിന് മുന്നിൽ വന്ന് ഈ ഷീൽഡ് തുറന്ന് അദ്ദേഹത്തെ പൂർണ്ണമായും കവർ ചെയ്യുന്നു. തുറക്കുന്ന കമാൻഡോക്ക് ഇതിനുള്ളിൽ അമർന്നിരുന്നുകൊണ്ട് ഒളിച്ചുവച്ചിരിക്കുന്ന പിസ്റ്റൾ എടുത്തു ശത്രുവിനെ അറ്റാക്ക് ചെയ്യാൻ അനായാസം കഴിയും. അതാണിതിന്റെ പ്രത്യേകത.

ഭാരതത്തിലെത്തുന്ന വിദേശ രാഷ്ട്രത്തലവന്മാർക്കും, അതിഥികൾക്കും എസ.പി.ജി കമാൻഡോകളാണ് സുരക്ഷ ഒരുക്കുന്നത്. SPG  ഡയറക്ടർ ഐ .പി.എസ് ഉദ്യോഗസ്ഥനാണ്. SPG കമാൻഡോകൾ  ക്യാബിനറ്റ് സെക്രട്ടറിയുടെ അധീനതയിലാണുള്ളത്. മുഖ്യമായും  അതിവിശിഷ്ട വ്യക്തികളുടെ സുരക്ഷാ ചുമതലയാണ്  SPG കമാൻഡോകൾക്കുള്ളത്.

കാണുക എല്ലാ ചിത്രങ്ങളും.