antech

antech

Wednesday, April 27, 2022

ലോകത്തിലെ ഏക ചിലന്തി അമ്പലം - കൊടുമൺ പള്ളിയറ ചിലന്തി അമ്പലം

പത്തനംതിട്ട ജില്ലയിലെ കൊടുമൺ പഞ്ചായത്തിലാണ് ലോകത്തിലെ തന്നെ ഏകചിലന്തിയമ്പലം സ്ഥിതിചെയ്യുന്നത്. ഏഴംകുളം-കൈപ്പട്ടൂര്‍ റോഡിൽ കൊടുമൺ ജംഗ്ഷനിൽ നിന്നും 1.5 കി മീ കിഴക്കുമാറി സ്ഥിതി ചെയ്യുന്ന പള്ളിയറ ദേവി ക്ഷേത്രമാണ് ചിലന്തി അമ്പലം എന്ന പേരിൽ അറിയപ്പെടുന്നത്. ചിലന്തി വിഷബാധയ്ക്ക് പരിഹാരം തേടി നിരവധി ആളുകളാണ് ഈ ചിലന്തിയമ്പലത്തിൽ എത്തുന്നത്. ക്ഷേത്രത്തിൽ വന്നു വഴിപാട് നടത്തിയാൽ കടുത്ത ചിലന്തി വിഷ ബാധയും മാറും 

വഴിപാടുകൾ

ചിലന്തിയമ്പലത്തിൽ വിഷരോഗശാന്തിക്കുള്ള പ്രതിവിധി തേടി നിരവധി ആളുകളാണ് എത്തുന്നത്. വിഷബാധയേറ്റവർ ക്ഷേത്രത്തിൽ എത്തി കുളച്ചി തൊഴുത് മലർനിവേദ്യം നടത്തുകയാണ് പതിവ്. തുടർന്ന് പൂജിച്ച ഭസ്മം വാങ്ങി ശരീരത്തിൽ ലേപനം ചെയ്യുന്നു. ഭസ്മലേപനത്തിൻ്റെ ശക്തിയാൽ ഒരാഴ്ചയ്ക്കകം വിഷാംശം ഇല്ലാതായി രോഗശാന്തി വന്നുചേരുന്നു. ഇവിടുത്തെ കിണറ്റിലെ ജലത്തിന് ഔഷധ ഗുണമുണ്ടെന്നാണ് പറയപ്പെടുന്നത്.

ചിലന്തിയമ്പലം ഐതീഹ്യം

ചിലന്തിയമ്പലത്തിൻ്റെ ചരിത്രവും ഐതീഹ്യവും ആശ്ചര്യചൂടാമണി എന്ന സംസ്കൃത നാടത്തിൻ്റെ കര്‍ത്താവ് ശക്തിഭദ്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. കൊടുമണിൽ ചെന്നീര്‍ക്കര സ്വരൂപമെന്നു പേരുകേട്ട ഒരു ബ്രാഹ്മണ കുലമുണ്ടായിരുന്നു. പള്ളിയറ ദേവി ക്ഷേത്രം ഈ കുലത്തിൻ്റെ അധീനതയിൽ ആയിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ശക്തിഭദ്രകുടുംബത്തിലെ ഒരു അന്തർജനത്തിന്റെ നിർവാണകഥയുമായി ബന്ധപ്പെട്ടാണ് പള്ളിയറ ദേവി ക്ഷേത്രത്തിന് ചിലന്തിയമ്പലം എന്ന പേരുവന്നതെന്ന് പറയപ്പെടുന്നു.

ചെന്നീര്‍ക്കര ബ്രാഹ്മണകുലത്തിൽ ആൺ പ്രജകള്‍ ഇല്ലാതാകുകയും ശക്തിഭദ്രര്‍ സാവിത്രി, ശക്തിഭദ്രര്‍ ശ്രീദേവി എന്നീ രണ്ട് അന്തർജനങ്ങൾ അവശേഷിക്കുകയും ചെയ്തു. ഇവരെ വാക്കവഞ്ഞിപ്പുഴ മഠത്തിലെ കാരണവനായ ഇരവിതായരു എന്ന ബ്രാഹ്മണൻ ദത്തെടുത്തു വളര്‍ത്തി. പിന്നീട് ഇവര്‍ പള്ളിയറ ദേവി ക്ഷേത്രത്തിന് (ചിലന്തിയമ്പലം) സമീപമുള്ള കോയിക്കൽ കൊട്ടാരത്തിൽ ജീവിച്ചുപോന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഒരു അന്തർജനം ഏകാന്തവാസത്തിൽ ഏർപെടുകയും ആത്മീയതയിൽ ലയിച്ച് അറയ്കുള്ളിൽ ആദിപരാശക്തിയായ ദുർഗ്ഗാഭഗവതിയെ തപസ് അനുഷ്ഠിച്ചു പോന്നു.

തുടർന്ന് ഇവരിൽ ദേവീ ചൈതന്യമുള്ള ചിലന്തികൾ വലകെട്ടുകയും , ചിലന്തികൾ ഇവരുടെ ആജഞാനുവർത്തികൾ ആകുകയും ചെയ്തു. ഈ വലയ്ക്കുള്ളിൽ ഇരുന്ന് അന്തര്‍ജനം സമാധായായി. തീവ്രഭക്തയായ അന്തര്‍ജനത്തിൻ്റെ ആത്മചൈതന്യം തൊട്ടടുത്ത ദുര്‍ഗാക്ഷേത്രത്തിൽ ലയിച്ചു ചേര്‍ന്ന് ജഗദംബയിൽ മോക്ഷം പ്രാപിച്ചുവെന്നാണ് പറയപ്പെടുന്നത്. അന്നുമുതലാണ് ക്ഷേത്രം ചിലന്തിയമ്പലം എന്ന പേരിൽ അറിയപ്പെടുന്നതെന്നും കരുതുന്നു.

ചിലന്തിയമ്പലത്തെ സംബന്ധിച്ച് മറ്റൊരു വിശ്വാസ കഥകൂടിയുണ്ട്. ചെന്നീർക്കര തമ്പുരാക്കന്മാരിൽ രവീന്ദ്രവിക്രമൻ പ്രശസ്തനായ വിഷചികിത്സകനായിരുന്നു. അപൂർവങ്ങളായ അങ്ങാടിമരുന്നുകളുടെ ശേഖരംതന്നെ ഇദ്ദേഹത്തിനുണ്ടായിരുന്നു. രവീന്ദ്രവിക്രമന് മൂന്ന് പെൺമക്കളായിരുന്നു. തന്റെ കാലശേഷം ചികിത്സതുടർന്നു കൊണ്ടുപോകാൻ സാധ്യമല്ലെന്നു മനസിലാക്കിയ തമ്പുരാൻ വലിയ കിടങ്ങു കുഴിച്ച് തന്റെ സമ്പാദ്യമായ മുഴുവൻ അങ്ങാടി മരുന്നും അതിലിട്ടു മൂടി. ക്ഷേത്രത്തിനു ചുറ്റുമായി കുഴുപ്പിച്ച ഈ കിടങ്ങിൽനിന്നു വരുന്ന ഔഷധജലമാണ് ക്ഷേത്രകിണറ്റൽ എത്തിച്ചേരുന്നത് എന്നാണ് വിശ്വാസം.

തമ്പുരാൻ്റെ കാലശേഷം മക്കളിൽ മൂത്തവൾ വസൂരി ബാധിച്ച് മരിച്ചു. രണ്ടാമത്തേവൾ ജേഷ്ഠത്തി മരിച്ച നിരാശയിൽ ആത്മഹത്യചെയ്തു. മൂന്നാമത്തേവൾ കൊട്ടാരത്തിൻ്റെ അറയിൽ കയറി തപസ് അനുഷ്ഠിച്ചു. ഇതോടെ ചെന്നീർക്കര രാജവംശവും ഇല്ലാതെയായി. കാലശേഷം പറഞ്ഞ്എഴുതി വെച്ചിരുന്ന ചെമ്പോല പ്രമാണത്തിൻ്റെ അടിസ്ഥാനത്തിൽ തമ്പുരാൻ്റെ സ്വത്തവകാശം മണ്ണടി വാക്കവഞ്ഞിപ്പുഴ മഠത്തിനായി. നാളുകൾക്കു ശേഷം അവിടെനിന്നു ആളുകളെത്തി അറതുറന്നു നോക്കുമ്പോൾ ചിലന്തികളെകൊണ്ടു മൂടിയ തമ്പുരാട്ടിയുടെ അസ്ഥികൾ മാത്രമാണ് കണ്ടത്. അങ്ങനെ ആ തമ്പുരാട്ടി ചിലന്തിയമ്മയായി. ദേവസ്ഥാനം കൽപിച്ചു നൽകിയതോടെ കൊട്ടാരത്തിൻ്റെ നിലവറയിൽ ചിലന്തിതമ്പുരാട്ടിക്കും കിണറ്റുകല്ലിൽ മൂത്തതമ്പുരാട്ടിക്കും നിവേദ്യം നൽകി വരുന്നു. കാലക്രമത്തിൽ തമ്പുരാട്ടിയെ വിധിപ്രകാരം പള്ളിയറ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തി എന്നും വിശ്വാസമുണ്ട്


Friday, March 11, 2022

എന്താണ് പുല ?

എന്താണ് പുല ?


പുനർ ലയിപ്പിക്കുന്നതു ആണ് പുല. മരണ സമയം ശരീരത്തു നിന്നും ദശപ്രാണനിൽ ഒൻപതു പ്രാണനും വിട്ടുപോകുന്നു എന്നാൽ ധനഞ്ജയൻ എന്ന പ്രാണൻ ശരീരത്തിൽ നിന്നും പതിയെ പോകുന്നു. ധനഞ്ജയൻ എന്ന വായു സർവവ്യാപിയാണ്. ശരീരം അഗ്നിയിൽ ലയിക്കുമ്പോൾ ധനഞ്ജയൻ പുറത്തു വരുന്നു. ധനഞ്ജയൻ എന്ന പ്രാണൻ പിതാവിൽ നിന്നും മാതാവിന്റെ ഗർഭപാത്രത്തിൽ വച്ച് തന്നെ ശിശുവിലേക്ക് എത്തുന്നു. ശരീരത്തിൽ നിലനിൽക്കുന്ന ധനഞ്ജയൻ ആ വ്യക്തി മരിച്ച ശേഷം ശരീരം നശിക്കുമ്പോൾ പുറത്തെത്തുന്നു. ഈ ധനഞ്ജയൻ ഒരു വ്യക്തിയുടെ രക്തബന്ധത്തിൽ ഉള്ള എല്ലാ ആളുകളുമായും ബന്ധമുണ്ടാകും. കാരണം പിതാവിൽ നിന്നും നമ്മളിലെത്തുന്ന പ്രാണനാണല്ലോ. അത് ഒരേ പിതാവിൽ നിന്നും ജന്മം എടുത്ത എല്ലാ വ്യക്തികളുടെയും പ്രാണനുമായി ബന്ധപ്പെട്ടിരിക്കും രക്ത ബന്ധമുള്ള വ്യക്തി മരിച്ചാൽ അത്‌കൊണ്ടാണ് പുല ആചരിക്കുന്നത് മരണ ശേഷം വിട്ടുപോകുന്ന ദശപ്രാണനെയും കർമ്മങ്ങളിലൂടെ ഒന്നിപ്പിക്കുന്നു, പുനർ ലയിപ്പിക്കുന്നു.  മരണം ഉണ്ടായതിനു ശേഷം അന്തരീക്ഷം ഭൂമി എന്നിവ ശുദ്ധീകരിക്കാൻ വേണ്ടിയാണ് ഹോമങ്ങളും മറ്റും നടത്തുന്നത്. ഈ ഹോമങ്ങളിലും കർമ്മങ്ങളിലും പങ്കെടുക്കാൻ ശരീരം ശുദ്ധമായിരിക്കുവാൻ ആണ് പുലയുള്ള ആളുകളോട് ദൂര സഞ്ചാരം പാടില്ല, വേറെ വ്യക്തികൾ പുലയുള്ളവരെ തൊടരുത് എന്നൊക്കെ ആചാരമായത്.

"പഞ്ചകോശങ്ങൽ അടങ്ങിയ ശരീരത്തിന് ചിന്തിക്കാനും, സംസാരിക്കാനും, പ്രവർത്തിക്കാനും ഉള്ള കഴിവ് ഉണ്ടാകുന്നത് പ്രാണൻ എന്ന ശക്തി കൊണ്ടാണ്. ഈ പ്രാണന്റെ വരവ് ജനനവും, പോക്ക് മരണവും ആണ്. ജീവശരീരത്തിൽ പ്രാണൻ, അപാനൻ, ഉദാനൻ, സമാനൻ, വ്യാനൻ എന്നിങ്ങനെ അഞ്ചു മുഖ്യതരം മുഖ പ്രാണനുകളുണ്ട്.

ഇവയ്ക്ക് യഥാക്രമം നാഗൻ, കൂർമ്മൻ, കൃകലൻ, ദേവദത്തൻ, ധനഞ്ജയൻ എന്നിങ്ങനെ അഞ്ചു പ്രാണനുകളുണ്ട് . ഇവയെല്ലാംകൂടി ആത്മാവെന്ന കേന്ദ്രചൈതന്യത്തിൽ നിന്നും, പ്രകൃതി നിമിത്തം ആകർഷിക്കപ്പെട്ട് ശരീരരൂപീകരണം നടത്തുന്നു. ഇതാണ് ജനനം. പിന്നീട്, ഈ പ്രാണനുകൾ ആ ശരീരത്തെ എപ്പോൾ വിട്ടുപോകേണ്ട ഒരവസ്ഥ വരുന്നുവോ അപ്പോൾ മരണം സംഭവിക്കുന്നു.

"മരണ വീട്ടിൽ പോയാൽ കുളിച്ചിട്ടു കയറണ മെന്ന് പറയുന്നതിന്റെ ശാസ്ത്രീയത എന്താണ്?

മരണവീട്ടിലെ സങ്കടകരമായ ചുറ്റുപാടിലെ എനർജി മുഴുവൻ നെഗറ്റീവാണ്. ഇത് നമ്മുടെ ഓറയിൽ ( ഊർജ്ജശരീരത്തിൽ) കയറിപ്പറ്റിയാൽ പ്രശ്നമാണ് ( ഓറ സ്കാനർ, ലേയ്ച്ചർ ആന്റിന എന്നിവ ഉപയോഗിച്ച് കണ്ടെത്താം) അതുകൊണ്ടാണ് കുളിക്കണമെന്ന്
പറയുന്നത്. കുളിമ്പോൾ അല്പം ഉപ്പുപൊടി ചേർത്തു കുളിക്കുന്നത് ശരീരത്തിലെ എല്ലാ നെഗറ്റീവിനേയും കളയും .

നേരെ മറിച്ച് സന്തോഷകരമായ ചുറ്റുപാടിൽ നിന്നും വന്നാൽ അന്ന് വീണ്ടും കുളിക്കരുത് ( ക്ഷേത്രത്തിൽ നിന്നും പോന്നാൽ വീണ്ടും കുളിക്കരുത്)

അതുപോലെ ശരീരം ദഹിപ്പിച്ച സ്ഥലത്ത് നവധാന്യം മുളപ്പിച്ചാൽഅവിടത്തെ നെഗറ്റീവും
ഇല്ലാതാകും. വാസ്തു ശാസ്ത്രത്തിൽ പറയുന്നു, കൊടിയ ആഭിചാരമുള്ള പറമ്പാണെങ്കിലും അവിടെ 7 പ്രാവശ്യം നവധാന്യങ്ങൾ മുളപ്പിച്ചാൽ ആ ദോഷം പോകുമെന്ന്.

എന്തായാലും 30% എനർജിയുള്ള പറമ്പിൽ
നവധാന്യങ്ങൾ മുളപ്പിച്ചതിനുശേഷം 70% എനർജി വന്നതായി അറിയാവുന്നതാണ്.

വാസ്തവത്തിൽ നമ്മുടെ ഋഷിമാരും പൂർവ്വികരും
പറഞ്ഞു വച്ച കാര്യങ്ങളുടെ മഹത്വമറി
ഞ്ഞാൽ നാം അറിയാതേ തന്നെ അവരേ കൈക്കൂപ്പിപ്പോകും!! 

നമ്മളോ??? അടുത്ത തലമുറയേ കാര്യങ്ങൾ പഠിപ്പിക്കാതേ വഴുതി മാറികളിക്കുന്നു. ഇത് പഞ്ചമഹായജ്ഞത്തിലെ ബ്രഹ്മയജ്ഞം ചെയ്യാത്തതിന്റെ കർമ്മ ദോഷമായ്ത്തീരും എന്ന് നാമേവരും ഓർത്താൽനന്ന്!!

മരണ വീട്ടില്‍ ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ല, മൃതദേഹത്തില്‍ തൊടുന്നതിനു മുന്‍പും കര്‍മ്മശേഷവും ഉടുതുണിയാല്‍ കുളിക്കണം, മരിച്ച് മൂന്ന് മണിക്കൂറിന് മുന്‍പ് (Indroduce of 
de vacsination liquid in the dead body ) പച്ച മാവിന്‍ വിറകില്‍ ദഹിപ്പിക്കണം പച്ചമാംസം കത്തിയാലുണ്ടാവുന്ന അന്തരീക്ഷമലിനീകരണം ഒഴിവായി കിട്ടും.

ശേഷം ബലികാക്കകളെ ക്ഷണിതാക്കളായി കുടിയിരുത്തി പരിസരത്ത് ബലിയിടുന്നത് ശരീരാവശിഷ്ടങ്ങള്‍ക്ക് കോട്ടം സംഭവിക്കാതിരിക്കാന്‍ ഇഴജന്തുക്കളേയും,നികൃഷ്ട ജീവികളേയും അകറ്റി നിര്‍ത്താനാണ്. 

സഞ്ചയനത്തിന് അസ്ഥികള്‍ ചമതയെന്ന ആയുര്‍വേദ വൃക്ഷകൊമ്പുകള്‍ കൊണ്ടുള്ള ചവണയാലേ എടുക്കാവൂ, ശേഷം പരിസരം നവധാന്യങ്ങള്‍ നട്ടുമുളപ്പിച്ചാല്‍ ശരീരം കത്തി അശുദ്ധമായ മണ്ണ് ശുദ്ധമാവും. 

ശേഷം പുലവീടല്‍ ചടങ്ങിന് എണ്ണതേച്ച് കുളിച്ച് പഞ്ചഗവ്യം (പശുവിന്‍െറ പാല്‍, മൂത്രം, തൈര്, നെയ്യ്,വെണ്ണ) കഴിച്ചാല്‍ മരണവീട്ടില്‍ ജീവിച്ചിരിക്കുന്നവരുടെ ശരീരം ശുദ്ധമാവും.

ശേഷം പതിനാറിന് സര്‍വ്വരുമായി സദ്യയുണ്ണുന്നതോടു കൂടി വിശപ്പുമാറിയവന്‍െറ അനുഗ്രഹത്താല്‍ എല്ലാം മറന്ന് പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെക്കാന്‍ മനസ്സിനെ പ്രാപ്തമാക്കുന്ന psychology കൂടി ഈ ശാസ്ത്രത്തിലുണ്ട്.

നമ്മുടെആചാരങ്ങൾ വളരെ ശ്രേഷ്ഠമാണ് - ശാസ്ത്രീയമാണ്. ഇത് മനസ്സിലാക്കാത്ത കാലത്തോളമാണ് അന്ധവിശ്വാസവും അനാചാരവുമായി മാറുന്നത്.....

Monday, October 18, 2021

ഇടുക്കി ഡാം ഒരു വലിയ ചെറിയ ചരിത്രം!!!

ഇടുക്കി ഡാം ഒരു വലിയ ചെറിയ ചരിത്രം!!!
ലോകോത്തര ആർകിടെക്റ്റുകളെപ്പോലും വിസ്മയിപ്പിക്കുന്ന ഇടുക്കി അണക്കെട്ടിന്റെ ചരിത്രത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇടുക്കിയിൽ പെരിയാർ നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന ഇടുക്കി അണക്കെട്ടും ബ്രിട്ടീഷുകാരുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. 1922 ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന W. J ജോണിന്റെ പേരു പറയാതെ ഡാമിന്റെ ചരിത്രം തുടങ്ങുവാനാകില്ല. ഇടുക്കിയിലെ തന്റെ നായാട്ടിനിടയിൽ കണ്ടെത്തിയ കൊലുമ്പൻ എന്ന ആദിവാസി ജോണിന്റെ കൂടെ കൂടിയതോടെയാണ് ഒരു വലിയ ചരിത്രത്തിനു തുടക്കമാവുന്നത്

കുറവൻ കുറത്തി മലയിടുക്ക്!!!
ഇടുക്കിയിലെ കുറവൻ കുറത്തി മലയിടുക്ക് ജോണിനു കൊലുമ്പൻ കാണിച്ചു കൊടുത്തതും അതിനിടയിലൂടെ ഒഴുകുന്ന പെരിയാറിൽ ഒരു തട കെട്ടുന്നത് ജലസേചനത്തിനും വൈദ്യുതോത്പാദനത്തിനും സഹായിക്കും എന്ന ജോണിന്റഖെ ദീർഘവീക്ഷണവും ഒക്കെ ഇതിന്റെ ചരിത്രത്തോട് ചേർത്തു വായിക്കേണ്ടതാണ്. പിന്നീട് അദ്ദേഹം അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കുകയും എൻജിനീയറായ സഹോദരന്റെ സഹായത്തോടെ വിശദമായ ഒരു റിപ്പോർട്ട് തിരുവിതാംകൂർ ഗവണ്‍മെന്റിനു സമർപ്പിക്കുകയും ചെയ്തു.

പൂർണ്ണമായും ഇന്ത്യൻ പദ്ധതിയല്ല ഇടുക്കി ഡാം!!!

കഥകളും ചരിത്രങ്ങളും ഒട്ടേറെ അവകാശപ്പെടുവാനുണ്ടെങ്കിലും ഇടുക്കി ഡാം പൂർണ്ണമായും ഇന്ത്യൻ പദ്ധതിയല്ല എന്നതാണ് യാഥാർഥ്യം. കാനഡ അണക്കെട്ടു നിർമ്മാണത്തിനാവശ്യമായ ധനം നല്കിയപ്പോൾ സാങ്കേതിക സഹായം സ്വീകരിച്ചത് ഫ്രാൻസിൽ നിന്നായിരുന്നു.

ഒരു ഡാം നിർമ്മിച്ചപ്പോൾ !!!

ഇടുക്കി ഡാമിന്റ പ്രധാന പദ്ധതി കുറുവൻ കുറത്തി മലകളെ തമ്മിൽ ബന്ധിപ്പിക്കുക എന്നതായിരുന്നു. ഇങ്ങനെ ബന്ധിപ്പിക്കുമ്പോൾ പെരിയറിൽ സംഭരിക്കപ്പെടുന്ന വെള്ളം ചെറുതോണി പുഴയിലൂടെയും കിളിവള്ളിത്തോട്ടിലൂടെയും ഒഴുകിപ്പോകുവാൻ സാധ്യതകൾ ഏറെയുണ്ടായിരുന്നു. അതിനാൽ ചെറുതോണി പുഴയിലൂടെ വെള്ളം പോകാതിരിക്കുവാൻ ചെറുതോണിയിലും കിളിവള്ളിത്തോട്ടിലൂടെ പോകാതിരിക്കുവാൻ കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു.

ഐസിട്ടു നിർമ്മിച്ച ഇടുക്കി ഡാം!!!

നിർമ്മാണത്തിൽ ധാരാളം പ്രത്യേകതകൾ ഉള്ള ഒന്നാണ് ഇടുക്കി അണക്കെട്ട്. കമാനാകൃതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ വിദഗ്ദരായ ഫ്രഞ്ച് എൻജിനീയർമാരാണ് ഇതിനെ ഇന്നു കാണുന്ന രൂപത്തിലാക്കിയത്. കോൺക്രീറ്റ്‌ കൊണ്ടു പണിത അണക്കെട്ടിനു 168.9 മീറ്റർ ഉയരമുണ്ട്‌. മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്‌. ഇതിന്റെ നിർമ്മാണത്തിനാവശ്യമായ കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോൾ താപനില കുറയ്ക്കുവാനായി ഐസ് ഉപയോഗിച്ചിരുന്നുവത്രെ.

ഷട്ടറില്ലാത്ത ഇടുക്കി ഡാം!!!

ഇടുക്കി ഡാമിന്റെ ഷട്ടർ തുറക്കുന്നു എന്നു പറയുമ്പോളും സത്യം മറ്റൊന്നാണ്. ഇടുക്കി ഡാമിനു ഷട്ടറുകളില്ല. ഇവിടെ വെള്ളം നിറയുമ്പോൾ ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് തുറക്കുന്നത്. ഭൂകമ്പത്തെ ചെറുക്കുന്നതിനായുള്ള പ്രത്യേക സാങ്കേതിക വിദ്യകൾ, ഉപയോഗിച്ചാണ് പെരിയാറിനു കുറുകെ ഇത് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ശക്തമായ അണക്കെട്ടു കൂടിയാണ് ഇടുക്കി അണക്കെട്ട്.

ചെറുതോണി അണക്കെട്ട്!!!
ഉയരത്തിൻന്റെ കാര്യത്തിൽ മൂന്നാമത് നിൽക്കുന്ന ചെറുതോണി അണക്കെട്ട് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണ്. സമുദ്ര നിരപ്പിൽ നിന്നും 3900 ഇടി ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. 1976 ലാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നത്. ഇവിടുത്തെ ബോട്ടിങ്ങാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. എന്നാൽ ഓണം, ക്രിസ്തുമസ് തുടങ്ങിയ സമയങ്ങളിൽ മാത്രമേ ഇവിടെ ബോട്ടിങ്ങ് നടത്തുവാൻ അനുമതിയുള്ളൂ. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളിലെ റിസർവ്വോയറിലെ വെള്ളം തുറന്നു വിടേണ്ട സന്ദർഭങ്ങളിൽ ചെറുതോണി അണക്കെട്ട് വഴിയാണ് അധികമുള്ള ജലം വിടുന്നത്.

കുളമാവ് അണക്കെട്ട്!!!

ഇടുക്കിയിലെ കുളമാവ് എന്ന സ്ഥലത്താണ് കുളമാവ് അണക്കെട്ട് സ്ഥിതി ചെയ്യുന്നച്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണിത്. ഇടുക്കി അണക്കെട്ടിന്റെ തെക്കുദിശയിലായി സ്ഥിതി ചെയ്യുന്ന ഈ ഡാമിന് 33 കിലോമീറ്ററാണ് റിസർവ്വോയറുള്ളത്.

ഇടമലയാർ ഡാം!!!

കേരളത്തിലെ പ്രശസ്തമായ മറ്റൊരു അണക്കെട്ടാണ് ഇടമലയാർ അണക്കെട്ട്. എറണാകുളം ജില്ലയിൽ ഭൂതത്താൻ കെട്ടിനു സമാപത്തായാണ് ഇതുള്ളത്. 1957 ൽ നിർമ്മിക്കപ്പെട്ട ഈ ഡാം ഇടമലയാറിനു കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്

ഇടുക്കി ഡാം തുറക്കുമ്പോൾ!!!

ഇടുക്കിയിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് നാളെയാണ് ചരിത്രത്തിൽ നാലാമത്തെ തവണ ഇടുക്കി അണക്കെട്ട് തുറക്കുന്നത്. 1981 ലും 1992 ലും 2018 ലും ഇടുക്കി ഡാം ഇതിനു മുൻപ് തുറന്നിട്ടുണ്ട്.

വെള്ളം പോകുന്ന വഴി !!!
ഇടുക്കി ഡാം തുറക്കുമ്പോൾ ചെറുതോണി മുതൽ അറബിക്കടൽ വരെയാണ് വെള്ളം ഒഴുകിയെത്തുന്നത്. ചെറുതോണി ടൗൺ, പെരിയാർ, ലോവർ പെരിയാർ അണക്കെട്ട്, ഭൂതത്താൻ കെട്ട്, , കാലടി, നെടുമ്പാശ്ശേരി, ആലുവ വഴിയാണ് അറബിക്കടലെത്തുന്നത്.
കടപ്പാട്: Respective Owners

Wednesday, October 13, 2021

അത്താണി ഒരു കരിങ്കല്ല് അല്ല


"അദ്ധ്വാനിക്കുന്നോർക്കും ഭാരം ചുമക്കുന്നോർക്കും അത്താണിയായുള്ളോനേ
കർത്താവേ യേശുനാഥാ..."

സ്നേഹസീമ എന്ന ചിത്രത്തിനുവേണ്ടി  അഭയദേവ് വരികളെഴുതി ദക്ഷിണാമൂർത്തി ഈണം നൽകി പി. ലീല ആലപിച്ച പ്രശസ്തമായ ഗാനത്തിലെ വരികൾ ആണിത്. സിനിമയെ കുറിച്ചല്ല അത്താണിയെക്കുറിച്ചാണ് പറയാൻ ഉദ്ദേശിക്കുന്നത്.

ഒരു വലിയ കാലഘട്ടത്തിന്റെ അവശേഷിപ്പുകളാണ് #അത്താണികൾ. അഥവാ #ചുമടുതാങ്ങികൾ. ഒരു കാലഘട്ടത്തിന്റെ മുഴുവൻ ചുമട് താങ്ങിയ ആ കല്ലുകൾ ഇന്ന് വിസ്മൃതിയിലേക്ക് ആണ്ട് തുടങ്ങിയിരിക്കുന്നു.  

യന്ത്ര വാഹനങ്ങൾ ഇല്ലാത്ത കാലത്ത് തലച്ചുമടായി ആയിരുന്നു ചരക്കുകൾ പല നാടുകളിലേക്ക് എത്തിച്ചിരുന്നത്. കാള വണ്ടികളും ഉണ്ടായിരുന്നു എങ്കിലും  ചരക്ക് ഗതാഗതത്തിന്റെ വലിയൊരു പങ്ക്‌ തലച്ചുമടായി നടന്നിരുന്നു. ഇങ്ങനെ ദീർഘദൂരം തലച്ചുമടായി കൊണ്ടുപോകുമ്പോൾ പരസഹായമില്ലാതെ ആ ചുമടിറക്കി വെച്ച് വിശ്രമിക്കാനുള്ള ഇടമായിരുന്നു അത്താണികൾ. അതത് നാട്ടുരാജാക്കൻമാരും നാട്ടുപ്രമാണിമാരും ആണ് അത്താണികൾ സ്ഥാപിച്ചിരുന്നത്. വലിയ തണൽ മരങ്ങളുടെ ചുവട്ടിൽ ആണ് അത്താണികൾ ഉണ്ടാകാറ്. തലയിലെ ഭാരം ഇറക്കി വയ്ക്കുന്നതിനൊപ്പം ദാഹം തീർക്കാൻ ഉള്ള തണ്ണീർപ്പന്തൽ ഉം അവിടെ ഉണ്ടായിരുന്നു. കാലക്രമേണ അത്താണികൾ നിലനിന്നിരുന്ന സ്ഥലങ്ങൾ കച്ചവടകേന്ദ്രങ്ങൾ ആയി. അങ്ങനെയാണ് ആ സ്ഥലങ്ങൾക്ക് അത്താണി എന്ന പേര് ലഭിച്ചത്.

തൃശ്ശൂർ, പാലക്കാട്‌, മലപ്പുറം, എറണാകുളം ജില്ലകളിൽ ദേശീയ പാതയോരങ്ങളിലും മറ്റും ധാരാളം അത്താണികൾ ഉണ്ടായിരുന്നു. അന്നത്തെ പ്രധാനം പാതയാണ് ദേശീയ പാതയും സംസ്ഥാന പാതയും ഒക്കെയായി വികസിച്ചത്. തമിഴ്നാടും മലബാറും, കൊച്ചിയുമായി വ്യാപാരബന്ധം നിലനിന്നിരുന്ന പാതയായിരുന്നു ഇത്‌.  ഇങ്ങനെ ചുമടുകൾ കൊണ്ട് പോകുമ്പോൾ ദേശാതിർത്തിയിൽ കരം പിരിക്കാൻ ചുങ്കങ്ങളും ഉണ്ടായിരുന്നു. അത്താണി എന്ന പേരുപോലെ തന്നെ ചുങ്കം എന്ന സ്ഥലപ്പേരും കാണാം. ഉദാ വേലൂർ ചുങ്കം (തൃശ്ശൂർ )

ഏതാണ്ട് ആറടി നീളമുള്ള നീളൻ കരിങ്കല്ലുകൾ സമാന്തരമായി കുഴിച്ചിടുന്നു. ഒരാൾ പൊക്കത്തിൽ അവയ്ക്ക് കുറുകെ  മറ്റൊരു കരിങ്കൽ കഷണം സ്ഥാപിക്കുന്നു. ഇതാണ് സാധാരണയായി കണ്ടുവരുന്നത്. ഒറ്റക്കല്ലിൽ തീർത്ത ചുമടു താങ്ങികളും അപൂർവ്വമല്ല. വെട്ടു കല്ലിൽ ഉള്ള അത്യപൂർവം ഒറ്റക്കൽ ചുമടു താങ്ങികളും ഉണ്ട്.

കേരളത്തിലെ മിക്ക ജില്ലകളിലും അത്താണി എന്ന് പേരായ ഒരു സ്ഥലമെങ്കിലും ഉണ്ടാകും.
മലപ്പുറം - പാലക്കാട്‌ അതിർത്തിയിലെ കരിങ്കല്ലത്താണി എന്ന സ്ഥലം ഏറെ പ്രസിദ്ധമാണ്. കൊല്ലവർഷം 1055 മകരം 22 ന് (1879 Dec) പനമണ്ണ കയറട്ട കിഴക്കെതിൽ പറങ്ങോടൻ നായർ എന്ന വ്യക്തിയാണ് ഈ അത്താണി സ്ഥാപിച്ചത് എന്ന സൂചനകൾ ഉണ്ട്. ഇത്തരത്തിൽ മിക്കവാറും അത്താണി കളിൽ സ്ഥാപിച്ച വർഷവും, ആളുടെ പെരും കൊത്തി വച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിൽ നെടുമ്പാശ്ശേരി പഞ്ചായത്തിൽ അത്താണി എന്ന ഗ്രാമം ഉണ്ട്. പാലക്കാട്‌ പട്ടാമ്പി യിൽ കളിമൺപാത്ര വ്യവസായം അതിന്റെ പാരമ്യത്തിൽ ആയിരുന്ന കാലത്ത് കളിമണ്ണും, മൺ പാത്രങ്ങളും ഒക്കെ ഇറക്കി വെക്കാനായി വാടാനം കുറിശ്ശി, ഷോർണ്ണൂർ, നിലമ്പൂർ പാതയിൽ ധാരാളം അത്താണികൾ ഉണ്ടായിരുന്നു.
തൃശ്ശൂർ വടക്കാഞ്ചേരി ഭാഗത്ത്‌ അത്താണി എന്ന ഒരു സ്ഥലമുണ്ട്.

റോഡ് വികസനത്തിന്റെ ഭാഗമായി ഇതെല്ലാം പറിച്ചു കളയപ്പെടുകയാണ്. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി എവിടെയെങ്കിലും സംരക്ഷിക്കാൻ നടപടികൾ എടുക്കേണ്ടതുണ്ട്. മഹാശിലാ സംസ്കാരത്തിന്റെ ഭാഗമായ 2000 - 4000 വർഷം മുൻപുള്ള ചരിത്രത്തിന്റെ അമൂല്യ നിധികളായ കുടക്കല്ലുകൾ പോലും  അർഹമായ പ്രാധാന്യത്തോടെ സംരക്ഷിക്കപെടുന്നില്ല എന്ന സത്യം വിസ്മരിക്കുന്നില്ല. പലതും കാട് പിടിച്ചു കിടക്കുന്നത് കൊണ്ട് മാത്രം നശിപ്പിക്കപ്പെടാതെ നിൽക്കുന്നു. 

ഗുരുവായൂർ ക്ഷേത്രപരിസരത്ത് ഒരെണ്ണം ഉണ്ട്. അതാണ്‌ ചിത്രത്തിൽ..

അത്താണികൾ വെറും കരിങ്കല്ലല്ല. കരുതലിന്റെ യും കരുണയുടെയും നന്മ യുടെയും സ്മരണകൾ കൂടിയാണ്.

ടെലഗ്രാഫ് _കാലം കവർന്ന കമ്പിയില്ലാക്കമ്പി

ഒരു കാലത്ത് നാട്ടിൻപുറങ്ങളിൽ കമ്പി വരിക എന്നു വച്ചാൽ എന്തോ അത്യാഹിതം സംഭവിച്ചപോലെയായിരുന്നു. പലപ്പോഴും ദൂരെ നിന്നുള്ള മരണ വാർത്തകൾ ബന്ധുക്കളെ പെട്ടെന്നു തന്നെ അറിയിക്കാനാണ്‌ ഇതു കൂടുതലായും ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് നാട്ടിൻപുറങ്ങളിൽ കമ്പിശിപായി എത്തിയാൽ ആ വാർത്ത കാട്ടുതീ പോലെ പടർന്നെത്തുമായിരുന്നു. ഇംഗ്ലീഷ് വായിക്കാനറിയാതിരുന്ന നാട്ടിൻപുറത്തുകാർ കമ്പിയിലെ വാർത്ത തെറ്റി വായിച്ച് തമാശകളും ദുരിതങ്ങളും സംഭവിച്ചുപോയ കഥകളും വിരളമല്ല. 

ഇന്നത്തെപ്പോലെ ഇ മെയിലും, ഫോണുമൊന്നും പ്രചാരത്തിലില്ലാത്ത കാലത്ത് അടിയന്തിര സന്ദേശങ്ങള്‍ അറിയിക്കാന്‍ ഉപയോഗിച്ച സാങ്കേതിക വിദ്യായിരുന്നു ടെലിഗ്രാഫ്. ടെലി എന്നാല്‍ അകലെ എന്നും, ഗ്രാഫിന്‍ എന്നാല്‍ എഴുതുക എന്നുമാണ് അര്‍ത്ഥം. അകലെ നിന്ന് എഴുതുന്നതിനെയാണ് ടെലിഗ്രാഫ് / ടെലിഗ്രാം എന്നു പറയുന്നത്.  ഫാക്സ്മെഷീന്റെ കണ്ടുപിടിത്തത്തിന് മുമ്പ് ഏറ്റവും വേഗമേറിയ ആശയവിനിമയോപാധിയായിരുന്നു ടെലിഗ്രാം. 

 മരണ വാര്‍ത്ത അറിയിക്കാനാണ് സാധാരണക്കാരന്‍ മിക്കവാറും കമ്പിയെ സമീപക്കാറ് എന്ന് പറഞ്ഞുവല്ലോ.  അതുകൊണ്ടുതന്നെ ചിലര്‍ കമ്പി സന്ദേശം കൈപ്പറ്റാന്‍ തയ്യാറാവില്ല. നാട്ടിന്‍ പുറങ്ങളിലെ വീടുകളില്‍ കമ്പി സന്ദേശം വന്നാല്‍ സന്ദേശം എത്തിക്കാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വരുമ്പോള്‍ തന്നെ അദ്ദേഹത്തെ ഒരുകൂട്ടം ആളുകള്‍ അനുഗമിക്കുമായിരുന്നു. കാരണം കമ്പി നല്ല വാര്‍ത്തയായിരിക്കില്ല. മാത്രവുമല്ല സന്ദേശം കൈപ്പറ്റുന്നതിനുമുന്നെ വീട്ടുകാര്‍ കരയാന്‍ തുടങ്ങും. എന്നത് മറ്റൊരു തമാശ. അക്കാലത്ത് അത് തമാശയായിരുന്നില്ല എന്നത് നാം ഓര്‍ത്താല്‍ അതിന്റെ ഗൌരവം മനസ്സിലാവും. ഒരു വീട്ടില്‍ കമ്പി വന്നാല്‍ എത്രയോ അകലെവരെയുള്ള വീടുകളിലും, ആളുകളിലും കമ്പി വന്ന വിവരം അറിയും. അതായിരുന്നു അന്നത്തെ ഐക്യം.  
ആശംസകൾ അറിയിക്കുന്നതിനും ടെലിഗ്രാം അയച്ചിരുന്നെങ്കിലും കൂടുതലും മരണ അറിയിപ്പുകളായിരുന്നു. വിവാഹം, ദീപാവലി, ഈദ്, ക്രിസ്മസ് ആശംസകളും ടെലിഗ്രാമിലൂടെ നൽകിയിരുന്നു. പട്ടാളത്തിൽ സേവനം അനുഷ്ഠിക്കുന്നവരുടെ വീടുകളിൽ അടിയന്തര വിവരങ്ങൾ ടെലിഗ്രാം മുഖേനയാണ് ലഭിച്ചിരുന്നത്. 

ഒട്ടേറെ രസകരമായ സംഭവങ്ങള്‍ ടെലിഗ്രാഫുമായിട്ടുണ്ട്. വിവാഹം, മരണം, പ്രസവം  എന്നിങ്ങനെയുള്ള സന്ദേശങ്ങള്‍ പരസ്പരം മാറിപ്പോയ സംഭവങ്ങള്‍ ഒട്ടനവധിയാണ്. ടെലിഗ്രാഫ് ഓഫീസില്‍ വരുന്ന വരുന്ന സന്ദേശങ്ങള്‍ എഴുതിയെടുത്ത് വിലാസക്കാരന് എത്തിക്കുകയാണ് പതിവ്. അംഗീകൃത സന്ദേശങ്ങളുടെ സീലുകള്‍ ടെലിഗ്രാഫ് ഓഫീസുകളില്‍ ഉണ്ടായിരിക്കും. സീലുകള്‍ മാറി അടിച്ചുപോകുമ്പോഴാണ് കൂടുതലായും തമാശകള്‍ ഉണ്ടാവാറ്. വിവാഹം കഴിഞ്ഞതിന് അനുശോചന സന്ദേശമായിരിക്കും ചിലപ്പോള്‍ ലഭിക്കുക. മരിച്ചെന്ന വിവരത്തിന് വിവാഹം കഴിഞ്ഞു എന്ന സന്ദേശവും പഴയകാലത്ത് ചിലര്‍ക്ക് ലഭിച്ചിട്ടുണ്ട്. പ്രസവിച്ചത് ആണ്‍ കുഞ്ഞിനെയാണെങ്കിലും കമ്പി കിട്ടുക പെണ്‍കുഞ്ഞെന്നായിരിക്കും. ചിലപ്പോള്‍ പ്രസവിച്ച സ്ത്രീ മരിച്ചെന്നും സന്ദേശം കിട്ടും.  

വാക്കുകളുടെ  എണ്ണമനുസരിച്ചായിരുന്നു ടെലിഗ്രാമിന് പണം ഈടാക്കിയിരുന്നത്.
ഇതേപ്പറ്റി രസകരമായ ഒരു കഥയുണ്ട്.
പണം ലാഭിക്കാനായി ഒരു നാട്ടിൻപുറത്തുകാരൻ പ്രസവത്തിന് നാട്ടിൽ വന്ന മകളുടെ പ്രസവവിവരം ദൂരെ ജോലിചെയ്യുന്ന മരുമകനെ അറിയിക്കാൻ 
അയച്ച ടെലിഗ്രാം രസകരമായിരുന്നു.
"മാപെ കൊപെ " എന്നായിരുന്നു സന്ദേശം.
"മറിയം പെറ്റു, കൊച്ച് പെണ്ണ് " എന്ന് ചുരുക്കി എഴുതിയതാണ് കക്ഷി. 

അതുപോലെ ഇംഗ്ലീഷിൽ വന്നിരുന്ന ഈ സന്ദേശങ്ങളെ മനസ്സിലാക്കാൻ പലപ്പോഴും ഗ്രാമീണർ ആശ്രയിച്ചിരുന്നത്  പോസ്റ്റ്‌മാസ്റ്ററെയാണ്. എന്നാൽ അവർ സന്ദേശങ്ങളെ പൂർണ്ണമായി മനസ്സിലാക്കാതെ തെറ്റായി മലയാളീകരിച്ചിരുന്നു. ഒരിക്കൽ ഒരാൾക്ക് വന്ന ഒരു സന്ദേശമായിരുന്നു 'What is the condition of Mathachan? "  ഈ ടെലിഗ്രാം എന്താണെന്ന് മനസ്സിലാക്കാൻ വീട്ടിലുണ്ടായിരുന്ന കുട്ടിയെ ഉടൻ പോസ്റ്റ്‌ ഓഫീസിലേക്ക് ഓടിച്ചു വിട്ടു. ടെലിഗ്രാം വായിച്ച പോസ്റ്റ്‌ മാസ്റ്റർ ഒരു സംശയവും കൂടാതെ സന്ദേശം മലയാളീകരിച്ചു. "മത്തച്ചനും  ടെലിഗ്രാം അയച്ച ആളും തമ്മിൽ അവർക്കറിയാവുന്ന ഒരു കണ്ടീഷൻ ഉണ്ട്." അതോർമ്മിപ്പിച്ചതാണ്.
ഈ പരിഭാഷ മറക്കാതിരിക്കാൻ മനസ്സിൽ നൂറ്റൊന്നാവർത്തിച്ച് കുട്ടി വീട്ടിൽ എത്തിച്ചു.
വീട്ടുകാർ ആ കണ്ടിഷൻ എന്തായിരിക്കുമെന്ന് മാസങ്ങളോളം തലപുകച്ചു.  ഒരു ഫലവും ഉണ്ടായില്ലെന്ന് പറയേണ്ടതില്ലല്ലോ. ഈ condition ന്റെ അർത്ഥം കുട്ടി വലുതായി ഇംഗ്ലീഷ് പഠിച്ച ശേഷമാണ് കുട്ടിക്ക് മനസ്സിലായത്. മഞ്ഞപ്പിത്തം വന്ന് അവശനിലയിലായ ഒരാളുടെ ആരോഗ്യ വിവരം അന്വേഷിച്ചുകൊണ്ട് വന്ന സന്ദേശമായിരുന്നു അത് എന്ന്  മനസ്സിലാക്കാൻ നീണ്ട പത്തു വർഷമെടുത്തു. 

1832ല്‍ ഇലക്ട്രിക്സ് ടെലിഗ്രാഫ് കണ്ടുപിടിച്ചത് ബാരോണ്‍ ഷില്ലിങ്ങ് എന്ന ശാസ്ത്രജ്ഞനാണ്. എന്നാല്‍ ‘മോഴ്സ് കോഡ് ’ഉപയോഗിച്ച് സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയുന്ന പരിഷ്ക്കരിച്ച ടെലിഗ്രാഫ് വികസിപ്പിച്ചെടുത്തത് 1836ല്‍ സാമുവല്‍ മോഴ്സാണ്. ഇംഗ്ലീഷ് അക്ഷരങ്ങളെ കുത്തും വരകളും അടങ്ങുന്ന കോഡ് ഭാഷയില്‍ വൈദ്യുതി തരംഗങ്ങളായി മാറ്റി എത്ര ദൂരത്തേക്കും സന്ദേശങ്ങള്‍ അയക്കാമെന്ന് അദ്ദേഹം കണ്ടെത്തി. ഇത് പിന്നീട് മോഴ്സ്കോഡ് എന്നറിയപ്പെട്ടു. 
1844 മെയ് 24 നാണ് സാമുവല്‍ മോഴ്സ് തന്റെ കോഡ് ഉപയോഗിച്ചുള്ള ആദ്യ സന്ദേശം അയച്ചത്. അമേരിക്കയിലെ പഴയ സുപ്രീംകോടതി മുറിയിലിരുന്ന് ബാരൾട്ടിമൂറിലുള്ള തന്റെ സഹപ്രവര്‍ത്തകന് മോഴ്സ് അയച്ച ചരിത്ര പ്രസിദ്ധമായ സന്ദേശം "WHAT HATH GOD WROUGHT' എന്നായിരുന്നു 

ഇംഗ്ലീഷ് ഭാഷയിലാണ് ഇതിൽ സന്ദേശങ്ങൾ കൈമാറുന്നത്. ഓരോ ഇംഗ്ളീഷ് അക്ഷരത്തിനും പകരം രണ്ടു തരത്തിലുള്ള ശബ്ദങ്ങൾ ഉപയോഗിച്ച് ഉള്ള കോഡുകൾ ഉണ്ട്. ചെറിയ ഇടവേളയുള്ള ശബ്ദത്തെ ഡിട്ട് എന്നും അതിൻറെ മൂന്നിരട്ടി ദൈർഘ്യമുള്ള ശബ്ദത്തെ ഡോട്ട് എന്നും വിളിക്കുന്നു. ഒരു ഡിട്ടും ഒരു ഡോട്ടും ചേർന്നാൽ ഇംഗ്ളീഷ് ഭാഷയിലെ 'A' എന്ന ശബ്ദമായി. ഇത്തരത്തിൽ എല്ലാ ഇംഗ്ളീഷ് അക്ഷരങ്ങൾക്കും ശബ്ദരൂപത്തിലുള്ള കോഡുകൾ ഉണ്ട്. ടെലിഗ്രാഫിനടുത്ത് ഇരിക്കുന്ന മോർസ് കോഡ് അറിയാവുന്ന പരിശീലനം സിദ്ധിച്ച ജീവനക്കാരാണ് അതിസൂക്ഷ്മതയോടെ ശബ്ദംകൊണ്ട് അക്ഷരങ്ങളെ തിരിച്ചറിഞ്ഞു വാക്കുകളാക്കി സന്ദേശങ്ങൾ നിശ്ചിത പേപ്പറിൽ എഴുതിയിരുന്നത്. 

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ
കമ്പനിയാണ് ഇന്ത്യയിലെ ആദ്യത്തെ ടെലിഗ്രാം സേവനത്തിന് തുടക്കം കുറിച്ചത്. 1850 നവംബര്‍ അഞ്ചിനാണ് ഇന്ത്യയിലെ ആദ്യത്തെ ടെലിഗ്രാം സന്ദേശം വൈദ്യുതി ടെലിഗ്രാഫ് ലൈനിലൂടെ (ഇലക്ട്രിക്കല്‍ സിഗ്നലായി) പോയത്. ഇന്ന് കൊല്‍ക്കത്തയായി മാറിയ പഴയ കല്‍ക്കത്തയില്‍ നിന്നും ഡയമണ്ട് ഹാര്‍ബര്‍ വരെയുള്ള 43.5 കിലോമീറ്റര്‍ ദൂരമായിരുന്നു ആദ്യ ടെലിഗ്രാഫ് ലൈന്‍.1855 ഫെബ്രുവരിയോടെയാണ് പൊതുജനത്തിന് ഈ സേവനം ലഭിച്ചത്. 

1912 വരെ ടെലിഗ്രാഫ് ഒരു സ്വതന്ത്ര സ്ഥാപനമായിരുന്നു. 1914  ഏപ്രിൽ 1 ന്  ഇത് പോസ്റ്റൽ ഡിപ്പാർട്മെന്റിന്റെ കീഴിലാക്കി. എന്നാൽ 1985 ൽ ഇത് വീണ്ടും സ്വതന്ത്ര സ്ഥാപനമായി. പിന്നീട് 2000 ൽ BSNL ന് കീഴിലായി. 

.തുടക്കത്തിൽ മോർസ് കോഡിൽ അയച്ചിരുന്ന സന്ദേശങ്ങൾ  പിന്നീട് IA2c കോഡ് വഴിയും, അവസാന കാലത്ത് കമ്പ്യൂട്ടർ മുഖേനയും ആണ് അയച്ചിരുന്നത് 

1985 - 86 കാലമായിരുന്നു ടെലിഗ്രാമിന്റെ സുവർണ്ണ കാലം. അന്ന് ദിവസം 1.5 ലക്ഷം ടെലിഗ്രാം സന്ദേശങ്ങൾ വരെ ഒരു ദിവസം ഇന്ത്യയിൽ അയച്ചിരുന്നു. എന്നാൽ 2013 ൽ ഇത് നഷ്ടം മൂലം നിർത്തുന്ന കാലത്ത് ഇത് ഏകദേശം 5500 എണ്ണമായി ചുരുങ്ങിയിരുന്നു. 2010 - 11 ൽ ഒരു ടെലിഗ്രാമിന് 460 രൂപ നഷ്ടം സഹിച്ചാണ് ഡിപ്പാർട്മെന്റ് അയച്ചിരുന്നത്. 2011 ൽ BSNL അന്തർദേശീയ ടെലിഗ്രാമുകൾ നിർത്തലാക്കി. 

ടെലിഗ്രാം സേവനം തുടങ്ങിയ കാലത്ത് 400 മൈൽ വരെ ഒരു വാക്കിന് ഒരണയോ 16 വാക്കുകൾക്ക് ഒരു രൂപയോ ആയിരുന്നു നിരക്ക്  പിന്നീട് നിരക്കുകൾ ഒരു കൂട്ടം വാക്കുകൾക്കായി നിജപ്പെടുത്തി. 

തുടക്ക കാലത്ത്  ടെലിഗ്രാമിന്  പണം നൽകിയിരുന്നത്  ഇതിനു വേണ്ടി പ്രത്യേകം ഇറക്കിയ സ്റ്റാമ്പ്‌ വഴി ആയിരുന്നു. പിന്നീടാണ് റെസിപ്റ്റ് സമ്പ്രദായം നിലവിൽ വരുന്നത്. 

എത്രയും ചുരുക്കാമോ അത്രയും ചുരുക്കിയായിരുന്നു സന്ദേശങ്ങൾ അയച്ചിരുന്നത്. വാക്കുകളുടെ എണ്ണം കുറക്കുന്നതിനായി ജനങ്ങൾ  ചില സുപ്രധാന സന്ദേശങ്ങൾക്ക് ചില കോഡുകൾ ഉപയോഗിച്ചിരുന്നു. ഉദാഹരണത്തിന് മരണത്തിന് 100 ഉം "വേഗം സുഖം പ്രാപിക്കട്ടെ " എന്ന സന്ദേശത്തിന് 32 ഉം ആയിരുന്നു കോഡ്. 

കാലോചിതമായി ടെലിഗ്രാം നിരക്കുകൾ  പരിഷ്ക്കരിച്ചിരുന്നു.  2000 ൽ BSNL രൂപീകരിച്ചപ്പോൾ ടെലിഗ്രാം അതിന്റെ കീഴിലായപ്പോൾ നഷ്ടം കുറക്കുന്നതിനായി അപ്പോഴുണ്ടായിരുന്ന 30 വാക്കുകൾക്ക് മൂന്നു രൂപ എന്ന നിരക്കിൽ നിന്ന് 25 രൂപയായി ഉയർത്തി. അറുപതു വർഷങ്ങൾക്കിടയിലെ ആദ്യ വർദ്ധന. എന്നാൽ മരണ അറിയിപ്പിന് ഈ വർദ്ധനവ് ബാധകമാക്കിയില്ല. അവസാന കാലത്ത് 50 വാക്കുകൾക്ക് 50 രൂപ ആയിരുന്നു നിരക്ക്. 

റഷ്യ, ബല്‍ജിയം, കാനഡ, ജര്‍മ്മനി, ജപ്പാന്‍, ഇസ്രായേല്‍, എന്നീ രാജ്യങ്ങളില്‍ ഇപ്പോഴും ടെലിഗ്രാഫ് സംവിധാനം നിലനില്‍ക്കുന്നുണ്ട്.2006 ജനവരി 27 ന് അമേരിക്കയും, 2009 ജനവരി ഒന്നിന് നേപ്പാളും, 2011 മാര്‍ച്ച് ഏഴിന് ഓസ്ട്രേലിയയും ടെലിഗ്രാഫ് സംവിധാനം അവസാനിപ്പിച്ചു. ബ്രിട്ടനിലും, സ്വിറ്റ്സര്‍ലന്‍ഡിലും മറ്റും ടെലിഗ്രാ‍ഫ് ആശംസകള്‍ കൈമാറാന്‍ മാത്രമായി ചുരുക്കി. 

ചരിത്രത്തിൽ ഇടം പിടിച്ച ടെലിഗ്രാം സന്ദേശങ്ങൾ 

റൈറ്റ് സഹോദരന്മാര്‍ 1903 ല്‍ ആദ്യമായി വിമാനം പറത്തിയത് നോര്‍ത്ത് കരോലീനയില്‍ നിന്ന് ലോകം അറിഞ്ഞത് 'Successful for flights thursday morning ' എന്ന ടെലിഗ്രാം സന്ദേശത്തിലൂടെയാണ്. 
     
1912 ഏപ്രില്‍ 15 ന് മുങ്ങിക്കൊണ്ടിരിക്കുന്ന ടൈറ്റാനിക്ക് കപ്പലില്‍ നിന്ന് അവസാനമായി വന്ന ടെലിഗ്രാം സന്ദേശം : 'SOS SOS CQD CQD Titanic,We are sinking fast. Passengers are being put into boats Titanic.' ഈ രണ്ട് സന്ദേശങ്ങളും ചരിത്രത്തില്‍ ഇടം പിടിച്ച ടെലിഗ്രാമുകളാണ്.
    
പാക്കിസ്ഥാന്‍ ഇന്ത്യയിലെ കാശ്മീര്‍ ആക്രമിച്ച വിവരം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലിയെ അറിയിച്ചത് ടെലിഗ്രാം സന്ദേശം വഴിയാണ്.   

160   വർഷങ്ങളോളം  ജനങ്ങളെ സേവിച്ചശേഷം വരുമാനക്കുറവുമൂലം ഇന്ത്യ ഔദ്യോഗികമായി ഇതു നിർത്തലാക്കിയത് 2013 ജൂലായിലാണ്.
ടെലിപ്രിന്ററും പിന്നീട് ഫാക്‌സും, മൊബൈൽ ഫോണും, ഈ മെയിലും, ടെലിഫോണും വന്നതാണ് ടെലിഗ്രാമിന് തിരിച്ചടി ആയത്.

Thursday, September 30, 2021

വെളുത്ത് തിളങ്ങുന്ന തുപ്പൽ പോലെ കുഞ്ഞ് ചെടികളിലെ ഇല കവിളുകളിലും പുൽപ്പരപ്പിനിടയിലും ഒരു പത കാണാത്തവരുണ്ടാകില്ലല്ലൊ?

വെളുത്ത് തിളങ്ങുന്ന തുപ്പൽ പോലെ കുഞ്ഞ് ചെടികളിലെ ഇല കവിളുകളിലും പുൽപ്പരപ്പിനിടയിലും ഒരു പത  കാണാത്തവരുണ്ടാകില്ലല്ലൊ?


കൂളിത്തുപ്പ്’ ,പാമ്പിൻ തുപ്പ്, തവളത്തുപ്പ് കിളിത്തുപ്പ്  എന്നൊക്കെ പലവിധത്തിലുള്ള പേരിലും അറിയപ്പെടുന്നു
അന്തവും കുന്തവും കിട്ടാത്ത നമ്മൾ കൂളിത്തുപ്പ് എന്നും പേരിട്ടില്ലെങ്കിലേ അത്ഭുതമുള്ളു. എന്തോ ഒരു തരം പേടിയും അറപ്പും ഉള്ളതിനാൽ ആ പത തൊടാൻ പലരും മടിയ്ക്കും. 
ചിലർ ആണെങ്കിൽ ഇലകൾ പുറത്തേക്ക് വിടുന്ന ശുദ്ധനീർക്കണങ്ങൾ എന്ന് പറഞ്ഞ് സന്തോഷത്തോടെ അതും ആസ്വദിച്ച് ഏറ്റുവാങ്ങി അങ്ങിനെ ഇരിക്കും
എന്നാൽ ശരിക്കും ഇതെന്താണെന്ന് എപ്പഴെങ്കിലും ചിന്തിച്ചു ണ്ടൊ?

ശരിക്കും സൂക്ഷിച്ച് നോക്കിയാൽ തുപ്പൽ പതക്കുള്ളിൽ ചിലർ സുഖിച്ച് കഴിയുന്നത് കാണാം #Spittle_bug എന്ന് പേരുള്ള ഷട്പദങ്ങളുടെ കുഞ്ഞുങ്ങളായ നിംഫുകളുടെ സുരക്ഷിത കൂടാണത്. 
 സെർകൊപൊയിഡെ (Cercopoidea) വിഭാഗത്തിൽ പെട്ട ഷട്പദങ്ങളിൽ ഹെമിപ്റ്റെറ ( Hemiptera ) ഓർഡറിലുള്ള മുതിർന്ന കീടങ്ങൾ  ഉഗ്രൻ ചാട്ടക്കാരാണ്. .
ഒരിഞ്ചിന്റെ കാൽഭാഗം മാത്രം വലിപ്പമുള്ള ഇവർ ശരീരവലിപ്പത്തിന്റെ നൂറ് ഇരട്ടി നീളത്തിൽ വരെ  ചാടും. കാലുകൾ അതിശക്തമായി പെടുന്നനെ നിവർത്തിയാണ് ഒരു ചെടിയിൽ നിന്ന് മറ്റൊന്നിലേക്ക് സ്പ്രിങ്ങ് ഘടിപ്പിച്ചപോലെ ഇവർ തെറിച്ച് നീങ്ങുന്നത്.
 ഇവരുടെ ഈ ചാട്ടം പ്രാണിലോകത്തെ ഒരു അത്ഭുതം തന്നെയാണ്.  കുനിഞ്ഞുള്ള തവളരൂപത്തിലുള്ള നിൽപ്പും ഈ സൂപ്പർചാട്ടവും മൂലം തവളത്തുള്ളന്മാർ (Froghopper) എന്ന് പേർ. ഇവർക്ക് തുപ്പൽ പ്രാണി (spittle bug) എന്ന മാനഹാനിയുണ്ടാക്കുന്ന പേര് കൂടി വന്നത് തുപ്പൽ ശീലം കൊണ്ട് തന്നെയാണ്. 
ഈ ഷട്പദത്തിന്റെ മുട്ട വിരിഞ്ഞുണ്ടാകുന്ന നിംഫുകളാണ് ഈ തുപ്പൽ ഉണ്ടാക്കുന്നത്. വെള്ള, ഇളംമഞ്ഞ, തളിർപ്പച്ച   നിറങ്ങളിലാണ് സാധാരണയായി ഈ പീക്കിരികളെ കാണുക. ഈ പഹയർ  ചെടിയുടെ ഇളം തണ്ടിൽ നിന്നും മരനീര്  (xylem sap)  തുരു തുരാ വലിച്ച് അകത്താക്കും..  വിശപ്പ് മാറാൻ വേണ്ടതിലും എത്രയോ അധികം. അതിന്റെ കൂടെ. ശരീരത്തിലെ ചില ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന സ്രവങ്ങളും ചേർത്ത് അടിഭാഗത്തൂടെ പുറത്തേക്ക് വിടും. അത് പുറത്തേക്ക് വിടുമ്പോൾ പിൻഭാഗം കൊണ്ട് ഇളക്കലും മറിക്കലും ചെയ്തുകൊണ്ടിരിക്കും . ദ്രാവകത്തിനുള്ളിൽ വായുകുമിളകൾ നിറയും.. വെളുവെളുത്ത സോപ്പ് പതപോലുള്ള വിസർജ്ജ്യം കണ്ടാൽ മനുഷ്യർ തുപ്പിവെച്ചതാണെന്നേ തോന്നു. ഒരു തുപ്പ്ക്കൂടിനുള്ളിൽ ഒന്നിലധികം നിംഫുകൾ ചിലപ്പോൾ ഉണ്ടാകും.. പൂർണ്ണ വളർച്ചയെത്തുന്നതു വരെ നിംഫുകൾ ഇതിനുള്ളിൽ സുരക്ഷിതരായി കഴിയും. മുതിർന്ന് തവളത്തുള്ളനായി മാറുന്നതിന് മുമ്പേ അഞ്ചു തവണയോളം ഉറപൊഴിക്കൽ നടത്തും. 
 ലോകത്താകമാനം എണ്ണൂറ്റിയൻപതോളം തുപ്പൽ പ്രാണി സ്പീഷിസുകളുണ്ട്.
ഈ പതയുടെ കവചത്തിനുള്ളിലെ നിംഫിനെ  ഒളിച്ചിരിക്കൽ വളരെ രസകരമാണ്. ആരുടെയും കണ്ണിൽ പെടില്ല. എന്നാലും ചിലപ്പോൾ ചില പക്ഷികൾ ഈ പതയ്ക്കുള്ളിൽ കൊക്കിറക്കി തപ്പി നോക്കും. ചിലയിനം കടന്നലുകളും ഉറുമ്പുകളും  പിടിച്ച് തിന്നാൻ ശ്രമിക്കാറുണ്ടെങ്കിലും ഈ പതയുടെ രൂക്ഷ രുചിമൂലം നിംഫിനെ ഒഴിവാക്കും. വായുകുമിളകൾ നിറഞ്ഞതിനാൽ ചൂടും തണുപ്പും ഉള്ളിലേക്ക് അധികം എത്തില്ല. കുഞ്ഞ് നിംഫിന്റെ ലോലശരീരം ഈർപ്പം നഷ്ടപ്പെട്ട് ഉണങ്ങിപ്പിരിഞ്ഞ് പോകാതെ കാത്ത് സൂക്ഷിക്കുന്നതും ഈ പതപ്പുതപ്പ് തന്നെ. 
നിംഫുകൾ തണ്ടിൽ നിന്ന് നീരൂറ്റുന്നത് കൊണ്ട് സാധാരണ ചെടികൾക്ക് വലിയ  ദോഷമൊന്നും ഉണ്ടാവാറില്ല. ചിലയിനങ്ങൾ മാരകമായി നീരൂറ്റിക്കളഞ്ഞ് ചെടികളെ ഉപദ്രവിക്കാറും ഉണ്ട്. മുതിർന്നാലും തവളത്തുള്ളന്മാർ ചെടിത്തണ്ടുകളിൽ നിന്ന് സൈലം നീര് വലിച്ചുകുടിച്ച് തുള്ളികളായി അതിന്റെ പിൻഭാഗത്തുകൂടി കളയുന്നത് കാണാം..

 ഇത്തരം തുള്ളന്മാരുടെ പടയുള്ള മരത്തിന് കീഴെ നിന്നാൽ ചാറ്റമഴപൊഴിയുന്നതുപോലെ വെള്ളത്ത്തുള്ളികൾ നമ്മുടെ മുഖത്തും ദേഹത്തും ഉറ്റും. 
മുകളിലോട്ട് നോക്കി നമ്മൾ പഠിച്ച ശാസ്ത്രം വെച്ച്, ഇലകൾ പുറത്തേക്ക് വിടുന്ന ശുദ്ധനീർക്കണങ്ങൾ എന്നും പറഞ്ഞ് സന്തോഷത്തോടെ അതും ആസ്വദിച്ച് ഏറ്റുവാങ്ങി  നമ്മളിൽ പലരുംഅങ്ങിനെ ഇരിക്കും

 തവളത്തുള്ളർ താവളമാക്കിയ ഇത്തരം മരങ്ങളെ ‘കരയുന്ന മരം’ എന്നും ‘മഴമരം’ എന്നൊക്കെ നാട്ടിൽ പലരും പറയുന്നത് കേൾക്കാം
ഇനി അങ്ങനെ കേട്ടാൽ ഈ കഥ അവരോട് പറയാൻ മറക്കണ്ട കേട്ടോ

Wednesday, September 8, 2021

സീ ലാൻഡ്

.....  സീ ലാൻഡ്.....
      "രണ്ട് തൂണിൽ ഒരു രാജ്യം, അച്ഛൻ രാജാവും മകൻ രാജകുമാരനും 30-തോളം പൗരന്മാരും അടങ്ങിയ ഒരു കുഞ്ഞു രാജ്യം"

     ഇംഗ്ലണ്ടിന്റെ തീരത്ത് നിന്ന് 10-12 കിലോമീറ്റർ അകലെ, വടക്കൻ കടലിൽ ഒരു രാജ്യമുണ്ട്   "സീലാൻഡ്" ,   വണ്ണമുള്ള രണ്ട് വലിയ  തൂണുകളിൽ, ഇരുമ്പും കോൺക്രീറ്റ് കൊണ്ടും നിർമ്മിച്ച,  തുരുമ്പിച്ച ഒരു വലിയ പ്ലാറ്റ് ഫോം അതിലാണ് രാജ്യവും രാജകൊട്ടാരമുള്ളത്.
     1960-കളിലാണ് സീലാൻഡിന്റെ കഥ തുടങ്ങുന്നത്, മുൻ ബ്രിട്ടീഷ് ആർമി മേജർ പാഡി റോയ് ബേറ്റ്സ്  വടക്കൻ കടലിലെ ഒരു ചെറിയ  ഫോർട്ട്‌ റഫ്‌സ് (Fort Roughs) നിയന്ത്രണം ഏറ്റെടുത്തു.
     
      രണ്ടാം ലോക മഹായുദ്ധകാലങ്ങളിൽ  കടൽ വഴിയും മറ്റുമുള്ള ശത്രുക്കളുടെ വരവും ആക്രമണവും മനസിലാക്കുന്നതിനു വേണ്ടി ഇഗ്ലണ്ട്  തീരങ്ങളിൽ  കോൺക്രീറ്റ് കൊണ്ടും സ്റ്റീൽ കൊണ്ടും നിർമ്മിച്ചിട്ടുള്ള താത്കാലിക നിർമ്മിതികളാണ് ഫോർട്ട്‌ റഫ്‌സ് എന്നു പറയുപ്പെടുന്നത്. ഈ നിർമ്മിതികൾ ഇഗ്ളീഷ് തീരങ്ങളിൽ ഒരുപാട് ഉണ്ട്. ഇത്  പിന്നീട്  നശിപ്പിച്ചു കളയുകയാണ് ചെയ്യുക. എന്നാൽ മേലെ പറഞ്ഞ ഈ രാജാവ് (ആളുടെ പേര് വെറുതെ എഴുതാൻ മടിച്ചിട്ടാണ്  രാജാവ് എന്നു മാത്രം ചുരുക്കി പറയുന്നത് )അതിൽ കേറി താമസം തുടങ്ങി. പക്ഷെ വെറുതെ അങ്ങോട്ട്‌ പോയി കൈവശപെടുത്തിയതല്ല... അതിൽ മുൻപ്  താമസിച്ചിരുന്ന അനധികൃതമായി റേഡിയോ നിലയം സ്ഥാപിച്ച  ഒരു ടീമിനെ ചവിട്ടിപ്പുറത്താക്കിയാണ്  ഈ രാജാവ്, രാജാവായത്..
    ഈ പിടിച്ചടക്കലിന് ശേഷം ഇഗ്ലണ്ട് ജർമനി തുടങ്ങിയ രാജ്യങ്ങൾ എതിർപ്പ് പ്രകടിപ്പിക്കുകയും സൈനിക നീക്കങ്ങളും ചെയ്തിരുന്നു, പക്ഷെ,  ഇതിനു പുറകിൽ കുറെയേറെ നടകീയ നിയമ മുഹൂർത്തങ്ങളും ഉണ്ടായിട്ടുണ്ട്..
         രാജാവിന്റെ ഭാഷയിൽ പറഞ്ഞാൽ അദ്ദേഹത്തിന്റെ സ്ഥലം നിക്കുന്നത് ഇഗ്ലണ്ട് അധീനതയിൽ ഉള്ള കടൽ അതിർത്തിയിൽ നിന്നും മാറി ഇന്റർനാഷണൽ സമുദ്ര അതിർത്തിയിൽ ആയതുകൊണ്ട് തന്നെ നിയമപരമായി ഈ സ്ഥലവും രാജാവിനെതിരെയും ഒരു നടപടിയും എടുക്കാൻ ഏതു  രാഷ്ട്രങ്ങൾക്കും കഴിയില്ലായിരുന്നു..പിന്നീട് ഇഗ്ലണ്ട് ന്റെ തീരദേശ അതിർത്തി വീതി കൂട്ടിയിട്ടും ഈ രാജാവിനെ എതിരെ നടപടി എടുത്തിരുന്നില്ല...
     ഈ രാജാവും കുടുംബവും നിരന്തരം ഇവിടെ താമസിക്കാറില്ല..., വിനോദ സഞ്ചാരികൾക്ക് മാത്രം ആണ് ഈ രാജ്യം തുറന്നുകൊടുക്കുന്നത്. സഞ്ചാരികൾ വിസയ്ക്ക് അപേക്ഷിക്കണം ആദ്യം, പിന്നീട് ഹെലികോപ്റ്റർ വഴിയോ,ബോട്ട് സവാരിക്ക് ശേഷം ക്രെയിനിന്റെ സഹായത്തോടെയോ ആണ് ഈ സ്ഥലം സന്ദർശികുവാൻ കഴിയു,  350 ഡോളർ ആണ് സന്ദർശന ഫീസ്.
    പാഡി റോയ് ബേറ്റ്സ് എന്ന ഈ രാജാവ്  1967 സെപ്റ്റംബർ 2 ന് സമ്പൂർണ്ണ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും സീലാന്റിനെ സ്വയം ഒരു രാഷ്ട്രമായി പ്രഖ്യാപിക്കുകയും ചെയ്യ്തു..
     സ്വന്തമായി ഫ്ലാഗ്, കറൻസി, പാസ്പോർട്ട്‌, സ്റ്റാമ്പ്‌,..എന്തിന് പറയാൻ സ്വന്തം രാജ്യത്തിന്റെ പേരിൽ ഫുട്ബോൾ ടീം വരെ ഉണ്ടാക്കിയിട്ടുണ്ട്...പക്ഷെ ഇങ്ങിനെ എല്ലാം ആണെങ്കിലും ഒരു രാജ്യവും സീലാൻഡ്നെ ഒരു രാജ്യമായി അംഗീകരിച്ചിട്ടില്ല എന്നതാണ് പച്ചയായ സത്യം..

      2012 ൽ 91 ആം വയസ്സിൽ രാജാവ് മരണപ്പെടുകയും , അദ്ദേഹത്തിന്റെ മകൻ മൈക്കിൾ രാജകുമാരൻ ഈ രാജ്യത്തിന്റെ ഭരണാധികാരി ആകുകയും ചെയ്യ്തു.

        ഈ രാജ്യവും അതിനെ എതിർത്തിട്ടുള്ള പല രാജ്യങ്ങളുടെയും  നയതന്ത്ര പരമായ കാര്യങ്ങളിലേക്കൊന്നും കൂടുതലായി എന്റെ ഈ ലേഖനം പോയിട്ടില്ല.... വളരെ ചുരുക്കി, കാര്യങ്ങൾ വായിക്കുന്നവർക് എത്തിച്ചു എന്നു മാത്രം... തെറ്റുകൾ ഉണ്ടങ്കിൽ തിരുത്തി തരുക... ഈ വിഷയത്തെ കുറിച്ച് കൂടുതൽ അറിവുകൾ ഉണ്ടങ്കിൽ പകരുകയും ചെയ്യുക... 🙏🙏

Thursday, April 29, 2021

വിസ്​മൃതനായ ബാഹിരാകാശ സഞ്ചാരി' എന്ന് വിളിക്കുന്നതാരെ? എന്തുകൊണ്ട്?⭐

⭐⭐ ഒരു മെസ്സേജ്! രണ്ട് അറിവുകൾ!⭐⭐
⭐'വിസ്​മൃതനായ ബാഹിരാകാശ സഞ്ചാരി'  എന്ന് വിളിക്കുന്നതാരെ? എന്തുകൊണ്ട്?⭐

👉ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ അമേരിക്കക്കാരായ നീൽ ആംസ്​ട്രോങ്ങിനും , ബസ്​ ആൽഡ്രിനു​മോപ്പം അപ്പോളോ 11 പേടകം നിയന്ത്രിച്ച്​ കൂടെയുണ്ടായിരുന്ന മൈക്കൽ കോളിൻസിനെയാണ്  'വിസ്​മൃതനായ ബഹിരാകാശ സഞ്ചാരി' എന്ന് വിളിക്കുന്നത്.ചരിത്രത്തിലെ ഏറ്റവും വലിയ ഏകാന്തത അനുഭവിച്ചയാളെന്നാണ് മൈക്കൽ കോളിൻസ് എക്കാലവും വിശേഷിപ്പിക്കപ്പെട്ടത്. മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച 1969 ലെ അപ്പോളോ 11 ദൗത്യത്തിന്റെ ഭാഗമായിരുന്നെങ്കിലും ചന്ദ്രനിൽ ഇറങ്ങാൻ അദ്ദേഹത്തിനു സാധിച്ചില്ല.നീൽ ആംസ്ട്രോങ്ങിനെയും , എഡ്വിൻ ആൽഡ്രിനെയും വഹിച്ച് ഈഗിൾ അഥവാ ലൂണാർ മൊഡ്യൂൾ താഴേക്കു പുറപ്പെട്ടപ്പോൾ, കമാൻഡ് മൊഡ്യൂളായ കൊളംബിയയെ നിയന്ത്രിച്ച് ചന്ദ്രനെ ഭ്രമണം ചെയ്യാനായിരുന്നു അന്നു 39 വയസ്സുള്ള കോളിൻസിന്റെ നിയോഗം.
ആംസ്ട്രോങ്ങും , ആൽഡ്രിനും ചന്ദ്രനിൽ ചെലവിട്ട 22 മണിക്കൂർ സമയം, പ്രപഞ്ചത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യനായി അദ്ദേഹം മാറി. ഇതിനിടയിൽ ചന്ദ്രന്റെ വിദൂരവശത്തേക്കു കമാൻഡ് മൊഡ്യൂൾ പോകുമ്പോൾ ഹൂസ്റ്റണിലെ കൺട്രോൾ സെന്ററുമായുള്ള ബന്ധവും അദ്ദേഹത്തിനു നഷ്ടമായി.അന്നേ വരെ ഒരു മനുഷ്യനും അനുഭവിക്കാത്ത പരിപൂർണമായ ഏകാന്തത.തന്റെ സഹയാത്രികർ ചന്ദ്രനിലിറങ്ങി സാംപിളുകൾ ശേഖരിച്ച സമയം, കോളിൻസ് ചന്ദ്രോപരിതലത്തിലേക്കും , ഭൂമിയിലേക്കും മാറിമാറി നോക്കുകയായിരുന്നു. ചന്ദ്രനെക്കാൾ താൻ ഓർക്കുന്നതു ഭ്രമണപഥത്തിലിരിക്കെ താൻ കണ്ട ഭൂമിയുടെ ദൃശ്യമാണെന്ന് പിന്നീടൊരിക്കൽ അദ്ദേഹം പറഞ്ഞു. അതിമനോഹരം എന്നാണ് ആ ദൃശ്യത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.
 ''ചെറുത്​, വളരെ ചെറുത്​. നീലയും  ,വെള്ളയും നിറം. നല്ല തിളക്കം. കാണാൻ സുന്ദരം. ശാന്തം, ലോലം''- ഇത്രയുമായിരുന്നു ഭൂമിയെ കുറിച്ച വാക്കുകൾ.ചന്ദ്ര​ന്റെപിറകുവശത്തൂടെ അപ്പോളോ കടന്നുപോയ ഓരോ സമയത്തും വാർത്താവിനിമയം നഷ്​ടമായിരുന്നു. ഇരുവരും ചന്ദ്ര​ന്റെ ഉപരിതലത്തിലായ​പ്പോൾ മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഒറ്റയാനായ ആളായി കോളിൻസിനെ പിന്നീട്​ പലരും പരിചയപ്പെടുത്തിയിരുന്നു.ചന്ദ്രനു സമീപം പോയെങ്കിലും ചന്ദ്രനെക്കാൾ ചൊവ്വയാണ് കോളിൻസിനെ ആകർഷിച്ചത്.അപ്പോളോ 11 ന്റെ ഏറ്റവും നിർണായകമായ ദൗത്യം നിർവഹിച്ചത് കോളിൻസാണ്.
ആംസ്ട്രോങ്ങും , ആൽഡ്രിനും പുറപ്പെട്ട ലൂണാർ മൊഡ്യൂളിന് എന്തെങ്കിലും അപകടം പറ്റിയാൽ അവരെ രക്ഷിക്കേണ്ട കടമ അദ്ദേഹത്തിനായിരുന്നു. മൂന്നു യാത്രക്കാരിൽ ഏറ്റവും മിടുക്കനും കോളിൻസായിരുന്നു. ഒറ്റയ്ക്ക് പേടകം പറപ്പിക്കാൻ അദ്ദേഹത്തിനു മാത്രമേ കഴിവുണ്ടായിരുന്നുള്ളൂ.യുഎസ് വ്യോമസേനയിൽ ടെസ്റ്റ് പൈലറ്റായിരുന്ന കോളിൻസ് 1963 ലാണു നാസയിൽ ചേർന്നത്. ആദ്യദൗത്യം ജെമിനി 10 ആയിരുന്നു. അതിന്റെ ഭാഗമായി ബഹിരാകാശനടത്തം നടത്തിയ നാലാമത്തെ മനുഷ്യനാകാൻ കോളിൻസിനു സാധിച്ചു. അദ്ദേഹത്തിന്റെ അവസാനദൗത്യമായിരുന്നു അപ്പോളോ 11. പിന്നീട് 1970ൽ നാസയിൽ നിന്നു വിരമിച്ച കോളിൻസ് പിൽക്കാലത്ത് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിൽ പ്രവർത്തിച്ചു. തുടർന്ന് സ്മിത്ത്സോണിയൻ നാഷനൽ എയർ ആൻഡ് സ്പേസ് മ്യൂസിയത്തിന്റെ ഡയറക്ടറായി.ഇതിനു ശേഷമുള്ള ജീവിതത്തിലും പല പ്രവർത്തനങ്ങളുമായി സജീവമായിരുന്നു കോളിൻസ്. നീൽ ആംസ്ട്രോങ് 2012ൽ അന്തരിച്ചു. ആസ്​ട്രോങ്ങും , ആൽഡ്രിനും ലോകം മുഴുക്കെ പ്രശസ്​തരായപ്പോൾ അവർക്കൊപ്പം സഞ്ചരിച്ചിട്ടും ആരോരുമറിയാതെ പോയ പേരായിരുന്നു കോളിൻസി​ന്റെത്​.ചാന്ദ്രോപരിതലത്തിൽ ഇറങ്ങാത്തത് കൊണ്ട് മാത്രം മറ്റു രണ്ടു പേരെ പോലെയുള്ള പ്രശസ്തി കോളിൻസിന് ലഭിച്ചില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ 'ചരിത്രം വിസ്മരിച്ച പ്രതിഭ"യെന്ന് വിശേഷിപ്പിക്കുന്നത്. 22 മണിക്കൂർ ഒറ്റയ്ക്ക് ചന്ദ്രനെ വലംവച്ചതിനാൽ ചരിത്രത്തിലെ ഏറ്റവും ഏകാന്തത അനുഭവിച്ച മനുഷ്യൻ എന്ന വിശേഷണവും കോളിൻസിന് ലഭിച്ചു.  2021 ഏപ്രിൽ 29 ന്  അദ്ദ്ദേഹം മരണപ്പെട്ടു.മരണ സമയത്ത്​ 95 വയസ്സായിരുന്നു പ്രായം.മനുഷ്യരാശിയുടെ അത്യുന്നതങ്ങളിലെ കാൽവയ്പിനു കാരണമായവരിൽ ഇനി എഡ്വിൻ ആൽഡ്രിൻ മാത്രം ബാക്കി.

⭐ എന്തുകൊണ്ടാണ് പ്ലാസ്റ്റിക് കത്തിക്കരുത് എന്നു പറയുന്നത്?⭐
👉പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ അന്തരീക്ഷത്തിൽ കലരുന്നത് ഒട്ടേറെ വിഷവാതകങ്ങളാണ്. ശരീരത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന ഇവ കാൻസർ, ആസ്മ, അലർജി പോലുള്ളവയ്ക്കും കാരണമായേക്കാം. കണ്ണെരിച്ചൽ, ശ്വാസ തടസ്സം, തൊലിപ്പുറത്തെ എരിച്ചിൽ എന്നിവയാണ് ശ്വസിച്ചാലുണ്ടാകുന്ന സാധാരണ ലക്ഷണങ്ങൾ. പ്ലാസ്റ്റിക് കത്തുമ്പോൾ അന്തരീക്ഷത്തിൽ പടരാൻ സാധ്യതയുള്ള വിഷ വാതകമാണ് നിറവും,
ഗന്ധവുമില്ലാത്ത കാർബൺ മോണോക്സൈഡ്. അന്തരീക്ഷത്തിൽ ചെറിയ തോതിൽ കാണപ്പെടുന്ന ഈ വാതകം അമിതമായി ശ്വാസകോശത്തിലെത്തുന്നത് മരണത്തിനു പോലും കാരണമായേക്കാം.ഇതു രക്തത്തിലെ ഹീമോഗ്ലോബിനുമായി കലർന്ന് കാർബോക്സീഹീമോഗ്ലാബിൻ എന്ന പദാർഥം ഉണ്ടാവുന്നു. ഇത് ഓക്സിജൻ ശ്വാസകോശത്തിൽ നിന്നു പേശികളിലെത്തുന്നതിനെ തടയുന്നു.
പ്ലാസ്റ്റിക്കിനേക്കാളുപരി വാഹനങ്ങളടക്കം മറ്റ് ഉപകരണങ്ങളിൽ നിന്നും കാർബൺ മോണോക്സൈഡ് അന്തരീക്ഷത്തിൽ കലരുന്നുണ്ട്. ശ്വസിക്കുന്ന വായുവിൽ കാർബൺ മോണോക്സൈഡ് അളവു കൂടൂന്നതു പെട്ടന്നു ബോധക്ഷയം ഉണ്ടാക്കാം. ഈ സമയങ്ങളിൽ ശുദ്ധവായു ലഭിക്കുന്ന സ്ഥലങ്ങളിലേക്ക് മാറുകയാണ് ആദ്യം ചെയ്യേണ്ടത്. പ്ലാസ്റ്റിക് കത്തുമ്പോൾ സ്വാഭാവികമായി പുറത്തുവരുന്ന വിഷ പദാർഥങ്ങളെയാണ് ഡയോക്സിൻ എന്നു വിശേഷിപ്പിക്കുന്നത്. ഡയോക്സിനുകൾ കാൻസറിനു പ്രധാന കാരണമായി ശാസ്ത്ര ലോകം കണ്ടെത്തിയിട്ടുണ്ട്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💢ശുഭം💢